പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം...ഒരു വിവരണം

Monday, July 30, 2012 - 13:34
കീഴ്പ്പടം കുമാരന്‍ നായര്‍ ആശാന്‍

മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം... എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.
കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ , ശ്രീ കെ ജി വാസു ആശാന്‍, ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി , ശ്രീ സദനം ഹരികുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു..

അരങ്ങു കേളിയോടു കൂടി കളിക്ക് തുടക്കം.കളി തുടങ്ങുമ്പോള്‍ തന്നെ കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു.പുറപ്പാടിന് ശേഷം ശ്രീ സദനം ബാലകൃഷ്നാശന്റെ കമലദളം. മണ്ഡോദരി ആയി ശ്രീ സദനം വിജയന്‍. പാട്ട് മാടമ്പി ആശാനും ശ്രീ പാറ നാരായണന്‍ നമ്പൂതിരിയും. സദനം വാസു ആശാനും ശ്രീ സദനം രാജനും മേളം. മാടമ്പി ആശാനും പാറ തിരുമേനി ആശാനും വളരെ നല്ല കൂടുകെട്ടാണ് എന്ന് എനിക്ക് തോനി. സദനം ബാലകൃഷ്ണന്‍ ആശാന്റെ കമലദളം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ വലിയ ഒരു പ്രതീക്ഷയോടു കൂടി ആണ് കളി കാണാന്‍ ഇരുന്നത്. എന്തോ ആ  പ്രതീക്ഷിച്ച  ഒരു അനുഭവം  ലഭിച്ചില്ല (എന്നും ഒരുപോലെ ആവണം എന്നില്ലല്ലോ).
പിന്നീട് കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ രണ്ടാം രാവണന്‍(ബാലി വിജയം), കെ ജി വാസു ആശാന്റെ നാരദന്‍. എനിക്ക് എടുത്തു പറയണം എന്ന് തോനിയ കാര്യം ബാലാശന്റെ രാവണന്റെ അലര്‍ച്ച ആണ് . "അലര്‍ച്ച പാട്ടുകാരന്റെ ശ്രുതിയില്‍ നില്‍ക്കുന്നതയിരിക്കണം" എന്ന് ആരോ പറഞ്ഞു കേട്ടത് എനിക്ക് പെട്ടെന്ന് ഓര്‍മവന്നു . രാവണ കുബേരദൂതസംവാദവും പുഷ്പകവിമാനം കൈക്കലാക്കിയതും  കൈലാസോധാരണവും എല്ലാം വളരെ സരസമായി അദ്ദേഹം പകര്‍ന്നാടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം കൈലസോധാരണ സമയത്ത് പവര്‍ പോയിരുന്നു. അത് അദ്ദേഹം അറിഞ്ഞില്ലെന്നു തോനുന്നു. സാധാരണ  ഇപ്പോള്‍ ചെയ്തു വരുന്നത് പവര്‍ പോയാല്‍ ആട്ടം നിര്‍ത്തുകയാണല്ലോ? ഇവിടെ നിര്‍ത്താത്തത് കൊണ്ട്  തന്നെ ആ ഒരു തുടര്‍ച്ച നഷ്ട്ടപെടാതെ കഴിഞ്ഞു.എന്നുമാത്രമല്ല കളിവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി കാണുന്നത് ഒരു വേറിട്ട അനുഭവം തന്നെ എന്ന് എനിക്കുറപ്പായി. ശ്രീ  കലാമണ്ഡലം മോഹനകൃഷ്ണന്‍,ശ്രീ അത്തിപറ്റ രവി കൂട്ടുകെട്ട്,പാട്ട് വളരെ നന്നായി കൈകാര്യം ചെയ്തു.
അടുത്തത്ശ്രീ  സദനം ഹരികുമാറിന്റെ ഉത്ഭവം ആയിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന മേയ്ക്കൊപ്പു പലതും  അദ്ധേഹത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആയിരുന്നു എന്നുമാത്രം അല്ല പലതും  അലുമിനിയത്തില്‍ തീര്‍ത്തതായിരുന്നു . തിരനോക്ക് വളരെ ഗംഭീരം എന്ന് വേണം പറയാന്‍. ശേഷം അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയത് മുതല്‍ പഞ്ചാഗ്നിയുടെ മധ്യത്തില്‍ ഓരോ തല മുറിച്ചു ഹോമിച്ചുള്ള തപസ്സാട്ടം വരെ വളരെ നന്നായി തന്നെ  അവതരിപ്പിച്ചു. മേളത്തിന്റെ കാലം വല്ലാതെ കയറി പോയത് കാരണം ഹരി എട്ടന് കൂടുതല്‍ strain എടുക്കേണ്ടി വന്നു എന്ന് തോനുന്നു. പാട്ടിനു  ശ്രീ സദനം ശിവദാസനും കാര്‍ത്തിക് മേനോനും (ശ്രീ സദനം ഹരികുമാറിന്റെ മകന്‍) ആയിരുന്നു. ചെണ്ട കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം ബലരാമനും,ശ്രീ സദനം രാമകൃഷ്ണനും കൂടി ആണ്. മദ്ധളം ശ്രീ സദനം ദേവദാസും സദനം ജയരാജും ആയിരുന്നു.
തുടര്‍ന്ന് ശ്രീ പാറ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീ സദനം ശിവദാസിന്റെയും  പാട്ടില്‍ ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ജടായു മോക്ഷം വരെ ബാലിവധം. ശ്രീ നരിപ്പറ്റ ആശാന്റെ മുദ്രകളില്‍ ഉള്ള പൂര്‍ണത, മുഖത്ത് മാറി മറയുന്ന ഭാവങ്ങള്‍ എല്ലാം ആ പുലര്‍കാലത്തെ ആസ്വാദ്യപൂര്‍ണമാക്കി. സദനം വിഷ്ണു പ്രസാദ്‌ അകമ്പന്‍ തുടര്‍ന്ന് മാരീചന്‍, ശ്രീ ആസ്തികാലയം സുനില്‍ മണ്ഡോദരി, ശ്രീ സദനം വിജയന്‍ സന്യാസി രാവണന്‍, ശ്രീ സദനം ഭാസി  ശ്രീരാമന്‍,ശ്രീ സദനം സുരേഷ് ലക്ഷ്മണന്‍,ശ്രീ സദനം സദാനന്ദന്‍ സീത,ശ്രീ സദനം കൃഷ്ണദാസ്‌ ജടായു എന്നിവര്‍ ആയിരുന്നു  മറ്റു വേഷ കലാകാരന്‍മാര്‍ . ശ്രീരാമനും സീതയും മികച്ച നിലവാരം പുലര്‍ത്തി. ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍ ചിട്ടപ്പെടുത്തിയ  അവസാന ജടയുവിന്റെ ഭാഗം ശ്രീ സദനം കൃഷ്ണദാസ് ജടായുവിനെ പൂര്‍ണ വളര്‍ച്ചയില്‍ എത്തിച്ചു. ജടയുവിന്റെ സാധ്യതകളെ അരങ്ങില്‍ എത്തിക്കാന്‍  സദനം ഹരികുമാര്‍, നരിപ്പറ്റ, കൃഷ്ണദാസ്‌ കൂട്ടുകെട്ടിന് നന്നായി കഴിഞ്ഞു എന്ന് വേണം എന്ന് പറയാന്‍. ജടായു മാത്രമേ ഉള്ളൂ എന്ന  എന്റെ ചോദ്യത്തിന് സദനം കൃഷ്ണദാസിന്റെ മറുപടി കണ്ടതിനു ശേഷം അഭിപ്രായം പറഞ്ഞാല്‍ മതി എന്നായിരുന്നു. കഴിഞ്ഞപ്പോള്‍ "ഇപ്പോള്‍ എങ്ങിനെ?" എന്ന ചോദ്യത്തിന്  മറുപടി നല്കാന്‍ എനിക്ക് കഴിയാത്ത അവസ്ഥയിലായി.ശ്രീരാമലക്ഷ്മണന്‍മാരുടെ ധനാശിയോടു കൂടി കളിവിളക്ക് അണഞ്ഞു.
ചുട്ടിക്ക് ശ്രീ കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം സതീശനും ആയിരുന്നു. ചുട്ടി എല്ലാം വളരെ നല്ലതായിരുന്നു. അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ശങ്കരന്‍,ശ്രീ കുമാര്‍,ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ഇതിനു പുറമേ സദനത്തിലെ വിദ്യാര്‍ത്ഥികളുടെ ഉത്സാഹവും അവിടെ ആകെ നിറഞ്ഞു നിന്നിരുന്നു.
ഒരു മുഴുരാത്രി കളി കഴിഞ്ഞുപോയത് അറിഞ്ഞതെ ഇല്ല .ഏകദേശം പത്തില്‍ താഴെ ആളുകള്‍ മാത്രമേ മുഴുനീള കളി കാണാന്‍ സദനത്തിന്റെ പുറത്തു നിന്ന് ഉണ്ടായിരുന്നുള്ളൂ എന്നത് മനസ്സിനെ വളരെ അധികം വിഷമിപ്പിച്ചു എങ്കിലും ദൂരെ നിന്നും ഇതുനു വേണ്ടി മാത്രം വന്ന ഞങ്ങളെപോലെ ഉള്ളവര്‍ക്ക് നല്ല ഒരു കലാവിരുന്ന് സമ്മാനിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു. ശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്റെ സാന്നിധ്യവും അനുഗ്രഹവും അവിടെ നിറഞ്ഞു നിന്നിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല.

 

ജടായുമോക്ഷത്തെ പറ്റി കൂടുതല്‍ ഇവിടെ വായിക്കാം:
http://www.kathakali.info/ml/article/Jatayu_Moksham_In_The_Imagination_O...

Article Category: 
Malayalam
സന്ദർഭം: 

Comments

sudeep nannayi...
ചുട്ടു നന്നായിരുന്നു എങ്കിലും രാവണന്‍ മാരുടെ അധ്വാനം കൊണ്ടാവണം എല്ലാം ഇളകിയിരുന്നു.

സുദീപ് നല്ലതായി കവര്‍ ചെയ്തിരിക്കുന്നു... എല്ലാ സംഭവങ്ങളും..

കളി കണ്ടതിനു ശേഷം മൂന്ന് ദിവസം കഴിഞ്ഞു എഴുതിയതാണല്ലോ.. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കും എന്ന് കരുതുന്നു...  വായിക്കാന്‍ മനസ്സ് കാണിച്ച എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്ക്കും നന്ദി.