ചവറ പാറുക്കുട്ടി

ചവറ പാറുക്കുട്ടി (ഫോട്ടോ: സി. അംബുജാക്ഷന്‍ നായര്‍)

കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ്‌ ചവറ പാറുക്കുട്ടി. കഥകളി പുരുഷന്റെ കലയാണ്‌. അണിയറയിലും അരങ്ങിലും ആസ്വാദനത്തിലും പുരുഷ സാന്നിദ്ധ്യമാണ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌. അവിടെയാണ്‌ കഴിഞ്ഞ അന്‍പതുവര്‍ഷമായി അരങ്ങില്‍ ചവറ പാറുക്കുട്ടി നിറഞ്ഞാടുന്നത്‌. സ്ത്രീവേഷം പുരുഷന്‍ തന്നെ കെട്ടിയാലേ നന്നാവൂ എന്ന രൂഢമൂലമായ വിശ്വാസപ്രമാണത്തെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ്‌ കേരളത്തിലെ കഥകളി അരങ്ങുകളില്‍ ഈ അറുപത്തിയെട്ടാം വയസ്സിലും ചവറ പാറുക്കുട്ടി നിറസാന്നിദ്ധ്യമാകുന്നത്‌. ഇപ്പോഴും ഒന്നാം ദിവസം ദമയന്തി കെട്ടുമ്പോള്‍ പാറുക്കുട്ടിയമ്മക്ക്‌ പതിനേഴ്‌ പതിനെട്ട്‌ വയസ്സേ തോന്നുകയുള്ളൂവെന്ന് അരങ്ങിലെ ആചാര്യനായ കലാമണ്ഡലം ഗോപിയാശാനെ കൊണ്ട്‌ പറയിക്കുന്നത്‌ അവരുടെ അരങ്ങിലെ അഭിനയചാതുര്യവും കഥകളിയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്‌.

ചവറ പാറുക്കുട്ടി കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ വില്ലേജില്‍ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടേയും നാണിയമ്മയുടേയും മകളായി 1118 കുംഭമാസത്തിലെ പൂയം നക്ഷത്രത്തില്‍ (21-03-1944) ജനിച്ചു. കാമന്‍ കുളങ്ങര എല്‍.പി. സ്ക്കൂളിലും ചവറ ഹൈസ്ക്കൂളിലും സ്കൂള്‍  വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്‌.എന്‍  വിമന്‍സ്‌ കോളേജില്‍ നിന്നും പ്രി-യൂണിവേഴ്സിറ്റിയും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ബി.എ (എക്കണോമിക്സ്‌) ബിരുദവും പാസ്സായി. സ്കൂള്‍  വിദ്യാഭ്യാസകാലത്ത്‌ ഡാന്‍സ്‌ പഠിച്ചിരുന്നു.

പ്രി-യൂണിവേഴ്സിറ്റി കാലത്താണ്‌ കഥകളി പഠനം ആരംഭിച്ചത്‌. ആദ്യ ഗുരുനാഥന്‍  മുതുപിലക്കാട്‌ ഗോപാലപ്പണിക്കരാശാനാണ്‌. കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി അരങ്ങേറ്റം നടത്തി. അതിനുശേഷം പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗത്തില്‍ ചേര്‍ന്ന് വേഷങ്ങള്‍ ചെയ്തുതുടങ്ങി.  ശേഷം പോരുവഴി ഗോപാലപ്പിള്ള ആശാനില്‍ നിന്ന് മറ്റുവേഷങ്ങള്‍ പരിശീലിച്ചു.

കൊല്ലം ഉണ്ണിച്ചൊക്കന്‍ വീട്‌ ക്ഷേത്രത്തില്‍ കഥകളി നടക്കുമ്പോള്‍ ബ്രഹ്മശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയമ്മയുടെ വേഷം കാണുവാനിടയായി. അദ്ദേഹത്തിന്റെ സമസ്ത കേരള കഥകളി വിദ്യാലയത്തിലേക്ക്‌ തുടര്‍ പഠനത്തിനായി ക്ഷണിച്ചു. തുടര്‍ന്ന് എല്ലാ സ്ത്രീവേഷങ്ങളും മാങ്കുളം ചൊല്ലിയാടിച്ചു.

ഡെല്‍ഹിയിലും മദ്രാസിലും നടന്ന കഥകളിയില്‍ മാങ്കുളത്തോടൊപ്പം ദേവയാനി കെട്ടി. അന്നത്തെ പ്രധാനപത്രങ്ങളെല്ലാം ദേവയാനിയുടെ അഭിനയത്തെ പുകഴ്ത്തി എഴുതിയിരുന്നു.

കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും. എങ്കിലും പ്രശസ്തമായിട്ടുള്ളത്‌ സ്ത്രീവേഷങ്ങള്‍ തന്നെ. ദേവയാനി, ദമയന്തി, പൂതന ലളിത, ഉര്‍വശി, കിര്‍മ്മീരവധം ലളിത, ചന്ദ്രിക, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍ തുടങ്ങി എല്ലാ വേഷങ്ങളും കെട്ടാറുണ്ട്‌. ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയാണ്‌.

വേഷങ്ങളുടെ ഔചിത്യബോധമാണ്‌ ചവറ പാറുക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്‌. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയില്‍ ആട്ടങ്ങളില്‍ പാണ്ഡിത്യവും അവര്‍ പ്രദര്‍ശിപ്പിക്കുന്നു.

തെക്കും വടക്കുമുള്ള മണ്‍ മറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ എല്ലാ പ്രസിദ്ധനടന്മാരോടുമൊപ്പം കൂട്ടുവേഷങ്ങള്‍  ഉണ്ടായിട്ടുണ്ട്‌. ഗുരു ചെങ്ങന്നൂര്‍  രാമന്‍  പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട്ട്‌ രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ്‌ ശിവശങ്കരപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരോടൊപ്പം ധാരാളം അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്‌.

കഥകളിയുടെ കഴിഞ്ഞ അന്‍പത് വര്‍ഷത്തെ രംഗപാഠചരിത്രത്തില്‍ അരങ്ങിലെ ഏറ്റവും നിറഞ്ഞ സ്ത്രീസാന്നിദ്ധ്യമാണ് ചവറ പാറുക്കുട്ടി.

പൂർണ്ണ നാമം: 
ചവറ പാറുക്കുട്ടി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Tuesday, March 21, 1944
ഗുരു: 
മാങ്കുളം വിഷ്ണു നമ്പൂതിരി
മുതുപിലക്കാട്‌ ഗോപാലപ്പണിക്കര്‍
പോരുവഴി ഗോപാലപ്പിള്ള
കളിയോഗം: 
പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗം
സമസ്ത കേരള കഥകളി വിദ്യാലയം
മുഖ്യവേഷങ്ങൾ: 
ദേവയാനി
ദമയന്തി
പൂതനലളിത
ഉര്‍വശി
പുരസ്കാരങ്ങൾ: 
കേരള കലാമണ്ഡലം അവാര്‍ഡ്‌ (2003)
കേരള സംഗീതനാടക അക്കാദമി "ഗുരുപൂജ" പുരസ്കാരം (2005)
കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്‌ (കൊല്ലം കഥകളി ക്ലബ്ബ്‌)
കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അവാര്‍ഡ്‌ (ആലപ്പുഴ ക്ലബ്ബ്‌)
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള അവാര്‍ഡ്‌
എം.കെ.കെ. നായര്‍ സ്മാരക അവാര്‍ഡ്‌ (1999)
പന്നിശ്ശേരി നാണുപ്പിള്ള സ്മാരക അവാര്‍ഡ്‌
മാതൃഭൂമി ഗൃഹലക്ഷ്മി വേദി അവാര്‍ഡ്‌ (2008)