ശിഷ്യന്‍റെ പ്രണാമം

Sunday, March 3, 2013 - 19:31
Kalamandalam Unnikrishna Kurup Photo:Unknown

ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്.

കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്. അതിനാല്‍ അതിനെ അതിസംഗീതാത്മകമാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറില്ല. അതങ്ങനെ ആയിപ്പോവുകയാണ്‌. ഉദാഹരണത്തിന്‌ സീതാസ്വയംവരത്തിലെ പരശുരാമന്‍റെ പദമായ 'ആരടാ നടന്നീടുന്നു' എന്നിടത്ത് ആ പദത്തിന്‍റെ ശക്തി അനുഭവപ്പെടുത്തുന്ന രീതിയിലാണ്‌ ആശാന്‍ പാടുക. അവിടെ ശങ്കരാഭരണമായി മാറുകയാണ്‌. അക്ഷരം പറയുന്നതിലെ ശക്തിയ്ക്കാണ്‌ അവിടെ ആശാന്‍ പ്രാധാന്യം കൊടുക്കുന്നത്.
ഭീഷിത രിപുനികര
ഇവിടെ ആശാന്‍റെ ടിപ്പിക്കലായ സംഗീതം ഉറന്നൊഴുകുകയാണ്‌. സൌരാഷ്ട്രത്തിന്‍റെ സൌന്ദര്യം ഇത്രയധികം അനുഭവപ്പെടുന്നത് കണ്ട് നമ്മള്‍ അത്ഭുതപ്പെടും. 'പാഴിലാക്കീടൊല്ല' എന്ന ഭാഗത്ത് 'ഒല്ല' ഇവിടെ ഇട്ടെറിയുന്ന പ്രതീതി. വെറുതെ കളയരുത് എന്ന അവസ്ഥസൃഷ്ടിക്കുകയാണ്‌.
'ധീര ധീര വീരാ ഹീരഹേ പാണ്ഡവാ.. കൂടെ..' ഇവിടെ ഘട്ടംഘട്ടമായി ആലാപനക്രമം ദീക്ഷിയ്ക്കുന്നു. ഓരോ 'ധീര'നും വ്യത്യസ്ത രീതിയിലാണ്‌ നമ്മള്‍ അനുഭവിയ്ക്കുക. വളരെ സം‍യമനത്തോടേയാണ്‌ ആശാന്‍ പാടുക. ഈയൊരു സം‍യമനം ശിങ്കിടികള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒപ്പം പാടി എത്താന്‍ കഴിയില്ല. ആശാനെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മറ്റൊരു വസ്തുത അരങ്ങില്‍ ചെന്നാലുള്ള പ്രത്യുല്‍പ്പന്നമതിത്വമാണ്‌. ഒന്നും മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിയ്ക്കില്ല. ചെന്നുനില്‍ക്കുമ്പോഴുള്ള മാനസികാവസ്ഥയില്‍ പാടും. ഗൃഹപാഠം ചെയ്ത് ഭദ്രത വരുത്തിയ പാട്ടുവഴിയല്ല ആശാന്‍റേത്. അതുകൊണ്ടാണ്‌ അത് അനുദിനം വ്യത്യസ്തമാവുന്നത്. ഒരിയ്ക്കല്‍ കുറുപ്പാശാന്‍ 'പരിപാഹി' പാടുകയാണ്‌. അതിനുമുന്പ് കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്‍ 'ക്ലേശഹര' കാനഡയിലാക്കി നോക്കാന്‍ പറഞ്ഞു. കുറുപ്പാശാന്‍ അപ്രകാരം പാടി. കഴിഞ്ഞപ്പോള്‍ പൊതുവാളാശാന്‍ പറഞ്ഞു, ഇനി വേണ്ട... ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം കുറുപ്പാശാന്‌ തന്‍റെ വഴിയില്‍, തനിക്ക് മനസ്സില്‍ തോന്നിയമട്ടില്‍ പാടിയാലെ കൃതാര്‍ത്ഥതയുണ്ടാവുകയുള്ളൂ. എന്നതാണ്‌. പൊതുവാള്‍ ആശാന്‍ പറഞ്ഞപ്പോള്‍ കുറുപ്പാശാന്‍ എതിരൊന്നും പറഞ്ഞതുമില്ല. മറ്റൊരു വസ്തുത കുറുപ്പാശാന്‍ ഏതുരാഗം മാറ്റിപ്പാടിയാലും ഇതുവേണ്ടായിരുന്നു അഥവാ അബദ്ധമായി എന്ന് തോന്നല്‍ ആസ്വാകരില്‍ ഉളവായിരുനില്ല എന്നതാണ്‌. ചിലപ്പോള്‍ ഇന്നരാഗം വേണമെന്ന് നിഷ്കര്‍ഷിച്ച് പാടുകയുമാവില്ല. നാലാം ദിവസത്തെ 'പര്‍ണ്ണാദന്‍ സാകേതത്തില്‍' എന്ന പദം കുറുപ്പാശാന്‍ 'സരസ്വതി' രാഗത്തില്‍ പാടാറുണ്ടായിരുനു. കാര്യം പറയുന്നതിലെ സുഖം അനുഭവപ്പെടുത്താന്‍ ഈ രാഗം അനുയോജ്യവുമാണ്‌. ഇത് 'സരസ്വതി'യല്ലേ എന്ന് ചോദിച്ചപ്പോള്‍ 'അതേ തോന്ന്ണ്‌ണ്ട്' എന്ന നിസ്സംഗ മറുപടിയായിരുന്നു. അതാണ്‌ കുറുപ്പാശാന്‍റെ മൌലികത. അദ്ദേഹം രാഗത്തില്‍ ചിട്ടപ്പെടുത്തകയല്ല. ആ സംഗീതം ഒരു രാഗത്തില്‍ ചെന്നു ചേരുകയാണ്‌.

'പൂമകനും മൊഴിമാതും; പുന്നഗവരാളിയില്‍ ശാസ്ത്രീയനൃത്തച്ചുവടിനു പാകത്തില്‍ ഇതരപാട്ടുകാര്‍ പാടിയിരുന്നപ്പോള്‍ കുറുപ്പാശാന്‍ അവിടേയും വേറിട്ടവഴി കണ്ടു. 'കാര്‍മുകിലൊളി' ഇവിടെ സിന്ധുഭൈരവി കലര്‍ത്തി എന്ന് ചിലര്‍ പറഞ്ഞുകേട്ടപ്പോള്‍ കുറുപ്പാശാന്‍ പറഞ്ഞു:
'കഥകളിയില്‍ ആരും കലര്‍ത്താതെ പാടാറില്ല. ഭാവം വരാന്‍ രാഗമിശ്രണമൊക്കെ ആവാം.' ആരോഗ്യകരമായ കലര്‍പ്പ് ആവാം എന്നതായിരുന്നു ആശാന്‍റെ സിദ്ധാന്തം.

കുറുപ്പാശാന്‌ തമ്പി കഥകളോടുള്ള ആഭിമുഖ്യം പ്രത്യേകമായിരുന്നു. ഇത് അധികം കീചകവധത്തില്‍ പാടി രാഗത്തിന്‍റെ വിശിഷ്ടത ബോധ്യപ്പെടുത്തുന്ന ആലാപനമായിരുന്നു ആശാന്‍റേത് . 'ചില്ലീലത കൊണ്ടെന്നെ തല്ലീടായ്ക' -ഇവിടെ തല്ലിന്‍റെ അന്തരീക്ഷം പാട്ടുകൊണ്ട് കാണിച്ചു കൊടുക്കാനുള്ള കഴിവ് ആശാനുണ്ടായിരുന്നു. ശൃംഗാരമാണല്ലൊ ഇവിടെ അന്തരീക്ഷം. ഈ ഭാഗത്ത് മേളക്കാര്‍ സൃഷ്ടിക്കുന്ന ശബ്ദാന്തരീക്ഷം നാദാനുഭവം കൊണ്ട് കുറുപ്പാശാന്‍ ഉണ്ടാക്കിയിരുന്നു. കുറുപ്പാശാന്‍ ഒരു വരി പാടുമ്പോഴേയ്ക്കും കീചകന്‍ ആരോ ആവട്ടേ ആ കഥാപാത്രപകൃതി വന്നുകഴിഞ്ഞിരിക്കും. പ്രത്യേകിച്ചും രാമന്‍കുട്ടി ആശാന്‍റെ കീചകന്‌ കുറുപ്പാശാന്‍റെ പാട്ട് തന്‍റെ വേഷത്തോട് നീതി ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടിരുന്നു. അയാളെ എന്നെ കളിപ്പിയ്ക്കുകയാണ്‌. കീചകവധം ഉണ്ണികൃഷ്ണക്കുറുപ്പ് പാടുമ്പോള്‍ എന്താ നിശ്ശല്യായ. കള്യിക്കണ്ടിവര്വാണ്‌. എന്ന് രാമന്‍കുട്ടി ആശാന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതുപോലെ 'ധന്യേ മാലിനി' എന്നത് നാല്‌ സ്വരസ്ഥാനങ്ങളില്‍ കയറ്റിക്കയറ്റി കുറുപ്പാശാന്‍ പാടുന്നത് ഒരാള്‍ക്കും പാടി എത്താന്‍ സാധിയ്ക്കില്ല. 'നീ മമ' - ഇവിടെ കത്തിവേഷത്തിന്‍റെ കഥാപാത്രപ്രകൃതം അനുശാസിയ്ക്കുന്ന വിധത്തിലാണ്‌ 'മമ' എന്ന ആലാപനം. ഒരു കീചകത്വം, കീചകന്‍റെ ശ്റേഷ്ഠനില അവിടെ കൈവരികയാണ്‌. പാടി രാഗത്തില്‍ തന്നെ ആശാന്‍ പാടുമ്പോള്‍ ചിട്ടകളൊക്കെ പുറത്താവും. മാലിനി അദ്ദേഹം ഒറ്റശ്വാസത്തില്‍ പാടും. ചെമ്പട പതിഞ്ഞകാലത്തില്‍ ഒരു താളവട്ടം മാലിനി എന്ന് ശ്വാസം വിടാതെ പാടുക. ഒപ്പം സംബോധനയുടെ  അന്തരീക്ഷം സൃഷ്ടിക്കുക. അതും അനായാസമായിട്ടും.  കുറുപ്പാശാന്‍റെ ശാരീരത്തിനുമാത്രമേ ഇഈയൊരു പ്രത്യേകത കണ്ടിട്ടുള്ളൂ. വൈദ്യം‍മ ഠത്തില്‍ ഒരു കളിക്ക് ഇങ്ങനെ 'മാലിനി' പാടിയപ്പോള്‍ കൃഷ്ണന്‍കുട്ടി പൊതുവാള്‍ അതില്‍ ലയിച്ച് മതിമറന്ന് അതിനൊപ്പം കോട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. 'രുചിര ഗുണശാലിനി' ഇവിടെ അക്ഷരങ്ങള്‍ താളത്തിനുമുന്പ് പിടിക്കുന്ന രീതിയായിരുന്നു ആശാന്‍റേത്. ഏഴാമത്തെ അടിയില്‍ കൃത്യമായി വരികയും ചെയ്യും. ഇടം‍പിടിച്ച് കണക്കായി ഇട്ടുകൊടുക്കുകയും ചെയ്യും. 'ഹരിണാക്ഷി ജന' എന്നുപാടി ഒരു താളവട്ടം നില്‍ക്കുന്നുണ്ടാവും 'മൌലി' എന്ന് പാടുവാന്‍ താളക്രമത്തില്‍ സമയം ഉണ്ടാവും. കേള്‍വിക്കാരും വേഷക്കാര്‍ക്കും ഒരു മൌനസമയം അനുവദിക്കുക ആശാന്‍റെ സവിശേഷതയായിരുന്നു. തൃത്താലകേശവപ്പൊതുവാളുടെ തായമ്പകയാണ്‌ ഓര്‍മ്മ വരുന്നത്. താളത്തില്‍ ഇടഞ്ഞുകൊട്ടാന്‍ അദ്ദേഹത്തിന്‌ വലിയ താല്‍പ്പര്യമായിരുന്നു. കഥകളി സംഗീതത്തില്‍ ഒരു ഇടഞ്ഞുപാടലിന്‌ ശ്രമിച്ച് ജയിച്ച വ്യക്തിയായിരുന്നു കുറുപ്പാശാന്‍. രണ്ടാം ദിവസത്തിലെ കാട്ടാളന്‌ ദ്രുതമായി അദ്ദേഹം പാടാറുണ്ട്. താളത്തിന്‍റെ അരയിടം, മുക്കാലിടം പ്രയോഗങ്ങള്‍ പലപ്പോഴും ശിങ്കിടിയ്ക്ക് താളപ്പിടിപ്പില്ലെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ആ സമയം ആശാന്‍ ശിങ്കിടിയെപ്പറ്റിയ്ക്കാന്‍ ആലോചിക്കാറില്ല. കഥാപാത്രത്തിനനുസരിച്ച് പാടുകയാണ്‌ പതിവ്‌. അദ്ദേഹം പാത്രത്തിനാണ്‌ പാടുന്നത്. ചിറ്റൂരില്‍ ഒരു രണ്ടാം ദിവസം. 'എടുത്തു വില്ലും അമ്പും വാളും' കുറുപ്പാശാന്‍ 21 തവണ പാടിയിട്ടുണ്ട്. പൊതുവാളാശാന്മാരുടെ മേളം, രാമന്‍കുട്ടിആശാന്‍റെ കാട്ടാളന്‍. ഇവിടെ നാഥനാമക്രിയയുടെ രാഗഭാവം മാത്രം. അവിടെ കാട്ടാളന്‍റെ അഭിനയത്തോടായിരുന്നു ആശാന്‍റെ നീതി. കാട്ടാളന്‍ വരുന്നതിനുമുന്പുള്ള ശ്ലോകം ചൊല്ലുമ്പോള്‍ അതിനെ വെറും ശ്ലോകമായിവരസമാക്കാതെ വരാന്‍ പോവുന്ന സന്ദര്‍ഭസൃഷ്ടിയില്‍ ആ ശ്ലോകത്തിനുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന രീതിയിലാണ്‌ കുറുപ്പാശാന്‍ പാടാറുണ്ടായിരുന്നത്.

ശ്ലോകങ്ങളുടെ ദൈര്‍ഘ്യക്കണക്കിനെകുറിച്ച് അദ്ദേഹത്തിന്‌ നല്ല ബോധ്യമായിരുന്നു. വിസ്തരിക്കേണ്ടത് മാത്രം വിസ്തരിയ്ക്കും ഇടശ്ലോകങ്ങളില്‍ രാഗത്തിനു വേണ്ടി സമയം കഴിക്കാറില്ല. അരങ്ങത്ത് വേഷക്കാരുണ്ട്, വേഷക്കാരനു വേണ്ടിയാണ്‌ പാട്ട്. പാട്ടുകാരന്‍റെ പ്രാഗല്‍ഭ്യം കാണിക്കാനുള്ള സമയമല്ല എന്ന തിരിച്ചറിവ്‌ ആശാനുണ്ടായിരുന്നു. 'സഭാജന വിലോചനേ' ഇവിടെ കാംബോജി ഒന്നുകൊണ്ട് മാത്രം ആ ശ്ലോകം പൂര്‍ണ്ണമാവുകയാണ്‌. 'പ്രീതേയം പ്രിയദര്‍ശനത്തിനുഴറി' കുറുപ്പാശാന്‍ വിസ്തരിക്കാറുണ്ട്. ഈ ഒരു ശീലം ഉണ്ടാക്കിയത് നമ്പീശാശാനാണ്‌.
'വൈവശ്യഭാരാലസ...
നാലാമത്തെ വരിയില്‍ മധ്യമാവതി വസ്തരിക്കും. ഇടയ്ക്ക് ഒന്നു മുറുക്കി വരും.
'മാലിനിമാര്‍ മൌലിമണേ' ആശാന്‍ ഹുസേനി രാഗത്തില്‍ വിസ്തരിക്കാറുണ്ട്. അവിടെ ചില പാട്ടുകാരുടെ ക്ലാസിക്കല്‍ ടച്ച് വിട്ട് ഹിന്ദുസ്ഥാനിയുടെ നിഴലിച്ചകള്‍ ആശാന്‍ പാടിക്കേള്‍പ്പിക്കാറുണ്ട്. ആ ഭാഗങ്ങളത്രയും കുറുപ്പാശാന്‍ ഭംഗിയാക്കാറുമുണ്ട്. 'ആരെടോ നീ'യിലും ഹിന്ദുസ്ഥാനി പന്തുവരാളി കേള്‍ക്കാം. 'നിന്‍റെ പേരെന്തു' എന്നതിലെ അലസത. കര്‍ണ്ണാട്ടിക്കിന്‌ സാധ്യതയുള്ള പന്തുവരാളി കുറുപ്പാശാന്‍ ഉപയോഗപ്പെടുത്താറില്ല 'ദൂരദേശത്തു നിന്നു വന്നവര്‍' ഇവിടെ 'വന്നവര്‍' നിഷാദത്തില്‍ കൊടുത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു. നിഷാദം രിഷഭം തൊട്ട് പ്രയോഗിക്കുന്നു. 'വന്നവരെന്ന് തോന്നി' ഈ പ്രയോഗം അഹമദാബാദിലെ സംഗീതവഴിയാണ്‌. കാരണം വെണ്‍മണി ഹരിദാസേട്ടനും ഇങ്ങനെ പാടിയിരുന്നു. പന്തുവരാളി പോലെ സിന്ധുഭൈരവിയില്‍ കുറുപ്പാശാന്‍ 'യോഗീന്ദ്രാണാം' ചൊല്ലിക്കേട്ടിട്ടുണ്ട്. ഒരു കച്ചേരിക്കാണ്‌ ഇത് പാടിയത്. യഥാര്‍ത്ഥത്തില്‍ ഭീംസെന്‍ ജോഷിയുടെ സംഗീതത്തെ അത് ഓര്‍മ്മപ്പെടുത്തി എന്നത് അതിശയോക്തിയാവില്ല.
 
ശ്രീകൃഷ്ണപുരത്ത് അസാധ്യമായ ഒരു കിരാതം പാടിയ കഥ പ്രസിദ്ധമാണല്ലൊ. അവിടെ 'അന്തകാന്തക പോരും' എന്നിടത്ത് വാഗേശ്വരി രാഗത്തില്‍ കുറുപ്പാശാന്‍ പാടിയത് വിശദീകരിക്കാന്‍ എഴുത്ത് വഴങ്ങില്ല. 'പൊട്ട ഫല്‍ഗുന' ഷണ്മുഖപ്രിയയിലും 'മാനവസവ്യസാചിന്‍' കാനഡയിലും അദ്ദേഹം അത്യധികം സുന്ദരമാക്കി. അതുപോലെത്തന്നെ 'ഞാനെയ്ത കിടിയെ കൂടെ വന്നെയ്തീടാമോ മൂഢാ' ഇവിടെ വാചികസംഗീതമാവുകയാണ്‌ അദ്ദേഹത്തിന്‍റെ പാട്ട്. 'മൂഢാ' എന്ന് മേല്‍പ്പോട്ട് എടുക്കും ഒരു വെല്ലുവിളിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്‌. 'പാടവം' കഴിഞ്ഞ് വട്ടം തട്ടും. 'പേടികൂടാതെ എന്നോട്'  താളത്തിന്‌ മുന്പേ കഴിയും അക്ഷരങ്ങള്‍ പെറുക്കിയെടുക്കത്തക്കവണ്ണം വാചികസംഗീതത്തിന്‍റെ ശോഭ അവിടെ കാണുകയാണ്‌. അവിടെ പന്തുവരാളി രാഗത്തെയല്ല കാട്ടാളനെയാണ്‌ കുറുപ്പാശാന്‍ കണക്കാക്കുന്നത്. കറകളഞ്ഞ വ്യക്തമായ ശബ്ദമാണ്‌ അത്. ഒട്ടും ഉള്‍വലിയുന്ന ശബ്ദമല്ല. വെങ്കലനാദമെന്നാണ്‌ നമ്പീശാശാന്‍ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

Kalamandalam Unnikrishna Kurup By Ramesan Thampuran by muthukurussi

ഉത്തരാസ്വയംവരത്തില്‍ 'ജയജയ നാഗകേതന' കേട്ട് പ്രശസ്ത കര്‍ണ്ണാടകസംഗീതജ്ഞനായിരുന്ന ടി.കെ ഗോവിന്ദറാവു അതിശയകരമായ അഭിപ്രയം പറഞ്ഞതായി സംഗീതനിരൂപകനായിരുന്ന വി.എസ്. എന്‍ പറഞ്ഞ് കേട്ടിട്ട്ണ്ട്. 'നയവിനയജലധേ നമാമി നിന്‍പദസരോരുഹം' അക്ഷരങ്ങളിട്ടു കൊടുക്കുന്ന പാട്ടാണ്‌. 'നിദേശം' എന്നുള്ളിടത്ത് കാമ്പോജിയ്ക്ക് ഒരു വ്യതിരിക്തത സൃഷ്ടിക്കുന്നു. 'തോറുമധികം' എന്നിടത്ത് ഒരു നിര്‍ത്തലുണ്ട്. ഇവിടെ ദൂതന്‍റെ കാമ്പോജിയാണ്‌ പാടുന്നത്. ഇവിടേയാണ്‌ കഥാപാത്രസംഗീതമായി മാറുന്നത്. വാചികസംഗീതത്തിന്‍റെ ശക്തി ഇവിടെ പ്രകടമാവുന്നു. 'ഉത്തരാസ്വയംവരത്തിലെ 'വീര വിരാടകുമാര വിഭോ' ഇവിടെ 'വിഭോ'വില്‍ ഒരു പ്രത്യേക പദ്ധതിയാണ്‌ ആശാന്‍റേത്. സാധാരണയില്‍ കവിഞ്ഞ ഒരു പാട്ടുപദ്ധതി. 'ചാരുതരഗുണസാഗര ഭോ' മേളത്തിന്‌ അനുയോജ്യമായി അദ്ദേഹം പാടുന്നു. 'മാരലാവണ്യ' എന്നുള്ളിടത്ത് കളമെഴുത്തുപാട്ടിന്‍റെ സ്ഫുരിതകമ്പിത ചലനാവസ്ഥ ആശാനില്‍  കാണാറുണ്ട്. 'സുന്ദരീ മഞ്ചമിതിങ്കല്‍ ഇരുന്നൂ' ഇവിടേയും  ഈ ഒരു പ്രയോഗം ഇടയ്ക്ക് അദ്ദേഹം പ്രയോഗിക്കാറുണ്ട്. ചെമ്പൈ വൈദ്യനാഥഭഗവതരുടെ പാട്ടുവഴികളുമായി എവിടേയൊക്കെയോ ചില ബന്ധം കുറുപ്പാശാനിലില്ലേ എന്നും തോന്നിയിട്ടുണ്ട്. ചെമ്പൈ സംഗീതം  പലപ്പോഴും മേളാത്മകമാകുന്നു. അതിന്‌ അത്യധികമായ ശക്തിവിശേഷമുണ്ട്. ചെമ്പൈയുടെ പാട്ട് കെള്‍ക്കുമ്പോള്‍ ഒരു നിഷ്പ്രയാസസംഗീതത്തിന്‍റെ അനുഭവമാണ്‌ ഉണ്ടാകുന്നത്. ഇതേ അനുഭവമല്ലേ കുറുപ്പാശാന്‍ കേള്‍പ്പിക്കുക. പതിഞ്ഞ പദം പാടുമ്പോഴാണ്‌ കുറുപ്പാശാനിലെ താളസ്ഥിതിയുടെ കാതല്‍ ബോധ്യപ്പെടുക. നല്ല കാലപ്രമാണത്തിന്‌ മാതൃകയാണ്‌ കുറുപ്പാശാന്‍റെ പാട്ട്. 'കുവലയ വിലോചനേ, വിജനേ ബത, ലോകപാലന്മാരെ, ഈ മൂന്നുതോഡിയും വ്യത്യസ്തമാണെങ്കിലും അതിന്‍റെ അടിസ്ഥനം അദ്ദേഹത്തിന്‌ നമ്പീശശാനില്‍ നിന്ന് കിട്ടിയതാവണം.

മന്ദ്രസ്ഥായിയിലും താരസ്ഥായിയിലും ഒരേപോലെ പാളാതെ, പതറാതെ ശാരീരം നില്‍ക്കുന്ന ഒരു സിദ്ധി വിശേഷം കുറുപ്പാശാനുണ്ടായിരുന്നു. ഏതുശ്രുതി വെച്ചാലും അദ്ദേഹത്തിന്‌ പാകമായിരുന്നു. അപൂര്‍വം ചില വേളകളില്‍ ഇത്തിരി അധികമായോ എന്നു ചോദിക്കും. പക്ഷെ മാറ്റാന്‍ പറയില്ല.  'സാമ്യമകന്നോരു ഉദ്യനം' പന്തുവരാളിവിട്ട് പൂര്‍വകല്യാണിയിലാണ്‌ അദ്ദേഹം പാടുക.  ഇതിനുള്ള ന്യായം ടെക്സ്റ്റില്‍ പൂര്‍വകല്യാണിയാണ്‌ എന്നതാകുന്നു.'കാദ്രവേയ കുലതിലക' ഇവിടേയും പൂര്‍വികല്യാണി പാടിയിരുന്നു. വെണ്മണി ഹരിദാസേട്ടനും ഈ മാര്‍ഗ്ഗം അവലംബിച്ചിരുന്നു. ഒന്നാം ദിവസത്തില്‍ 'കുണ്ഡിനനായക നന്ദിനി'ക്കൊത്തൊരു എന്നിടത്ത് നടന്‍ കാണിക്കുന്നതിനപ്പുറം ആശാന്‍ പാടാറില്ല. അതായത് പാടിപ്പാടി പോകാറില്ലാ എന്നര്‍ത്ഥം.

കഥകളിഗായകരില്‍ ഏറ്റവും ഉത്പതിഷ്ണുവായിരുന്ന കലാകാരന്‍ അക്കാലം കുറുപ്പാശാനായിരുന്നു. പൊതുവെ വിനയശീലനായിരുന്നു എങ്കിലും ആരോടും കൂസാത്ത പ്രകൃതം ആ പാട്ടിലുണ്ടായിരുന്നു. കൃഷ്ണന്‍ നായരാശാനും ഗോപ്യാശാനും കുറുപ്പാശാന്‍ നിര്‍ബന്ധമായിരുന്നു. ഒരിക്കല്‍ കൃഷ്ണന്‍ നായരാശാന്‍ കുറുപ്പാശാനോട് ചോദിക്കുന്നത് കേട്ടു. 'എന്‍റെ വേഷത്തിന്‌ പാടാന്‍ അലോഹ്യാ അല്ലേ?' എന്തേ എന്ന് കുറുപ്പാശാന്‍ തിരിച്ചു ചോദിച്ചപ്പോള്‍, 'എന്‍റെ വേഷത്തിന്‌ എമ്പ്രാന്തിരിയാണ്‌ പാടുന്നത്, അതുകൊണ്ട് ചോദിച്ചതാ'. അന്ന് രാമന്‍ കുട്ടിനായരാശാന്‍റെ കീചകനും കുറുപ്പാശാന്‍റെ പാട്ടും പല കളിക്കും നിര്‍ബന്ധമായിരുന്നു. തന്‍റെ വേഷത്തിന്‌ കുറുപ്പാശാന്‍  പാടണമെന്ന ഒരു മോഹം കൃഷ്ണന്‍ നായരാശാന്‍റെ ഉള്ളില്‍ ഉള്ളതുകൊണ്ടായിരിക്കണം ഇങ്ങനെ ഒരു ചോദ്യം ഉണ്ടായത്. ഈ അവസരത്തില്‍ ഗോപിയാശാന്‍ പറഞ്ഞ ഒരു സംഗതി ഓര്‍മ്മ വരികയാണ്‌. അദ്ദേഹം കോതച്ചിറയില്‍ തുള്ളല്‍ പഠിക്കുന്ന കാലമാണ്‌. അവിടെ ഒരു കളിക്ക് ഒരാള്‍ ഒറ്റയ്ക്ക് പാടുന്നതു പോലെ തോന്നുകയാണ്‌. 'ശിങ്കിടിയില്ലാത്ത പാട്ടോ' എന്ന് വിചാരിച്ച് കളിസ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് പേരുണ്ട്. നമ്പീശാശാനും കുറുപ്പാശാനുമായിരുന്നു. വേര്‍തിരിച്ചറിയാനാവാത്ത വിധം സാമ്യമുള്ളതായിരുന്നു അവരുടെ പാട്ട്. ശിവരാമേട്ടനും കുറുപ്പാശാന്‍റെ നാലാം ദിവസത്തിലെ 'വന്ദിപ്പതനങ്ങനധികാരം' എന്ന പദത്തില്‍ അധികാരം ഉണ്ടാക്കാന്‍ പര്യാപ്തമായ രീതിയിലുള്ള ആലാപനത്തെ പറ്റി പറയുകയുണ്ടായി.

ഇപ്പോള്‍ പൊതുവേ ശ്രദ്ധേയവും പലപ്പോഴെങ്കിലും വിവാദവുമാകാറുള്ള രാഗമാറ്റം ആദ്യം തുടങ്ങിവെച്ചത് കുറുപ്പാശാനാണ്‌. അതും നമ്പീശാശാന്‍ ഉള്ള കാലത്തുതന്നെ. ഒന്നാം ദിവസത്തിലെ 'നാളില്‍ നാളില്‍' ആനന്ദഭൈരവി മാറ്റി നാട്ടക്കുറിഞ്ഞിയില്‍ അദ്ദേഹം പാടി. ഗംഗാധനാശാന്‍ ഉള്‍പ്പെടെയുള്ളവര്‍ അത് അംഗീകരിച്ചു. അദ്ദേഹമത് യമുനാകല്യാണിയിലും പാടിയിട്ടുണ്ട്. രണ്ടാം ദിവസത്തിലെ 'ദയിതേ കേള്‍ ‍' ധന്യാസിയിലാണ്‌. 'ദയിതേ' എന്ന സംബോധനയില്‍ കുറുപ്പാശാന്‍ ഒരു മാറ്റം വരുത്തി. 'കമനീയാകൃതേ' ആലാപന പദ്ധതികളുടെ വ്യത്യാസം കൊണ്ട് വേറിട്ടുനിന്നു. അവിടെ സംഭോഗശൃംഗാരത്തിന്‍റെ പാരമ്യത സൃഷ്ടിക്കുന്ന അവസ്ഥ സംജാതമാവുകയാണ്‌. 'സൌവര്‍ണ്ണഹംസം' 'ഹംസം' എന്ന് ഉറപ്പിച്ച് പാടുന്ന ഹംസത്തിനെ പ്രത്യേകം പരാമര്‍ശിക്കുന്നു. കലിയുടെ പദം പൊതുവെ പ്രധാനമല്ല. ഭൈരവിയില്‍ 'എങ്ങുനിന്നെഴുന്നള്ളി' അദ്ദേഹം വ്യത്യസ്തമാക്കാറുണ്ട്. ഈ ഭാഗത്തേയ്ക്ക് മാത്രമായി അണിയറയില്‍ നിന്ന് കുറുപ്പാശാനെ വിളിച്ചുവരുത്തന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. 'കാമനീയകത്തിന്‍ ധാമം' ഇടഞ്ഞുപാടുന്നുണ്ട്. 'യാമി ഞാനവളെ ആനയിപ്പതിന്‌' എന്ന് 'യാമി, ഞാന്‍ അവളെ ആനയിപ്പതിന്‌ എന്ന് മട്ടില്‍ കാലം കുറച്ച് വിഭജിച്ച് പാടാറുണ്ട്. ഭൈരവയില്‍ കലിവേഷത്തിന്‌ പാകപ്പെട്ട ചില പദ്ധതികള്‍ ഉണ്ടെനും കാലം തള്ളാതെ ഇതുപ്രാവര്‍ത്തികമാക്കാമെന്നും കുറുപ്പാശാന്‍ പാടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

'ഉപവനതലേ' എന്ന ശ്ലോകത്തില്‍ വിലോക്യ കലിം‍പതിം-ഇവിടെ കലിം എന്നിടത്ത് ഒരു ശക്തിയുണ്ടാക്കുന്നു. 'എങ്ങുനിന്നെഴുന്നള്ളി' സുരാധിപ കഴിഞ്ഞ് 'ദഹനശമനവരുണൈരമാ' അവരുടെ വരവിന്‍റെ ശക്തി ബോധിപ്പിക്കത്തക്കവണ്ണം 'ദഹന' 'ശമന' 'വരുണ' എന്ന് ഉറപ്പിച്ച് പാടുന്നു. 'മിനക്കെട്ടങ്ങുമിങ്ങും  നടക്കമാത്രമിഹ'-നടത്തത്തിന്‍റെ വിവിധഭാഗങ്ങള്‍ അനുഭവഭേദ്യമാക്കുന്ന രീതിയിലാണ്‌ അദ്ദേഹം പാടുക. ചലനങ്ങള്‍ക്ക് ശക്തികൊടുത്തുകൊണ്ടുള്ളതാണീ പാട്ട്. അതായത് പാട്ടില്‍ വ്യത്യസ്തമായ വഴിയിലൂടെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത കരുത്തുമായി കുറുപ്പാശാന്‍ നില്‍ക്കുകയാണ്‌. 'നളമതിസന്ധാതും' എന്നിടത്തും ഈ പാട്ടുശക്തി കൂടുതല്‍ പ്രകടമാവുന്നുണ്ട്. പുഷ്കരന്‍റെ സ്വഭാവത്തെ കാണിയ്ക്കാന്‍ പര്യാപ്തമായ രീതിയില്‍ 'അരികില്‍ വന്നു നിന്നതാര്‍' എന്ന് അലങ്കാരങ്ങളൊന്നുമില്ലാതെ പാടിപ്പോകുന്നു. 'പുഷ്കരാ, നീ പഴുതേ' ഇവിടെ പുഷ്കരാ എന്ന വിളി ഒരു പ്രത്യേകതയാണ്‌. പാടിപ്പാടി ശുഭപന്തുവരാളിയില്‍ കടന്നു. കടന്നാലും വിരോധമില്ല എന്ന മട്ടില്‍ പാടിപ്പോയതിനെപ്പറ്റി ഹരിദാസേട്ടന്‍ ഒരു വര്‍ത്തമാനത്തില്‍ പറയുകയുണ്ടായി. 'നാടുവാഴ്ക നളനെവെന്നു' എന്നിടത്ത് ദ്രുതകാലമാവുന്നു. കലികെട്ടിയ വേഷക്കാര്‍ക്ക് പൊതുവേ വേഗസഞ്ചാരങ്ങളോടാണ്‌ താല്‍പ്പര്യം. കറുത്ത താടിയാണെങ്കിലും ചുവന്ന താടിയുടെ പരാക്രമാവസ്ഥ സൃഷ്ടിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമാണ്‌. പക്ഷെ കുറുക്കാശാന്‍ പിന്നിലുണ്ടെങ്കില്‍ കലിക്ക് ഒരു ആട്ടചിട്ടയൊക്കെ വരും. കലി ഒരു കഥാപാത്ര‍മായി മാറും. ഒരു സ്വഭാവരൂപീകരണം അല്ലെങ്കില്‍ ഒരു നയരൂപീകരണം കഥാപാത്രത്തെക്കൊണ്ട് സ്ഥാപിപ്പിക്കാന്‍ കുറുപ്പാശാനു കഴിയുന്നു. കലിയെ ഒരു സ്വഭാവകഥാപാത്രമാക്കിയത് കുറുപ്പാശാന്‍റെ പാട്ടാണെന്ന് പറയാം. 'ജാനേ പുഷ്കര' ഇവിടെ 'ജാനേ' ഒരു സംസാരത്തെപ്പോലെ തോന്നിക്കുന്നു. 'മുന്നേ പ്രാഗത്ഭ്യം' എന്ന് താരസ്ഥായിയിലും വരും. ഭൈരവിയില്‍ ഇത് കുറുപ്പാശാന്‌ മാത്രം സാധിച്ചിരുന്നതാണ്‌. താന്‍ ഏതൊരുത്തന്‍ എന്നിടത്ത് പുച്ഛവും പരിഹാസവും കലര്‍ന്ന ഭാവം സംജാതമാവുകയാണ്‌. ഞാന്‍ ജ്യേഷ്ഠന്‍ എന്ന് പാടുമ്പൊള്‍ ജ്യേഷ്ഠന്‌ സ്ഥാനം കൊടുക്കും. 'നീയെന്‍ അനുജന്‍' എന്ന് പാടുമ്പോഴാകട്ടെ എന്‍റെ കീഴിലാണ്‌ എന്ന ഭാവം വരും. 'ജളപ്രഭോ' ഇവിടെ ഈ സംബോധന പലവിധത്തില്‍ കേള്‍ക്കാം. ഒടുവില്‍ മേല്‍സ്ഥായി പിടിച്ച് പാടുമ്പോള്‍ ആ ജളത്വം പൂര്‍‍ണമാകുന്ന അവസ്ഥ വരുകയാണ്‌. 'ചതിപ്പതിന്നിവന്‍' ഇവിടെ വട്ടംതട്ടി അക്ഷരത്തിന്‍റെ മുത്തുകള്‍ വാരിവിതറുമ്പോലെയുള്ള ആലാപനമാണ്‌. ആ പാട്ടിന്‍റെ സൌന്ദര്യത്തിന്‌ മുദ്ര പിടിക്കാന്‍ ഗോപിയാശാന്‍ മാത്രം. 'വിദര്‍ഭനന്ദിനി സുന്ദരി' ഇവിടെ താളക്രമക്കണക്കുകൊണ്ട് വ്യത്യസ്ത വഴി അദ്ദേഹം സൃഷ്ടിക്കുന്നു. രണ്ടാം ദിവസത്തിലെ വേര്‍പാടില്‍ ഗൌളിപന്ത് വളരെക്കുറച്ചുമാത്രമേ പ്രയോഗിക്കുന്നുള്ളൂ. താരമന്ദ്രസ്ഥായികളുടെ ആലാപനസൌഷ്ഠവം വ്യക്തമാക്കാന്‍, അതുദാഹരിക്കാന്‍ ഈ പദം പ്രയോജനപ്പെടുന്നു. 'ഒരുനാളും'മെന്ന് മന്ദ്രസ്ഥായിയിലും 'ആധിചെന്നാലറിയിക്കാമോ' എന്ന് താരസ്ഥായിയുടെ പാരമ്യത്തിലും ആശാന്‍ പാടുമ്പോള്‍ സംഗീതജ്ഞാനമുള്ളവര്‍ കൈകൂപ്പിപ്പോകും.

'പയ്യോ പൊറുക്കാമേ' - ഇവിടെ പയ്യോ ഒരു താളവട്ടത്തിലും 'ദാഹവും' വേറൊരു താളവട്ടത്തിലും ചിലര്‍ പാടിക്കേട്ടിട്ടുണ്ട്. 'നൂനമീവഴി ചെന്നാല്‍' എന്നിടത്ത്  ഗൌളിപന്തില്‍ ഹിന്ദുസ്ഥാനിസ്പര്‍ശം വരുത്തുന്നു. 'നൂനം' തന്നെ വിവിധ വഴികളില്‍ പാടുന്നു.

'അംഗനേ ഞാനങ്ങു പോവതെങ്ങനെ' മധ്യമാവതി മാറ്റി അദ്ദേഹം ആഭേരിയില്‍ പാടിയിരുന്നു. ഇതില്‍ ആശാനോട് യോജിപ്പും വിയോജിപ്പുമുള്ളവര്‍ ഉണ്ടായിരുന്നു. പക്ഷെ ആശാന്‍ ഏതുരാഗത്തില്‍ പാടിയാലും എവിടേയും യോജിക്കുന്നു എന്നതാണ്‌ സ്ഥിതി. അംഗനേ, ഞനങ്ങുപോകതെങ്ങനേ, ഇങ്ങനേകം മനോരാജ്യം.... സങ്കടമെനിക്കുണ്ട്.. സദയത വേണമെന്നില്‍ ഇങ്ങനെ അക്ഷരവ്യക്തതയോടെ ആശാന്‍ പാടുന്നത് കേള്‍ക്കാന്‍ വല്ലാത്തൊരു സുഖമായിരുന്നു.

പെരുമ്പാവൂരില്‍ ഒരു കളി. കൃഷ്ണന്‍ നായരാശാനും ഗോപിയാശാനും ശിവരാമേട്ടനും രാമന്‍കുട്ടി നായരാശനും ഉണ്ട്. രണ്ടാം ദിവസം. അന്ന് ആശാന്‍ എന്നോട് ഉണ്ണികൃഷ്ണന്‍ നിന്നോട്ടെ എന്ന് പറഞ്ഞു. ആഭേരിയിലാണ്‌ അവര്‍ പാടിയത്. ഇതും കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു, 'ഇന്ന് ആഭേരി കുറച്ച് പാടാംച്ച്ട്ടെ ദിവാകരന്‌ പാടി ശീലമില്ലല്ലൊ. ഉണ്ണികൃഷ്ണന്‍റെ ഒപ്പം ഉണ്ടായിട്ടുമുണ്ട്.' ഇത് ആശന്‍റെ ഒരു താഴ്മയാണ്‌. കാരണം ഇതൊന്നും എന്നോട് വിശദീകരിക്കേണ്ടതില്ല. മൂന്നാം ദിവസത്തില്‍ 'യാമി യാമി' ഉത്തമ  മധ്യമാവതിയിലാണ്‌ ആശാന്‍ പാടുക. 'ഇന്ദുമൌലീഹാരമേ' എന്ന് അപൂര്‍വസുന്ദരമായ പദത്തില്‍ ധന്യാസിയുടെ എന്തൊക്കെ അനുഭൂതികള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ അതെല്ലാം അദ്ദേഹം സൃഷ്ടിക്കാറുണ്ട്. 'ഇന്ദുമൌലി' എന്ന് ഒറ്റയ്ക്ക് നില്‍ക്കും 'ഹാരമേ' എന്ന് അഞ്ചുസുന്ദരവഴികളിലൂടെ അദ്ദേഹം പാടുന്നു. 'സുന്ദരിദമയന്തി' സുന്ദരിയായ ദമയന്തി എന്ന തോന്നല്‍ സൃഷ്ടിക്കുന്ന ഭാവത്തിലേ ഊന്നൂ. 'അനുദിനമവള്‍ തന്നില്‍ അനുരാഗം വളരുന്നു' ഇവിടെ കല്യാണി രാഗത്തിന്‍റെ ചട്ടക്കൂടുകള്‍ തകര്‍ന്ന് വിജൃംഭിതമായ അനുരാഗാവസ്ഥയെ ദ്യോതിപ്പിക്കുന്ന വിധത്തിലാണ്‌ അദ്ദേഹം പാടുക. 'മൂന്നാം ദിവസത്തിലെ 'യാമി യാമി' എന്ന പദം, യാമി, യാമി ഇങ്ങനെ സുദേവന്‍റെ ബ്രാഹ്മണസ്വഭാവം കാണിക്കുന്ന രീതിയിലാണ്‌ അദ്ദേഹം പാടുക. ഞാന്‍ പൊയ്ക്കോളാം എന്ന് കാണിക്കുന്ന വിനീതാവസ്ഥ. കാലം കേറിപ്പോകുന്ന ഒരു പൊതുസ്വഭാവം ആശാന്‍റെ പാട്ടില്‍ ഉണ്ടെങ്കില്‍ കൂടി ഇവിടെ അപ്രകാരം കാണുന്നില്ല. 'ഒളിവിലുണ്ടോ ഇല്ലയോവാന്‍' കുറുപ്പാശാന്‍ കാനഡയാക്കിമാറ്റി. ഇത് ഗോപ്യാശാന്‍റെ ശരീരഭാഷയ്ക്കും അഭിനയസന്ദര്‍ഭത്തിനും യോജിച്ചതല്ലാത്തതിനാല്‍ കാനഡയില്‍ നിന്ന് മാറ്റിക്കൂടെ എന്ന് കുറുപ്പാശാനോട് ചോദിക്കുകയുണ്ടായി. പക്ഷെ ആ പാട്ടിലെ സുഖത്തിനനുസരിച്ച് ആശാന്‍ അഭിനയിച്ചു. രാമന്‍കുട്ടിയാശാനും കുറുപ്പാശാന്‍റെ പാട്ടുകേട്ട് ആടിയ കഥ പറയുകയുണ്ടായിട്ടുണ്ട്. ഇവിടെ മനസ്സിലാകുന്ന കാര്യം കുറുപ്പാശാന്‍  പിന്നണീയിലുള്ളപ്പോള്‍ അരങ്ങിന്‍റെ നിയന്ത്രിതാ‌വ് അദ്ദേഹമായിരുന്നു എന്നുള്ളതാണ്‌. വേഷക്കാര്‍ക്ക് അവരുടെ ശരീരഭാഷയില്‍ നിന്ന് അഭിനയിക്കണക്കില്‍ നിന്ന് വ്യതിചലിക്കേണ്ടിവരുന്നു.

കുചേലവൃത്തത്തില്‍ കല്യാണാലയവാചം അക്ഷരം വെച്ച് ഒരുമിച്ച് പാടുന്നു. 'മറിമാന്‍ കണ്ണി' ദ്വിജാവന്തിയുടെ ജീവന്‍പിടിച്ച്, ജീവസ്വരത്തില്‍ കേന്ദ്രീകരിച്ച് ആശാന്‍ ചേതോഹരമാക്കാറുണ്ട്. ഞാന്‍ കോട്ടയ്ക്കല്‍ പഠിക്കുന്ന കാലത്ത് ആശാന്‍ എന്നെ 'കലയാമി' പഠിപ്പിക്കുകയാണ്‌. അപ്പുറത്ത് കുട്ടന്‍ മാരാരാശാന്‍റെ മുറിയാണ്‌. പുതുരീതിയില്‍ 'കലയാമി' പഠിപ്പിക്കുന്നത് കേട്ടപ്പോള് ആശാന്‍ മുറിയിലേക്ക് വന്നു. സ്വരരാഗസുധ കീര്‍ത്തനം കേട്ടിട്ടുണ്ടോ അതുകേട്ടപ്പോള്‍ ആ മട്ടിലൊന്ന് നോക്കിയതാണ്‌ എന്നുപറയുകയുണ്ടായി. ശങ്കരാഭരണത്തിന്‌ ഒരു പുതിയ ഭാവം വരികയായിരുന്നു.

അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്‌. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന്‌ പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. ‍കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ്‌ എന്നാണ്‌ എന്‍റെ പക്ഷം.  

മേള‍ക്കാര്‍ക്ക് ഏറ്റവും സുഖം നല്‍കുന്ന പാട്ടായിരുന്നു കുറുപ്പാശാന്‍റേത്. മേളവും സംഗീതവും തമ്മില്‍ ഒരു സമന്വയമുണ്ടല്ലൊ അക്കാലത്തെ മേള പ്രതാപികളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍, അച്ച്യുണ്ണിപ്പൊതുവാള്‍,  ചന്ദ്രമന്നാടിയാര്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍ എന്നിവര്‍ ഏകസ്വരത്തില്‍ കുറുപ്പാശനെ അംഗീകരിച്ചിരുന്നു. അവര്‍ക്ക് കൊട്ടാന്‍ സുഖമുള്ള, മേളം കിട്ടുന്ന പാട്ടായിരുന്നു ആശാന്‍റേത്. എന്നാല്‍ കുറുപ്പാശാനാകട്ടെ ഇന്നയാള്‍ ശിങ്കിടിയായി വേണമെന്നില്ല എന്നതുപോലെ ഇന്നയാള്‍ ചെണ്ടയ്ക്കും മദ്ദളത്തിനും വേണമെന്നും ശഠിക്കാറില്ല. അതായത് അരങ്ങത്ത് ആരോടും മുഷിച്ചിലില്ലാത്ത പ്രകൃതമായിരുന്നു ആശാന്‍റേത്. എന്നാല്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളുണ്ട്. മുദ്ര അതിയായി വിസ്തരിക്കുന്നവരോട് മുഷിയാറുണ്ട്. വേണ്ടത്ര ആടാത്തവരോടും സരസമായി നീരസം പ്രകടിപ്പിക്കാറുണ്ട്. തെക്കന്ഭാഗങ്ങളില്‍ ഓയൂര്‍ കൊച്ചുഗോവിദ്നപ്പിള്ളയുടേയും വൈക്കം കരുണാകരന്‍റേയും ഹംസമായിരുന്നു പ്രചാരം. അവര്‍ സ്വാതന്ത്ര്യമെടുത്ത് കളിക്കും. പാട്ടുകാരന്‌ ധാരാളം പാടാം.

തെക്കന്‍ ചിറ്റൂരിലെ ഒരു കളി. കലാമണ്ഡലം കൃഷ്ണന്‍ നായര്‍‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, നീലകണ്ഠന്‍ നമ്പീശന്‍, രാമന്‍കുട്ടി നായര്‍, അപ്പുക്കുട്ടി പൊതുവാള്‍ എന്നിവര്‍ക്ക് വീരശൃംഖല കൊടുക്കുന്ന കളിയാണ്‌. സന്താനഗോപാലം കഥ. പകുതിവരെ നമ്പീശാശാനും രാമവാരിയരാശാനും. അന്ന് ചാലക്കുടിയില്‍ കോട്ടയ്ക്കല്‍ ട്റൂപ്പിന്‍റെ കളിയുണ്ട്. ഇനി ഉണ്ണികൃഷ്ണന്‍ കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് നമ്പീശാശാന്‍ പോയി. പിന്നീട് പാടാനുള്ളത് എമ്പ്രാന്തിരിയേട്ടനാണ്‌. അവര്‍ അന്ന് അധികമൊപ്പം പാടിയിരുന്നില്ല. കലാമണ്ഡലം സുബ്രഹ്മണ്യനാണ്‌ അന്ന് പാടി യത്. 'ധീര ധീര' ആയപ്പോള്‍ എമ്പ്രാന്തിരിയേട്ടന്‍ അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് വന്ന് സുബ്രഹ്മണ്യന്‍റെ കയ്യില്‍ നിന്ന് ഇലത്താളം വാങ്ങി. 'ധീര ധീര പാടാന്‍ തുടങ്ങി. കുറുപ്പാശാന്‍ അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു. യോജിപ്പുവന്നതിലെ ചിരിയായിരുന്നു അത്. കുറുപ്പാശാന്‍ ഒരാളോടും വ്യക്തിവിദ്വേഷം ഉണ്ടായിരുന്നില്ല. രാമവാരിയര്‍, ഗംഗാധരന്‍, വെണ്മണി ഹരിദാസ്, ശങ്കരന്‍ എമ്പ്രാന്തിരി, കലാനിലയം ഉണ്ണികൃഷ്ണന്‍, പി.ഡി. നമ്പൂതിരി ആരായാലും ഇഷ്ടമായിരുന്നു.

കുട്ടിക്കാലത്തെ ചില്ലിയാട്ടച്ചിട്ടകളോടും അദ്ദേഹത്തിന്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലല്ലൊ. മാത്രമല്ല, ചെറുപ്പത്തിലേ അദ്ദേഹം പാട്ടുകാരനായി മാറിയതുമാണ്‌. യഥാര്‍ത്ഥത്തില്‍ കഥകളിപ്പാട്ടിനുവേണ്ടി മാത്രം ഒരു ജന്മം എന്ന് ഞാനെറ്റെ ഗുരുനാഥനെ വിശേഷിപ്പിക്കുന്നു.
Deepa and Palanad Divakaran Photo:FB Page of Deepa Palanad
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ, മേയ് 2006ല്‍ പ്രസിദ്ധീകരിച്ച (വില 90 രൂപ)  "ഉണ്ണികൃഷ്ണക്കുറുപ്പ് - വിടപറഞ്ഞ ദിവ്യഗായകന്‍"  - എന്ന പേരില്‍ ശ്രീ സി.എം നാരായണന്‍ സമാഹരിച്ച് എഡിറ്റ് ചെയ്ത ‍പുസ്തകത്തിലെ 'ശിഷ്യന്‍റെ പ്രണാമം' എന്ന പേരില്‍ ശ്രീ പാലനാട് ദിവാകരന്‍ എഴുതിയ ലേഖനത്തിലെ രണ്ടാം ഭാഗമാണ്‌ താഴെ കൊടുത്തിരിക്കുന്നത്.
 

 

Article Category: 
Malayalam

Comments

The article by Sri.Palanad Divakaran about his Guru Sri.Kurup Asas is very interesting and valuable.

nannaayirikkunnu. aasaante smaranakku munnil pranaamam.

This is really good. Even though I had attended many Kathakalis my eagerness towards kathakali music started after hearing this great musician. But this writing has given me more about his character. Anybody can just simply follow his ways. Thanks for publishing.

Regards

http://aattavilakk.blogspot.in/ഉണ്ണികൃഷ്ണക്കുറുപ്പ്
കലാമണ്ടലത്തില്‍ നിന്നും പുറത്തു പോന്നതിനു ശേഷം അരങ്ങുകളില്‍
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ കൂടെ പാടിക്കൊണ്ടാണ് കൂടുതല്‍ കാലം പരിചയം ഉണ്ടായത് .ചുമതല ആയി പാടാന്‍ വേണ്ട സന്ദര്ഭാങ്ങള്‍ അദ്ദേഹം അനുവദിച്ചു തന്നിരുന്നു .മറ്റു പലരും ചെയ്യാത്ത ഒരു പ്രോത്സാഹനം ആയിരുന്നു അത് .ഞങ്ങള്‍ തമ്മിലുള്ള പെരുമാറ്റം ആണെങ്കില്‍ അരങ്ങത്ത് സ്നേഹിതന്മാര്‍ എന്ന നിലയില്‍ ചിരിച്ചും രസിച്ചുമാണ് പാടിയിരുന്നത് .അല്ലാത്ത സമയങ്ങളില്‍ ജ്യേഷ്ട്ടാനുജന്മാര്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു പെരുമാറിയിരുന്നത് .ഈ പെരുമാറ്റം മറ്റാരില്‍ നിന്നും ഉണ്ടായിരുന്നില്ല.കാലം അദ്ദേഹത്തെ അകറ്റി .അതിനു ശേഷം ഞാന്‍ ഒറ്റയാനായി കഴിയേണ്ടി വന്നിരിക്കയാണ്.ആ നല്ല ഓര്മ്മുകള്‍ ഇന്നും നില നില്ക്കുുന്നു.