പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

Wednesday, August 2, 2017 - 22:56
Rama Das N photo by Nisha Menon

വെണ്മണി ഹരിദാസ് സ്മരണ - 7
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

 
ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്. അന്നൊക്കെ പ്രധാന കഥ, അല്ലെങ്കിൽ പാടാൻ വകുപ്പുള്ള കഥ എമ്പ്രാന്തിരി-ഹരിദാസ് ടീം പാടും, പക്ഷെ അതു കഴിഞ്ഞ് രണ്ടാമത്തെ കഥയ്ക്കു പോലും ഹരിദാസേട്ടൻ ചേങ്ങിലയുമായി വരുന്നത് കണ്ടിട്ടില്ല.
പിന്നീട് തിരുവനതപുരത്തേക്ക് പോയപ്പോളാണ് ഹരിദാസേട്ടൻ പൊന്നാനി പാടുന്നത് കേട്ടത്. അത്… ശരിക്കും പറഞ്ഞാൽ ഹരിദാസേട്ടൻ അന്നു പാടിയതുപോലെ പിന്നെ പാടീട്ടില്ല. പൊന്നാനി ഭാഗവതരായി അറിയപ്പെടുന്ന കാലത്തു പാടിയതിനേക്കാൾ ഗംഭീരമായിരുന്നു അന്നത്തെ പാട്ടുകള്, സാഹിത്യം മറന്നുപോകുമെന്നതൊഴിച്ചാൽ. സാഹിത്യം മറന്നുപോകുന്ന പ്രശ്നം അന്നു നന്നായുണ്ടായിരുന്നു.
ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.
എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്. കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.
നടൻ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നോ അതുപോലെ ഈ ഗായകനും ഉൾക്കൊണ്ടാലേ ഇവർ തമ്മിലുള്ള ഒരു കെമിസ്ട്രി ശരിയായിട്ട് കാണുന്നവർക്കനുഭവപ്പെടൂ. അതിനൊരു പ്രത്യേക സുഖമാണ്. ഇപ്പൊ കോട്ടയ്ക്കൽ ശിവരാമേട്ടനോ വാസുവേട്ടനോ (കലാമണ്ഡലം വാസു പിഷാരോടി) ഒക്കെ കെട്ടുന്ന വേഷത്തിന് ഹരിദാസേട്ടൻ പാടുമ്പഴുള്ള ഒരനുഭവം അതാണ്.
കഥകളിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു ഹരിദാസേട്ടന്. അപൂർവം ആളുകൾക്കേ അതൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഹരിദാസേട്ടൻ പറയുമായിരുന്നു, ആദ്യതവണ പാടുമ്പോൾ സാഹിത്യവും അർത്ഥവും വ്യക്തമാവുന്ന രീതിയിൽ പ്ലെയിൻ ആയി പാടണം, ആവർത്തനത്തിൽ മാത്രമേ സംഗതികളൊക്കെ കൊടുത്ത് അതിനെ വിശദീകരിക്കാവൂ എന്നൊക്കെ. അതദ്ദേഹം സ്വന്തം പാട്ടിൽ കൃത്യമായി പാലിക്കുകയും ചെയ്തു. അതുപോലെ അരങ്ങത്ത് അപ്പപ്പോൾ കാണിക്കുന്നതിനനുസരിച്ച് സംഗതികൾ കൊടുത്ത് പാടാനുമൊക്കെ പറ്റും. താളത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും നടന്റെ ചുവടുകൾക്കുമൊക്കെ അനുസരിച്ച് സംഗീതം വേണ്ടരീതിയിൽ മാറ്റിക്കൊണ്ടുപോവാൻ ആരു വേഷം കെട്ടിയാലും ഹരിദാസേട്ടനു സാധിക്കും. ഇന്ന് പല പാട്ടുകളും കേൾക്കുമ്പോൾ ഇതൊക്കെ ഓർത്തുപൊവും.
ഹരിദാസേട്ടൻ പാടിയിരുന്ന പല രാഗങ്ങളും അതേ പദത്തിന് ഇന്നു പലരും പാടുമ്പോൾ അതവിടെ ചേരുകയേ ഇല്ലെന്നു തോന്നും. സംഭവിക്കുന്നതിതാണ്, നല്ലൊരു തോടിയോ ശങ്കരാഭരണമോ കല്യാണിയോ ഒന്നും പാടുന്നതല്ല കഥകളിപ്പാട്ട്. അതു പലരും നന്നായി ചെയ്യും. അതിലേക്ക് സാഹിത്യം കടന്നു വരുമ്പഴാണ് ഹരിദാസേട്ടന്റെ പാട്ടിന്റെ അനന്യത.  
Article Category: 
Malayalam