ഹരിപ്പാട് രാമകൃഷ്ണപ്പിള്ള

Harippad Ramakrishna Pillai Photo:Balachandran Pillai

ഹരിപ്പാട് രാമകൃഷ്ണപ്പിള്ള കൊല്ലവര്‍ഷം 1101 മേടം 30 ല്‍ ജനിച്ചു. അച്ഛന്‍ : ശങ്കരപ്പിള്ള, അമ്മ :ദേവകിയമ്മ.

ഗുരുക്കന്മാര്‍ :(1) തകഴി രാമന്‍ പിള്ള (.അഭ്യാസം : കരുനാഗപ്പള്ളിയ്ക്ക് സമീപം പാവുമ്പയില്‍) അരങ്ങേറ്റം ( രുഗ്മിണീസ്വയംവരം കഥയില്‍ കൃഷ്ണന്‍ ) കഴിഞ്ഞ് (2) ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ ആശാനെ ഹരിപ്പാട്ട്‌ മാതുലന്റെ വീട്ടില്‍ വരുത്തി മൂന്നു വര്‍ഷം അഭ്യാസം. കൊച്ചുപിള്ള പണിക്കരുടെ മരണശേഷം കുറിച്ചി കുഞ്ഞന്‍ പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ചു ചൊല്ലിയാട്ടം നടന്നു. അതിനു ശേഷമാണ് ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യനായത്. ചെങ്ങന്നൂര്‍ ആശാനെ വീട്ടില്‍ വരുത്തി എല്ലാ കത്തിവേഷങ്ങളും ചൊല്ലിയാടിച്ചു. എല്ലാ പച്ച ,കത്തി, വെള്ളത്താടി, കരി , മിനുക്ക്‌ വേഷങ്ങള്‍ പ്രധാനം. കലാമണ്ഡലം ട്രൂപ്പിന്റെ കൂടെ കൂടെ ഒരു വിദേശപര്യടനം.
മുഖത്തിനും ദേഹത്തിനും നല്ല ആകൃതിഭംഗിയും രസവാസനയും കാരണം അദ്ദേഹം പച്ചവേഷങ്ങളിലും കത്തി മിനുക്ക് എന്നീ വേഷങ്ങളിലും ഒരുപോലെ ശോഭിച്ചു. 'സ്വതവേയുള്ള ഗൌരവസ്വഭാവവും ഒത്ത ശരീരഘടനയും അലര്‍ച്ചയുടെ ഗുണവും കാരണമാകാം, കത്തിവേഷങ്ങള്‍ അദ്ദേഹത്തിനു കൂടുതല്‍ ഇണങ്ങുമായിരുന്നു' എന്ന് ഡോ:ഏവൂര്‍ മോഹന്‍ദാസ് എന്ന കഥകളി ആസ്വാദകന്‍ പറയുന്നു.

ബാണന്‍, കീചകന്‍, ഉത്തരാസ്വയംവരത്തിലെയും ദുര്യോധനവധത്തിലെയും ദുര്യോധനന്‍, സുന്ദരീസ്വയം‌വരത്തിലെ ഘടോല്‍ക്കചന്‍, കീചകവധത്തിലെ മല്ലന്‍ എന്നിവ ഹരിപ്പാട് രാമകൃഷ്ണപ്പിള്ളയുടെ പ്രധാന വേഷങ്ങള്‍ ആണ്‌.

പെട്ടെന്നുണ്ടായ ഹൃദയ സംബന്ധമായ രോഗം നിമിത്തം അദ്ദേഹം 1989ല്‍ മരണം അടഞ്ഞു
 

 

പൂർണ്ണ നാമം: 
ഹരിപ്പാട് രാമകൃഷ്ണപ്പിള്ള
വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
തകഴി രാമന്‍ പിള്ള
ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള
മുഖ്യവേഷങ്ങൾ: 
കത്തി
മിനുക്ക്
കരി
വെള്ളത്താടി

Comments

Ambujakshan Nairhttp://www.ilakiyattam.blogspot.in/2010_04_01_archive.htmlഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-1) ,ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-2), ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-3). ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ ആശാനേ പറ്റിയുള്ള എന്റെ ബ്ലോഗ്‌ വായിക്കുക.

 

Prasanth Varma ഹരിപ്പാട് രാമകൃഷ്ണന്‍ ആശാന്റെ ''കടുത്ത'' (അയ്യപ്പചരിതം) കണ്ടതായി ഒരോര്‍മ്മ! എഴുപതുകളില്‍ തൃപ്പൂണിത്തുറ ക്ലബിന്റെ വാര്‍ഷികത്തിന്..പള്ളിപ്പുറം ഗോപാലന്‍ നായരാശാന്‍ ഭസ്മാസുരനും..

Srikantan Raghavan ആശാന്‍ മരിച്ചത് എന്റെ അറിവില്‍ - 15th February 1989 ആണെന്ന് തോനുന്നു !

K.s. Mohandas ഹരിപ്പാട് രാമകൃഷ്ണപിളളയെക്കുറിച്ച് തികഞ്ഞ അറിവോടെ സംസാരിക്കാന്‍ നായര്‍ക്കു കഴിയും. 
എനിക്ക് ഈ അടുത്തയിടെ രാമകൃഷ്ണപിളള ആശാനെ ഓര്‍ക്കാന്‍ ഒരു സന്ദര്‍ഭം ഉണ്ടായി. തെക്കന്‍ കേരളത്തിലെ അതിപ്രഗല്‍ഭനായ ഒരു കഥകളി ഗായകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാന്‍ പോയിരുന്നു . ഗുരു ചെങ്ങന്നൂര്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കഥകളി നടന്മാര്‍ക്കും വേണ്ടി പാടിക്കൊടുത്ത അനുഭവമുള്ളയാളാണ് പ്രസ്തുത ഗായകന്‍.. .പലതും ചോദിക്കുന്നതിനിടെ ഞാന്‍ ചോദിച്ചു 'ഹരിപ്പാട് രാമകൃഷ്ണപിളളയെക്കുറിച്ച്ചുള്ള അനുഭവങ്ങള്‍ ഒന്ന് പങ്കു വെക്കാമോ?'. ഗായകന്റെ ബോഡി ലാംഗ്വേജ് മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു, 'കുഞ്ഞേ , അദ്ദേഹം ആരായിരുന്നെന്നാ? ഒരുത്തനെയും കൂസാതിരുന്ന, ഒരുത്തനും വെല്ലു വിളിക്കാന്‍ കഴിയാതിരുന്ന നടനല്ലായിരുന്നോ? അങ്ങേരു ഇന്നുണ്ടായിരുന്നെകില്‍ വേഷം കെട്ടി അരങ്ങില്‍ വെറുതെ നിന്നാല്‍ കിട്ടിയേനെ അമ്പതിനായിരം രൂപ ! അതായിരുന്നു ആ വേഷപ്പൊലിമ. രാമകൃഷ്ണപിള്ള ആടെണ്ടാ, അരങ്ങത്തു നിന്നാല്‍ തന്നെ രാവണനും ദുര്യൊധനുമൊക്കെ ആയിക്കോളും . ഇന്ന് ഗോഗ്വാ വിളിച്ചു നടക്കുന്ന മഹാന്മാരെല്ലാം വെറും പൂച്ച്ചക്കുട്ടികളായിരുന്നില്ലേ അദ്ദേഹമുള്ള അരങ്ങുകളില്‍... ..? അദ്ദേഹം പോയതല്ലേ നമുക്കേറ്റ വലിയ അടി'. വേറൊരു സന്ദര്‍ഭത്തില്‍ തെക്കന്‍ ദേശത്തെ ഒരു പ്രമുഖ നടനോട് രാമകൃഷ്ണപിളളയെയും ഇന്നത്തെ പ്രമുഖ കത്തിവേഷക്കാരെയും ഒന്ന് താരതമ്യം ചെയ്യാന്‍ പറഞ്ഞു. ഉത്തരം : ' ഞാന്‍ ഇവരോടെല്ലാം ചേര്‍ന്ന് കളിച്ചിട്ടുളളവനാണ്, ഇപ്പോഴുള്ള മറ്റാരെങ്കിലുമായി അദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല . താരതമ്യം ചെയ്തു അദ്ദേഹത്തിന്‍റെ വില കുറക്കാന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിനു തുല്യനായി അദ്ദേഹം മാത്രമേ ഉള്ളൂ.'.
ഈ വികാരങ്ങള്‍ കൂടെ പ്രവര്‍ത്തിച്ച കലാകാരന്മാരുടെതാണ്. അവരെ അത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകാം ഹരിപ്പാട്‌ ആശാന്‍... എനിക്ക് ഹരിപ്പാട് ആശാന്റെ ധാരാളം അരങ്ങുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് ഇത്രമാത്രം ആഹാര്യ ശോഭ മറ്റൊരു കത്തിവേഷക്കാരനില്‍ എനിക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. 
സ്വതവേയുള്ള ഗൌരവസ്വഭാവവും ഒത്ത ശരീരഘടനയും അലര്‍ച്ചയുടെ ഗുണവും കാരണമാകാം, കത്തിവേഷങ്ങള്‍ അദ്ദേഹത്തിനു കൂടുതല്‍ ഇണങ്ങുമായിരുന്നു.

ചെറുപ്പത്തിൽ മാന്നാർ കുരട്ടിയിൽ അമ്പലത്തിൽ ഉത്സവം കാണാൻ പോയിരുന്നത്, ദുര്യോധനവധം കാണാനായിരുന്നു. രാമകൃഷ്ണപിള്ളയാശാന്റെ രൌദ്രഭീമൻ കാണാൻ.