കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!
Wednesday, July 26, 2017 - 18:45
വെണ്മണി ഹരിദാസ് സ്മരണ - 6
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)
ഇത്ര വാത്സല്യമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. മാങ്കുളം തിരുമേനിയൊക്കെ അങ്ങനായിരുന്നെന്ന് കേട്ടിട്ടുണ്ട്. ആ പറഞ്ഞുകേട്ടതിലും കൂടുതലാ ഇത്. മാർഗീല് ഞാനാദ്യം വരുമ്പം ഗുരുനാഥൻ ഇവിടില്ല. ഞാൻ ഇന്റർവ്യൂവിനു വന്നതറിഞ്ഞ് ഇദ്ദേഹത്തെ വിളിക്കാൻ ആളു പോയി. ഞാനിദ്ദേഹത്തെ മുൻപ് കണ്ടിട്ടുമില്ലല്ലോ. ഞാനിങ്ങനെ വാതുക്കൽ പരുങ്ങി നിൽക്കുമ്പം ആശാൻ കയറി വരുന്നു. ദൈവമേ ഇതു തന്നെയാണല്ലൊ എന്റെ ഗുരുനാഥൻ എന്നെന്റെ മനസ്സിൽ തോന്നി. ഗൌരവമായിട്ട് ചിന്തിക്കേണ്ട വിഷയമാ. സാധാരണ ഇന്റർവ്യൂവിന് വിളിക്കുമ്പളോ ദക്ഷിണ കൊടുക്കുമ്പളോ ഒക്കെയെ അതു മനസ്സിലാവൂ.
ഇവിടെ വന്ന ദിവസം തന്നെ ഞാനൊരു സിനിമയ്ക്കു പോയി. ആദ്യമായിട്ട് തിരുവനന്തപുരത്ത് വന്നതല്ലേ. അന്നേരം ഗുരുനാഥനോട് ചോദിക്കണ്ടേ. സ്ഥലപരിചയമില്ലെങ്കിലും ഞാൻ പുറകേയോടി അരക്കിലോമീറ്ററപ്പുറത്തു വെച്ചാണ് ഇദ്ദേഹത്തോട് ചോദിക്കുന്നത്. പൊയ്ക്കോളാൻ പറഞ്ഞു. പൈസയുണ്ടോന്നു ചോദിച്ചു. ഞാൻ പറഞ്ഞു പൈസയുണ്ടെന്ന്.
മാർഗീല് സ്ഥലക്കുറവുണ്ട് ക്ലാസ് നടത്താൻ. പാട്ടിനായിട്ട് വാസ്തവത്തിൽ ഒരു കളരിയുണ്ടായിരുന്നില്ല. ആശാൻ ഒൻപതുമണിക്കു വന്നാൽ പത്തുമണിക്ക് ചൊല്ലിയാട്ടം തുടങ്ങുന്നതിനു മുൻപ് ക്ലാസെടുക്കുമായിരുന്നു. പത്തുമണിക്ക് ആശാൻ തന്നെ ചൊല്ലിയാട്ടത്തിനു പോകണം. വേറെ പാട്ടുകാര് അധികമില്ലതാനും. ആശാൻ തന്നെ ചൊല്ലിയാട്ടത്തിനു പോകണമെന്ന് അപ്പുക്കുട്ടൻ നായർ സാറിനു നിർബന്ധമായിരുന്നു. ഒരു വന്ദനശ്ലോകമായാലും ആശാൻ തന്നെ ആയിക്കോട്ടേന്നു പറയും.
അടിച്ചോ പിടിച്ചോ അങ്ങനൊന്നും അധികമില്ലായിരുന്നു. പൊതുവേ അരങ്ങത്തായാലും ആരെങ്കിലും ഉത്തരവാദിത്തക്കുറവ് കാണിച്ചാൽ ചിലപ്പമൊന്ന് ദേഷ്യപ്പെടും. ദേഷ്യപ്പെടുമെങ്കിലും വാത്സല്യം പുത്രന്മാരോടുള്ളതുപോലെ തന്നെയായിരുന്നു. ഉള്ള സമയം നമുക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കും. എത്ര പ്രാവശ്യം വേണമെങ്കിലും ചോദിക്കാം. പഠിച്ചു കഴിഞ്ഞ് തെറ്റിച്ചാൽ മാത്രമേ ദേഷ്യപ്പെടൂ. അഥവാ അറിയാതെ ഒന്നടിച്ചാൽ അന്നെന്തെങ്കിലും കഴിക്കാൻ വാങ്ങിത്തന്നിട്ടേ പോകത്തൊള്ളൂ. അല്ലെങ്കിൽ നീ സിനിമയ്ക്കു പോകുന്നോ എന്നൊക്കെ ചോദിക്കും. അടിയൊക്കെ കൊണ്ടാലായി കൊണ്ടില്ലെങ്കിലായി. കൊണ്ടുപൊയാൽ അതു വിഷമമാ. അന്നു പിന്നെ കാപ്പി വാങ്ങിത്തരിക, അല്ലെങ്കിൽ നീ വീട്ടിലേക്ക് വരുന്നില്ലേ എന്നു ചോദിക്കും. ഞാൻ മിക്ക ദിവസവും വീട്ടിൽ പോവുകയും ചെയ്യും. അന്ന് ഈ പോസ്റ്റു വഴിയുള്ള കമ്യൂണിക്കേഷനേ ഉള്ളല്ലോ. മാർഗീല് ഏറ്റവും കൂടുതൽ കത്തു വരുന്നത് പുള്ളിക്കാ. മാർഗീല് അന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആളും ആശാനായിരുന്നു. അങ്ങ് വടക്കൻ ജില്ലമുതൽ അന്വേഷിച്ചുവരുന്ന ഒരു കലാകാരനായിരുന്നു. ഞാൻ ഒരടുക്ക് കത്തുകളുമായി ദിവസവും പോകും. അന്ന് തിരുവനന്തപുരത്ത് രണ്ടുനേരം പോസ്റ്റുണ്ട്. രാവിലേം വൈകീട്ടും. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ആഹാരം കഴിച്ചിട്ട് പോയാൽമതി എന്നു പറയും. ഞങ്ങൾക്കിവിടെ മെസ്സൊക്കെയുണ്ട്. എന്നാലും വളരെ നിർബന്ധിക്കും, കഴിച്ചിട്ട് പോവാൻ.
വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാ. നമുക്ക് 200 രൂപ പൊലും തികച്ചു കിട്ടാത്ത കാലം. ഇല്ല, ഗവണ്മെന്റ് തന്നിട്ടുവേണ്ടേ. അന്നൊക്കെ അദ്ദേഹത്തിന്റെ ഒരു സഹായം പലർക്കും ഉണ്ടായിട്ടുണ്ട്, എനിക്കു മാത്രമല്ല. അത് അറിഞ്ഞു ചെയ്യും. ഈ ദാനം തരുന്നതുപോലെ തരുന്നതും ഇഷ്ടമല്ല. അതിനു വേണ്ടുന്നപോലെ ബുദ്ധിപൂർവം എന്തെങ്കിലും സഹായം ചെയ്യും. പിന്നെ എല്ലാവരോടും വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറയും. വീട്ടിൽ അടുക്കളയിൽ എല്ലാവർക്കും പ്രവേശനമുണ്ട്.
തെക്കൻ തോടയവും വടക്കൻ തോടയവുമുണ്ടല്ലോ. ഇദ്ദേഹം കലാമണ്ഡലത്തിൽ പഠിച്ചതാ. ഇവിടെ വന്നിട്ട് മനസ്സിലാക്കിയതായിരിക്കണം തെക്കൻ തോടയം. അത് ഓർത്തു പഠിപ്പിക്കാൻ ഇത്തിരി പ്രയാസമാ. ആശാനതൊക്കെ കൈകൊണ്ട് താളമിട്ട് പറഞ്ഞുതരുമായിരുന്നു, ‘വീച്ച്’കഴിഞ്ഞ് അക്ഷരം വയ്ക്കുന്നതൊക്കെ മനസ്സിലാവാൻ വേണ്ടി. ഒന്ന് പഠിപ്പിച്ച് പോയിക്കഴിഞ്ഞാൽ ചിലപ്പോൾ മൂന്നാലു ദിവസത്തെ പരിപാടിയൊക്കെ കഴിഞ്ഞാവും വരുന്നത്. അപ്പോ നേരത്തേ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിച്ച് ഉറപ്പിച്ചിട്ടേ അടുത്തതിലേക്ക് പോകുമായിരുന്നുള്ളൂ. തോടയം, പുറപ്പാട് അങ്ങനെ അടിസ്ഥാനപരമായതൊക്കെ എന്നും ഓർമയിൽ നിൽക്കുന്ന രീതിയിലാണ് പഠിപ്പിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ പാട്ട്…, എനിക്കൊരു സംശയമുണ്ട്. ഈ ദശാവതാരത്തിൽ തന്നെ ഭഗവാന്റെ എല്ലാ അംശങ്ങളും കിട്ടിയത് ശ്രീരാമനും ശ്രീകൃഷ്ണനുമാണെന്നു തോന്നുന്നു, അല്ലേ? അങ്ങനാണെങ്കിൽ അതേപോലാണ്, പത്തുപാട്ടുകാരെയെടുത്താൽ ഈ കഥകളിസംഗീതത്തിന് പ്രത്യേകിച്ച് കിട്ടേണ്ട എല്ലാ സത്തുക്കളും കിട്ടിയത്… ഇദ്ദേഹത്തിന്! ബാക്കിയാരും മോശമെന്നല്ല. ഇദ്ദേഹം നാലാവർത്തനം നാലും നാലുരീതിയിലേ പാടിയിട്ടുള്ളൂ. ഒരേപോലെ നാലു പ്രാവശ്യമോ എട്ടു പ്രാവശ്യമോ പാടിയിട്ടില്ല. ഒരിക്കലും ശബ്ദക്രമീകരണം മാത്രമല്ല, സംഗീതത്തിന്റെ എത്ര ആലാപന വിശേഷങ്ങളാണ്… കഥകളിസംഗീതം ഇങ്ങനെ പറ്റുമോ എന്ന് തോന്നിപ്പോവും. അതിനുമുമ്പുള്ള ഒരുപാട് ആശാന്മാരുടെ പാട്ട് ഞാൻ കേട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കും.
അന്നൊക്കെ ആശാന് നളചരിതമോ ഒക്കെയല്ലാതെ ചില കഥകളൊന്നും പാടാൻ അത്ര കഴിവില്ലെന്ന് പറയുമായിരുന്നു. വെറുതേ പറയുന്നതാ. ആശാൻ ഏതു കഥ പാടിയാലും അതു കേൾക്കാൻ ഒരു പ്രത്യേക സുഖമാ. ശങ്കരാഭരണത്തിൽ കല്യാണസൌഗന്ധികത്തിലെ ‘ചഞ്ചാടി മോദം’ എന്നിടത്ത് നടന് ഇങ്ങനെ ഉലഞ്ഞൊരു ചുവടുണ്ടല്ലോ, അന്നേരം ആ സംഗീതവും ഇങ്ങനെ പോവുന്നതായിട്ട് നമുക്ക് തോന്നും. അന്ന് ഒരു വിധം ആവറേജ് നടനാണെങ്കിലും കളിച്ചുപോവും. അന്നെന്നല്ല, ആശാന്റെ പാട്ടുകേട്ട് എല്ലാ ഭാവങ്ങളും മുഖത്തുവന്ന പല നടന്മാരുമുണ്ട്. ആ പാട്ടുകേട്ടാൽ എങ്ങനെ കാണിക്കാതിരിക്കും. ‘കഷ്ടം’ എന്ന് അശാൻ പാടിയാൽ ‘കഷ്ടം’ എന്ന് ഏതു നടനും മുഖത്തുവരും. എങ്ങനെ വരാതിരിക്കും! ‘പോടാ നീയാരെടാ മൂഡ്ഡാ’ എന്നു പാടിയാൽ, അല്ലെങ്കിൽ ‘അയ്യോ’ എന്നൊക്കെ പറയുമ്പം, ഇങ്ങനൊരനുഭവം! അതുകൊണ്ടായിരിക്കും ഇത്ര നേരത്തേ പോയത്. അല്ലെങ്കിൽ ഇനിയൊരു നൂറുകൊല്ലം ജീവിച്ചിരിക്കേണ്ടതല്ലേ? ഇത്ര വലിയ ആൾക്കാരൊക്കെ ഒരു നൂറുകൊല്ലം ജീവിച്ചിരിക്കണം. പക്ഷെ എല്ലാംകൂടി ഭഗവാൻ കൊടുക്കാത്തതുകൊണ്ടായിരിക്കും. എല്ലാ അംശങ്ങളുമുള്ള സംഗീതം ഇദ്ദേഹത്തിന്റെ കണ്ഠത്തിൽനിന്നും വന്നതുപോലെ ആർക്കും വന്നിട്ടില്ല. ശബ്ദമാധുര്യം പലർക്കും കാണും. അല്ലെങ്കിൽ സംഗീതമുണ്ടായിരിക്കും, രാഗവ്യതിയാനങ്ങൾ നടത്താൻ പെട്ടെന്നു പറ്റിയേക്കും. ഇദ്ദേഹത്തിന് സുന്ദരമായ ശബ്ദം മാത്രമല്ല… വേണ്ടിടത്തേ മോളിൽ പോകത്തൊള്ള്. സംഗീതത്തിന് ചില സ്വരസ്ഥാനമുണ്ടെന്ന്,…ചിലർക്ക് എപ്പഴും പിടിത്തമാണ് മോളിലോട്ട്. അങ്ങനെ പിടിക്കുന്നതല്ലല്ലോ സംഗീതം. വേണ്ടുന്നിടത്ത് ഇദ്ദേഹം പിടിച്ചപോലെ ആരും പിടിച്ചിട്ടില്ല. എന്നു പറഞ്ഞാൽ… കടയ്ക്കൽ എന്ന സ്ഥലത്ത് ഒരു സന്താനഗോപാലം. ഗംഗാധരാശാന്റെ കൂടെ പ്രഗൽഭനായ ഒരു പാട്ടുകാരൻ നിന്നു പാടുകാ. അദ്ദേഹത്തിനു ഗംഗാധരാശാന്റെ കൂടെ നിന്നിട്ട് പറ്റുന്നില്ല. ആശാൻ ദേഷ്യപ്പെട്ട് ‘ആ ഹരിദാസിനെ ഇങ്ങ് വിളിക്ക്’ എന്നു പറഞ്ഞു. ആശാൻ കൂടെനിന്ന് ഒന്നാന്തരമായിട്ട് പാടി. ഈ ടോപ്പിൽ മാത്രം പിടിക്കുന്നവരുടെ വിചാരം ആശാന് അത്രയും പറ്റില്ലെന്നായിരുന്നു. അങ്ങനല്ല, അവരേക്കാൾ ടോപ്പിൽ പൊകും, പോവേണ്ട സ്ഥലത്തു മാത്രം. ഏതു ശ്രുതിയിലും പാടാൻപറ്റും. ശ്രുതി കുറച്ചൊന്നും ഒരു പാട്ടും പാടിയിട്ടില്ല. ആശാന്റെ ഒരു ശ്രുതിബോക്സുണ്ട്, അതില് ഒന്നരയാ മിനിമം തന്നെ. അതിലായിരുന്നല്ലോ ഇവിടെ കളരീപ്പോലും പാടുന്നത്.
ഇവിടെയീ ചൊല്ലിയാട്ട സമ്പ്രദായത്തിലേ, കലാമണ്ഡലത്തിലും അങ്ങനെയാണെന്ന് തോന്നുന്നു. സ്റ്റൂളിലിരുന്നാ പഠിപ്പിക്കുന്നത്. ഇദ്ദേഹം പായേലിരുന്ന് ഹാർമോണിയം സ്വന്തം മീട്ടി, അങ്ങനെയാ. പഠിപ്പിക്കുമ്പം എന്നോടു പറയും ‘നീ പാടിക്കോ, ഞാൻ മീട്ടിക്കോളാമെന്ന്’. നമ്മളെ വിഷമിപ്പിക്കേണ്ട എന്നു കരുതീട്ടുമാവാം. ഒരു മണിവരെ ഒരു റെസ്റ്റുമില്ലാതെ പാടും. ചില ദിവസങ്ങളിൽ ആരും കൂടെയില്ലാതെ ഒറ്റയ്ക്കും പാടിയിട്ടുണ്ട്. എന്തു ചെയ്യുന്നതിനും മടിയില്ലായിരുന്നു. മാർഗിയോടും സ്നേഹമായിരുന്നു. മാർഗിക്കും അദ്ദേഹത്തെക്കൊണ്ട് വളരെ പ്രയോജനമുണ്ടായി. കാരണം കലാമണ്ഡലം ഹരിദാസ് അല്ലെങ്കിൽ വെണ്മണി ഹരിദാസ് എന്ന നോട്ടീസിലെ പേര് ഒരു മഹത്വം തന്നെയായിരുന്നു. മാത്രമല്ല പോസ്റ്റോഫീസിലും ഒരു പക്ഷെ മാർഗിയെവിടാ സ്ഥിതിചെയ്യുന്നതെന്നറിയാനുള്ള ഒരു കാരണവും… ഇത്രേം കത്തുകള് ദിവസവും വരുന്നതേ!
Malayalam