മേളായനം - ഒരു ആസ്വാദന കുറിപ്പ്
കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ് പറഞ്ഞ് അറിഞ്ഞത്. "മേളായാനം" എന്ന പേരില്‍ ഷോര്ണ്ണൂര്, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍
ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ് ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം എടുത്തു. മേളത്തിനും, കഥകളിക്കും ഒരു പോലെ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് പിന്നീട് ഫേസ്ബുക്കിലൂടെ യും മറ്റും അറിയാന്‍ കഴിഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. കലാ കേരളത്തിലെ ഒരു പാട് നല്ല കലാകാരന്മാര് പങ്കെടുക്കുന്നു. ഏതായാലും ഇത് ഒരു മഹാ സംഭവം ആകുമെന്ന് ഒരു മുന്‍ധാരണ എനിക്ക് ഉണ്ടായി. കഥകളി കൊട്ടിലും തായമ്പകയിലും ഒരുപോലെ തിളങ്ങിയ ഒരു കലാകാരനാണ് ശ്രീ. ബലരാമന് എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.
23 ഞായറാഴ്ച രാവിലെ 9 മണിക്ക് തുടങ്ങി 24നു പുലരുംവരെ ആണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എനിക്ക് രാവിലെ 9നു തന്നെ അവിടെ എത്തണം എന്ന് ഉണ്ടായിരുന്നെങ്കിലും ചില തിരക്ക് കാരണം ഉച്ചക്ക് 2 മണിയോടെ മാത്രമേ ഷോര്‍ണ്ണൂരില്‍ എത്തി ചേരാന്‍ സാധിച്ചുള്ളൂ. പോദുവാള്‍ ജം. മുതല്‍ റോഡിനു ഇരു വശവും കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. കഷ്ട്ടിച്ചു ഒരു സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു ഞാന്‍ ഹാളില്‍ എത്തി. അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു. ആദ്യം തന്നെ ബലരാമാശാനെ കണ്ടു കൈ കൊടുത്തു അഭിവാദ്യം ചെയ്തു. നിറഞ്ഞ ഒരു ചിരിയില്‍ അദ്ദേഹത്തിന്റെ മറുപടി. താഴത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന തിരക്ക്. പിറന്നാള്‍ സദ്യയായി ഒരു ഗ്ലാസ് പായസം കഴിച്ചു. മുകളിലെ ഹാളില്‍ ആണ് പരിപാടികള്‍ നടക്കുന്നതു എന്നതിനാല്‍ അങ്ങോട്ട് കയറി. അവിടെ അസാധ്യമായ തിരക്ക്. ശ്രീ കലാമണ്ഡലം ബലരാമന്റ്റെ ആദ്യ വിദേശ ശിഷ്യന് ഡോ. റോള്‍ഫ് ഗ്രോയ്സ്ബെക്ക് തായമ്പക അവതരിപ്പിക്കാന്‍ തുടങ്ങുന്നു. അവിടെ ഒന്നും നില്ക്കാന് പോലും സ്ഥലമില്ല. ഞാന്‍ പതുക്കെ താഴത്തെക്ക് ഇറങ്ങി.
മുകളില്‍ ഡോ. റോള്‍ഫ്ന്റ്റെ തായമ്പക നടക്കുന്നു . ഞാന്‍ താഴെ അണിയറയിലെക്ക് എത്തി നോക്കി. അവിടെ രാമദാസ് ഏട്ടനും വൈത്തി അണ്ണനും മുരളി വരിയരും മറ്റും നില്ക്കുന്നു. ഫേസ്ബുക്കിലൂടെ ഉള്ള പരിചയമേ അവരുമായി ഉള്ളു. അവരുമായി സ്വല്പ്പം കുശലാന്വേഷണം നടത്തി. അതിനിടെ പണ്ട് കഥകളിക്ക് കണ്ടിരുന്ന പലരുമായും കുറെ കാലത്തിനു ശേഷം കണ്ടതിന്റ്റെ സന്തോഷം പങ്കുവെച്ചു. തിരക്ക് കൂടി കൂടി വരുകയാണ്. ഞാന്‍ വീണ്ടും പരിപാടി നടക്കുന്ന ഹാളിലേക്ക് പോയി. ഡോ. റോള്‍ഫ്ന്റ്റെ തായമ്പക കഴിഞ്ഞിരിക്കുന്നു. അടുത്തത് ശ്രീ. കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക ആണ്. ഒപ്പം ശ്രീ. പോരൂര്‍ ഉണ്ണികൃഷ്ണന്, ശ്രീ. കല്‍പ്പാത്തി ബാലകൃഷ്ണന് എന്നിവര്‍. പിന്നെ ശ്രീ. കലാനിലയം ഉദയന്‍ നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷ്ണന് എന്നിവരും. താളം ശ്രീ. പാഞ്ഞാള്‍ വേലുക്കുട്ടി മുതല്‍ പേര്.(ബാക്കി ചിലര്‍ എനിക്ക് അത്ര സുപരിചിതര്‍ അല്ല അതിനാല്‍ അവരുടെ പേര് അറിയില്ല.) മൂന്നെകാലോടെ തായമ്പക ആരംഭിച്ചു . ഹാളില്‍ നില്ക്കാന് പോലും സ്ഥലമില്ല. എ.സി. ഹാള്‍ ആണെങ്ങിലും എല്ലാവരും വിയര്‍ത്തു കുളിക്കുന്നു . അത് കഴിയുവോളം അവിടെ ഒരു മൂലയില്‍ ഞെരുങ്ങി കൂടി നിന്നു. നാലരയോടെ ആ ഗംഭീര തായമ്പക അവസാനിച്ചു. ഇത്രയും പ്രശസ്ത്തര്‍ ഒരുമിച്ചുള്ള ഒരു തായമ്പക ഞാന്‍ ആദ്യമായി കാണുകയാണ് . ഇതെല്ലാം ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന ഒരു ഭാഗ്യമാണ്.
താമസിയാതെ ശ്രീ. ബലരാമനെ വേദിയിലേക്ക് ആനയിച്ച് സമാദരണസദസ്സ് തുടങ്ങി ശ്രീ. തൃത്താല കുഞ്ഞികൃഷ്ണ പോദുവാളുടെ മകന് ശ്രീ. തൃത്താല ശങ്കരകൃഷ്ണന്റ്റെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. ബഹുമാനപ്പെട്ട സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രീ. എം. ബി. രാജേഷ് (M.P.), ശ്രീ. M.R. മുരളി (നഗരസഭാ ചെയര്മാന്), ശ്രീ. കാലാമണ്ഡലം രാമന്‍കുട്ടി നായര്‍ ശ്രീ. കല. ഗംഗാധരന്, ശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ശ്രീ. പെരുവനം കുട്ടന് മാരാര്‍, ശ്രീ. കെ.പി.സി. നാരായണന് ഭട്ടതിരിപ്പാട്, Dr. ബാലചന്ദ്ര വാരിയര്‍ , ശ്രീ. P. N. സുരേഷ് (വൈസ് ചാന്‍സിലര്‍ കേരള കലാമണ്ഡലം), ശ്രീ. സദനം ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രൌഢമായ സദസ്സ്.
രാത്രി എട്ടു മണിയോടെ പുറപ്പാട് മേളപ്പദത്തോടെ ഉള്ള കഥകളി ആരംഭിച്ചു. പുറപ്പാട് ശ്രീ. സദനം ഭാസി, ശ്രീ. കലാനിലയം വാസുദേവന്‍, ശ്രീ. കലാ. ഹരിനാരായണന്, ശ്രീ. കോ. C.M. ഉണ്ണികൃഷ്ണന് എന്നിവര്‍സംഗീതം ശ്രീ. കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ. കല. വിനോദും. ഒപ്പം നാല് ചെണ്ടയും നാല് മദ്ദളവും. ചെണ്ടയില്‍ ശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ശ്രീ. കല. ഉണ്ണികൃഷ്ണന്, ശ്രീ. കല. കൃഷ്ണദാസ്ശ്രീ. കോ. പ്രസാദ് എന്നിവര്‍. മദ്ദളത്തില്‍ ശ്രീ. ചേര്‍പ്പുളശ്ശേരി ശിവന്, ശ്രീ. കോട്ടക്കല്‍ രവി, ശ്രീ. വരവൂര്‍ ഹരിദാസ്, ശ്രീ. സദനം ഭരതരാജന് എന്നിവര്‍. ഒപ്പം മട്ടന്നൂരിന്റ്റെ മക്കളും കൂടി ആയപ്പോ ഇതും എനിക്ക് ഒരു പുതു അനുഭവം ആയി. അതിനു ശേഷം ആദ്യ കഥ നളചരിതം മൂന്നാം ദിവസം (വെളുത്ത നളന് മാത്രം.) അനവധി കാലത്തിനു ശേഷം ശ്രീ. കല. ഗോപി ആശാന് നളനായി എത്തുന്നു എന്നതാണ് പ്രത്യേകത. പിന്നില്‍ ഒരു സ്ഥലത്ത് ഇരിന്നിരുന്ന ഞാന്‍ കുറച്ചു പേരെ തള്ളി നീക്കി മുന്നില്‍ പോയി ഇരുന്നു. കഥകളി മുന്നില്‍ നിലത്ത് ഇരുന്നു കാണാന്‍ ആണ് എനിക്ക് ഇഷ്ട്ടം. ഹാള്‍ നിറഞ്ഞിരിക്കുന്നു. പലരും നിന്നാണ് കളി കാണുന്നത്. ദമയന്തിയെ ഉപേക്ഷിച്ചു വനത്തില്‍ അലയുന്നതാണ് രംഗം. പതിവൃതയായ തന്റ്റെ പത്നിക്കു ഒരു ആപത്തും വരരുതേ എന്ന് ദേവന്മ്മാരോട് പ്രാര്‍ത്ഥിക്കുന്നു. "ലോക പാലന്മാരെ" എന്ന പദവും "ഘോരവിപിനമെന്നാല്‍" എന്നീ രണ്ടു പദങ്ങളും അതിനു ശേഷം ഉള്ള ചെറിയ ഒരു വന വര്‍ണ്ണനയും ശ്രീ. ഗോപി ആശാന് വളരെ നന്നായി തന്നെ അവതരിപ്പിച്ചു. വന വര്‍ണ്ണനയില്‍ ഒരു വൃക്ഷത്തില്‍ വസിക്കുന്ന കിളികളെ റാഞ്ചി കൊണ്ട് പോകുവാന്‍ വരുന്ന ഒരു പരുന്ത്/ കഴുകന് , കിളികളെ അമ്പ്എയ്തു വീഴ്ത്താന്‍ വരുന്ന വേടന്, ഒരു സര്‍പ്പം, ഇവകളുടെ ചേഷ്ടകള്‍ ഗോപി ആശാന് അതി മനോഹരമായി ആടി. ശരിക്ക് വെളുത്ത നളനു "കത്തുന്ന വനശിഖി" എന്ന ഒരു പദം കൂടി ഉണ്ടെങ്കിലും അത് ഉണ്ടായില്ല. ഏതായാലും ഉള്ളത് തന്നെ അതി മനോഹരം. അത് കഴിഞ്ഞപ്പോ എന്റ്റെ അടുത്ത് ഇരുന്ന ശ്രീ. കല. കൃഷ്ണകുമാര്‍ പറഞ്ഞ കമന്റ്റ്റ് - "ഇങ്ങേരു സ്ഥിരമായി ഡിസ്കവറി ചാനല്‍ കാണുന്നുണ്ടെന്നാ തോന്നണത്" എന്നായിരുന്നു. ഒരു കലാകാരന് വേണ്ടത് നിരീക്ഷണ പാടവം ആണല്ലോ. അത് എവിടുന്നായാലും തനിക്ക് വേണ്ടത് കണ്ടെത്താന്‍ ഉള്ള കഴിവാണ് ഗോപി ആശാനെ വേറിട്ട് നിര്‍ത്തുന്നത്. ഇതില്‍ പാട്ട് കൈകാര്യം ചെയ്തത് ഗോപി ആശന്റ്റെ ഇഷ്ട്ടപ്പെട്ട ഗായകന് ശ്രീ. പത്തിയൂര്‍ ശങ്കരന്‍കുട്ടിയും ഒപ്പം ശ്രീ. കോട്ടക്കല്‍ മധുവും. ചെണ്ട ശ്രീ. കലാ. ഉണ്ണികൃഷ്ണനും. മദ്ദളം ശ്രീ. കല. നാരായണന് നായരും. എല്ലാവരും കൂടി ആദ്യകളി നന്നായി എന്ന് പറയാതെ വയ്യ.
രണ്ടാമത്തെ കളി സന്താനഗോപാലം. കൃഷ്ണനായി ശ്രീ. കോട്ടക്കല്‍ നന്ദകുമാറും, അര്ജ്ജുനന് ആയി ശ്രീ. സദനം കൃഷ്ണന്‍കുട്ടിയും, ബ്രാഹ്മണനായി ശ്രീ. കലാ. വാസു പിഷാരോടിയും , ബ്രാഹ്മണപത്നിയായി ശ്രീ. കല. രാജശേഖരനും അരങ്ങിലെത്തി. നന്ദകുമാര്‍ ആശാന് പച്ച വേഷത്തെക്കള്‍ മറ്റു വേഷങ്ങളാണ് ഇണങ്ങുക എന്ന് തോന്നി . ചുട്ടിയും അത്ര ഭംഗിയായി തോന്നിയില്ല. സദനം കൃഷ്ണന്‍കുട്ടി പക്ഷെ സ്ഥിരം ഫോമില്‍ ആയിരുന്നു. അരങ്ങില്‍ ഉള്ളപ്പോള്‍ ഇടക്കെല്ലാം സദസ്സിനു രസിക്കാന്‍ പാകത്തിന് എന്തെങ്ങിലും അദ്ദേഹം നല്‍കും. 70തിന്റ്റെ ഒരു അവശതയും അദ്ദേഹത്തില്‍ കണ്ടില്ല. അരങ്ങു നിറഞ്ഞു കളിയ്ക്കല്‍അദ്ദേഹത്തിന്റ്റെ ഒരു പ്രത്യേകത ആണ് എന്ന് എനിക്ക് തോന്നാറുണ്ട്. തന്റ്റെ ഇഷ്ട്ട വേഷമായ ബ്രാഹ്മണനായി വന്ന ഷാരോടി ആശാനു പക്ഷെ ശാരിരികമായ വിഷമതകള്‍ പ്രകടമായിരുന്നു. നിലത്ത് ഇരിക്കാന്‍ ഉള്ള വിഷമവും മറ്റും കാരണം സ്റ്റൂളില്‍ ഇരുന്നാണ് അദ്ദേഹം ആടിയത്. എന്നാല്‍ മുഖത്തും മുദ്രകളിലും ആ പഴയ പ്രതാപ കാലത്തേ അനുസ്മരിപ്പിച്ചു തന്നെ അദ്ദേഹം ആടി, പക്ഷെ കലശങ്ങള്‍ ഒന്നും തന്നെ എടുത്തില്ല. എന്നാലും സന്താനഗോപാലം ഒരു വിധം നന്നായി എന്ന് തന്നെ പറയാം. സംഗീതം ആദ്യം ശ്രീ. മാടമ്പി ആശാനും - ശ്രീ. കല. ഭവദാസന്‍ നമ്പൂതിരി സെറ്റും, പിന്നെ ശ്രീ. കലാ. സുബ്രഹ്മണ്യനും ശ്രീ. കലാ. സുകുമാരനും , അവസാനം ശ്രീ. പാലനാട് ദിവാകരന് നമ്പൂതിരിയും - ശ്രീ. അത്തിപ്പറ്റ രവിയും കൈകാര്യം ചെയ്തു. ചെണ്ട ശ്രീ. കലാ. പ്രഭാകര പോദുവാള്‍, ശ്രീ. കലാ. രാമന് നമ്പൂതിരി, ശ്രീ. കലാ. രാധാകൃഷ്ണ മാരാര്‍ എന്നിവരും , മദ്ദളം ശ്രീ. കലാ. കൃഷ്ണന് നമ്പൂതിരി, സദനം രാജന് എന്നിവരും ആയിരുന്നു. പാട്ടിനും മേളത്തിനും ആള്ക്കാര് കുറച്ചു അധികം അല്ലെ എന്ന് സംശയിച്ചു. പിന്നെ എല്ലാവരെയും (സഹകരിക്കാന്‍ തെയ്യാറുള്ള എല്ലാവരെയും) സഹകരിപ്പിക്കാന്‍ ഇപ്രകാരം വേണ്ടി വരും എന്ന് ആശ്വസിച്ചു.
അവസാനത്തെ കളി ദുര്യോധനവധം ആയിരുന്നു. ആദ്യ ദുര്യോധനനായി ശ്രീ. വാഴേങ്കട വിജയനും , ദുശ്ശാസനനായി നെല്ലിയോട് ആശാനും ആയിരുന്നു. "സോദരന്മാരെ" മുതല്‍ ആയിരുന്നു കഥ. മയ നിര്‍മ്മിതമായ ഇന്ദ്രപ്രസ്ഥത്തില്‍, ദുര്യോധനന് സഹോദരന്മാരോട് കൂടി വരുന്നു. സഭയില്‍ വെച്ച് സ്ഥലജലഭ്രമം സംഭവിക്കുന്നതും, അത് കണ്ടു ഭീമന് പരിഹസിച്ചു ചിരിക്കുന്നതും, അപമാനിതരായ ദുര്യോധാനാദികള്‍ പോയി ശകുനിയുമായിആലോചിച്ചു യുധിഷ്ഠിരനനെ ചൂത് കളിയ്ക്കാന്‍ വിളിക്കുകയും , ശകുനി കള്ള ചൂത് കളിച്ചു പാണ്ഡവരെ തോല്പ്പിക്കുയും ചെയ്യുന്നു. പാഞ്ചാലിയെ സഭയില്‍ വലിച്ചു കൊണ്ട് വന്നു ചൂലെടുത്തു അടിക്കാനുനും മറ്റും പറഞ്ഞ് അവഹേളിക്കുന്നു. ഇതിനു വഴങ്ങാത്ത പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. പാഞ്ചാലി ദുര്യോധനനെയും ദുസ്സാസനനെയും ശകുനിയെയും മറ്റും ശപിക്കുന്നു. ധര്‍മ്മപുത്രര്‍ ആയി ശ്രീ. കലാ. സോമനും, ഭീമനായി ശ്രീ. കല. പ്രദീപും, പാഞ്ചാലി ആയി ശ്രീ. വെള്ളിനേഴി ഹരിദാസും, ശകുനി ആയി ശ്രീ. കോട്ടക്കല്‍ ദേവദാസും അരങ്ങില്‍ എത്തി. എല്ലാവരും അവരവരുടെ വേഷങ്ങള്‍ നന്നായിത്തന്നെ കൈകാര്യം ചെയ്തു. സാധാരണ അത്ര പ്രത്യേകതകള്‍ ഒന്നും തോന്നാറില്ലാത്ത ശകുനിയുടെവേഷം പോലും ശ്രീ. ദേവദാസ് നന്നായി അവതരിപ്പിച്ചു. കലാ. പ്രദീപിന്റ്റെ വേഷ ഭംഗിയും പ്രത്യേകം പറയേണ്ടതാണ്.
പിന്നീട് പാണ്ഡവരുടെ വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചെത്തി അവര്‍ക്ക് അവകാശപ്പെട്ട പകുതി രാജ്യം ആവശ്യപ്പെടാന്‍ ഉള്ള ദൌത്യം ഏറ്റെടുത്തു ശ്രീകൃഷ്ണന് കൌരവ സഭയിലേക്ക് പുറപ്പെടുന്നു. അപ്പോള്‍ പാഞ്ചാലി കൃഷ്ണനെ സമീപിച്ചു തന്റ്റെ പ്രതിജ്ഞ്യ ഓര്‍മ്മിപ്പിക്കുന്നതും, വേണ്ടത് ചെയ്യാം എന്ന കൃഷ്ണന്റ്റെ ആശ്വാസ വചനവും അതിനു ശേഷം പ്രശ്തമായ ദൂതും. ഇവടെ ശ്രീകൃഷ്ണനായി കഥകളിയിലെ ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ആണ് അരങ്ങത്ത് വന്നത്. 97 വയസ്സായ അദ്ദേഹത്തിന്റ്റെ ഏറ്റവും ഇഷ്ട്ട വേഷം ആണത്രേ ദുര്യോധനവധം ശ്രീകൃഷ്ണന്. അദ്ദേഹം ഈ അവസരത്തില്‍ ഇവിടെ വരുവാനും ഈ വേഷം ചെയ്യുവാനും കാണിച്ച സൌമനസ്യം ശ്രീ. ബാലരമാശാനും കൂട്ടത്തില്‍ കാണികളായ ഓരോരുത്തരുടെയും ഭാഗ്യമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്റ്റെ വേഷം ആദ്യമായി കാണുവാനുള്ള അവസരം (ചിലപ്പോള്‍ എന്റ്റെ അവസാനത്തെയും) ഉണ്ടാക്കിയതിനു സംഘാടകര്‍ക്ക് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഈ പ്രായത്തിലും വേണ്ട സ്ഥലത്ത് കലാശങ്ങള്‍ എടുക്കുവാനുള്ള അദ്ദേഹത്തിന്റ്റെ ശ്രമം കാണികള്‍ കരഘോഷത്തോടെ ആണ് സ്വീകരിച്ചത് . രണ്ടാമത്തെ പാഞ്ചാലി ആയി ശ്രീ. കല്ലുവഴി വാസുവും , ദുര്യോധനന് ആയി ശ്രീ. കലാ. കൃഷ്ണകുമാറും , ദുശ്ശാസനന് ആയി ശ്രീ. രാമചന്ദ്രന് ഉണ്ണിത്താനും അരങ്ങില്‍ എത്തി . എല്ലാവരും നന്നായി തന്നെ അവരവരുടെ വേഷം ഭംഗിയാക്കി. സംഗീതം ശ്രീ. കോട്ടക്കല്‍ നാരായണന്, ശ്രീ. കലാ.മോഹനകൃഷ്ണന്, ശ്രീ. ബാബു നമ്പൂതിരി, ശ്രീ. നെടുമ്പള്ളി രാംമോഹന്‍ , ശ്രീ. സദനം ജ്യോതിഷ് ബാബു എന്നിവര്‍. ചെണ്ട ശ്രീ. കലാനിലയം കുഞ്ചുണ്ണി, ശ്രീ. കലാ. വിജയകൃഷ്ണന്, ശ്രീ. കോട്ടക്കല്‍ പ്രസാദ് ശ്രീ. സദനം രാമകൃഷ്ണന് എന്നിവരും, മദ്ദളം ശ്രീ. ത്രിപ്പലമുണ്ട നടരാജ വാര്യര്‍, കലാമണ്ഡലത്തിലെ മറ്റു യുവ വാദ്യക്കാരും പങ്കെടുത്തു. ശേഷമുള്ള ഭാഗം കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. സമയം പുലര്‍ച്ചെ 6 മണി ആയി ഇനിയും നിന്നാല്‍ വേറെ ചില അസൌകര്യങ്ങള്‍ ഉള്ളതിനാല്‍ മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ അവിടുന്ന് മടങ്ങി. രൌദ്രഭീമന് നന്നായിരുന്നു എന്നാണ് കണ്ടവര്‍ പറഞ്ഞത്. (ചില മദ്ദളക്കാരുടെ പേര് പെട്ടെന്ന് ഓര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് വിട്ടിട്ടുണ്ട് എന്ന് തോന്നുന്നു.)
ഏതായാലും പലതു കൊണ്ടും വളരെ പ്രത്യേകതകള്‍ ഉള്ള ഒരു ദിവസം ആയിരുന്നു. ആ മുന്‍ധാരണ തെറ്റിയില്ല. അതി പ്രശസ്തര്‍ പങ്കെടുത്ത തായമ്പക, മേളപ്പദം, ഗോപി ആശാന്റെ മൂന്നാം ദിവസം വെളുത്ത നളന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ ശ്രീകൃഷ്ണന് .... അങ്ങിനെ പലതും. ഇനിയും നീട്ടി വലിച്ചു എഴുതുന്നില്ല. അപൂര്‍ണ്ണമാണ് എന്ന് അറിയമെങ്കിലും...... ഈ പരിപാടി ഒരു ഗംഭീര വിജയം ആക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് വെള്ളിനേഴി ആനന്ദിനും കൂട്ടുകാര്‍ക്കും, ബാലരാമാശാന്റ്റെ ശിഷ്യര്‍ക്കും നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . ഇതിലെ തെറ്റുകള്‍ ഉള്ളത് ക്ഷമിക്കും എന്ന വിശ്വാസത്തോടെ....
Comments
Sankaran Nampoothiri (not verified)
Fri, 2012-09-28 23:07
Permalink
Melayanam
വളരെ നന്നായിട്ടുണ്ട്..ഇങ്ങനെ പരിപാടികലെപറ്റി നേരിട്ട് കണ്ടവരുടെ റിപ്പോര്‍ട്ടുകള്‍ കിട്ടുന്നത് സന്തോഷം തന്നെ..
Anonymous (not verified)
Sat, 2012-09-29 05:56
Permalink
Good narration, Keep it up..
Good narration, Keep it up...Pl do write often...luv, Appuettan
Goutham Kumar (not verified)
Sat, 2012-09-29 08:15
Permalink
good note smitheshetaa...
good note smitheshetaa....good narration...:)
പനാവൂര്‍ (not verified)
Sat, 2012-09-29 09:24
Permalink
നല്ല വിവരണം
വളരെ നന്നായിട്ടുണ്ട് സ്മിതെഷ്...., തന്റെ കൂടെ ഇരുന്നു ഒരു കളി കണ്ട അനുഭവം....കഥകളി ഇന്ഫോക്കും അഭിനന്ദനങ്ങള്‍
നാരായണന് മൊതലക... (not verified)
Sat, 2012-09-29 12:06
Permalink
അസ്സലായ വിവരണം
തികച്ചും ഗംഭീരമായ വിവരണം എന്ന് പറയണം. പരിപാടിയുടെ ആദ്യ വിവരം കിട്ടിയതുമുതലുള്ള ആദ്യാവസാന (കാണാന്‍ തരാവാഞ്ഞ അവസാനത്തെ രംഗം കൂടി) വിവരണം ഒട്ടും അധികം ആവാതെ, ഒന്നും വിട്ടു പോകാതെ തന്നെ ചുരുങ്ങിയ വാക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വളരെ ദുര്‍ലഭമായ (നാല് ചെണ്ട നാല് മദ്ദളം മേളപ്പദം, ഗോപി ആശാന്റെ വെളുത്ത നളന്, ഉത്തര മലബാറിലെ കഥകളി ആചാര്യന് ചേമഞ്ചേരിയുടെ കൃഷ്ണന് എന്നിങ്ങനെ) കളി അരങ്ങുകണ്ട ഒരു അനുഭവം തരാന്‍ ഈ എഴുത്തിന് കഴിഞ്ഞു ഒപ്പം കാണാന്‍ തരാവാഞ്ഞ ഞങ്ങള്‍ക്കൊക്കെ ഈ വിവരണം വായിക്കുമ്പോള്‍ (അത് കാണാന്‍ തരായ സ്മിതെഷിനെ പോലെ ഉള്ളവരോട്) കുറച്ചു അസൂയ തോന്നുന്നു. സ്മിതെഷ് ഇത് പോലെ വീണ്ടും വീണ്ടും എഴുതൂ. ഈ വിവരണം പ്രസിദ്ധീകരിച്ച കഥകളി.ഇന്‍ഫോ ക്കും അഭിനന്ദനങ്ങള്‍.
C.Ambujakshan Nair
Sat, 2012-09-29 16:54
Permalink
വിവരണം
വിവരണം നന്നായിട്ടുണ്ട്. ചെമ്മാന്ചേരിയുടെ വേഷങ്ങള്‍ ഒന്നും കാണുവാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ വേഷം അവിടെ കൂടിയിരുന്ന ആസ്വാദകര്‍ക്ക് കാണുവാന്‍ ഒരു അവസരം ഉണ്ടായത് ഒരു ഭാഗ്യം തന്നെ.