അരങ്ങൊഴിഞ്ഞത് സവിശേഷമായ ഒരു പാട്ടുകാലം
കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ് പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക് അദ്ദേഹം ഗുരുതുല്യനാണ്. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്.
ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു പാടിയിരുന്നത്.
അരങ്ങത്തു നടപ്പുള്ളതും അല്ലാത്തതുമായ ഏതു കഥയായാലും അതു സ്വയം ചിട്ടപ്പെടുത്തുന്നതിനും കാണാപ്പാഠം പഠിച്ചു പാടുന്നതിനും പള്ളം ആശാനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. അപൂർവമായ കഥകളും നടപ്പുള്ള കഥകളിലെ അപൂർവപദങ്ങളും അവതരിപ്പിക്കേണ്ടിവരുമ്പോൾ മറ്റു ഗായകർ പുസ്തകം നോക്കി പാടുമ്പോൾ മാധവനാശാന്റെ ഓർമശക്തി അദ്ദേഹത്തിനു വലിയ തുണയായി.
നാലു ദിവസമായി അവതരിപ്പിക്കാനുദ്ദേശിച്ചു രചിക്കപ്പെട്ട ‘ഹരിശ്ചന്ദ്രചരിതം' ഒരു ദിവസത്തെ അവതരണത്തിനായി ചുരുക്കി ചിട്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിച്ചതു പള്ളം മാധവനാശാനാണ്. അപ്പോഴും കഥയുടെ മർമപ്രധാനമായ ഭാഗങ്ങളോ വൈകാരികതീവ്രതയോ നഷ്ടപ്പെട്ടില്ല എന്നതാണു വിസ്മയകരമായ കാര്യം. അതുകൊണ്ടുതന്നെ ആ കഥയ്ക്ക് ഇന്നുള്ള ജനപ്രീതിയിൽ വലിയൊരു സ്ഥാനം ഈ ഗായകനുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, ഓടുപണിക്കാരനായി ജീവിതം ആരംഭിച്ച ഈ ഗായകൻ സ്വന്തം പ്രയത്നംകൊണ്ടു മാത്രമാണ് കഥകളിരംഗത്ത് ഉയർച്ച നേടിയത്. കേരള കലാമണ്ഡലത്തിന്റെ വൈസ് പ്രിൻസിപ്പൽ സ്ഥാനംവരെ അലങ്കരിച്ചു. കലാമണ്ഡലത്തിലായിരിക്കുമ്പോഴും അതിനുശേഷവും ചിട്ടപ്രധാനമായ കഥകളും അദ്ദേഹം സമർഥമായി പാടിയിരുന്നു. തെക്കൻ കളരിയിലെ ആശാനായാണു കലാമണ്ഡലത്തിൽ എത്തിയതെങ്കിലും വടക്കൻ സമ്പ്രദായത്തിലുള്ള കഥകൾക്കും അദ്ദേഹം അരങ്ങിൽ പാടി. കലാമണ്ഡലം പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ചില അപാകതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോൾ കലാമണ്ഡലം പത്മനാഭൻ നായർ അവ തിരുത്തിയത് എടുത്തുപറയേണ്ട കാര്യമാണ്.
1960-70 കാലത്ത് ആയാംകുടി ആശാനോടൊപ്പം ഞാൻ കഥകളികൾക്കു പങ്കെടുത്തുവരുന്ന കാലത്താണ് മാധവനാശാനുമായി കൂടുതൽ അടുക്കുന്നത്. അന്നൊക്കെ അരങ്ങിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്നോടു കാണിച്ചിരുന്ന സ്‌നേഹവാത്സല്യങ്ങളും സഹകരണവും പ്രത്യേകം ഓർക്കുന്നു. അരങ്ങിൽ പാടുന്ന കാര്യത്തിലെന്നപോലെ പെരുമാറ്റത്തിലും അദ്ദേഹം വലുപ്പച്ചെറുപ്പം കാണിച്ചില്ല. ചില രംഗങ്ങളുടെ അവതരണ കാര്യങ്ങളിൽ അന്നു ചെറുപ്പമായിരുന്ന എന്നോടും അഭിപ്രായം ചോദിക്കുകയും അതു മാനിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളിൽ എത്രയോ ദശാബ്ദങ്ങൾ അദ്ദേഹം പാടി. പ്രായം ആ ശബ്ദത്തെ ബാധിച്ചില്ല. മൂന്നു വർഷം മുൻപ് എന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ചു നടന്ന കഥകളിയിൽ ബാണയുദ്ധം കഥ അദ്ദേഹമാണു പാടിയത്. അടുത്തകാലത്തു പനച്ചിക്കാട് ക്ഷേത്രത്തിൽ പാടിക്കേൾക്കുമ്പോഴും ആ ശബ്ദത്തിന് ഇടർച്ചയുണ്ടായിരുന്നില്ല.
ഫലിതപ്രിയനായിരുന്ന ആശാൻ പെരുമാറ്റത്തിൽ എന്നും സൂക്ഷിച്ച ചെറുപ്പം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും രോഗം വന്നതായോ കിടപ്പിലായതായോ ഒരിക്കലും കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാവാം ഈ വേർപാട് അപ്രതീക്ഷിതമായി അനുഭവപ്പെടുന്നു. ഗുരുസ്മരണയ്ക്കു മുന്നിൽ എന്റെ പ്രണാമം.
Comments
C.Ambujakshan Nair
Thu, 2012-09-20 11:02
Permalink
ശ്രീ. പള്ളം മാധവന്‍
ശ്രീ. പള്ളം മാധവന്‍ അവര്‍കള്‍ പൊന്നാനിയും ശ്രീ. തണ്ണീര്‍ മുക്കം വിശ്വംഭരന്‍ ശിങ്കിടിയുമായി പാടിയ അനവധി കളി അരങ്ങുകള്‍ സ്മരണയില്‍ ഉണ്ട്. ഹരിച്ചന്ദ്രചരിതം, സൌഗന്ധികം, ദുര്യോധനവധം, പൂതനാമോക്ഷം എന്നിങ്ങനെ ധാരാളം കഥകള്‍ . ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മയുടെ ഷഷ്ടിപൂര്‍ത്തി സ്മരണികയില്‍ മൂന്നു രാമന്മാര്‍ എന്ന ഒരു ചെറിയ ലേഖനം അദ്ദേഹം എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന്റെ പ്രചാരത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ നഗരത്തിലും കഥകളി അവതരിപ്പിച്ചു വന്ന കാലത്ത് തിരുനക്കര മൈതാനത്തില്‍ നടന്ന ഒരു സീതാസ്വയംവരം കളിയെ സംബന്ധിച്ച് ശ്രീ. രാമവര്‍മ്മ അവര്‍കള്‍ എഴുതിയ ലേഖനവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും അതില്‍ സൂചിപ്പിച്ചിരുന്നു. കോട്ടയം ജില്ലയിലെ മീനടം ക്ഷേത്രത്തിലെ ഒരു കളി കഴിഞ്ഞു, അവിടെ കളിക്ക് പങ്കെടുത്തിരുന്ന ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍ , ശ്രീ. ചെന്നിത്തല ആശാന്‍ , ശ്രീ. നെല്ലിയോട് തിരുമേനി , ശ്രീ. പന്തളം കേരളവര്‍മ്മ, ശ്രീ. മാത്തൂര്‍ , ശ്രീ. ഹരിദാസ് (കോട്ടയം), ശ്രീ. കലാമണ്ഡലം കേശവന്‍, രണ്ടു കഥകളി ആസ്വാദകര്‍ എന്നിവരോടൊപ്പം ശ്രീ. പള്ളം മാധവന്‍ അവര്‍കള്‍ ഫലിതം പറഞ്ഞുകൊണ്ട് ഒരു യാത്ര. കലാകാരന്മാര്‍ ബസ് സ്റ്റോപ്പിലെത്തി ബസു കിട്ടുന്നതുവരെ ശ്രീ. പള്ളം മാധവന്‍ തന്നെ ആയിരുന്നു ഹീറോ. ആദ്യം ബസു വന്നത് എനിക്കു പോകേണ്ടിയിരുന്ന മല്ലപ്പള്ളി ഭാഗത്തേക്ക്. മനസില്ലാ മനസോടെയാണ് ഞാന്‍ ബസ്സില്‍ കയറിയത്. പരേതനായ കലാകാരന്‍ ശ്രീ. പള്ളം മാധവന്‍ അവര്‍കളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.