സുഖമോ ദേവി
ഓർമ്മകൾക്കൊരു കാറ്റോട്ടം - ഭാഗം 12
മാസം ജൂലൈ വന്നാൽ മനസ്സിൽ തൂതപ്പുഴ പോലെന്തോ തല്ലിയൊഴുകും. കഴിഞ്ഞ രണ്ടുവർഷമായുള്ളൊരസ്ക്യത. കൊല്ലം 2010ൽ മലനാട്ടിൽ കാലവർഷം കാറുമൂടിയ കാലത്താണ് മദിരാശിയിൽ വെയിലുരുക്കിയ പകലത്ത് ജോലിത്തിരക്കിനിടെ കിട്ടിയ സെൽഫോണ്‍ സന്ദേശത്തിൽ സുഹൃത്തയച്ചത് വായിച്ചത്: Kottakkal Sivaraman dead.
പത്രത്തിന്റെ ഞായറാഴ്ച്ചപ്പതിപ്പ് വിഭാഗത്തിലെ ഉരസലുകളിൽനിന്ന് ഊരിപ്പോരാൻ തയ്യാറെടുക്കുമ്പോഴാണ് ശിവരാമേട്ടന്റെ മരണവിവരം അറിയുന്നത്. രാത്രി പിന്നിട്ട് മരവിപ്പ് മാറിയെന്നു തോന്നിയപ്പോൾ തീരുമാനിച്ചു: സപ്ലിമെന്റിന്റെ ചുമതല പുതിയയാളെ ഏൽപ്പിക്കുന്ന കൂട്ടത്തിൽ വായനക്കാർക്കായി ഒരു കാണിക്ക വെക്കണം. പ്രിയ കഥകളിനടനെ കുറിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഓർമ്മക്കുറിപ്പെഴുതാൻ അങ്ങനെയാണ് കാരണമുണ്ടായത്.
അതൊക്കെ കഴിഞ്ഞ് ഇപ്പോൾ തൂതപ്പാലത്തിന് ചുവടെ വെള്ളമെത്ര തള്ളിപ്പോയിരിക്കുന്നു. എക്സ്പ്രസ്സിലെ ജോലിയും ആ തെന്നിന്ത്യൻ നഗരവും ഉപേക്ഷിച്ച് ഇന്ന് തൊഴിൽതന്നെ വേറൊന്നാക്കി മറ്റൊരു നാട്ടിൽ. കിഴക്കൻ ദൽഹിയിൽ കനത്ത മഴ കിട്ടിയൊരു ആഷാഢസന്ധ്യയിൽ തോന്നി; അന്നത്തെ ആ ശിവരാമേട്ടൻ സ്മൃതി ഒന്നുകൂടി വായിച്ചാലോ?
അലമാര തുറന്ന് അട്ടികൾ നീക്കി. ഫയൽ കണ്ടു; തിരഞ്ഞുനോക്കി. കണ്ടെത്തി. 2010 ജൂലൈ 25 എന്ന് തിയ്യതി കുറിച്ച കടലാസുശകലം ഭദ്രമായിത്തന്നെയുണ്ട്.
രണ്ടു ഖണ്ഡിക വായിച്ചപ്പോളൊരു തോന്നൽ: ഇത് മലയാളത്തിലാവേണ്ടിയിരുന്നു. എങ്കിൽ പലതിന്റെയും വിനിമയം തനതുസ്വാദിൽ പോരും. അവിടിവിടെ കാമ്പും ചായവും കൂട്ടാനും അവസരം കിട്ടും.
തർജമക്ക് തക്കംകിട്ടി; മനോരാജ്യത്തിനും.
നിറയൗവനത്തിന്റെ ഗമയിൽ മധുരപ്പതിനേഴുകാരിയുടെതു പോലെയായിരുന്നു ചോദ്യം: എങ്ങനെയിരിക്കുന്നു ഞാൻ?
ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ് കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.
ഇത്രയും വൈകിയാണോ ഇതൊക്കെ മനസ്സിലാക്കുന്നത് എന്ന ധ്വനിയിലായിരുന്നു ശിവരാമേട്ടന്റെ പ്രതികരണം. "ദ്ദൊന്നും ശ്രദ്ധിക്കാണ്ടെ പിന്ന്ഹെന്ത് മേനേജരാ???" എന്ന് പരിഹാസം കലർന്ന മറുചോദ്യം. ആശാന് വയസ്സ് അറുപതടുക്കുന്നു. അച്ഛന്റെ പ്രായം. എങ്കിലും അണിയറയിൽ ചുറ്റിനും സദനത്തിലെ ചില ചെറുപ്പക്കാർ സഹപ്രവർത്തകരും വിദ്യാർഥികളും ഉള്ളതിനാൽ ഞാനൊന്ന് ഇളിഞ്ഞു.
വൈകാതെ മുഴുവനായൊരുങ്ങി ശിവരാമേട്ടൻ. തോടിയിൽ രാഗാലാപനം കഴിയാറായപ്പോൾ ടാർപ്പായക്കീഴിലെ അറുപതുവാട്ട് മങ്ങലിൽനിന്ന് വേദിയുടെ പ്രഭയിലേക്ക് പ്രൗഢനായിക നടന്നകന്നു. ദമയന്തിയായി നാലു പതിറ്റാണ്ട് രംഗപരിചയം വന്ന കലാകാരന് 'ശാപമോചനം' എന്ന പുതിയ കഥയിലെ ഉർവശി എന്ന ഉജ്ജ്വലസ്ത്രീയെ അവതരിപ്പിക്കാനായിരുന്നു ഇക്കുറി നിയോഗം -- 1994ൽ. കിഴക്കൻ പാലക്കാട്ടൊരു കരിമ്പനഗ്രാമത്തിൽ അർദ്ധരാത്രിയടുക്കെ.
അരങ്ങിൽ തിരശീല നീങ്ങി. "കുമുദിനി ശ്വേത തുഷാര മൃദുസ്മിതം" എന്ന സാരീനൃത്തം. രണ്ട് തോഴിമാരൊത്താണ്. മുദ്രകളേതുമില്ലാതെ വീതിയിലും നീളത്തിലും വൃത്തത്തിലും വർത്തുളത്തിലും സുന്ദരചലനങ്ങൾ മാത്രം. മുന്നാക്കവും പിന്നാക്കവും പിറകോട്ടുതിരിഞ്ഞുതിരിച്ചുവന്നും ഉള്ള ശരീരത്തുടിപ്പുകൾ. അത്ഭുതം തോന്നും: കുറച്ചുമുമ്പുമാത്രം ചെറുനസ്യം പറഞ്ഞു പോയ ആ നാടൻ മനുഷ്യൻ തന്നെയോ ഈ ദേവി?
പൊടുന്നനെയുള്ള പരകായപ്രവേശമാണ് ശിവരാമേട്ടന്റെ ഇന്ദ്രജാലം. പണ്ടും പലകുറി ശ്രദ്ധിച്ചിട്ടുണ്ട്. അതിന് സന്ദർഭാനുസരണം ഏറ്റക്കുറച്ചിലുണ്ടാവും. 'കീചകവധ'ത്തിലെ നീണ്ട ദണ്ഡകത്തിനിടെ "മിഴിയിണ കലങ്ങി" എന്ന് പിന്നിൽനിന്ന് പാടിക്കേൾക്കുന്നതും എവിടെനിന്നല്ലാതെ നിറഞ്ഞു സൈരന്ധ്രിയുടെ നേത്രങ്ങളിൽ വെള്ളം. വേഷമഴിച്ച് ചായക്കടയിലിരുന്നുള്ള വർത്തമാനത്തിനിടെ ചോദിച്ചിട്ടുണ്ട്: "എങ്ങനെയാണ് ഇതൊപ്പിക്കുന്നത്? കണ്ണിന്റെ വല്ല കസർത്തും?"
നുണയാനിരുന്ന കട്ടൻ പൊടുന്നനെ ഇറക്കി ശിവരാമേട്ടൻ പറയും: "ഹുൾക്കൊള്ളണം.... പാഞ്ചാലിടെ മാനസികാവസ്ഥ...". ഉഗ്രൻ പുരുഷശബ്ദത്തിൽ ഇങ്ങനെ പറയുമ്പോൾ "സ്ഥ" എന്ന ഭാഗത്തെ ഉച്ചാരണത്തിന് പ്രത്യേകിച്ചൊരു ഊക്കുണ്ട്. അതിനു ഫലം കൂട്ടാൻ എന്നപോലെ തുടർന്ന് വലത്തെ മുഷ്ടി ചുരുട്ടി നെഞ്ചിനു ചേർത്ത് 'ധീം' നാദത്തിലൊരു വെപ്പും. കൂടുതൽ ചോദിച്ചാൽ മുഴുവൻ തിരിഞ്ഞുകൊള്ളണം എന്നില്ല. പൊതുവെതന്നെ വാചകങ്ങൾ മുറിഞ്ഞും മുഴുവനാക്കാതെയും ആണ്; ആത്മഗതം പോലെ. പുകയൂതുന്നതിനിടെ അവയിൽ ചിലത് ആർക്കും ചുരുളഴിയാതെ വായുവിൽ അലിഞ്ഞെന്നും വരും.
ഇങ്ങനെയൊരു സ്വതന്ത്ര ചിന്തയാവണം പാത്രവിഷ്കാരത്തിനോപ്പം ശരീരഭാഷയുടെ കാര്യത്തിലും ശിവരാമേട്ടനെ വ്യത്യസ്തനാക്കുന്നത്. മുദ്രകളുടെ വിന്യാസത്തിന്റെയും വ്യാകരണത്തിന്റെയും വഴി വന്നത് പഠിച്ച കളരിയിൽനിന്നല്ല തന്നെ. അതിന്റെ വായുവും ഗതിയും മദ്ധ്യകേരളത്തിൽ എന്നല്ല മലനാട്ടിലെ മൊത്തം കഥകളിയുടെ ഒരു സമ്പ്രദായത്തിനും പ്രത്യേകമായി അവകാശപ്പെട്ടതല്ല. അമ്മാവൻ കൂടിയായ വാഴേങ്കട കുഞ്ചു നായർ ഏറെ ചിന്തിച്ച് പലതും പഠിപ്പിച്ചപ്പോഴും ഈവിധമൊരു പുതുധാര അണപൊട്ടുമെന്ന് കരുതിക്കാണില്ല. കാൽപടം തുടങ്ങി കൈപ്പത്തിയേറി നെറ്റിത്തടം വരെ എന്തൊന്നിനുമുണ്ട് അവനവൻ കൈയൊപ്പ്.
വെറുതെയല്ല കഥകളിയിലെ സ്ത്രീവേഷചരിതം രണ്ടായി പകുക്കാൻ ശിവരാമേട്ടനായത്. ഇന്ന് നാല് നൂറ്റാണ്ട് പഴക്കുമുള്ള രംഗകലയിൽ നായികമാരുടെ വഴിത്താരയിൽ 1960കളോടെ അങ്ങനെയൊരു നെടുങ്കൻ നേർവരമ്പ് പണിയാനായത്. ദമയന്തിയും മോഹിനിയും പോലുള്ള വേഷങ്ങൾക്ക് പാത്രപരമായി കിട്ടിയ പുതിയ മാനത്തിനൊപ്പം ചൊല്ലിയാട്ടരീതിയിലും സിദ്ധിച്ചു നവീനത. ഉർവശിക്കും ലളിതമാർക്കും യോഗം മറ്റൊന്നാവാതെ കഴിഞ്ഞു. പഴയകാല ഗ്രഹിതക്കാർക്ക് ബോധിച്ച ആവിഷ്കാരങ്ങൾ ഉൽപതിഷ്ണുക്കൾക്കും ആവേശമായി. മറക്കുടയന്തർജനങ്ങൾക്കും പുതുലോകത്തെ സ്ത്രീവാദികൾക്കും ഒരുപോലെ കൗതുകമായി.
പുസ്തകങ്ങളോടുള്ള പ്രണയത്തിൽ നിന്നുകൂടിയായിരുന്നു ശിവരാമേട്ടന്റെ പല രംഗപരീക്ഷണങ്ങളും നാമ്പെടുത്തത്. പുരാണേതിഹാസങ്ങളും മദ്ധ്യകാല കവിതകളും ആധുനിക സാഹിത്യവും ഒരുപോലെ ആസ്വദിക്കും. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ ഒരിക്കൽ എന്റെ തൃപ്പൂണിത്തുറ വീട്ടിൽ വന്നപ്പോൾ മേലത്തെ മുറിയിലെ മേശപ്പുറത്ത് 'കാലം' നോവൽ കിടക്കുന്നതുകണ്ടു. കൌമാരത്തിൽ വാങ്ങിയ ആ എം.ടി. വാസുദേവൻ നായർ പുസ്തകം കൊണ്ടുപോവട്ടെ എന്ന് ചോദിച്ചു. വിരുന്നിന് വന്ന സുഹൃത്തിന് സമ്മാനമാവട്ടെ എന്ന് കരുതി കൊടുത്തു.
അക്കൊല്ലം മഴഞാറ്റുവേലകൾ പിന്നിട്ട് പുതുസീസണ്‍ വന്നണഞ്ഞപ്പോൾ പുഴുക്കമുള്ളൊരു സായാഹ്നത്തിൽ കളിസ്ഥലത്തൊരിടത്ത് വീണ്ടും കണ്ടുമുട്ടി. അരങ്ങിനു പിന്നാമ്പുറത്ത് കണ്ടതും ചുണ്ടുപിളർത്തിച്ചിരിച്ചു. "ബ്ബട വര്വോ," എന്ന് കയ്യാലെ പിടിച്ച് റെക്സിൻ സഞ്ചി തുറന്ന് പുസ്തകം പുറത്തെടുത്ത് മടക്കിത്തന്നു. "നൂറാമത്ത തവണ്യാ..." ഈ കൃതി വായിച്ചതിന്റെ കണക്കാവണം പറഞ്ഞത് എന്ന് നിരൂപിച്ചു.
ആഴത്തിനൊപ്പം പരപ്പുമുണ്ടായിരുന്നു താൽപര്യങ്ങൾക്ക്. പ്രകൃതിനിരീക്ഷണം ഒരുദാഹരണം. "ഹീ കിർമീരവധത്തിലെ ലളിതടെ കാട്ട് ലെ ആട്ടങ്ങൾടെ അർത്ഥറിയണങ്ക് നട്ടുച്ചക്ക് പട്ട്ളക്കൂട് ചെരിയണ ശബ്ദം കേട്ട് ശീലം വേണം." കോട്ടയത്തു തമ്പുരാന്റെ "കീചകമിതാ കുഴലൂതുന്നു" എന്ന പോലുള്ള വരികളാവണം വ്യംഗ്യം. "വീട്ട്ൽത്തെ തൊടീല് ഉച്ചക്കൊക്ക പോയിങ്ങനെ ന്ക്കും യീ ശിവരാമൻ."
വർഷങ്ങൾ ചെന്ന്, 2006ൽ ശിവരാമേട്ടന്റെ വീട് സന്ദർശിക്കാൻ സാധിച്ചു. വള്ളുവനാട്ടിലെ വളഞ്ഞുപുളഞ്ഞ പാതകൾ താണ്ടി കാറൽമണ്ണയിലെ മുറ്റത്തെത്തിയതും നാലുവയസ്സുകാരൻ മകൻ ഒക്കാനിച്ചു. വിവരം പറഞ്ഞപ്പോൾ കുറച്ചുനേരം ശിവരാമേട്ടനെ കാണാതായി. പിന്നെക്കണ്ടു അടുക്കളക്കപ്പുറത്തെ വളപ്പിൽനിന്ന് വരുന്നത്. ഉള്ളംകൈയിൽ കരുതിയ എന്തോ തണ്ടോ കിഴങ്ങോ കൈമാറി പറഞ്ഞു: "ഉണ്ണിക്ക് ഖൊടക്ക്വോ..." എന്താണെന്ന് മനസ്സിലാവാതെ നിൽക്കെ കൂട്ടിച്ചേർക്കൽ: "കച്ചോലാ... ലേശം തരിപ്പ്ണ്ടാവും.... ന്നാലും എറക്ക്യാ ഹപ്പ നിക്കും ശർദ്ദി." (ഇപ്പോഴും ശിവരാമേട്ടന്റെ ചിത്രമോ വീഡിയോവോ കണ്ടാൽ പുത്രൻ പറയും: "കച്ചോലം".)
എന്നായിരുന്നു ശിവരാമേട്ടനെ ഒടുവിൽ കണ്ടത്? കിട്ടി. 2007ൽ. തന്റെ നായകനായി അരങ്ങിൽ അരനൂറ്റാണ്ട് വിലസിയിട്ടുള്ള കലാമണ്ഡലം ഗോപിയുടെ സപ്തതിക്ക്. ഇടവത്തിലെ ആദ്യപാദത്തിൽ.
പ്രായം ചെന്നിരിക്കുന്നു കുശലവന്മാരുടെ അമ്മക്ക്. 'ലവണാസുരവധ'ത്തിൽ കുട്ടികൾ വില്ലുകുലച്ച് ഞാണ് വലിച്ചുവിട്ടപ്പോൾ കേട്ട നാദം സീതാദേവിയിൽ ഗതകാലസ്മൃതി ഉണർത്തി. വലതുകൈ ഉയർത്തി ചെകിടിന് ഓരംപറ്റി ചൂണ്ടുവിരൽ നാലുനിമിഷം മേലോട്ട് നിന്നു: പണ്ട് നിറയൗവനത്തിൽ ശ്രീരാമസ്വാമിയുടെ ആയുധത്തിൽനിന്ന് കേട്ട അതേ നാദം!
മുഖം മാത്രം മതി വലിയൊരു കഥ പറയാൻ! നാല് നിമിഷത്തിനുള്ളിൽ!! മുഴുവൻ ശക്തിയിൽ!!!
ഇന്നും ആരൊക്കെയോ ചിലർ കളിയരങ്ങിനും വേഷങ്ങൾക്കും മുമ്പിലിരിക്കുന്നത് ഓർമകളെ താലോലിക്കാനാണ് എന്ന് സംശയിക്കുന്നു.
വായനയും പകർത്തിയെഴുത്തും കഴിഞ്ഞപ്പോൾ പത്രത്താളിൽനിന്ന് കണ്ണെടുത്തു. ചുവരിൽ ക്ലോക്കിന്റെ നാഡിമിടിപ്പ്. നേരം പാതിര പിന്നിട്ടിരിക്കുന്നു. ചിത്രലേഖ, രാജകുമാരി ഉഷക്കായി കോമളകളേബരൻ അനിരുദ്ധനെ അന്വേഷിച്ചിറങ്ങുന്ന സമയം?
ഫ്ലാറ്റിനു പടിഞ്ഞാറ് യമുനാനദിക്ക് ഇന്നിപ്പോൾ വീതി വച്ചിരിക്കണം. കൈയിലെ കഥാചിത്രപടലം മടക്കി കളിത്തോണിയുണ്ടാക്കിയയച്ചാൽ തൂതയിൽ ഒഴുകിയെത്തുമോ? പുഴക്ക് തെക്ക് കാറൽമണ്ണ കരിമഷിക്കണ്ണ്‍ തുറക്കുമോ?
മനസ്സിന്റെയോരോ മദ്ദളക്കൊട്ടുകൾ....
Comments
ജയാനന്ദന് (not verified)
Fri, 2013-07-19 18:31
Permalink
മനോഹരം...
മനോഹരം...