നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ
കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു.
കഥകളികാലകാളിന്ദിയിലെ ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ !
എന്നാൽ, ആ സാനിദ്ധ്യത്തിന്റെ സ്മരണ ഇനിയുമേറെക്കാലം കഥകളിക്കളരിയേയും കളിയരങ്ങിനേയും ജീവത്താക്കി നിർത്തും. കളരിയേതുമാവട്ടെ, രാമൻകുട്ടിനായർ നിർമ്മിച്ചെടുത്ത ശരീരഭാഷയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സൂക്ഷ്മസാനിദ്ധ്യമില്ലാതെ, അധികമൊന്നും കഥകളിക്കാരിനിയും ഏറെക്കാലത്തേയ്ക്കുണ്ടാവാൻ പോകുന്നില്ല. എന്നാൽ, ആ മെയ്യെഴുത്തിന്റെ കവിത ഇന്നലത്തേപ്പോലെ ഇന്നും നാളെയും മിക്കവാറും കഥകളിക്കാരനു മുന്നിൽ രഹസ്യമാസ്മരമായി നിൽക്കുകയും ചെയ്യും. ചെറുപ്പത്തിലേ ആദ്യവസാനകീരിടം ചാർത്താൻ അനുഗൃഹീതമായ ആ ശിരസ്സുപോലൊന്ന് ഇനിയുമാവർത്തിയ്ക്കുക പോലും ഞെരുക്കം. ആവർത്തനങ്ങൾ ശക്തിയും കാന്തിയും വർദ്ധിപ്പിയ്ക്കുന്ന ക്ലാസിക്കൽ സൗന്ദര്യബോധത്തിന്റെ സാരസർവ്വസ്വമായി ജീവിതം സാക്ഷാത്കരിച്ചെടുത്ത രാമൻകുട്ടിയാശാന്റെ ആവർത്തനം ഇനിയുണ്ടാവാൻ വഴിയില്ല. കാലത്തിനു കുറുകേയുള്ള പാലത്തിനുകീഴേ എത്രയോ ജലം ഒഴുകിപ്പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനിയുമൊഴുകും. സമർപ്പണം കൊണ്ട് തേജസ്വിയായി പരിണമിയ്ക്കുന്ന ഇത്തരം പ്രതിഭകൾ കൊണ്ട് വീണ്ടും തിളങ്ങുമോ നമ്മുടെ കലാപ്രപഞ്ചം ! കാത്തിരുന്നു കാണണം.
ശരീരത്തിന്റെ സിംഫണി
രാമൻകുട്ടിനായർ ഉദാത്തമായൊരു പരമ്പരയിലെ കണ്ണിയായിരിയ്ക്കുമ്പോൾ തന്നെ, അതുവരെയുള്ള കഥകളിസൗന്ദര്യദർശനത്തിന്റെ ഏറ്റവും സമർത്ഥമായ സാധൂകരണവുമാണ്. ഭാവമെന്നാൽ ഉപാംഗത്തിൽ (മുഖത്ത് ) മാത്രം വിടർന്നുല്ലസിയ്ക്കുന്ന വികാരമായി കാണുന്നവർക്കിടയിൽ, ശിരസ്സുമുതൽ കാൽനഖം വരെ പങ്കെടുക്കുന്ന, ശരീരത്തിന്റെ ആമൂലാഗ്രവും സമൂർത്തവുമായ ആവിഷ്കരണമായി ഭാവത്തെ കാണുന്ന കഥകളിദർശനം രാവുണ്ണിമേനോനാശാന്റെ കാലത്തോടെ കഥകളിയിൽ വേരൂന്നിയിരുന്നു. എന്നാൽ ആ ദർശനം അതിസൂക്ഷ്മവും ലക്ഷ്യവേധിയുമായി അരങ്ങിൽ കൊണ്ടുവന്നത് രാമൻകുട്ടിനായരാണ്. അത്രമേൽ ഉജ്ജ്വലമായ മുഖാഭിനയമല്ല, ശരീരത്തിന്റെ എല്ലാ അംഗങ്ങളോടും സമരസപ്പെടുന്ന ഉപാംഗാഭിനയമാണ് രാമൻകുട്ടിനായരുടെ അരങ്ങിനെ വ്യതിരിക്തമാക്കിയത്. സർവ്വാംഗവ്യാപിയായി പ്രസരിയ്ക്കുന്ന ആ സൗന്ദര്യധാരയാണ് മറ്റനേകം മഹാപ്രതിഭകളായ നടന്മാർക്കിടയിൽ രാമൻകുട്ടിനായരെ എപ്പോഴും ഒന്നാമനാക്കിയതും.
ചൊല്ലിയാട്ടപ്രധാനമായ രാവണോൽഭവം, നരകാസുരവധം പോലുള്ള കഥകളെല്ലാം എണ്ണിയാലൊടുക്കാത്തത്രയും തവണ ആവർത്തിച്ചുചൊല്ലിയാടിച്ച രാവുണ്ണിമേനോനാശാനെ എപ്പോഴും രാമൻകുട്ടിനായർ സ്മരിക്കാറുണ്ടായിരുന്നു. ഈ നിരന്തരാവർത്തനം കൊണ്ട് ഊട്ടിമിനുക്കിയശേഷം,അനവധി ആവർത്തി അരങ്ങിൽ ചെയ്തു പൊൻകാരമിട്ടും മിനുക്കപ്പെട്ട മെയ്ത്തിളക്കമാണ് നാം അരങ്ങിൽ കണ്ടിരുന്നത്. ക്രമേണ, ശരീരം ലയാത്മകമായ ഒരു സിംഫണിയിലേക്ക് ഉൾച്ചേരുന്ന രാസവിദ്യ രാമൻകുട്ടിയാശാനിൽ സംഭവിയ്ക്കപ്പെട്ടു. രാവണോൽഭവത്തിന്റെ അരങ്ങുനോക്കുക, ലോകേശാത്തവരപ്രതാപബലവാനായ രാവണന്റെ പൂർവ്വകഥാഖ്യാനമായ 'തപസ്സാട്ടം' രാമൻകുട്ടിനായരാശാനാണ് ചെയ്യുന്നതെങ്കിൽ അതിന്റെ പ്രമേയപരമായ എല്ലാ ആധിവ്യാധികളിൽ നിന്നും നമ്മളും ക്രമേണ വിട്ടുപോവും. ത്രിപുടതാളത്തിന്റെ താളവട്ടങ്ങളിൽ, ആ മെയ്യ് ഒരു സംഗീതോപകരണം പോലെ പ്രവർത്തിയ്ക്കുന്ന ലയചാരുതയിലേക്ക് മുഗ്ധമായ ഒരു ആസ്വാദനതലം ക്രമേണ നമ്മിലെത്തും. ഇതു യാദൃശ്ചികമല്ല. രാമൻകുട്ടിനായരുടെ കലാദർശനത്തിന്റെ മർമ്മം അവിടെയാണ് കുടികൊള്ളുന്നത്.
സൂക്ഷ്മചലനങ്ങളിൽ ആ ശരീരം പ്രാപിച്ചിരുന്ന ഒരു വിശ്രാന്തി നിരീക്ഷിച്ചാൽ ഇതു വ്യക്തമാവും. ഉൽഭവം രാവണൻ തിരനോക്കിനുശേഷം തിരതാഴ്ത്തി, കണ്ണാടിയുത്തരീയം പടംമറിച്ചിട്ട ശേഷം ത്രിപുട ഒന്നാംകാലം (പതികാലം ) തുടങ്ങുമ്പോൾ ഇരുവശത്തേയ്ക്കും നൽകുന്ന ഒരു ഉലച്ചിൽ ശ്രദ്ധിയ്ക്കുക, കഥകളിയുടെ മെയ്യ് ഏറ്റവും മൂർച്ചയുള്ള ഒരു സാവകാശശിൽപ്പമായി നമ്മെ വന്നു ത്രസിപ്പിയ്ക്കും. ഒന്നു കൂടിയാൽ ആഭാസവും ഒന്നു കുറഞ്ഞാൽ ദുർബലവുമാവുന്ന ആ ഉലച്ചിലിനു വേണ്ടി ആ ശരീരം സ്വയമേ ഒരു സംഗീതമാവുന്നത് നമുക്കു കാണാം. ഇതേ സാവകാശത്തിന്റെ വിശ്രാന്തിതലം അതിദ്രുതകാലത്തിലും പരിരക്ഷിയ്ക്കാൻ പറ്റുന്നിടത്താണ് രാമൻകുട്ടിയുടലിന്റെ വേരുറപ്പ് നമുക്ക് വ്യക്തമാവുക. ഉദാഹരണത്തിനു തോരണയുദ്ധം ഹനുമാൻ അവസാനമെടുക്കുന്ന നാലാമിരട്ടി. ഇരുകൈകളിലും പന്തങ്ങളേന്തി, ഉരുളുമറിഞ്ഞു പ്രവഹിയ്ക്കുന്ന ചെണ്ടയുടെ നാദപ്രരോഹത്തിനനുസരിച്ച് രാമൻകുട്ടിനായർ എടുക്കുന്ന നാലാമിരട്ടി അനിതരസാധാരണമാവുന്നത് ആ ആവേശത്തിലും കൈവിടാത്ത വിശ്രാന്തിയുടെ ആരുബലം കൊണ്ടാണ്. പന്തത്തിലെ ജ്വാലയിൽ ഇരുകണ്ണുകളും തറപ്പിച്ച്, ശിരസ്സ് കൃത്യം താളസ്ഥാനത്ത് ഒരു നൂലിടയനക്കം കൊടുക്കുമ്പോൾ കാണുന്നവർക്കുണ്ടാവുന്ന തീക്ഷ്ണാനുഭവം സമ്മാനിയ്ക്കുന്നതും മറ്റൊന്നുമല്ല. വട്ടമുടിയുടെ ചുറ്റുമുള്ള അലുക്കുകൾ ആ ചലനത്തിനു വട്ടംപിടിച്ച് അനങ്ങുമ്പോൾ, പ്രപഞ്ചം ആ അലുക്കുകളിൽ വിറകൊള്ളുന്നതു കാണാം.
എന്നാൽ, ഈ സാവകാശവിശ്രാന്തിയ്ക്കുള്ള ധാതുവീര്യം പകരുന്നതെന്താണ്? അത് ഊർജ്ജോപയോഗത്തെപ്പറ്റിയുള്ള സുവ്യക്തധാരണയാണ്. രണ്ടുമണിക്കൂർ കൊണ്ട് ആടിത്തീർക്കേണ്ട ഒരു വേഷം സാഹചര്യവശാൻ ഒരുമണിക്കൂർ ആയി ചുരുക്കിയവതരിപ്പിയ്ക്കേണ്ട സാഹചര്യം വന്നെന്നുവെയ്ക്കൂ, രാമൻകുട്ടിയാശാൻ രണ്ടുമണിക്കൂറിൽ കാണിക്കാനുള്ളത് ഒരു മണിക്കൂറിൽ കാണിച്ചുതീർക്കാനായി അരങ്ങിൽ കിടന്നു വെപ്രാളപ്പെടുന്നതോ പിടയ്ക്കുന്നതോ കണ്ടിട്ടില്ല. അപ്പോഴും ശരീരത്തിന്റെ ആ സ്വതഃസിദ്ധസാവധാനത ഒപ്പമുണ്ടാവും. പറഞ്ഞസമയത്ത്, കൃത്യം എഡിറ്റ് ചെയ്ത് തീർക്കുകയും ചെയ്യും. ഇതു സാദ്ധ്യമായിരുന്നത്, രംഗപ്രവൃത്തിയേപ്പറ്റിയും അതിനുവേണ്ട ഊർജ്ജത്തെപ്പറ്റിയുമുള്ള സുവ്യക്തമായ ധാരണയിൽ നിന്നാണ്. തപസ്സാട്ടം മുഴുവൻ നിറഞ്ഞാടിയ മെയ്യുമായി ആശാൻ 'ഗംഭീരവിക്രമ' എന്ന പദംചെയ്യുന്നത് കാണുക, ഊർജ്ജവിനിയോഗത്തിന്റെ അത്ഭുതമായിരുന്നു അത്.
താരതമ്യേന ചിട്ടപ്പെട്ടതെന്നു പറയാനാവാത്ത ഭാഗങ്ങൾക്കും, ഒരുപരിധിവരെ ലോകധർമ്മിസ്പർശമുള്ള ആവിഷ്കാരങ്ങൾക്കും വരെ ശൈലീകൃതമായ ഒരു മാനം രാമൻകുട്ടിനായരിൽ കൈവന്നിരുന്നു. കല്യാണസൗഗന്ധികം ഹനുമാന്റെ 'ആരിഹ വരുന്നതിവൻ' എന്ന പദത്തിൽ 'ഖേദേന കേസരികൾ' എന്ന ഭാഗം വിസ്തരിക്കുന്നത് ഓർമ്മിയ്ക്കാം. ഗുഹാന്തരങ്ങളിൽ പോയി പേടിച്ചൊളിയ്ക്കുന്ന സിംഹമായി ആശാൻ പകർന്നാടുന്ന വിധം നോക്കുക - വലതുഭാഗത്തെ പീഠത്തിൽ കൈകുത്തി ഇരുന്ന്, ക്രമേണ ഇടതുഭാഗത്തെ പീഠം വരെ നിരങ്ങി സഞ്ചരിച്ച്, അവിടെനിന്ന് വാലുകൊണ്ട് രണ്ടടി അടിച്ച്... മറ്റാരെങ്കിലും ചെയ്താൽ എളുപ്പം ഗോഷ്ടിയായി പരിണമിയ്ക്കാവുന്ന ഈയൊരു അനുകരണപകർന്നാട്ടം, രാമൻകുട്ടിയാശാൻ ചെയ്യുമ്പോൾ അതിന്റെ ശൈലീകൃതമാനം കൊണ്ട് ലോകധർമ്മിതയിൽനിന്നു തന്നെ വിമോചിതമാവും പോലെ അനുഭവപ്പെടും. അഹല്യാമോക്ഷം,പാർവ്വതീവിരഹം തുടങ്ങിയ താരതമ്യേന അയഞ്ഞഘടനയുള്ള ആട്ടങ്ങളിൽ പോലും ആശാന്റെ അവതരണം ഒരു ശിൽപ്പാകാരമാർജ്ജിയ്ക്കും. രാമൻകുട്ടിയാശാന്റെ തിരനോക്കു തന്നെ, മുഖാഭിനയത്തിന്റെ വിവിധതലങ്ങൾ പ്രകാശിപ്പിയ്ക്കുന്നതിലല്ല, കണ്ണും കഴുത്തും കയ്യും അവയോടു ചേർന്ന മേളവും യോജിച്ചുണ്ടാവുന്ന ചേരുവയിലാണൂന്നുന്നത് എന്നതു ശ്രദ്ധിയ്ക്കുക. ഇതെല്ലാം സാദ്ധ്യമാക്കുന്നത്, ശരീരത്തിന്റെ സർവ്വാംഗസാന്നിദ്ധ്യം കൊണ്ട് മൂർത്തമാക്കപ്പെടുന്ന രാമൻകുട്ടിനായർ സവിശേഷത കൊണ്ടാണ്.
താളം - അനുസരണവും അപനിർമ്മിതിയും
ശരീരത്തിന്റെ ലയസൗഭാഗ്യത്തിനു കരുത്തുപകരുന്ന വാസനാബലം രാമൻകുട്ടിയാശാന് താളമാണ്. താളത്തെ അനുസരിയ്ക്കാൻ സാമാന്യേന താളബോധമുള്ള ഏതുകലാകാരനും പറ്റും. താളത്തെ വെല്ലുവിളിയ്ക്കാൻ അൽപ്പം കുസൃതികൂടിയുള്ള പ്രതിഭകൾക്കും പറ്റും. എന്നാൽ രാമൻകുട്ടിയാശാനെപ്പോലെ താളത്തിന്റെ ഏറ്റവും മർമ്മതലസ്പർശിയായ ബോധം മനസ്സിലും മെയ്യിലുമുൾക്കൊണ്ട് താളമൂർത്തിയായി മാറുക എന്നത് അത്യന്തം ശ്രമകരവും അപൂർവ്വവുമാണ്. കഥകളിയുടെ താളഘടനയെ നൈസർഗികമാം വിധം സ്വശരീരത്തിലാവാഹിയ്ക്കുകയായിരുന്നു ആശാൻ. ശരീരസംഗീതത്തെ അകൃത്രിമദ്യുതിയോടെ താളാംഗഘടനയോട് ആശാൻ ഇണക്കിച്ചേർത്തത് അനായാസമായാണ്.
താളാനുസാരിതയുടെ സൗന്ദര്യം ആശാന്റെ ഏത് വേഷത്തിൽ നിന്നും അന്യൂനം പ്രവഹിച്ചുകൊണ്ടിരുന്നു. മേളപ്പെരുക്കത്തിനു സാദ്ധ്യതയുള്ള മുദ്രകൾ വരും വിധം ആവിഷ്കരണങ്ങളെ നിർണയിക്കുന്നതുമുതൽ, ചൊല്ലിയാട്ടത്തിൽ കാണുന്ന താളാനുസാരിതയുടെ ഘനസാന്ദ്രതവരെ അതു വിപുലമാണ്. കൊട്ടിക്കൂർപ്പിയ്ക്കാവുന്ന ഇടങ്ങളിൽ ആ കഥകളിമേളച്ചന്തത്തോട് രാമൻകുട്ടിയാശാന്റെ ശരീരം ഉന്മീലിതമാവുന്നത് അത്യന്തം അനായാസമാണ്. നക്രതുണ്ഡിയെ നരകാസുരൻ 'വാ' എന്നു ഏറ്റിച്ചുരുക്കി വിളിയ്ക്കുന്നത് പോലെയുള്ള അവസരങ്ങളിൽ ആശാന്റെ ശരീരം മേളത്തിന്റെ ഒരു ദൃശ്യാവിഷ്കാരമെന്നോണം ചേർന്നു സംഗീതം തീർക്കുന്നു. പതിഞ്ഞ ഇരട്ടി, അഷ്ടകലാശം തുടങ്ങിയ നൃത്താംശങ്ങളിൽ തികഞ്ഞ താളാനുസരണത്തിന്റെ ദീപ്തി സൃഷ്ടിയ്ക്കുന്നു.
താളത്തെ ധിക്കരിയ്ക്കുകയോ വെല്ലുവിളിയ്ക്കുകയോ ചെയ്യുന്നത് ആശാന്റെ മാർഗമല്ല. എന്നാൽ നിശ്ശബ്ദത, ചില പോസുകൾ - ഇവകൊണ്ട് താളത്തിനു കൂടുതൽ അഴകുള്ളൊരു ധ്വന്യാത്മകമാനം ആശാൻ നൽകുന്നത് കാണാം. ഉദാഹരണത്തിനു സമുദ്രലംഘനസമയത്ത് സമുദ്രം ചാടിക്കടക്കാനായി പീഠത്തിൽ നിന്ന് ചാടിയാൽ ത്രിപുടയുടെ രണ്ടു താളവട്ടം അരങ്ങിൽ നിന്നു പിന്നിലേയ്ക്കു തിരിഞ്ഞ് നിന്ന്, പെട്ടെന്നു മുന്നിലേക്കു വെട്ടിത്തിരിഞ്ഞ് കൃത്യസ്ഥാനങ്ങളിൽ കാൽകുടഞ്ഞ് സമുദ്രലംഘനം നടത്തുന്നതു ശ്രദ്ധിയ്ക്കുക. ആ പിന്നിലേക്കു തിരിഞ്ഞുനിന്ന് കൊടുക്കുന്ന നിശ്ശബ്ദത സമുദ്രലംഘനത്തിന് കലാപരമായ വല്ലാത്തൊരാഴം നൽകുന്നു. കാലകേയവധം അർജ്ജുനൻ പന്തടി തുടങ്ങുക, കാട്ടാളൻ അസ്ത്രം കൂർപ്പിയ്ക്കാൻ തുടങ്ങുക തുടങ്ങിയ പഞ്ചാരിവട്ടം തുടങ്ങുന്ന ഇടങ്ങളിലും ഈ നിശ്ശബ്ദതയുടെ ഘനസൗന്ദര്യം നൽകുന്നതു കാണാം.
താളരഹിതമെന്ന തോന്നലുളവാക്കി, താളത്തിലുൾച്ചേർക്കുന്ന തന്ത്രവും രാമൻകുട്ടിയാശാനിലുണ്ട്. കീചകന്റെ 'ഹരിണാക്ഷിജന' എന്ന പദത്തിൽ 'മദകളകളഹംസാഞ്ചിതഗമനേ' എന്നിടത്തെടുക്കുന്ന ഇരട്ടി നോക്കുക, പരിഭ്രമിച്ചോടുന്ന സൈരന്ധ്രിയെ താളമില്ലെന്നു തോന്നിയ്ക്കുന്ന ചലനങ്ങളിലൂടെ പിന്തുടർന്ന്, ഇരട്ടിയിലെത്തുമ്പോൾ പെട്ടെന്നു കൃത്യം താളത്തിലേക്കു വീണ് ഇരട്ടി പൂർത്തിയാക്കുന്നു. പതിഞ്ഞപദങ്ങളിൽ ഒരു മുദ്രയ്ക്കു വരുന്ന താളവട്ടത്തിന്റെ ദൈർഘ്യത്തെ വിശദാംശങ്ങൾ ചേരുന്ന അഭിനയം കൊണ്ട് പൂർത്തിയാക്കുന്നതിലപ്പുറം, കൃത്യമായ വേഗതയിലും ലയത്തിലുമുള്ള അംഗചലനങ്ങൾ കൊണ്ടുള്ള പൂർണ്ണതയിലാണ് രാമൻകുട്ടിയാശാൻ ഊന്നുന്നത്. ഇതു പതിഞ്ഞകാലത്തിലുള്ള ആവിഷ്കരണങ്ങൾക്കും പ്രസക്തമാണ്. തപസ്സാട്ടത്തിലെ അതിസൂക്ഷ്മതലങ്ങളെ കണ്ണുകൾ, കഴുത്ത് തുടങ്ങിയവയുടെ ചലനത്തിനു പോലും സമൃദ്ധമായ ഉരുളുകൈ കൊണ്ട് പൊലിപ്പിച്ചുകൊട്ടാൻ പാകത്തിനായിരുന്നു ആശാന്റെ അവതരണം.
ചമ്പ രണ്ടാം കാലത്തിലുള്ള സൗഗന്ധികം ഹനുമാന്റെ പദത്തിനായി അദ്ദേഹം ആവിഷ്കരിച്ച 'തകൃത'കലാശം രാമൻകുട്ടിനായരുടെ കലാദർശനത്തെ സമർത്ഥമായി സംവഹിയ്ക്കുന്നു.ഏറ്റിച്ചുരുക്കലിന്റെ തന്ത്രവും ക്രമികമായ വിപുലീകരണവും ഒരുപോലെ ആ കലാശത്തിൽ ആ കലാശത്തിൽ വരുന്നുണ്ട്. താളത്തെ അതിസൂക്ഷ്മമായി അനുസരിയ്ക്കുകയും, ആ അനുസരണയ്ക്കുള്ളിൽ നിന്നുകൊണ്ട് താളാംഗങ്ങളെ നിശ്ശബ്ദതകളും സങ്കീർണതകളും ചേർത്ത് അപനിർമ്മിയ്ക്കുകയും ചെയ്ത കാര്യത്തിൽ രാമൻകുട്ടിനായർക്കു സമശീർഷരായി ആരുമുണ്ടാവില്ല.
അയുക്തിബോധമെന്ന അരങ്ങുബോദ്ധ്യം
കഥകളിയുടെ ആഹാര്യം മുതൽ അവതരണശിൽപ്പം വരെ അമാനുഷീയമാണ് ഉരുവപ്പെടുത്തിയിരിയ്ക്കുന്നത്. മനുഷ്യസാധാരണമായ ലൗകികയുക്തിബോധത്തിലല്ല, ശൈലീകൃത അരങ്ങിന്റെ ഔചിത്യബോധത്തിലാണ് കഥകളിയുടെ അസ്ഥിവാരം നിലകൊള്ളുന്നത്. നാട്യശാസ്ത്രത്തിലെ നാട്യധർമ്മിസങ്കൽപ്പത്തെ കഥകളി പ്രത്യക്ഷീഭവിപ്പിയ്ക്കുന്നത് പ്രധാനമായും അങ്ങനെയാണ്. " അതിവാക്യ ക്രിയോപേതമതിസാത്വതിഭാവകം" എന്ന നാട്യശാസ്ത്രനിയമത്തെ കഥകളിയോളം ഉൾക്കൊണ്ട കലാരൂപങ്ങൾ കുറയും. ജീവിതത്തിലെ സാധാരണസന്ദർഭങ്ങളോ, വാക്കുകളോ, കാഴ്ച്ചകളോ അല്ല, അമാനുഷീയവും 'അതിവാക്യ'പ്രധാനങ്ങളുമായ വാക്കുകളും സന്ദർഭങ്ങളും കാഴ്ച്ചകളുമാണ് കളിയരങ്ങിന്റെ ഭാഷയ്ക്ക് ഇണങ്ങുന്നത്. ഈ നിലപാട് തന്റെ ആവിഷ്കരണങ്ങളിലുടനീളം നിഷ്കർഷയോടെ പുലർത്തിയ ആചാര്യനായിരുന്നു രാമൻകുട്ടിനായർ.
ആശാന്റെ സമുദ്രലംഘനത്തിൽ, ചുറ്റുമുള്ള കാഴ്ച്ചകളുടെ യുക്തിരാഹിത്യത്തെ പലരും വിമർശിച്ചുകണ്ടിട്ടുണ്ട്. എന്നാൽ മുതല, മീൻപിടുത്തം തുടങ്ങിയ ആശാന്റെ ആവിഷ്കരണങ്ങൾ ഊന്നുന്നത് മേളത്തോടു ചേർന്നു വരുന്ന അനുഭവതലത്തെയാണ് എന്നു മനസ്സിലാക്കാം. വലയെറിയുന്നത്, തോണിതുഴയുന്നത്, വല വലിച്ചുകയറ്റുന്നത്, മീൻ പിടയുന്നത് - ഇതെല്ലാം ചെണ്ടയുടെ ഉരുളുകോൽസാധകത്തിന്റെ സൗന്ദര്യം കൊണ്ട് അരങ്ങിൽ നിറയുന്ന അനുഭവത്തിനാണ് ആശാൻ പ്രാധാന്യം കൊടുത്തിരുന്നത്, അല്ലാതെ ലൗകികയുക്തികൾക്കല്ല. കൈലാസോദ്ധാരണസമയത്ത് ക്രമികമായി കൈലാസത്തെ നിസ്സാരവൽക്കരിച്ച് 'ഒരു പന്തുപോലെ' എന്നു കാണിയ്ക്കുമ്പൊഴും കൈലാസം പന്തുപോലെ നിസ്സാരമാവുന്ന യുക്തിക്കപ്പുറം അത്രമേൽ കൂർത്തുവരുന്ന, വിപുലമാനത്തിൽ നിന്ന് ക്രമേണ ചുരുങ്ങിച്ചുരുങ്ങിവരുന്ന ശൈലീകരണത്തിലാണ് ആശാൻ ഊന്നുന്നത്. ഈ നിലപാട് പൊതുവേ ആശാന്റെ ആവിഷ്കരണങ്ങളിലെല്ലാം നിഴൽവീശിയതായി കാണാം.
ഫലിതം - ശൈലീകരണത്തിന്റെ രംഗപാഠം
ഫലിതത്തിനായി കഥകളി സ്വതവേ കുറേ കഥാപാത്രങ്ങളെ പടച്ചുവിട്ടിട്ടുണ്ട്. എന്നാൽ അവയേതിനേക്കാളും ഉള്ളറിഞ്ഞു ചിരിയ്ക്കുന്ന ഫലിതങ്ങൾ അരങ്ങിൽ നിറഞ്ഞിരുന്നത് രാമൻകുട്ടിയാശാനിലാണ്. സ്വതഃസിദ്ധമായി സംസാരത്തിൽ തന്നെ സൂക്ഷ്മഫലിതമുള്ള ആശാന് അരങ്ങ് കുറേക്കൂടി സൂക്ഷ്മവും ചാരുതയുള്ളതുമായ ഫലിതങ്ങളുടെ കൂടി ഇടമായിരുന്നു എന്നു പറയുമ്പോഴാണ് ഈ ഗൗരവചക്രവർത്തിയുടെ ചിത്രം പൂർത്തിയാവുക. 'സാഹചര്യഫലിതം' എന്ന നിലയിൽ ചേർക്കാവുന്നവ തമാശകൾ എപ്പോഴും ആശാന്റെ അരങ്ങിൽ വിരിഞ്ഞുകൊണ്ടേയിരുന്നു. ലങ്കാലക്ഷ്മിയുടെ അടുത്തെത്തുന്ന ഹനുമാൻ മെല്ലെ അടുത്തുചെന്ന് 'തൊട്ടു കണ്ണെഴുതാം' എന്നു കാണിയ്ക്കുമ്പോഴേയ്ക്കും കാണികൾ ആർത്തുചിരിച്ചിരുന്നത് രാമൻകുട്ടിയാശാന്റെ വ്യക്തിപ്രഭാവം കൂടി ചേർത്തു സൃഷ്ടിയ്ക്കപ്പെട്ട വിഗ്രഹവൽക്കരണം കൊണ്ടുകൂടി ആവണം. പാർവ്വതീവിരഹസമയത്ത് ശിവനായി പകർന്നാടുമ്പോൾ ഗണപതിയെ മടിയിൽ നിന്നിറക്കിവിടുന്നത്, ഗംഗയെ പ്രാപിയ്ക്കുന്നതിനിടയ്ക്ക് ആരോ വരുന്ന ശബ്ദം കേട്ട് അപതാളം പിടിച്ച് ഗാനാലാപനം നടത്തുന്നത് , അഞ്ചുഗന്ധർവ്വന്മാർ ഭർത്താക്കന്മാരായുണ്ടെന്നു പറയുമ്പോൾ 'അഞ്ചോ? എന്നാൽ ഞാനും ചേർത്ത് ആറായി ഇരിക്കട്ടെ" എന്നു കീചകൻ പ്രതികരിയ്ക്കുന്നത്, സൗഗന്ധികം ഹനുമാൻ ഭീമനെ വാൽസല്യവും കൗതുകവും ചേർന്ന കുസൃതികൾ കൊണ്ട് ഗദയൊളിപ്പിച്ചുവെച്ച് പരീക്ഷിയ്ക്കുന്നത്, രണ്ടാം ദിവസത്തിലെ കാട്ടാളൻ 'വസിയ്ക്ക നീയെന്നംസേ താങ്ങി ' എന്നിടത്ത് തോൾ കുനിച്ചു നൽകുന്ന പോസ്റ്ററിലൂടെ ഫലിതമുളവാക്കുന്നത്, ലവണാസുരവധത്തിൽ സീതാസവിധത്തിൽ നിന്നു 'പുത്രരുടെ പരാക്രമം' വർണ്ണിയ്ക്കുമ്പോൾ കുശലവന്മാരെ കളിപ്പിയ്ക്കുന്നത് - ഇങ്ങനെ അനേകമനേകം സാഹചര്യഫലിതങ്ങളുടെ നൈർമല്യമുള്ള ചിരി അരങ്ങിൽ നിറയ്ക്കാനും രാമൻകുട്ടിയാശാനു നിഷ്പ്രയാസം കഴിഞ്ഞിരുന്നു.
അനതിസാധാരണയയ ഒരു അർദ്ധനാരി ആവശ്യം വരുമ്പോൾ രാമൻകുട്ടിയാശാനിൽ നിന്നു പുറത്തുവന്നു. കൈകസിയായി ഉൽഭവം രാവണൻ പകർന്നാടുമ്പോൾ നൽകുന്ന സ്ത്രൈണത നോക്കുക, ഓരോ അണുവിലും പൗരുഷത്തെ പരിത്യജിച്ച് സ്ത്രൈണത വന്നു കത്തിവേഷത്തെ പുൽകുന്നത് കാണാം. ബാലിവിജയത്തിലെ പാർവ്വതീവിരഹത്തിൽ പാർവ്വതിയുടെയും ദേവസ്ത്രീകളുടെയും നീരാട്ട്, രാജസൂയത്തിലെ ഗോപസ്ത്രീവസ്ത്രാപരണത്തിലെ ഗോപികമാരുടെ അവതരണം തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ സ്ത്രൈണചാരുത കാണാം. അപരസാനിദ്ധ്യങ്ങൾ ശൈലീകൃതഭാഷയിൽ എളുപ്പം വഴങ്ങുന്ന ഒരു സ്വഭാവം ആശാന്റെ അഭിനയപദ്ധതിയ്ക്കുണ്ട്.
അലർച്ച - ഭാവത്തിന്റെ ശബ്ദലോകം
വാചികം പൊതുവേ നിഷേധിയ്ക്കപ്പെട്ട കഥകളിയിൽ കലാകാരനു ലഭിയ്ക്കുന്ന പരിമിതമായ വാചികോപയോഗമാണ് അലർച്ച. അതികഠിനമാം വിധം കർണ്ണകഠോരമായി അലറുന്ന ചോന്നാടിവേഷങ്ങൾക്കപ്പുറത്ത്, അലർച്ചയുടെ സൗന്ദര്യം നമുക്കു കത്തിവേഷങ്ങളിൽ കേൾക്കാം. ആ സൗന്ദര്യം രാമൻകുട്ടിയാശാനിൽ നിറഞ്ഞുകേൾക്കാമായിരുന്നു. നേർകോലും ഉരുളുകോലും ചെണ്ടയിൽ കൊട്ടിക്കൂർപ്പിയ്ക്കപ്പെട്ട്, ശ്ലോകം ഗായകൻ പാടിയവസാനിപ്പിയ്ക്കുമ്പോൾ നൽകുന്ന അമർന്നസ്വരത്തിലുള്ള ശംഖനാദത്തോടു കൂടിയുള്ള കത്തിയുടെ അലർച്ച, ഇത്രമേൽ ചൈതന്യവാഹിയായി കേട്ട അനുഭവം വേറെയില്ല. ഒരേസമയം നിറഞ്ഞ തരിയുള്ള അലർച്ചയായിരിയ്ക്കുകയും അതേസമയം അമർന്ന സ്വരമായിരിയ്ക്കുകയും ചെയ്യുന്ന അലർച്ച. നരകാസുരനാവുമ്പോൾ, സ്വർഗജയത്തിനായി പടപ്പുറപ്പാടിനു പുറപ്പെട്ട ശേഷം ഇതേ കത്തിവേഷത്തിൽ നിന്ന് ആദ്യന്തം തരിനിറഞ്ഞു തീക്ഷ്ണമായ മറ്റൊരു അലർച്ച കേൾക്കാം.
പതിഞ്ഞപദത്തിൽ സംബോധനയ്ക്കൊപ്പം വരുന്ന അലർച്ചയുടെ സൗന്ദര്യവും കേട്ടറിയേണ്ടതാണ്. അത്രയ്ക്കു സംഗീതമില്ല രാമൻകുട്ടിയാശാൻറ്റെ കയ്യിലെന്നാണു വെപ്പ്. എന്നാൽ ശ്രുതിയോട് ഇടയാതെ, ആ ശരീരഭാഷയോടു ചേർന്ന ലയത്തിൽ, അധികം വായ് തുറക്കാതെ കേൾക്കുന്ന ആ അലർച്ചയുടെ സുഖം വ്യതിരിക്തമായിരുന്നു. മറ്റൊന്ന്, ചില പ്രത്യേകസന്ദർഭങ്ങളിൽ വന്നിട്ടുള്ള അലർച്ചകൾ ആണ്. ബാലിവിജയത്തിലെ 'നാരദമഹാമുനേ' എന്ന പദത്തിനു മുന്നിലേക്കു വെച്ചുചവിട്ടിയ ശേഷം കൊടുക്കുന്ന ഒരു അലർച്ചയുടെ തരിപ്പ് ഇതുപോലെ വേറെവിടെ നിന്നും കിട്ടില്ല. രംഭാപ്രവേശത്തിൽ 'കാലിണ തവ തെഴുതേ പോകുന്നേൻ" എന്നപേക്ഷിച്ച് രംഭ പോവാനൊരുങ്ങുമ്പോൾ കൊടുക്കുന്ന ഒരു സിംഹഗർജ്ജനം, ബാലിവിജയത്തിലെ നാരദന്റെ 'ജയ ജയ രാവണാ" എന്ന പദത്തിന്റെ സമയത്ത് വിവിധഭാവങ്ങളെ പ്രകാശിപ്പിയ്ക്കുന്ന അലർച്ചകൾ എന്നിവയെല്ലാം എത്രമേൽ അനായാസമാണ് ആശാനിൽ വന്നിരുന്നത് !
വേറൊന്നുണ്ട്, ചില സവിശേഷസന്ദർഭങ്ങളിൽ വരുന്ന ശബ്ദങ്ങൾ, അലർച്ചയുടെ സൂക്ഷ്മവ്യതിയാനങ്ങൾ, സ്ഥലജലഭ്രമത്തിൽ അകപ്പെട്ട ദുര്യോധനന്റെ അലർച്ച, ബാലിയുടെ വാലിൽ അകപ്പെട്ട രാവണന്റെ അലർച്ച തുടങ്ങിയവ ഉദാഹരണം. ഒരേ സമയം അതു പരിധിവിടാതെ കാത്തുസൂക്ഷിയ്ക്കാനും, എന്നാൽ ഭംഗിവരുത്താനുമുള്ള സിദ്ധി. ഇത് കത്തിവേഷങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. ഹനുമാന്റെ പ്രത്യേകതരം ശബ്ദങ്ങൾ, സൗഗന്ധികം ഹനുമാന്റെ 'സീതാപതേ' എന്ന ഭാഗത്തു നൽകുന്ന കുരവയിടൽ നാദം, കിരാതം കാട്ടാളൻ പോലുള്ള വേഷങ്ങൾക്ക് ലഭിയ്ക്കുന്ന നാടകീയശബ്ദങ്ങൾ - ഇവയെല്ലാം രാമൻകുട്ടിനായരിൽ അസാമാന്യസൈന്ദര്യത്തോടെ വിരിഞ്ഞു.
വെള്ളിനേഴി നാണുനായരെപ്പറ്റി വാഴേങ്കട കുഞ്ചുനായർ എഴുതിയ ലേഖനത്തിൽ ഒരു വാചകമുണ്ട് - "സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകൾ ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാണിയ്ക്കുന്ന കൂറടക്കം ' . അത്തരം സാഭിപ്രായമായ കൂറടക്കത്തിന്റെ രാജശിൽപ്പിയായിരുന്നു രാമൻകുട്ടിനായർ.
ദശമുഖൻ ശങ്കുപ്പണിക്കരിൽ നിന്ന് കുയിൽത്തൊടി ഇട്ടിരാരിച്ചമേനോനിലേയ്ക്കും, അവിടുന്നു പട്ടിയ്ക്കാംതൊടിയിലേക്കും തുടർന്ന് ഇരുപതാം നൂറ്റാണ്ടിലെ കളിയരങ്ങുകളെയും കളരിയേയും ഭരിച്ച ഒരുകൂട്ടം രാവുണ്ണിമേനോൻ ശിഷ്യപ്രതിഭകളിലേക്കും പ്രസരിച്ച, ഒളപ്പമണ്ണക്കളരിയിൽ വികസിച്ചുവന്ന കല്ലുവഴി സമ്പ്രദായത്തിന്റെ ഒരു മഹത്തായ തലമുറയ്ക്ക് രാമൻകുട്ടിനായരുടെ മടക്കത്തോടെ തിരശ്ശീല വീഴുന്നു. കളിയരങ്ങിൽ ഇനിയും പുതുപൂക്കൾ വിരിയും. രാമൻകുട്ടിനായരടക്കം അക്ഷീണം അഭ്യസിപ്പിച്ചു പ്രാപ്തരാക്കിയ ഇന്നത്തെ നടന്മാരിലൂടെ, ഈ കളരിയുടെ ചൈതന്യവും ഭാവിയിലേക്കു വ്യാപിയ്ക്കും. എന്നാലും, ശരീരമെന്ന നെടുംനാരായം കൊണ്ട് ബലിഷ്ഠമെങ്കിലും ലയസൗഭാഗ്യം നിറഞ്ഞ കവിത രചിച്ചു വിടവാങ്ങിയ ഈ നാട്യപ്രഭുവിനെ വിസ്മരിച്ച് കഥകളിയ്ക്കിനി ഒരു യാത്രയില്ല.
ഉറച്ച കഥകളിയാസ്വാദകനായ വാസുദേവൻമാഷ് മുൻപു പറയുമായിരുന്നു, രാമൻകുട്ടിയാശാന്റെ കത്തിവേഷം തിരനോക്കുന്ന രാത്രിയുടെ രണ്ടാം പാതിയാണ് കഥകളിയുടെ മർമ്മമെന്ന്. ആ സമയത്ത് രാവണചക്രവർത്തിയുടെ തിരനോക്കു കാണാൻ ആകാശത്തു നക്ഷത്രങ്ങൾ വന്നു നിരക്കുമെന്ന്.
ഇപ്പോഴേതെങ്കിലും നക്ഷത്രലോകത്ത് രാമൻകുട്ടിയാശാൻ തിരനോക്കുന്നുണ്ടാവാം. നമുക്കാ ഭാഗ്യം തീർന്നു.
Comments
C.Ambujakshan Nair
Tue, 2013-03-12 06:08
Permalink
ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന് ബാഷ്പാഞ്ജലി
ബഹുമാന്യ കഥകളി ആചാര്യനാന് പത്മഭൂഷണ്‍ . കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ വേര്‍പാട് കഥകളി ലോകത്തിനു നികത്താനാകാത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ അരങ്ങിലെ ഒരു ചില ചലനങ്ങള്‍ ശിഷ്യ സമൂഹങ്ങളുടെ അരങ്ങില്‍ കണ്ട് സംതൃപ്തി നേടുവാനല്ലാതെ ഇനി മറ്റെന്താണ് നമ്മാല്‍ സാധിക്കുക. മഹാനുഭാവനും കളി അരങ്ങിലെ ചക്രവര്‍ത്തിയുമായ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കുവാനും അദ്ദേഹം ചെയ്തു വിജയിപ്പിച്ച സുപ്രധാന വേഷങ്ങള്‍ കണ്ട് ആസ്വദിക്കുവാനും സാധിച്ചത് ഒരു മഹാ ഭാഗ്യമായി കരുത്തുന്നു. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കു മുന്പില് ഒരു തുള്ളി കണ്ണുനീര് അഞ്ജലിയായി സമര്‍പ്പിച്ചു കൊള്ളുന്നു.
Muraly Kandanchatha (not verified)
Tue, 2013-03-12 06:28
Permalink
നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ
There are no words to explain the sadness i feel. Sreechithran, a well written obituary for asaan.
Ravindranathan (not verified)
Tue, 2013-03-12 20:07
Permalink
A tribute to a thespian
Well written tribute and an appreciation of the late thespian's contribution to the art of Kathakali. I may add that the beauty of his presentation strikes the connoisseurs not only from his steps to the stage from the 'aniyara' but also the way in which he holds the 'thirasseela' and leaves it, in perfect rhythm to the thalam. I wish all kathakali artists copy or at least try to copy his style on the stage throughout their performance. I recall with pride I had been lucky to know him off and on stage, particularly during my younger days. I recall the impression a well known sindhi businessman of Dubai, who was also a good actor of Sindhi drama, conveyed to me on seeing the performance as Hanuman in Kalyanasaugandhikam in 1987, when I tried to explain to the businessman the meaning of a couple of padams enacted by the thespian.
athippattaravi (not verified)
Tue, 2013-03-12 20:18
Permalink
ravi06
ഗംഭീരമായിട്ടുണ്ട് ചിത്രാ ... കണ്ണു നിറഞ്ഞു പോയി ...
sunil
Tue, 2013-03-12 20:47
Permalink
സങ്കടം തീരുന്നില്ലാ
സങ്കടം തീരുന്നില്ലാ.. :(
PCVikram
Tue, 2013-03-12 21:44
Permalink
A blissful pranamam on a great personility.
Sree Chithran.
A well written beautiful malayalam lyric, a poem, an obituary so beautifully caricatured with deep knowledge of Kathakali and its immense possibilities of natya, aahaarya and rasa prominent movements on stage with in the limitations of vadya... I enjoyed it with drops of tears in my eyes. Aasaan is no more.... But his legacies will fancy generations to come. A blissful pranamam on a great personility.
സുദേവ് (not verified)
Tue, 2013-03-12 21:59
Permalink
വിവേകവും വികാരവും ഒരേ അളവിൽ
വിവേകവും വികാരവും ഒരേ അളവിൽ ചേർന്ന ലേഖനം. അഭിനന്ദനങ്ങൾ, ശ്രീചിത്രൻ.
രാമൻകുട്ടിയാശാൻ മുന്നിൽ വിടർന്നുവന്നതു പോലെ .
rajeevan (not verified)
Tue, 2013-03-12 22:03
Permalink
athimanoharamaaya bhaashayil
athimanoharamaaya bhaashayil thikanja anubhavangalute arivote ezhuthiya pranaamam. vaayichu kannuniranju.
aaa mahaannte ormmaykku munnil namaskaram.
sunil
Wed, 2013-03-13 19:37
Permalink
Good one
http://www.mathrubhumi.com/online/malayalam/news/story/2168136/2013-03-12/kerala
ഗുരോ, ഒന്നുണരുക; ഇവനില്‍ അനുഗ്രഹം ചൊരിയുക
Posted on: 12 Mar 2013
കലാമണ്ഡലം ഗോപി
ജനവരിമാസത്തിലെ ഒരുദിവസം വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അപ്പുക്കുട്ടനാണ്. രാമന്‍കുട്ടിനായരാശാന്റെ മകന് 'അച്ഛന് ഇവിടെ അശ്വിനി ആസ്പത്രിയിലുണ്ട്. ചെക്കപ്പിന് കൊണ്ടുവന്നതാണ്' അവന് പറഞ്ഞു.
ഞാന്‍ ഉടനെ പുറപ്പെട്ടു. പേരാമംഗലത്തെ എന്റെ വീട്ടില്‍നിന്ന് അധികം ദൂരെയല്ല ആസ്പത്രി. ചെന്നപ്പോള്‍ ആശാന് കിടക്കുകയാണ്. ക്ഷീണിതനാണ്. 'ആരാ ഗോപിയാണോ' എന്ന് ചോദിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു. സിരകളില്‍ ഊര്‍ജംനിറച്ച് അന്തരീക്ഷത്തില്‍ പറക്കുന്ന ഹനുമാനായും കരുത്തിന്റെ അഗ്നിരൂപമായിമാറുന്ന രൗദ്രഭീമനായുമെല്ലാം വേഷപ്പകര്‍ച്ച നടത്തുന്ന എന്റെ പ്രിയപ്പെട്ട ഗുരുവാണ് അവിടെ കിടന്നിരുന്നത്.
അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിനെ വിസ്മയിപ്പിച്ച നടന്. എന്റെ ഓര്‍മകള്‍ക്കും അത്രയും വയസ്സുണ്ട്. ബാല്യകൗമാരങ്ങളിലും യൗവനത്തില്‍ മുമ്പേനടന്നും നയിച്ച 'ഗുരോ, ഞാനെന്താണ് പറയേണ്ടത്?' ആശാനോടൊപ്പം ഗുരുകുലത്തിലും വേദികളിലുമായി എണ്ണമറ്റ ദിനങ്ങള്‍, കടല്‍പോലെ ഓര്‍മകള്‍...
മരണദൂതുമായെത്തിയ മഹാവ്യാധിയെ മനക്കരുത്തുകൊണ്ട് ആട്ടിയോടിച്ചയാളാണ് എന്റെ ഗുരുനാഥന്. ആരോഗ്യം വീണ്ടെടുത്ത് ഗുരുവായൂരില്‍ വീണ്ടും അരങ്ങിലെത്തിയപ്പോള്‍ ഞാനും പോയിരുന്നു. പിന്നീട് അടയ്ക്കാപുത്തൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു.
1951ല്‍ കലാമണ്ഡലത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി എത്തുമ്പോള്‍ ആശാന് അവിടെ സീനിയര്‍ അധ്യാപകനാണ്. പത്മനാഭന്നായരാശാനാണ് ജൂനിയര്‍ അധ്യാപകന്. കൃഷ്ണന്‍കുട്ടിവാര്യര്‍ ആശാനായിരുന്നു മറ്റൊരധ്യാപകന്. അദ്ദേഹം പിന്നീട് നൃത്തവിഭാഗത്തിലേക്ക് മാറി. ഞാനുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളാണ് അന്ന് കഥകളിവേഷത്തിനുണ്ടായിരുന്നത്. കവളപ്പാറ നാരായണന്നായരാശാന്റെ മകന് രാജഗോപാലന്‍, കലാമണ്ഡലം മുരളീധരന്, തൃപ്പലമുണ്ട നാരായണന്കുട്ടിപ്പണിക്കര്, കലാമണ്ഡലം ശങ്കരനാരായണന്, കലാമണ്ഡലം കരുണാകരന്, കലാമണ്ഡലം കൃഷ്ണന്‍കുട്ടി (കുറിച്ചി കുഞ്ഞന്‍പണിക്കരുടെ മകന്) ഇവരില്‍ എല്ലാംകൊണ്ടും ജൂനിയര്‍ ഞാനായിരുന്നു.
പത്മനാഭന്നായരാശാനില്നിന്ന് തികച്ചും വ്യത്യസ്തമായ രീതികളായിരുന്നു രാമന്കുട്ടിനായരാശാന്റേത്. തികഞ്ഞ കര്‍ക്കശക്കാരന്‍, ഗൗരവക്കാരന്‍, ഒരു വിട്ടുവീഴ്ചയുമില്ല. ചൊല്ലിയാട്ടമാണ് ആശാന് പരിശീലിപ്പിച്ചിരുന്നത്. തെറ്റിയാല്‍ മുട്ടികൊണ്ട് ഏറ് ഉറപ്പാണ്. വിദ്യാര്‍ഥികള്‍ തെറ്റുചെയ്തെന്ന് മനസ്സിലായാല്‍ വിചാരണകൂടാതെയാണ് ശിക്ഷ. വടികൊണ്ടും തല്ലും. ശിക്ഷ കൂടിപ്പോയി എന്ന് തോന്നിയാലും പുറത്തുകാണിക്കില്ല. പക്ഷേ, ആ മനസ്സില്‍ നിറയെ സ്നേഹമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
കലാമണ്ഡലത്തില്‍ അന്ന് ഒരു കെട്ടിടമേ ഉള്ളൂ. ഇതില്‍ രണ്ട് മുറികളും ഒരു ഹാളുമുണ്ട്. ഹാളിലാണ് പരിശീലനം. സ്റ്റേജിനോടടുത്തുള്ള മുറിപോലുള്ള ഭാഗത്ത് ജൂനിയര്‍ വിദ്യാര്‍ഥികള്‍. സീനിയര്‍മാര്‍ ഹാളിന്റെ ഒരുമൂലയില്‍ കിടക്കും. ഹോസ്റ്റലും ക്ലാസുമെല്ലാം ഒരേ കെട്ടിടംതന്നെ. രണ്ട് മുറികളില്‍ ഒന്നില്‍ ആശാനാണ് താമസിക്കുന്നത്. രണ്ടാമത്തേതില്‍ ക്ലര്‍ക്ക് ഉണ്ണിവാര്യരും. വാര്‍ഡന്റെ ചുമതല ആശാനാണ്. രാത്രി 8.30 കഴിഞ്ഞാല്‍ എല്ലാവരും ഉറങ്ങിക്കൊള്ളണം. ഇടയ്ക്കിടെ ആശാന് ടോര്‍ച്ചുമായി പരിശോധനയും നടത്തും. ഗുരുകുല സമ്പ്രദായത്തിലായിരുന്നു അധ്യയനം. പുലര്‍ച്ചെ മൂന്നിന് ക്ലാസ് തുടങ്ങും. ആദ്യം കണ്ണസാധകമാണ്. ഉച്ചയ്ക്കുശേഷമാണ് ചൊല്ലിയാട്ടം അഭ്യസിക്കുക. ഗുരുവിനോടൊപ്പം ആരും ഇരിക്കാറില്ല. എന്നാല്‍ മെസ്സില്‍ ആദ്യം ഭക്ഷണം ശിഷ്യന്മാര്ക്കാണ്. ഇതിനുശേഷമാണ് ഗുരുക്കന്മാര് വരിക.
പഠനംകഴിഞ്ഞ് ഞാന്‍ അവിടെ അധ്യാപകനായപ്പോള് ഇതുതുടര്‍ന്നു. ആ ഗുരുഭക്തിതന്നെയാണ് എന്റെ ശക്തി. കല്യാണസൗഗന്ധികമാണ് ആശാനും ഞാനും ചേര്‍ന്ന് ഏറ്റവുംകൂടുതല്‍ അരങ്ങുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്. 50 വര്‍ഷത്തിനിടെ എത്രവേദികളില്‍ ഇത് കളിച്ചിട്ടുണ്ടെന്ന് ഓര്‍മയില്ല. കഥകളി ആസ്വാദകര്‍ക്ക് അത്ര പ്രിയങ്കരമായിരുന്നു ആശാന്റെ ഹനുമാനും എന്റെ ഭീമനും. ആശാനോടൊപ്പം വേദിയിലെത്തുമ്പോള്‍ പ്രത്യേക ആവേശമാണ്. പരസ്പരം കൊടുക്കല്‍ വാങ്ങല്‍ ഏറെ സാധിക്കുന്നതും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ത്തന്നെ. അതുകൊണ്ടുതന്നെ എത്ര വേദികള്‍ പിന്നിട്ടാലും വീണ്ടും അഭിനയിക്കാന്‍ കൊതിയാണ്.
ഗുരുവിനേക്കാള്‍ വളര്ന്നശിഷ്യന് എന്ന് ചിലര്‍ പറയാറുണ്ടെങ്കിലും എനിക്കങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. ആശാന് കത്തിവേഷങ്ങളിലും ഞാന്‍ പച്ചവേഷങ്ങളിലുമാണ് കൂടുതല്‍ അരങ്ങിലാടിയത്. അതുകൊണ്ട് എണ്ണമറ്റ വേദികളില്‍ ഒരുമിച്ചഭിനയിക്കാനും കഴിഞ്ഞു.
കത്തിവേഷങ്ങള്‍ക്ക് സ്വന്തമായി വ്യാഖാനം രചിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു ആശാന്. കഥകളിയുടെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊരാള്‍ ഇല്ല. ഇനിയുണ്ടാകാനും പോകുന്നില്ലെന്നാണ് എന്റെ വിശ്വാസം. ആശാന്റെ നരകാസുരന് അദ്വീതിയനാണ്. അതുപോലെ ഉത്ഭവത്തിലെയും ബാലിവിജയത്തിലെയും രാവണണ് തോരണയുദ്ധത്തിലെയും ലവണാസുരവധത്തിലെയും കല്യാണ സൗഗന്ധികത്തിലെയും രാവണന് തുടങ്ങിയവും.
കത്തിവേഷങ്ങള്‍ ആശാനിലൂടെ അതിന്റെ ഉത്തുംഗ ശൃംഗത്തിലെത്തിക്കഴിഞ്ഞു. അതിനപ്പുറം അവതരിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല. ഇത് അതിശയോക്തിയല്ലെന്ന് കഥകളി ആസ്വാദകര്‍തന്നെ സാക്ഷ്യപ്പെടുത്തും. ആശാനെ അനുകരിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷേ, ആരനുകരിച്ചാലും ശരിയാകില്ല.
ഇണക്കത്തോടൊപ്പം പിണക്കവും ഞങ്ങള്‍ തമ്മിലുണ്ടായിട്ടുണ്ട്. 1967 മുതല്‍ കലാമണ്ഡലംസംഘം വിദേശപര്യടനം നടത്തിവരുന്നു. ഇത്തരമൊരു യാത്രയിലാണ് അസ്വാരസ്യം ഉണ്ടായത്. ഞാന്‍ മറക്കാനാഗ്രഹിക്കുന്ന സംഭവമായതുകൊണ്ട് കൂടുതല്‍ വിശദമാക്കുന്നില്ല.
ഗുരു ഭൗതികമായി നമ്മെ വിട്ടുപോയി. വേദിയില്‍ കളിവിളക്കണഞ്ഞുപോയി. ഇനി ആ ഹനുമാനും രാവണനും നരകാസുരനുമെല്ലാം ഓര്മകളില്മാത്രം. മനസ്സ് വിങ്ങുന്നു. ഗുരോ ഒരിക്കല്‍ക്കൂടി ഉണര്‍ന്നുവരിക. ഈ ഗോപിയുടെ മൂര്‍ദ്ധാവില്‍ കൈവെച്ചനുഗ്രഹിക്കുക.
C.Ambujakshan Nair
Wed, 2013-03-13 21:45
Permalink
ഗുരോ, ഒന്നുണരുക; ഇവനില്‍ അനുഗ്രഹം ചൊരിയുക!
ഗോപി ആശാന്റെ വാക്കുകളില്‍ നിറഞ്ഞു നിലക്കുന്നതു ഗുരുഭക്തിയാണ്. ഗുരുനാഥന്റെ അനുഗ്രഹം ഇല്ലാതെ ഒരു കഥകളി കലാകാരന് വളര്‍ച്ച ഉണ്ടാവില്ലല്ലോ ?
sunil
Wed, 2013-03-13 22:24
Permalink
From Mathrubhumi News Paper
http://www.mathrubhumi.com/online/malayalam/news/story/2168137/2013-03-12/kerala
കത്തിവേഷങ്ങളുടെ പ്രതാപസൗന്ദര്യം
Posted on: 12 Mar 2013
ഡോ. എന്‍.പി. വിജയകൃഷ്ണന്
'കഥകളിക്ക് ദൈവം തന്ന നടന്' എന്നാണ് കീഴ്പ്പടം കുമാരന്നായര് രാമന്‍കുട്ടിനായരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു കഥകളിനടന് വേണ്ട ആകര്‍ഷണീയമായ അവയവാനുഗ്രഹങ്ങളോടെയല്ല, രാമന്‍കുട്ടിനായര്‍ ജനിച്ചത്. എന്നാല്‍, ശരീരത്തിന്റെ സമഗ്രകാന്തിയാല് ഇത്ര അനുഗ്രഹിക്കപ്പെട്ട മറ്റൊരു നടനുമില്ല.
ഭാവത്തെ ശരീരവത്കരിക്കാന് സുസജ്ജമായ മെയ്യഴകായിരുന്നു ഇദ്ദേഹത്തിന്റെ മൂലധനം. ശരീരഭാഷയുടെ പൂര്ണതയെന്ന് ഒരു ഉടലിന് പരസ്യവാചകം പറയാമെങ്കില്‍ അതിന്റെ അവകാശിയായിരുന്നു കലാമണ്ഡലം രാമന്‍കുട്ടിനായര്‍. ക്ഷേത്രശുദ്ധിയാര്ന്ന മുദ്രകളുടെ സൗന്ദര്യം ഇത്ര കണിശതയില്‍ മറ്റൊരു വേഷക്കാരനിലും കണ്ടിരുന്നില്ല.
ഹൃദ്യമായ സാമീപ്യമായിട്ടല്ല, കഥകളിക്കാര്ക്കിടയിലും പൊതുസമൂഹത്തിലും രാമന്‍കുട്ടിനായര്‍ ജീവിച്ചത്. അദ്ദേഹം എല്ലാവരില്‍നിന്നും ഒരു ദൂരം പാലിച്ചു. ഈ ദൂരത്തിലും അദ്ദേഹം എല്ലാവര്ക്കും സമ്മതനായി. കത്തി, വെള്ളത്താടി, പരശുരാമവേഷങ്ങള് ആറ് പതിറ്റാണ്ടോളം പകരക്കാരനില്ലാത്ത ആധിപത്യത്തോടെ ആടിയ നടനായിരുന്നു രാമന്‍കുട്ടിനായര്‍.
പട്ടിക്കാംതൊടിയുടെ ശിഷ്യരില്‍ കലാപരമായ സൗന്ദര്യശാസ്ത്രദര്ശനങ്ങളുടെ ആവിഷ്കാരഭദ്രതകൊണ്ട് ശ്രദ്ധേയനായ നടനായി അദ്ദേഹം മാറി. ആവര്‍ത്തനം സൃഷ്ടിക്കുന്ന അഴകും അനുഭൂതിയുമാണ് ഈ വേഷങ്ങളുടെ പ്രത്യേകത. നളചരിതംപോലെ ജീവിതഗന്ധിയായ കഥയില്‍ മുഖസൗഭാഗ്യവും അഭിനയത്തികവുമുള്ള നടന് ആടി അഭൗമമാക്കിയ ഒരു അരങ്ങിലാണ്, പാടി രാഗത്തിന്റെ പശ്ചാത്തലത്തില്‍, തിരശ്ശീലയ്ക്ക് മുകളിലെ കേശഭാരചലനം മുതല്‍ സൗന്ദര്യത്തിന്റെ വിലോഭനീയവും പ്രലോഭനീയവുമായ നില സൃഷ്ടിച്ചുകൊണ്ട്, രാമന്‍കുട്ടിനായരുടെ കത്തിവേഷം തിരനോക്കാനൊരുങ്ങുന്നത്. അപ്പോള്‍ മറ്റൊരു സൗന്ദര്യതലം ഉരുത്തിരിയുകയാണ്. ദൃശ്യത്തിന്റെ യുക്തിയാണ് കഥാപാത്രകേന്ദ്രീകൃത യുക്തിഭദ്രതയേക്കാള് പ്രധാനമെന്നതാണ് അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വം.
വെള്ളിനേഴിയുടെ കേശഭാരം
കെ.ബി. രാജ് ആനന്ദ്
വെള്ളിനേഴി എന്ന കലാഗ്രാമത്തിന് കാലം സമ്മാനിച്ച കേശഭാരമാണ് അഴിച്ചുവെക്കേണ്ടി വന്നിരിക്കുന്നത്. ഈ വള്ളുവനാടന്‍ ഗ്രാമം ഊട്ടിയുറപ്പിച്ച കഥകളിപാരമ്പര്യത്തിന്റെ അമൂല്യമായ വരദാനം കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണത്തിലൂടെ നഷ്ടമായി.
വെള്ളിനേഴിയുടെ കഥകളിചരിത്രത്തിന് രണ്ടുനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കല്ലടിക്കോടന്‍ ശരീര വ്യാകരണത്തിലേക്ക് കപ്ലിങ്ങാടന്‍ കത്തിവേഷങ്ങളുടെ ആവിഷ്കാരരീതിശാസ്ത്രം കണ്ണിചേര്‍ത്ത് ലോകം കൊണ്ടാടുന്ന പുതിയ കഥകളിച്ചിട്ടയ്ക്ക് രൂപംനല്കിയത് ഈ കൊച്ചു വള്ളുവനാടന്‍ ഗ്രാമമാണ്. ഇവിടെയിരുന്നാണ് കരുമനശ്ശേരി ഭാഗവതരും ദശമുഖന് ശങ്കുണ്ണിപ്പണിക്കരും ഒളപ്പമണ്ണ ചിത്രന്‍നമ്പൂതിരിപ്പാടിന്റെ രക്ഷാകര്‍തൃത്വത്തില്‍ കഥകളിയുടെ ഭാവി സ്വപ്നംകണ്ടത്. ഇവിടെനിന്ന് കച്ചയും മെഴുക്കും വാങ്ങിയ കഥകളിനടന്മാരും ഇവിടത്തെ കളരിയില്‍ ഗണപതിക്കൈ കൊട്ടി തുടങ്ങിയ വാദകരുമാണ് ലോകോത്തര പദവിയിലേക്ക് ഈ കലാരൂപത്തെ കൈപിടിച്ചുയര്‍ത്തിയത്. കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള സമസ്ത കഥകളി സ്ഥാപനങ്ങളുടെയും അമരത്ത് ഒരു കാലഘട്ടം മുഴുവന്‍ പ്രകാശംചൊരിഞ്ഞത് ഈ ഗ്രാമത്തില്‍നിന്ന് കൊളുത്തിയെടുത്ത തിരിവെളിച്ചങ്ങളായിരുന്നു. ഇത് വെള്ളിനേഴിക്ക് കൈവന്ന ചരിത്രനിയോഗം.
ഒരു തേച്ച പച്ചവേഷത്തിന്റെ മുഖശ്രീയുള്ള ഗ്രാമമാണ് വെള്ളിനേഴിയെന്ന് നിരീക്ഷിച്ചത്, അന്തരിച്ച കഥകളി ചരിത്രകാരന് കെ.പി.എസ്. മേനോനാണ്. ഇവിടെ വന്നെത്തുന്ന ആരെയും കഥകളിക്കാരനാക്കുന്ന വെള്ളിനേഴിയിലെ അന്തരീക്ഷവായു ശ്വസിച്ച രാമുണ്ണിമേനോന് കഥകളിയെ അടിമുടി വെള്ളിനേഴിയിലിരുന്ന് പുതുക്കിപ്പണിതു. അദ്ദേഹത്തിന്റെ കഥകളിയെക്കുറിച്ചുള്ള സൗന്ദര്യസങ്കല്പനം സാക്ഷാത്കൃതമാകുന്നത്, ഇവിടെവെച്ച് അദ്ദേഹം അഭ്യസിപ്പിച്ചുതുടങ്ങിയ രാമന്‍കുട്ടി എന്ന ശിഷ്യനിലൂടെയാണെന്നത് കഥകളിയുടെ ചരിത്രം. ഭാവത്തെ ശരീരവത്കരിക്കുന്ന ഒരു അഭിനയ സമ്പ്രദായമാണ് കഥകളിയുടെ ആത്മാവ് എന്ന് രാമുണ്ണിമേനോന് ഉറപ്പുണ്ടായിരുന്നു. ഈ ശരീരവത്കരണത്തിന്റെ സമ്പന്നതയും സമ്പൂര്‍ണതയും രാമന്‍കുട്ടിനായര്‍ എന്ന നടനിലൂടെ മാത്രമാണ് സഫലമായത്.
ചലനങ്ങളിലെ സൗഷ്ഠവവും കൃത്യതയും മുദ്രകളുടെ വെടിപ്പ്, പ്രവൃത്തിയിലെ ഒതുക്കം, അഭിനയത്തിലെ മിതത്വം, അടിയുറച്ച താളബോധം, കറതീര്‍ന്ന അഭ്യാസബലം, മേളത്തോടിണങ്ങുന്ന രംഗക്രിയകളും മുദ്രാവിന്യാസങ്ങളും... ഇതെല്ലാം രാമന്‍കുട്ടിനായരുടെ വേഷങ്ങളുടെ സാംഗോപാംഗ സൗന്ദര്യമികവിന് മാറ്റുചേര്ത്ത മൗലികസിദ്ധികളാണ്.
കുട്ടിക്കാലത്ത് മൂന്ന് ചുഴികളുള്ള രാമന്‍കുട്ടിനായരുടെ തല തടവിക്കൊണ്ട് മുത്തശ്ശി കളിയായി പറഞ്ഞ പഴഞ്ചൊല്ലായിരുന്നു 'മുച്ചുഴിയന്‍ മുടിചൂടും' എന്ന്. അത് പതിരായില്ല. അഞ്ച് പതിറ്റാണ്ടാണ് രാമന്‍കുട്ടിനായര്‍ കഥകളിയുടെ ചക്രവര്ത്തിപദമലങ്കരിച്ചത്. മുപ്പതാം വയസ്സില്‍ത്തന്നെ പ്രധാന കത്തിവേഷങ്ങളുടെയും വെള്ളത്താടി വേഷങ്ങളുടെയും പ്രാമാണികത അദ്ദേഹത്തിന് ചാര്‍ത്തിക്കിട്ടി. കഥകളിരംഗത്തുനിന്ന് യാത്രപറയുന്നതുവരെ ആ ആധിപത്യം എതിരില്ലാതെ നിലനില്ക്കുകയും ചെയ്തു.
വെള്ളിനേഴിയുടെ പാരമ്പര്യത്തിന്റെയും പട്ടിക്കാംതൊടി ഗുരുകുലത്തിന്റെയും ഉത്കൃഷ്ടമായ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആദ്യാവസാന വേഷങ്ങളോടെ അഞ്ചുപതിറ്റാണ്ട് അദ്ദേഹം അരങ്ങ് ഭരിച്ചു. രാമന്‍കുട്ടിനായരുടെ പൂര്‍ണത കഥകളിയിലെ ദൃശ്യപൂര്ണതയുടെ പര്യായമായി മാറി. ജനം ആ നാട്യത്തികവ് നെഞ്ചിലേറ്റി ആദരിച്ചു.
മൂന്ന് കഥകളിലെ ഹനുമാന്മാര്, വിജയത്തിലെ രാവണന്, ചെറിയ നരകാസുരന്, കീചകന് തുടങ്ങിയ വേഷങ്ങള്‍ക്ക് ഇന്ന് സര്‍വാദൃതമായി സ്വീകരിക്കപ്പെട്ട ആട്ടങ്ങള്‍ പലതും രാമന്‍കുട്ടിനായരുടെ സര്ഗാന്വേഷണങ്ങളുടെ സത്ഫലങ്ങളാണ്. തന്റെ മനോധര്‍മത്തിലൂടെ കഥകളിക്ക് ഒരു പുതിയ കാഴ്ചശീലം അദ്ദേഹം പകര്ന്നുനല്കി. അഭിജാതമായ ഒരു നോട്ടപ്രകാരവും ഭാവുകത്വവും കഥകളി ആസ്വാദകരില്‍ സ്വന്തംവേഷങ്ങളിലൂടെ അദ്ദേഹം വിളയിച്ചെടുത്തു. അതുതന്നെയാണ് അഞ്ചുപതിറ്റാണ്ടുനീണ്ട അദ്ദേഹത്തിന്റെ രംഗജീവിതത്തിന്റെ ബാക്കിപത്രവും.
വെള്ളിനേഴിയുടെ കഥകളി കിരീടമാണ് രാമന്‍കുട്ടിനായര്‍ അഴിച്ചുവെച്ചത്. അതേറ്റെടുക്കാന്‍ ഇനി ആര് എന്നതിന് കാലമാണ് മറുപടിതരേണ്ടത്.
കടലുകടന്ന 'കഥകള്‍'
1953:ചൈനയിലേക്കായിരുന്നു കേരളകലാമണ്ഡലം കഥകളിട്രൂപ്പിന്റെ ആദ്യത്തെ വിദേശസന്ദര്‍ശനം. സംഘത്തിനെ നയിച്ചത് മഹാകവി വള്ളത്തോള്‍. ബീജിങ്ങിലെ പ്രശസ്തമായ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങ്. സദസ്സില്‍ ഏറെയും വി.ഐ.പി.കള്‍. രാമന്‍കുട്ടിനായര്‍ രാവണനായി അരങ്ങിലെത്തി. മുന്‍നിരയിലുണ്ടായിരുന്ന ചില ഇളംതലമുറക്കാര്‍ ഭയന്ന് നിലവിളിച്ചു. 'പേടിക്കണ്ടാ, അത് നമ്മുടെ രാമന്കുട്ട്യാ' -വള്ളത്തോളിന്റെ സാന്ത്വനം. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന വള്ളത്തോളിന്റെ മകന് സി. ഗോവിന്ദക്കുറുപ്പിന്റെ ഒരു കൊച്ചുവിശദീകരണം-സദസ്സ് ശാന്തമായി.
****
1962:കഥകളിസംഘം ജപ്പാനില്‍ പര്യടനം നടത്തി. അവിടെയും ഉത്ഭവത്തിലെ രാവണനായിരുന്നു രാമന്‍കുട്ടിനായര്‍. ചുട്ടികുത്തുന്ന സമയത്ത് ജപ്പാന് വിദ്യാര്‍ഥിനിയായ സുസുക്കി അണിയറയിലെത്തി. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സുസുക്കി പലതും ആരാഞ്ഞു. രാമന്‍കുട്ടിനായരെ പരിചയപ്പെട്ടു. യാത്രപറയുന്നതിനുമുമ്പ് സുസുക്കി ഒരുകാര്യംകൂടി ആരാഞ്ഞു. രാമായണത്തില്‍ രാവണന്റെ സഹധര്‍മിണിയുടെ പേര്. അണിയറയിലുണ്ടായിരുന്ന തിരശ്ശീലക്കാരന്‍ ഉടന്‍ മറുപടി പറഞ്ഞു: 'സരസ്വതി യമ്മ'. ചുട്ടികുത്താനായി മലര്ന്നുകിടന്നിരുന്ന രാമന്‍കുട്ടിനായരുടെ ഗര്‍ജനം: 'ഇഡിയറ്റ്'
****
1967:കഥകളിട്രൂപ്പിന്റെ യൂറോപ്യന്‍ പര്യടനം. യാത്രാമധ്യേ ലണ്ടനില്‍ ഒരരങ്ങ്. നീലകണ്ഠന് നമ്പീശന്റെ പാട്ട്. അപ്പുക്കുട്ടിപ്പൊതുവാളുടെ മദ്ദളം. സദസ്സില്‍ പ്രശസ്ത കലാനിരൂപകനായിരുന്ന വി.എസ്. പ്രിച്ചെറ്റ് സന്നിഹിതനായിരുന്നു. ആദ്യരംഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം അരങ്ങിലെത്തി നമ്പീശനോടാവശ്യപ്പെട്ടു 'താങ്കള്‍ പാടുമ്പോള്‍ ജുബ്ബ ധരിക്കരുത്. എങ്കിലേ കേരളത്തിന്റെ തനിമ ഞങ്ങള്‍ക്ക് പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ'. അടുത്തുനിന്നിരുന്ന ഹനുമാനായ രാമന്‍കുട്ടിനായരുടെ ചോദ്യം 'കുറച്ചുകഴിഞ്ഞ് താന്‍ നമ്പീശനോട് മുണ്ടഴിക്കാന്‍ പറയ്യോ'?
'യെസ്, യെസ്' ചോദ്യത്തിന്റെ പൊരുളറിയാതെ പ്രിച്ചെറ്റ് സ്വന്തം ഇരിപ്പിടത്തിലേക്ക്.
****
ന്യൂയോര്‍ക്കിലാണ് അരങ്ങ്. മുമ്പില്‍ രണ്ടുപേര്‍ പന്തംകൊളുത്തി പിടിച്ചുകൊണ്ടാണ് ഹനുമാന്റെ വരവ്. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ഓഡിറ്റോറിയത്തില്‍ പന്തംകൊളുത്തുന്നത് സംഘാടകര്‍ വിലക്കി. 'പന്തമില്ലാതെ എന്ത് ഹനുമാന്'? രാമന്‍കുട്ടി നായരുടെ ചോദ്യം. 'കഥ വേറെ വല്ലതും തിരഞ്ഞെടുത്തോളൂ'. സംഘത്തെ നയിച്ചിരുന്ന കലാമണ്ഡലംസെക്രട്ടറി വി.ടി. ഇന്ദുചൂഡനോട് ആജ്ഞാസ്വരത്തില്‍ രാമന്‍കുട്ടിനായര്‍ പറഞ്ഞു. ഒടുവില്‍ ഇന്ദുചൂഡന് സംഘാടകരെ അനുനയിപ്പിച്ചു. ഫയര്‍ഫോഴ്സിനെയും മറ്റും സജ്ജമാക്കിയശേഷമായിരുന്നു ഹനുമാന്റെ രംഗപ്രവേശം.
സമാഹരണം പി.ആര്.ഉണ്ണി
- തയ്യാറാക്കിയത്: എ.എം. മുരളി
sunil
Fri, 2013-03-15 13:47
Permalink
അടിയുറച്ച കമ്യൂണിസ്റ്റ്
http://deshabhimani.com/newscontent.php?id=273950
sunil
Fri, 2013-03-15 13:50
Permalink
കളിയരങ്ങിലെ ധീരപൗരുഷം
http://deshabhimani.com/newscontent.php?id=273949
sunil
Fri, 2013-03-15 13:52
Permalink
പദ്മഭൂഷന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ആശാന് ശ്രദ്ധാഞ്ജലി
sunil
Fri, 2013-03-15 13:55
Permalink
Note by Niranjan TG
https://www.facebook.com/photo.php?fbid=10200766087295063&set=a.1789274812184.217452.1249011541&type=1
sunil
Fri, 2013-03-15 13:58
Permalink
കത്തി പോയി...
കത്തി പോയി.. പദ്മഭൂഷണ്‍ കലാമണ്ഡലം രാമന് കുട്ടി നായര്‍ ഇന്നലെ അന്തരിച്ചു.
ഞാന്‍ ഉള്‍പ്പെട്ട തലമുറയിലെ കഥകളിആസ്വാദന രീതികളെ നല്ലൊരളവ് സ്വാധീനിച്ച നടനാണ് ശ്രീ പദ്മഭൂഷണ്‍ കലാമണ്ഡലം രാമന് കുട്ടി നായര്‍. പദ്മശ്രീ കലാമണ്ഡലം ഗോപി അടക്കം നിരവധി ശിഷ്യന്മാര്. കല്ലുവഴി ചിട്ടയുടെ പരമാചാര്യനായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യത്വം. രാമന് കുട്ടി നായര്‍ ആശാന്റെ നടനകലയെ പറ്റി പറയാന്‍ അനവധി ഉണ്ട്.
1925ല്‍ ജനിച്ച രാമന് കുട്ടി നായര്‍ പട്ടിക്കാംതൊടിയുടെ ശിഷ്യനാവുന്നത് ജന്മനാടായ വെള്ളിനേഴിയില്‍ വെച്ച് തന്നെ ആണ്. പട്ടിക്കാംതൊടിയുടെ നിര്യാണത്തെ തുടര്‍ന്ന് കഥകളിയിലെ പ്രധാനവേഷങ്ങളായ കത്തി, വെള്ളത്താടി തുടങ്ങിയവ ചെറുപ്പത്തിലെ കെട്ടി പരിചയമായി.
ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിച്ചത് എന്നാണ് പ്രസിദ്ധ എഴുത്തുകാരനായ ശ്രീ എം.വി നാരായണന് രാമന് കുട്ടിനായരുടെ അഭ്യാസബലത്തെ പറ്റി ഒരു ലേഖനത്തില്‍ പറഞ്ഞത്. ആശാന് പറഞ്ഞ് അഭ്യസിപ്പിച്ചത് കടുകിടെ തെറ്റാതെ ചെയ്ത് പോന്നു. അത് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മികവും. ഒരുകാലത്ത് കുട്ടിത്രയങ്ങള്‍ എന്ന് അറിയപ്പെട്ടട്ടിരുന്നതിലെ അവസാനത്തെ 'കുട്ടി' ആണ് ശ്രീ രാമന് കുട്ടി നായര്‍. മറ്റ് 'കുട്ടികളായ ചെണ്ട കൃഷ്ണന് കുട്ടി പൊതുവാളും മദ്ദളം അപ്പുകുട്ടി പൊതുവാളും മുന്‍പേ അന്തരിച്ചു.
വള്ളുവനാട്ടില്‍ മാത്രമല്ല മൊത്തം കേരളക്കരയില്‍ തന്നെ ഒരുകാലത്ത് ഇവര്‍ മൂവരും ചേര്‍ന്ന കഥകളി അരങ്ങുകള്‍ പ്രസിദ്ധമായിരുന്നു. മൂവര്ക്കുമുണ്ടായിരുന്നു മാനസിക ഐക്യം. കൃഷ്ണന് കുട്ടി പൊതുവാള് ചെണ്ട കണ്ണടച്ച് രാമന് കുട്ടി നായരുടെ മുദ്രകള്‍ക്കും കലാശങ്ങള്‍ക്കും കൊട്ടുമായിരുന്നു. എന്റെ കഥകളി ഓര്‍മ്മകളില്‍ ഇവരുടെ അരങ്ങുകള്‍ ആണ് ഇപ്പോഴും നില്‍ക്കുന്നത്. എനിക്ക് കഥകളിക്കമ്പം ഉണ്ടാക്കുന്നതില്‍ പ്രധാനപങ്ക് ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ക്കുണ്ട്.
ഉദ്ഭവം രാവണന്, ബാലിവിജയം രാവണന്, ലവണാസുരവധം, കല്യാണസൌഗന്ധികം തോരണയുദ്ധം എന്നിവകളിലെ ഹനൂമാന് സീതാസ്വയംവരത്തിലെ പരശുരാമന് ചെറിയ നരകാസുരന് ഇതൊക്കെ പ്രധാനവേഷങ്ങളായിരുന്നു. സീതാസ്വയംവരം പരശുരാമന്റെ ഇന്ന് കാണുന്നവേഷവിധാനം അദ്ദേഹം രവിവര്‍മ്മ ചിത്രങ്ങള്‍ കണ്ട് സ്വയം ചിട്ടപ്പെടുത്തിയതാണ്. മഹാകവി വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയ കാലത്ത് രാമന് കുട്ടി നായരുടെ പരശുരാമന് പ്രത്യേക ഫീസ് ആയിരുന്നു ഈടാക്കിയിരുന്നത്. അന്നത്തെ കാലത്ത് വളരെയേറെ ജനപ്രിയമായിരുന്ന വേഷമായിരുന്നു അത്.
കല്യാണസൌഗന്ധികം ഹനൂമാന്, ശിഷ്യനായ കലാമണ്ഡലം ഗോപി ആണ് ഭീമനെങ്കില്‍, ഭീമന്റെ കൈ പിടിച്ച് ഒരു നടത്തം ഉണ്ട്. ഹൌ! ആ വാത്സല്യം കാണേണ്ടത് തന്നെ ആണ്. തോരണയുദ്ധം ഹനൂമാന് ലങ്കാദഹനം സമയത്ത് രണ്ട് കയ്യിലും പന്തം പിടിച്ച് നാലാമിരട്ടി എടുക്കുന്നത് കാണേണ്ടത് തന്നെ ആണ്. മൌനം സംഗീതമാണ് എന്ന് പറയുന്നത് പോലെ ആ നാലാമിരട്ടിക്കിടക്ക് ഇടയില്‍ താളം നോക്കി ഒരു നില്‍പ്പുണ്ട്. കണ്ണുകള്‍ കയ്യിലെ ജ്വലിക്കുന്ന പന്തത്തിലാവും, താളത്തിനനുസരിച്ച് തെല്ലിട നില്ക്കും. ഹനൂമാന്റെ കിരീടത്തിലെ അലുക്കുകള്‍ കൂടെ താളത്തിനനുസരിച്ച് മാത്രമെ ഇളകൂ. ആ നിമിഷങ്ങളാണ് കഥകളി എന്ന് എനിക്ക് തോന്നാറുണ്ട്. പറഞ്ഞറിയിക്കാന്‍ വയ്യാ അതിന്റെ ഭംഗി! സമുദ്രലംഘനം നടത്തുന്ന സമയത്ത് അരങ്ങത്തെ പീഢത്തിന്റെ മുകളില്‍ നിന്ന് ഒരു ചാട്ടമുണ്ട്. കിരീടം സ്റ്റേജിന്റെ മുകളില്‍ മുട്ടും. രവണോത്ഭവത്തിലെ രാവണന് തിരനോക്ക് കഴിഞ്ഞ് പീഢത്തിന്മേലിരുന്ന് ശരീരം രണ്ട് വശത്തേക്കും ഉലച്ച് ഒരു ആട്ടമുണ്ട്. രാവണപ്രൌഢി! ശാരീരികഊര്ജ്ജം വെച്ച് നോക്കിയാലും രാവണന് തന്നെ! ചെറിയ നരകാസുരന് സ്വര്‍ഗ്ഗം ജയിച്ച് ഐരാവതത്തിനെ കൊമ്പ്കുത്തിച്ച് കഴിഞ്ഞാലും വീണ്ടും ഒരു നരകാസുരനാവാനുള്ള ഊര്‍ജ്ജം ആശാന്റെ ശരീരത്തിലുണ്ടാവും. ആ ഊര്‍ജ്ജം ശരീരത്തിനും മനസ്സിനുമുണ്ട്. ക്യാന്‍സര്‍ എന്ന അസുഖത്തിനെ കീഴ്പ്പെടുത്തിയതും അതുകൊണ്ടാവുമല്ലൊ. അസാധ്യമനഃശ്ശക്തി എന്ന് അദ്ദേഹത്തിനെ ക്യാന്‍സറിനു ചികിത്സിച്ച ഡോക്ടര്‍ ഗംഗാധരന് കൂടെ പറയുന്നുണ്ട്. ബാലിവിജയം രാവണന്റെ പാര്‍വതീവിരഹം ആയാലും രാജസൂയം ശിശുപാലന്റെ ശ്രീകൃഷ്ണനിന്ദ ആയാലും ആശാനു ഒരു ശൈലി ഉണ്ട്. മറ്റ്പലരും ചെയ്താല്‍ അത് ചിലപ്പോള്‍ പരിധി വിട്ടു എന്ന് വരും. പക്ഷെ ആശാന്റെ ആ ശൈലിയില്‍ ആടുമ്പോള് അത് നാം ആസ്വദിക്കും. കഴുത്ത് വെട്ടിച്ചുകൊണ്ടുള്ള രാവണന്റെ തിരനോക്ക് എത്ര കണ്ടാലാണ് മതിവരിക! തിരനോക്കിന്റെ ഭംഗി അത് പറഞ്ഞറിയിക്കാന്‍ വയ്യ! ആ സമയത്ത് ആദ്യം തിരശീല കൃത്യം കണ്ണിന്റെ തഴെ വരെ മാത്രമേ താഴ്ത്തൂ .എന്നും ഇത്ര കൃത്യമായി ആ അളവ് സൂക്ഷിക്കാന്‍ പറ്റുന്നത് എങ്ങനെ എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ആ സമയത്തെ അലര്‍ച്ച അതിന്റെ 'മാധുര്യം' ഒന്ന് വേറെ തന്നെ. രംഭാപ്രവേശത്തില്‍, നീലനിചോളമണിഞ്ഞ രംഭ തന്നെ മറികടന്ന് പോകാന്‍ നോക്കുമ്പോള്‍ ആശാന്റെ രാവണന് ഒരു അലര്‍ച്ചയോടെ രംഭയെ പിടിച്ച് നിര്‍ത്തും.
എന്താണ് എനിക്ക് രാമന് കുട്ടിനായരോട് ഇത്ര പ്രത്യെകത തോന്നാന്‍ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്റെ കാഴ്ച്ചശീലങ്ങളെ ഇത്ര സ്വാധീനിച്ച ഒരു നടന് വേറെ ഇല്ല. ആശാന്റെ വേഷങ്ങള്‍ക്കുള്ള ഊര്‍ജ്ജം അതില്‍ പ്രധാനഘടകമാണ്. പിഴക്കാത്ത താളം അതിനനുസരിച്ച ശരീരചലനങ്ങള്‍, മുന്‍പ് പറഞ്ഞ പോലെ കിരീടത്തിലെ അലുക്കുകള്‍ കൂടെ അതിനൌസരിച്ചേ ഇളകൂ. ഭാവം എന്ന് മുഖത്ത് മാത്രം വരുത്തേണ്ട ഒരു സംഗതി അല്ല അത് ശരീരം മുഴുവന്‍ കൊണ്ട് അനുഭവിപ്പിക്കണം എന്നത് രാമന് കുട്ടി നായരെ പോലെ ബോധമുള്ളവര്‍ വേറെ ആരുണ്ട്! ആടുന്ന ശരീരത്തില്‍ മാത്രമല്ല കഥകളി ഉള്ളത് ആട്ടത്തിനിടയ്ക്കുള്ള ആ ചില നിര്‍ത്തലുകള്‍ തിരിഞ്ഞ് നില്ക്കലുകള് അവിടെ കൂടെ കഥകളി വിടരും. സ്വതെ ഗൌരവക്കാരനായ രാമന് കുട്ടി നായര്‍ സമുദ്രലംഘനം കഴിഞ്ഞ് ലങ്കയിലെത്തി ലങ്കാലക്ഷ്മിയുടെ കറുപ്പ് കണ്ട്, 'തൊട്ട് കണ്ണെഴുതാം' എന്ന് പറയുമ്പോള്‍ ആ ഗൌരവം ഒക്കെ എവിടെ പോയ്മറഞ്ഞു എന്ന് തോന്നും ആസ്വാദകര്‍ ചിരിക്കുകയും ചെയ്യും.
ക്രിക്കറ്റില്‍ സച്ചിന് ടെന്ണ്ടുല്ക്കറെ ദൈവം എന്ന് വിളിക്കാമെങ്കില്‍, കഥകളിയില്‍ എനിക്ക് ദൈവം രാമന് കുട്ടി നായര്‍ തന്നെ. സംശയമില്ല. ഇപ്പോള്‍ കുട്ടിത്രയങ്ങള്‍ മൂവരും ഏതോ ലോകത്ത് ആടുന്നുണ്ടാവാം.
നാട്യാചാര്യന് പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്‍ കഥകളി അഭ്യസിക്കാന്‍ 1938 മുതല്‍ തുടങ്ങി. കലാമണ്ഡലത്തില്‍ 1940 വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1948ല്‍ അവിടെ തന്നെ അദ്ധ്യാപകനായി. പാറശ്ശേരി പെരിന്തലക്കാട്ട് മനയില്‍ നിന്നും 1957ല്‍ ആദ്യമായി സ്വര്‍ണ്ണമെഡല്‍ സമ്മാനമായി കിട്ടി. 1958ല്‍ ആദ്യത്തെ വീരശൃംഘല അങ്കമാലിയില്‍ നിന്നും ലഭിച്ചു. സര് സി.പി രാമസ്വാമി അയ്യരില്‍ നിന്നും അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ സ്വര്‍ണ്ണ മെഡല്‍ 1964ല്‍ ലഭിച്ചു. 1972ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അംഗമായി. 1973ല്‍ മുന്കെന്ദ്രമന്ത്രി ടി.ടി കൃഷ്ണമാചാരിയില് നിന്നും സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. 1975ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടി. 1980ല്‍ കലാമണ്ഡലം പ്രിന്‍സിപ്പാലായി. 1983 സ്പിക്മക്കായ് പാനല്‍ ആര്‍ട്ടിസ്റ്റ്.1984ല്‍ കലാമണ്ഡലത്തില്‍ ശിക്ഷണത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 1985ല്‍ വിരമിച്ചു. കലാമണ്ഡലത്തില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. വീരശൃംഘല നല്കി ആദരിച്ചു. 1987ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്കി ആദരിച്ചു. ആത്മകഥ “തിരനോട്ടം”. 2010ല്‍ കുസാറ്റ് ഡോക്ടറേറ്റ് നല്കി ആദരിച്ചു. പേരൂര്‍ ഗാന്ധിസേവാ സദനം ചെയര്മാന് ആയിരുന്നു. 2007ല്‍ പദ്മഭൂഷണ്‍ അവര്‍ഡ് നല്കി ഇന്താ ഗവണ്മനെറ്റ് ആദരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് രാമന് കുട്ടി നായരാശാനെ കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. പണ്ട് കാലത്ത് ഇ.എം.എസ് ആണെന്ന് തെറ്റിദ്ധരിച്ച് രാമന് കുട്ടി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
(കത്തി പോയി എന്ന പ്രയോഗത്തിന് പ്രൊഫ്.ഉണ്ണികൃഷ്ണനോട് കടപ്പാട്) -സു-
sunil
Fri, 2013-03-15 14:00
Permalink
ചിത്രന്റെ കമന്റ്
ഇതിനു മുൻപുള്ള 'ആരിഹവരുന്നതിവൻ' എന്ന പദം രാമൻകുട്ടിയാശാൻ ചെയ്യുന്ന കവിത മറ്റാരിൽ നിന്നും ഒരിയ്ക്കലും കിട്ടിയിട്ടില്ല. കാരണമെന്ത്?
എനിയ്ക്കു തോന്നുന്ന കാരണം, ആ പദത്തിൽ പറയുന്ന 'മമ തത്വം' ആശാനെപ്പോലെ തിരിച്ചറിഞ്ഞ വേറൊരാളില്ലാത്തതുകൊണ്ടാവണം എന്നാണ്.
"കനിവൊടിവനുടെ ശക്തി കാൺകയും, മമ തത്വമവനെ അറിയിക്കയും " ഈ രണ്ടു കാര്യങ്ങളാണല്ലോ ഹനുമാന്റെ വൃദ്ധവാനരനാടകത്തിനു കവി നൽകുന്ന കാരണങ്ങൾ.
എന്താണീ 'മമ തത്വം? '
അതറിയാൻ എളുപ്പം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ 'ഹനുമൽസേവ തുഞ്ചൻപറമ്പിൽ' എന്ന കവിത വായിക്കുകയാണ്.
'സ്വയം തള്ളും ബലമേ ബലം ' എന്നപ്പോൾ തിരിച്ചറിയാം. പണ്ട് ലങ്കാപുരിയിലെത്തിയപ്പോൾ, ലങ്ക മുഴുവൻ വാലിലെ അഗ്നികൊണ്ടു ചാമ്പലാക്കിയ വായുപുത്രന് ആ അഗ്നിയിൽ രാവണാദികളേയും ഹോമിച്ച് സീതയേയും തോളിലേറ്റി രാമന്നു മുന്നിൽ സമർപ്പിയ്ക്കാൻ അറിയാഞ്ഞിട്ടല്ല, കഴിയാഞ്ഞിട്ടുമല്ല. പിന്നെന്തെന്നോ -
"രാമന്റെ ബാണത്തിന്നു നൈവേദ്യമാകാനത്രേ
രാക്ഷസമാംസത്തിന്റെ സ്വാദുനോക്കാതേ വിട്ടൂ"
അതാണ് അസ്സൽ ബലം. 'രാജ്യം ഭരിപ്പാൻ ഭരതൻ മതിയെങ്കിൽ രാജ്യമുപേക്ഷിപ്പാൻ ഞാനും മതി' യെന്ന തത്വമറിഞ്ഞ ശ്രീരാമസ്വാമിയുടെ ദാസനാണവൻ. നേടുന്നതിലും ബലം വേണം, നേടാൻ ശക്തിയുണ്ടായിട്ടും വേണ്ടെന്നുവെയ്ക്കാൻ.
ആ ഹനുമാന്റെ 'മമതത്വ'മുണ്ടല്ലോ, അതാണ് കാടുതകർത്തുവരുന്ന അനുജനറിയാത്തത്. ആ ഉള്ളിലേക്കു വലിഞ്ഞ 'ആത്മതത്വ'മാണ് ഹനുമാന്റെ 'മമതത്വം'. അത് തനിയ്ക്കൊരു യുഗമപ്പുറം ജീവിച്ച അനുജനു ജ്യേഷ്ഠൻ പഠിപ്പിയ്ക്കുന്ന കവിതയാണ് കല്യാണസൗഗന്ധികം.
ഇനിയോർക്കൂ, ആ അകത്തേയ്ക്കു വലിഞ്ഞ ആത്മബലം രാമൻകുട്ടിയാശാനോളം അറിഞ്ഞവൻ ആരുണ്ട്? പഠിച്ച കളരിയെല്ലാം അകത്തേക്കുൾവലിഞ്ഞ്, ശരീരത്തെ കഥകളിയ്ക്കായി വലിച്ചുകെട്ടിയ വീണയാക്കി ജീവിച്ച ആ ജീവിതത്തിനല്ലാതെ ആർക്ക് ആ പദം ഇത്രമേലുജ്വലമാക്കാനാവും!
വീണ്ടൂം, ഒരു യുഗം കഴിഞ്ഞു.
sunil
Fri, 2013-03-15 14:06
Permalink
അത്തിപ്പറ്റ രവിയുടെ
വരധൃതനരകാസുരന് സഗര്‍വ്വം
സുരപുരി വെന്നുരസിപ്പതാടിയാടി
ചിരമിവിടെ നിറഞ്ഞുനിന്നൊരാശാന്
മുരമഥനാംഘ്രിയിലിന്നു ചേര്ന്നിതയ്യോ !
(കലാമണ്ഡലം രാമന്കുട്ടിനായരാശാന് അന്ത്യാഞ്ജലി )
sunil
Fri, 2013-03-15 14:09
Permalink
എഫ്.ബി കമന്റ്സ്
PS: "....ഗംഗയെ പ്രാപിയ്ക്കുന്നതിനിടയ്ക്ക് ആരോ വരുന്ന ശബ്ദം കേട്ട് (ബാലിവിജയത്തിലെ രാവണന്) അപതാളം പിടിച്ച് ഗാനാലാപനം നടത്തുന്നത്..." ഇവിടെ ആശാന്റെ ആ പൂള് എടുത്തുതന്നെ പറയാമായിരുന്നു: "ശിവനേയ്, താളം ലേശം കഷ്ട്യാ.."
ആശാനിലെ അതിപുരുഷത്വവും വേണ്ടിടത്തെ പെണ്മട്ടും പലവട്ടം കണ്ടതാണ്. ലേഖനം വായിച്ചപ്പോഴേ ആ നിരീക്ഷണശകലങ്ങള്‍ കൂട്ടിയിണക്കാന്‍ തരപ്പെട്ടുള്ളൂ. നന്ദി.
ആശാന്റെ പാര്‍വതീവിരഹത്തില്‍ എനിക്ക് പക്ഷെ ഏറ്റവും ഇഷ്ടം ഒരു കത്തിവേഷം ഗണപതിയെ കൈപിടിച്ച് വേറെ കൊണ്ടിരുത്തുന്ന കാഴ്ചയാണ്. വീരനായകനായ രാവണന് അഞ്ചെട്ടു നിമിഷം കുട്ടിയാനയെപ്പോലെ കുണുങ്ങിക്കുണുങ്ങി....
കല്ലുവഴി ശൈലിയിലെതന്നെ വേറെ പല പ്രഭുക്കളുടെയും കൈലാസോദ്ധാരണം-പാര്‍വതീവിരഹം അവിടിവിടെ freewheeling ആവുമ്പോള്‍ രാമന്‍കുട്ടി നായരാശാന്റെ മാത്രം സദാ ഏണും കോണും ഒത്ത ശില്പം പോലെയാണ്. ഉത്ഭവം രാവണന്റെ അളന്നുമുറിച്ച അപ്പ്രോച്ചില്ത്തന്നെയാണ് ആശാന് ഈ വേഷവും ചെയ്യുക.
sunil
Fri, 2013-03-15 14:15
Permalink
എഫ്.ബിയില്‍ നിന്നും....
https://www.facebook.com/groups/kathakali/permalink/537980549556565/
1995ല്‍ കാറല്‍മണ്ണ ആശാന്റെ സപ്തതി ദിവസം എടുത്ത ഇന്റര്‍വ്യൂ ആണോ ഇത്?
ആണെങ്കിലും അല്ലെങ്കിലും അന്നേ നാള് നടന്നൊരു നേരമ്പോക്ക്. ഇതോ ഇതുപോലെയോ ഷൂട്ട് നേരിട്ട് കണ്ട സുഹൃത്ത് Peesappilly Rajeevan പറഞ്ഞത്. (സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും തിരക്ക് കാരണം ഈ/ഇതുപോലത്തെ മുറിയിലേക്ക് എനിക്ക് എത്തിനോക്കാന്‍ കഴിഞ്ഞില്ല.)
വി കലാധരന്റെ ഇന്റലക്ച്വല്‍ ചോദനകളെ ആശാന് എങ്ങനെ നാടന്‍ ബുദ്ധിയില്‍ നിഷ്പ്രഭമാക്കി എന്നതാണ് പ്രമേയം:
ചോദ്യം: "പണ്ട് കുട്ടിത്രയം കല്ലുവഴിത്താഴികക്കുടത്തിനു മീതെ കൊടിപാറിച്ച കാലമുണ്ടായിരുന്നല്ലോ... ആശാന്റെ വേഷത്തിന്റെ കണക്കൊത്ത ചലനങ്ങള്‍ക്ക് ചെങ്ങിലയുടെയും ചെണ്ടയുടേയും മദ്ദളത്തിന്റെയും ഗംഭീരമായൊരു സംയോഗം... സംത്രാസം.... അതെക്കുറിച്ച്?"
(രണ്ടു നിമിഷത്തെ താമസത്തിന് ശേഷം) മറുപടി: "ഈ മറ്റേ.... പൊതുവാളന്മാരായിട്ട്ള്ള ഏര്‍പ്പാടല്ലേ പറഞ്ഞ്വരണ്?"
ഒരു ഇന്റര്‍വ്യൂ. ഒന്നാം നമ്പ്ര് പൈങ്കിളി ചങ്ങമ്പുഴ ഭാഷയുടെ ആളാണ് ഇന്റര്വ്യൂകാരന്. ഞാളാകുര്ശീലന്നു ആകെ ചാറ്റല്‍മഴ. വീട്ടില്‍ നിന്നു കുടയും പിടിച്ച് മുന്നിലുള്ള വഴീലൂടെ നടന്നിട്ടാവാം അഭിമുഖം ന്ന് ആലോചന. ആശാന് സമ്മതിച്ചു. ആശാനും കൂടെ കുടയും പിടിച്ച് അഭിമുഖകാരനും.
ചോദ്യം: " ദശകങ്ങൾക്കു മുൻപിതുപോലൊരു സായംസന്ധ്യയിൽ ചന്നംപിന്നം മഴ ചാറവേ വെള്ളിനേഴിയിൽനിന്നു കലാമണ്ഡലത്തിലേയ്ക്കു യാത്രയായ ബാലനെ ഇപ്പോൾ അങ്ങ് ഓർക്കുമ്പോൾ അങ്ങയുടെ മനോമുകുരത്തിൽ എന്താണ് തെളിയുന്നത്?"
"അദ്പ്പൊ, അങ്ങനെ ങ്ങ്ട് പോയി."
"എത്ര രാവണന്മാരും കീചകന്മാരും ഹനുമാന്മാരും കഴിഞ്ഞ് അങ്ങീ നടവഴിയിലൂടെ ഏകാന്തനായി ഈ മഴച്ചാറ്റലേറ്റ് ഗൃഹത്തിലേക്കു മടങ്ങിക്കാണും ! ആ ഓർമ്മകളൊന്ന് പങ്കുവെയ്ക്കാമോ?"
" അദ്പ്പൊ ... അപ്പൊ നി മഴ നിന്നിട്ട് ബാക്കി പറയല്ലേ നല്ലത് ? "
അമ്മന്നൂര്‍ മാധവച്ചാക്യാരെ കുറിച്ച് എം ആര് രാജന് ഡോക്യുമെന്ററി എടുത്തല്ലോ -- 1995ല്‍. പ്രീമിയര്‍ സ്ക്രീനിംഗ് കണ്ടശേഷം രംഗകലാകുലപതി സംവിധായകനോട് ഏവം ഉവാച:
"തനിക്ക് കൂടിയാട്ടത്തിനെപ്പറ്റി വസ്തു നിശ്ശല്യാ ന്ന് തെടക്കത്തിലെന്നെ മനസിലായ്യേര്ന്നു. ഇപ്പൊ സിനിമേപ്പറ്റീട്ടും ഒന്ന്വറീല്യാന്ന് ഒറപ്പായി."
: "ആശാന്, പത്മഭൂഷണ്‍ പുരസ്കാരം ഇത്തവണ ആശാനാണ്"
" അദ്പ്പൊ... എന്താ എനിയ്ക്ക് തരാന്‍ ?"
" അല്ല, ഒരു കലയില്‍ ഏറ്റവും ഉന്നതത്തിലെത്തിയ പരമോന്നതനായ കലാകാരനു കൊടുക്കണ പുരസ്കാരാ അത്"
" ഓ...ന്നാപ്പിന്നെ നിവൃത്തിയൊന്നൂല്യ "
1980കളുടെ ഒടുവ്. കൃഷ്ണന്കുട്ടിപ്പൊതുവള്ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം.
വാര്‍ത്ത പുറത്തുവന്ന വൈകുന്നേരം കലാമണ്ഡലം പടി കടന്നതും റോഡ് മുറിച്ചു കടന്ന് ഗോപിയാശാന് ഉള്ളിലേക്ക് വരുന്നു.
പൊതുവാളദ്ദേഹത്തെ കണ്ടതും മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു. തൊഴുതുചിരുച്ചു പറഞ്ഞു: "വിവരറിഞ്ഞു.... വള്രെ സന്തോഷണ്ട്..."
ചെണ്ട ചക്രവര്‍ത്തി ഗൌരവംവിടാതെ മറുപടി കൊടുത്തു: "ഗോപ്യേ.... ഈയ്യ് പേടിക്കണ്ടാ. അടുത്തൊല്ലം നണക്കാ... അവടെ ഡെല്ലീലീ കള്ളുട്യമ്മാരടെ ലീസ്റ്റ് ട്ത്തൊടങ്ങി..."
കൂത്തമ്പലത്തില്‍ നടന്നൊരു പകല്‍ സെമിനാറില്‍ രാമന്‍കുട്ടി നായര്‍ വെള്ളിനേഴിയിലെ കുന്തിപ്പുഴയുടെ തെളിനീരൊഴുക്ക് പോലെ ആദ്യന്തം വെടിപ്പായി സംസാരിച്ചത്രേ. ചടങ്ങിന്റെ അവസാനം ചോദ്യോത്തരപംക്തിയുടെ ഒടുവില്‍ സദസ്സില്‍നിന്ന് ആരോ ഒരു കുസൃതി ചോദിച്ചു: "ആശാന്, പക്ഷെ, വിക്കല് ഉണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ...."
മറുപടി: "മുമ്പുണ്ടായിരുന്നു.... പ്പ് പ്പോ തീ...തീ...തീരെല്ല്യാ...."
ചില സംഘാടകര്‍ അശാനെ കളിയ്ക്കേല്പ്പിയ്ക്കാന് വീട്ടിലെത്തി. ആരു ചെന്നാലും തികഞ്ഞ ആതിഥ്യമര്യാദയോടെയുള്ള സ്വീകരണമാണ് എന്നും തെങ്ങിന്‍തോട്ടത്തില്‍ വീട്ടില്‍. സംഘാടകര്‍ ഭയഭക്തിപുരസ്സരം അറിയിച്ചു:
" ആശാന്...ഒരു തോരണയുദ്ധം നടത്താം ന്ന് വെച്ചിരിക്ക്യാണ്"
" നല്ല കാര്യം"
" അപ്പൊ... രാവണന് പത്മാശാൻ ആവാംന്ന് വെച്ചു"
" അതു നന്നായി"
" മേളത്തിന് പൊതുവാൾമാരെന്നെ ആവാം ല്ലേ"
" ഓ, ആവാം"
" ഹനുമാന്റെ കാര്യം പിന്നെ പറയണ്ട കാര്യമില്ലല്ലോ"
" ഏയ് , അതില്ല"
സംഘാടകർ സന്തോഷത്തോടെ മടങ്ങി. കളിയ്ക്ക് ആശാനെത്തിയില്ലാന്നു മാത്രം
പിന്നീടു ചോദിച്ചപ്പോൾ മറുപടി:
" അതിനെന്നെ കളിയ്ക്കേൽപ്പിച്ചില്ലല്ലോ, ഹനുമാന്റെ കാര്യം പറയണ്ടല്ലോ ന്ന് പറഞ്ഞു. പറയണ്ടെങ്കിൽ പറയണ്ട, അത്രെന്നെ "
( ഒരു കേൾവിക്കഥ. സത്യാവസ്ഥ അറിയില്ല )
വിദേശത്തെവിടെയോ പര്യടനം. ഏതോ വിദേശി വന്ന് പലസംശയങ്ങള് ചോദിയ്ക്കുകയാണ്. അവസാനം " രാവണന്റെ ഭാര്യയുടെ പേരെന്താണ് ? " എന്നൊരു സംശയം. ഒരു അണിയറക്കാരന് " സരസ്വതിയമ്മ " ന്നു പറഞ്ഞത്രേ. മുഖത്തു തേച്ചുകൊണ്ടിരുന്ന കല്ലുവഴിക്കാരണവര് മുഖമുയര്‍ത്തി ആംഗലേയത്തിലൊറ്റ വാക്ക്:
'ഇഡിയറ്റ് ' .
ഗുരോ, ഒന്നുണരുക; ഇവനില്‍ അനുഗ്രഹം ചൊരിയുക
Posted on: 12 Mar 2013...See More
പ്രായാധിക്യക്ഷീണം നിഴല്‍വീഴ്ത്തിയ ശേഷമുള്ള രാമന്‍കുട്ടിയാശാന്റെ ഹനുമാനും ഒപ്പം ഗോപിയാശാനും. വിശ്വരൂപം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അനിയനോട് ആയാസമുണ്ടാകേണ്ട, ആവോളം ചുരുക്കിക...See More
സൗഗന്ധികത്തിലെ "ഭീതിയുള്ളിലരുതൊട്ടുമേ" എന്ന പദം തുടങ്ങുമ്പോള്‍ വിശ്വരൂപം കണ്ട് മോഹാലസ്യപ്പെട്ട അനിയനെ ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചശേഷം ഗോപിയാശാന്റെ ഇരുകൈകളും എടുത്ത് തന്റെ കക്ഷത്തിലിറുക്കിപ്പിടിച്ച് ഒരു നടത്തമുണ്ട് രാമൻകുട്ടിയാശാന്. ആ മുഖത്ത് സ്നേഹവും ശിഷ്യനിലുള്ള അഭിമാനവും ഗുരുവിന്റെ തറവാടിത്തവും ഒന്നിച്ച് ഒളിമിന്നും. ഗോപിയാശാന്റെ മുഖത്ത് ശിഷ്യവിനയവും ഗുരുഭക്തിയും ഒതുക്കവും ഒന്നിച്ചു മിന്നിത്തിളങ്ങും. വല്ലാത്ത കവിതയുള്ള ഒരു കാഴ്ച്ച.
രാമൻകുട്ടിയാശാൻ കാര്യമായി വേഷം കെട്ടാതെയായിക്കഴിഞ്ഞ്, ഒരു സൗഗന്ധികം. ഗോപിയാശാന്റെ ഭീമൻ, ഗോപിയാശാനിലും എത്രയോ ജൂനിയറായ ഹനുമാൻ. ഈ സന്ദർഭമെത്തി.ഹനുമാൻ കെട്ടിയ നടൻ ഗോപിയാശാന്റെ രണ്ടു കൈകളുമെടുത്ത് കക്ഷത്തിലിറുക്കാൻ തുടങ്ങിയപ്പോൾ ഒറ്റ വലി ! കൂടെ മുദ്രയും : " അതിന് ആയിട്ടില്ല "
ആ നിമിഷം, കൈയ്യടിയുയർന്നു. അപ്പോൾ അരങ്ങിലില്ലാത്ത കല്ലുവഴിപ്രഭുവിനെ ഓർത്ത്.
പത്തിരിപ്പാലയിലെ സ്ഥാപനത്തില്‍നിന്ന് കലപിലെ പുറപ്പെട്ട ബസ്സ് കോങ്ങാട് പിന്നിട്ട് മുണ്ടൂരെത്തി തിരിഞ്ഞതും, റോട്ടില്‍നിന്ന് "സ്റ്റോപ്പ് സ്റ്റോപ്പ്" എന്ന് തെല്ലുറക്കെ ശബ്ദം. കുസൃതിനിറഞ്ഞ ആ വിളി വേറെ ആരുടേയും ആയിരുന്നില്ല; രാമുട്ട്യാശാന്റെ.
ആ വളവില്‍നിന്നാണ് കയറുക എന്ന് നേരത്തെ കരാര്‍ ഉണ്ടായിരുന്നു; അതിനാല്‍, അവിടെ (ജോളി മൂഡില്‍ ഓടുന്ന) വണ്ടി നിര്‍ത്തിക്കേണ്ട ചുമതല (ട്രൂപ്പ് മാനേജര്‍ എന്ന നിലക്ക്) എനിക്കുള്ളതായി അറിയാമായിരുന്നു. എങ്കിലും സ്വതേ ഗൌരവക്കാരനായ ആശാനില്‍നിന്ന് ഇങ്ങനെയൊരു പ്രയോഗം ഒട്ടും പ്രതീക്ഷിച്ചില്ല.
കൂടെ പത്മാശാനും. വണ്ടിയില്‍ ഇരുവര്‍ക്കും സീറ്റ് കരുതിയിരുന്നു.
അവിടന്നങ്ങോട്ട് ശകടത്തിന്റെ മൊത്തം അനക്കം അണിയറയില്‍നിന്ന് അരങ്ങത്തേക്ക് പോവുന്ന കത്തിവേഷം കണക്ക് ഗൌരവംനിറഞ്ഞതായിരുന്നു.
രണ്ടാമത്തെ കഥ ബാലിവിജയം. രാമുട്ട്യാശാന്റെ രാവണന്, പത്മാശാന്റെ നാരദന്.
കൈലാസോദ്ധാരണം-പാര്‍വതീവിരഹം ആട്ടത്തിന് കമന്ററി പറയാന്‍ എനിക്ക് നിയോഗം. "ഓ, ആയ്ക്കോട്ടെ; പെഴച്ച്ട്ട് ഓരോന്ന് പറയാഞ്ഞാ മതി" എന്ന് രാവണന്റെ സമ്മതം തിരനോക്കിനു മുമ്പ് കിട്ടിയിരുന്നു.
പാര്‍വതിയും സഖിമാരും ഒന്നിച്ചുള്ള കുളിയുടെയും മറ്റും സൂക്ഷ്മം ഭാഗങ്ങളിലേക്ക് കടന്നപ്പോള്‍ മൂന്നാമത്തെ കഥ തുടങ്ങാന്‍ നേരം വൈകിയിരുന്നു. അവിടം, രാവണന് ഒരു പ്രയോഗം ഒപ്പിച്ചു. അതിന് ദൃക്സാക്ഷി വിവരണം പറയേണ്ടിവന്നത് ഇങ്ങനെ:
നാരദന്: "എന്നിട്ട്?"
രാവണന്: "അദ്പ്പോ... ഒന്ന് ചോയ്ക്കണ്ടീരും..."
(എന്നിട്ട് ലേശം വലംതിരിഞ്ഞ് ചെണ്ടക്കാരന് [സദനം ഗോപാലകൃഷ്ണന്] നേരെ മുദ്ര: "യെങ്ങന്യാ.... സമയം ണ്ടാവ്വോ?"
ഗോപാലേട്ടന് (മുഖം കൊണ്ട്): "ഞെരുക്കാവും."
രാവണന് നാരദന് നേരെ: "അപ്പഴേ.... നേരം തെകേല്യാ ന്നാ കേക്കണ്.... യെന്തായാലും, യെന്തിന് വേണ്ടൂ... യെനിക്ക് ഈ ചന്ദ്രഹാസം ശിവന്റെന്ന് കിട്ടീന്ന് പറഞ്ഞാ മതീലോ...."
നാരദന്: "അത് നന്നായി.... ന്നാ നി വെഴ്കിക്കാണ്ടേ പൊറപ്പെട്വല്ലേ?"
സമുദ്രലംഘനം ചെയ്തു ലങ്കയിലെത്തിയ ശേഷം, അവിടെ മുന്നിലുള്ള കിടങ്ങുകളും മതിലുകളും ചാടിക്കടക്കുന്ന ഹനുമാന്റെ ഒരു ആട്ടമുണ്ട് ആശാന്. ഒരു തവണ ചാടിക്കഴിഞ്ഞാൽ വീണ്ടും മുന്നിൽ മതിൽ,വീണ്ടും കിടങ്ങ് - അങ്ങനെ മൂന്നുവട്ടം ആവർത്തിയ്ക്കുക എന്നതാണ് ആശാന്റെ മുൻപേയുള്ള സമ്പ്രദായം.
അന്ന്, അയാസപ്പെട്ടെങ്കിലും പരസഹായമില്ലാതെ,മൂന്നുതവണയും സ്റ്റൂളിൽ കയറി മുന്നിലേക്കെടുത്തു ചാടി , ആ മൂന്നാം ചാട്ടം കഴിഞ്ഞ് മുന്നിലേക്ക് നോക്കി, "തീർന്നു!" എന്നൊരു മുദ്രയും ചിരിയുമുണ്ടായിരുന്നു. ആ 'തീർന്നു!' വിൽ ഈ അവസ്ഥയിലും ഒട്ടും കുറയ്ക്കാതെ തന്റെ കർമ്മം പൂർത്തിയാക്കിയ സാഫല്യം നിറഞ്ഞുനിന്നു.
കർമ്മയോഗമായിരുന്നു ആ തപസ്വിയുടെ ജീവിതസാധന. ഇത്തരം സിംഹങ്ങളെ ലഭിയ്ക്കാൻ കഥകളിയുടെ നൂറ്റാണ്ടുകൾ തപസ്സുചെയ്തിരിയ്ക്കണം.
അഭിപ്രായപ്പെട്ടുവത്രേ. ഈ വിഷമ സന്ധിക്ക് വിരാമം ഇട്ടുകൊണ്ട് അതാ രാമന്‍കുട്ടി ആശാന് എത്തി.നിശ്ച്ചയിച്ചപോലെ കളി നടന്നു.പൊതുവാള് മാരുടെ മേളം. അന്നത്തെ സൌഗന്ധികം ഇന്നും മനസ്സില്‍ സുഗന്ധം പരത്തുന്നു. കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.Sreechithran Mj മുകളില്‍ എഴുതിയ വിവരണങ്ങള്‍ ഈ സന്ദര്‍ഭങ്ങളെ ഹൃദയസ്പൃക്കായി പുനരാവിഷ്ക്കരിച്ച്ചിരിക്കുന്നു.അതേപോലെ അനേകം കളിയരങ്ങുകളിലെ സ്വപ്നതുല്യമായ മുഹുര്ത്തങ്ങള് മനസ്സിലീക്ക് ഊളിയിട്ടിറങ്ങുന്നു "ഹേ മഹാനുഭാവാ അങ്ങ് കഥകളിക്കു ലഭിച്ച ഉത്കൃഷ്ട വരദാനം ആണ് അനശ്വരവും."
കൊല്ലം 1993. ആഗസ്ത് 15. കൃഷ്ണന് നായരാശാന്റെ മൂന്നാം ചരമവാര്‍ഷികം. അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറ വീട്ടിലെ പറമ്പില്‍..
മുഴുരാത്രിക്കളി. ആദ്യകഥ കര്‍ണ്ണശപഥം. പ്രധാന നടന് ഗോപിയാശാന് എത്തിയിട്ടില്ല. സന്ധ്യയായി. അന്നാട്ടില്‍ താമസമുള്ള വൈക്കം കരുണാകരന്റെയാവട്ടെ കര്ണ്ണന് എന്ന് തീരുമാനമാക്കി. ദുര്യോധനന് R V Sasikumarച്ചേട്ടനും.
കഥയിലെ കത്തിവേഷം മുഖത്ത് നാമം വരച്ചതും ഗോപിയാശാന് സ്ഥലത്തെത്തി. (ശശിച്ചേട്ടന് ഉടന്‍ മുഖം തുടച്ച് എഴുന്നേറ്റു.)
സൗഗന്ധികത്തിലെ ആദ്യരംഗം തീരുമ്പോൾ, ഇരുട്ടിന്റെ പാത്രമായ് ഭവിച്ച വനം തല്ലിത്തകർത്ത് ഭീമൻ യാത്രതുടർന്നു തിരശ്ശീല പിടിയ്ക്കുമ്പോൾ മാമൻ പെട്ടെന്നു പിടഞ്ഞെണീറ്റ് അണിയറയ്ക്കടുത്തേയ്ക്കു നടക്കും. എനിയ്ക്കാണെങ്കിൽ അന്നു സംഗീതവും സാഹിത്യവുമൊക്കെ തലയ്ക്കു പിടിയ്ക്കുന്ന കാലം. മദ്ധ്യമാവതിയാണെങ്കിൽ പ്രിയപ്പെട്ട രാഗവും. ആ രാഗംപാടിക്കലാശിച്ച് അതിമനോഹരമായ രണ്ടുശ്ലോകങ്ങൾ പാടുന്നതുകേട്ടിരിക്കാനൊരുങ്ങുമ്പോഴാണ് മാമന്റെ അണിയറനടത്തം. മനസ്സില്ലാമനസ്സോടെ ഞാൻ പിന്നാലെ.
ഞാൻ ചോദിച്ചു " എന്തിനാ മാമാ ഈ നേരത്ത് അണിയറയിൽ പോയി നോക്കണത്? " -
" അണിയറയിൽ രാമൂട്ട്യാശാന്റെ ഹനുമാൻ ഇരിയ്ക്കുന്നുണ്ടാവും. രാഗം പാടിപ്പകുതിയാവുമ്പോൾ ഒരു എഴുന്നേൽക്കലുണ്ട്. എന്നിട്ടു മടമ്പൊന്നിടിയ്ക്കും. അപ്പോഴുള്ള ചിലങ്കേടേ ഒരു ശബ്ദമുണ്ട്. അതു കേൾക്കണം. "
അന്നൊന്നും മനസ്സിലായില്ല. ഇന്നു മനസ്സിലാവുമ്പോൾ ആ ചിലങ്കയുടെ നാദം നിലച്ചു.
sunil
Fri, 2013-03-15 14:16
Permalink
ശ്രീകാന്ത് അവണാവ്..
sunil
Sat, 2013-03-16 19:49
Permalink
അണയാത്ത കളിവിളക്ക്...
http://www.metrovaartha.com/2013/03/16014325/ramankutty20130316.html
എന്‍. വിശ്വനാഥന്
അരങ്ങു വിട്ടിട്ടും, മനസിലെ കളിവിളക്കിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആ അനശ്വര പ്രതിഭ. കഥകളിക്കായി ദൈവം തന്ന നടന് എന്ന് ആചാര്യന് കീഴ്പടം കുമാരന് നായര്‍ പറഞ്ഞത് എത്ര ശരിയായിരുന്നു. കഴിഞ്ഞ ദിവസം അരങ്ങില്‍ നിന്നു തിരിച്ചു നടന്ന കലാമണ്ഡലം രാമന് കുട്ടി നായരുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചാണ് ഇപ്പോഴും ആസ്വാദകരുടെ ചര്‍ച്ച. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ ചര്‍ച്ചകള്‍ കാണുമ്പോഴാണു യുവതലമുറയും എത്ര ആഴത്തില്‍ ആ അതുല്യ നടനെ ആരാധിച്ചിരുന്നു എന്നു മനസിലാവുന്നത്.
അനന്യമായ അഭിനയ മികവുകൊണ്ട് കാണികളെ ആസ്വാദനത്തിന്റെ ഉന്നതതലത്തില്‍ എത്തിച്ച പ്രതിഭയാണു രാമന്‍കുട്ടി നായര്‍. 1938 മുതല്‍ അരങ്ങിനെ അടുത്തറിഞ്ഞ ഇദ്ദേഹം അവസാനകാലം വരെ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
കളിയരങ്ങിലെ കല്ലുവഴി ചിട്ടയുടെ അവസാന പ്രയോക്താവായിരുന്നു കലാമണ്ഡലം രാമന്‍കുട്ടി നായര്‍. ഇട്ടിരാരിച്ച മേനോനില്‍ തുടങ്ങി പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോനിലൂടെ രാമന്‍കുട്ടി നായരില്‍ എത്തിനില്ക്കുമ്പോള് സാര്‍ഥകമാകുന്നതു മായം ചേര്‍ക്കാത്ത കലാസപര്യയുടെ സാക്ഷാത്കാരമാണ്. ചിട്ടപ്രധാനമായ കോട്ടയം കഥകളുടെ വേഷകൗതുകങ്ങള്ക്കു പട്ടിയ്ക്കാംതൊടി അര്‍പ്പിച്ചിരുന്ന കലാനിപുണത രാമന്‍കുട്ടി നായരില്‍ സാര്‍ഥകമായി.
രാവണന്, കീചകന്, അര്ജുനന്, ദുര്യോധനന്, ഹനുമാന്, പരശുരാമന്, ശിശുപാലന് തുടങ്ങിയ വേഷങ്ങള്‍ അരങ്ങിലെത്തുമ്പോള്‍ രാമന്‍കുട്ടി നായര്‍ സദസിനെ മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു. രാമന്‍കുട്ടി നായരിലൂടെ കീചകന് പുനര്‍ജനിക്കുമ്പോള്‍ കത്തിവേഷത്തിനുതന്നെ ഉദാത്തമായ ഭാവഗരിമ കൈവരുന്നത് അസുലഭമായ കാഴ്ചകളിലൊന്നായിരുന്നു. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന താളബോധവും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഗുരുപരമ്പരയെ മനനം ചെയ്യാനുള്ള കരുത്തുമാണു രാമന്‍കുട്ടി നായരെ അഭിനയത്തിന്റെ ദിവ്യമായ ഭൂമികകളിലേക്കു നയിച്ചത്.
രാമന്‍കുട്ടി നായരുടെ പ്രസിദ്ധമായ വേഷങ്ങളിലൊന്നാണു ശിശുപാലന്. ഒരു സാധാരണ നടനില്‍ പരിഹാസ കഥാപാത്രമായി തീരേണ്ട ശിശുപാലന് എന്ന കഥാപാത്രത്തെ മഹാനായ രാജപുരുഷനിലേക്കു രാമന്‍കുട്ടി നായര്‍ നയിക്കുന്നതു കാണേണ്ട കാഴ്ച തന്നെയായിരുന്നു. രാജസഭാവങ്ങളില്‍ തന്റെ സാത്വിക ഗുണം സന്നിവേശിപ്പിക്കുമ്പോള്‍ കഥാപാത്രത്തിനു കൈവരുന്ന മാനത്തെക്കുറിച്ചു രാമന്‍കുട്ടി നായര്‍ക്കു നല്ല അവഗാഹമുണ്ടായിരുന്നു. പാണ്ഡവന്മാര് രാജസൂയ യാഗം നടത്തുമ്പോള്‍ കൃഷ്ണനെ അവഹേളിക്കുന്ന ശിശുപാലനെ ഇത്രയും ഉജ്വലമായി മറ്റൊരു നടനും അരങ്ങിലെത്തിച്ചിട്ടില്ല.
ഗോപികമാരുടെ വസ്ത്രങ്ങള്‍ കൃഷ്ണന് കവര്ന്നെടുക്കുന്നതിനെ ശിശുപാലന് ആക്ഷേപിക്കുന്ന രംഗം പ്രത്യേകിച്ച്. രാമന്‍കുട്ടി നായര്‍ അവതരിപ്പിക്കുമ്പോള്‍ ആസ്വാദകന് ആ രംഗം നേരിട്ടുകാണുന്ന അനുഭവമാണുണ്ടാവുക. തങ്ങളുടെ കുളി കഴിഞ്ഞു ഗോപികമാര്‍ തല തുവര്‍ത്തുന്നതും മുടി കോതുന്നതും പൊഴിഞ്ഞുവീഴുന്ന മുടി ചെറിയ കെട്ടാക്കി കളയുന്നതുമായുള്ള രംഗം രാമന് കുട്ടി നായര്‍ അവതരിപ്പിക്കുമ്പോള്‍ കളിവിളക്കിനു മുന്നില്‍ നിന്ന് ആ നദിക്കരയില്‍ എത്തിയതു പോലെ തോന്നും.
ശ്രീകൃഷ്ണനെ വിചാരണ ചെയ്യുന്ന ശിശുപാലന് ഒരു യഥാര്‍ഥ പ്രതിനായകനായി വളര്‍ന്നത് രാമന്‍കുട്ടി നായരിലൂടെ മാത്രമാണ്. ഒതുക്കമുള്ള കൈമുദ്രകളും മുഖത്തു വിരിയുന്ന രസ, ഭാവങ്ങളും അവതരിപ്പിച്ച് രാമന്‍കുട്ടി നായര്‍ ശിശുപാലനായി മാറിയപ്പോഴൊക്കെ അരങ്ങില്‍ അത് അനന്യമായ ദൃശ്യവിസ്മയം തന്നെയായിരുന്നു. ഈ അനുഭവത്തില്‍ പട്ടിയ്ക്കാംതൊടി കളരിയുടെ ആത്മസത്ത മുഴുവന്‍ സ്വാംശീകരിച്ച നടനെയാണു രാമന്‍കുട്ടി നായരില്‍ കണ്ടത്. അതുകൊണ്ടുതന്നെയാണു രാമന്‍കുട്ടി നായര്‍ അരങ്ങില്‍ നിന്നു പോകുമ്പോഴുള്ള ഗാംഭീര്യം പോലും പലരും അരങ്ങിലേക്കു കയറുമ്പോള്‍ കാണാറില്ലെന്നു പൂമുള്ളി ആറാംതമ്പുരാന് പറഞ്ഞത്.
അഭിനയം, നൃത്തം, സംഗീതം, സാഹിത്യം, താളബോധം എന്നീ പഞ്ചകലാമുഖങ്ങളും സ്വായത്തമാക്കിയ ഈ മഹാനടന് അഭിനയരംഗത്തെ ശ്രേഷ്ഠമായ ഒരു സര്‍വകലാശാലയായിരുന്നു. ആയിരുന്നു, എന്നല്ല ആണ്. കഥകളിയില്‍ വരാനിരിക്കുന്ന തലമുറകള്‍ക്കുള്ള അഭിനയ പാഠങ്ങളുടെ അമൂല്യമായ ആമാടപ്പെട്ടി അരങ്ങില്‍ അവശേഷിപ്പിച്ചാണ് രാമന്‍കുട്ടി നായര്‍ ചമയങ്ങള്‍ അഴിച്ചു വച്ചത്.
sunil
Sat, 2013-03-16 19:50
Permalink
അരങ്ങിലെ വീരരസം
അരങ്ങിലെ വീരരസം
കലാമണ്ഡലം രാമന്‍കുട്ടി നായരെ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അരങ്ങിലെത്തുന്ന നടനെയും. ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹം അരങ്ങിലുള്ളപ്പോള്‍, ആ അരങ്ങിന് മുന്നില്‍ ഞാനും സുഹൃത്ത് തൃപ്രയാര്‍ രാമചന്ദ്രന് നായരും പ്രേക്ഷകരായിട്ടുണ്ടായിരുന്നു. കവിയും കഥകളി ശില്പകാരനുമായിരുന്ന രാമചന്ദ്രനാണ് രാമന് കുട്ടിനായര്‍ എന്ന കഥകളി നടനെ ആദ്യമായി പരിചയപ്പെടുത്തിത്തന്നത്. എഴുപതുകളുടെ ഒടുവില്‍ തൃപ്രയാര്‍ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് രണ്ടോ മൂന്നോ ദിവസം കലാമണ്ഡലത്തിന്‍െറ കഥകളിയുണ്ടാകുമായിരുന്നു. ഒരിക്കല്‍ രാവണനായിട്ടാണ് രാമന്‍കുട്ടി നായര്‍ അരങ്ങിലെത്തിയതെന്നും ഞാന്‍ ഓര്‍മിക്കുന്നു.
രാമന്‍കുട്ടിനായര്‍ എന്ന ക്ളാസിക്കല്‍ നടനെ വളരെ കാലത്തിനുശേഷം നേരില്‍ കണ്ടത് കേരള കലാമണ്ഡലത്തില്വെച്ചാണ്, 2003ല്‍. കലാമണ്ഡലം സെക്രട്ടറിയായി ഞാന്‍ നിയമിതനായപ്പോള്‍ കലാമണ്ഡലവുമായി ബന്ധപ്പെട്ട കലാകാരന്മാരെ അടുത്ത് പരിചയപ്പെടേണ്ടതായി വന്നു. പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്ന കലാമണ്ഡലം രാമന്‍കുട്ടി നായരെ വീട്ടില്‍പോയി കാണാന്‍ ഇരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം രാമന്‍കുട്ടി നായര്‍ അവിടെ കയറിവരുകയുണ്ടായി. ഓഫിസ് സൂപ്രണ്ട് ലക്ഷ്മീദേവി എന്നോട് വളരെ ബഹുമാനത്തോടെ വന്നുപറഞ്ഞു. ‘കലാമണ്ഡലം രാമന്‍കുട്ടി നായര്‍ വരുന്നുണ്ട്’. അന്നാണ് കലാമണ്ഡലത്തിലെ ജീവനക്കാര്‍ എന്തുമാത്രം സ്നേഹിക്കുന്ന കലാകാരനാണ് അദ്ദേഹമെന്ന് ഞാന്‍ മനസ്സിലാക്കിയത്.
സൗമ്യമായും സ്നേഹത്തോടെയുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. പുതിയ ഭരണസാരഥികളെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കുന്നതിനിടയില് അവിടെ അധ്യാപകനായിരുന്ന കാലവും വള്ളത്തോളും കലാമണ്ഡലത്തിന്‍െറ വളര്‍ച്ചയുമെല്ലാം സംഭാഷണവിഷയമായി. ആ സ്ഥാപനവുമായി അടുത്തിടപഴകുന്ന ഒരാളെന്ന നിലയില്‍ അന്ന് അദ്ദേഹം പറഞ്ഞുതന്ന ചില അറിവുകള്‍ വലിയ അനുഗ്രഹമായി. അതിനുശേഷം രാമന്‍കുട്ടിനായരെ നിരവധി സന്ദര്‍ഭങ്ങളില്‍ കാണുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
പെരുമാറ്റത്തില്‍ സൗമ്യപ്രകൃതക്കാരനാണ് രാമന്‍കുട്ടി നായര്‍. പക്ഷേ, നിലപാടുകളിലും കളരി അധ്യാപനത്തിലും വലിയ കര്ക്കശക്കാരനായിരുന്നൂവെന്ന് കേട്ടിട്ടുണ്ട്. കഥകളിയെ കുറിച്ച് തന്‍േറതായ വ്യക്തമായ ചില ധാരണകള്‍ അദ്ദേഹത്തിനുണ്ട്. കലയില്‍ കലര്‍പ്പ് വരുന്നതിനോട് അദ്ദേഹം വിയോജിക്കുന്നു. കത്തി വേഷങ്ങളാണ് രാമന്‍കുട്ടിനായര്‍ തന്‍െറ കലാ ജീവിതത്തില്‍ കൂടുതലായും അരങ്ങിലെത്തിച്ചതെന്ന് നമുക്കറിയാം. ദുര്യോധനനെയും രാവണനെയും കീചകനെയും നരകാസുരനെയുമൊക്കെ അദ്ദേഹം അവതരിപ്പിച്ചു. സൗന്ദര്യശാസ്ത്ര ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ സ്ഥായീ ഭാവമായ വീരമാണ് രാമന്‍കുട്ടി നായര്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്. അതില്‍ അദ്ദേഹം പൂര്‍ണത കണ്ടെത്തി. സൂക്ഷ്മമായി ചിന്തിച്ചാല്‍ കത്തിവേഷങ്ങളെ വസ്തുതയിലെത്തിച്ച ഏക കഥകളി നടന് കലാമണ്ഡലം രാമന്‍കുട്ടിനായരാണ്. ഈ നടനെ അതിശയിക്കുന്ന വേറൊരു നടന് ഇല്ലെന്ന് പറയാം. ഇല്ലെന്നല്ല, ഇതുവരെ കത്തിവേഷത്തെ അതിന്‍െറ പൂര്‍ണതയിലെത്തിച്ച മറ്റൊരു കഥകളിക്കാരന് ഉണ്ടായിട്ടില്ല. രാമന്‍കുട്ടിനായര്‍ക്ക് ശേഷവും അത് ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.
അദ്ദേഹവുമായി അടുത്തിടപഴകാന്‍ കിട്ടിയ ഒരവസരം കലാമണ്ഡലത്തിന്‍െറ പ്ളാറ്റിനം ജൂബിലിയായിരുന്നു. 2005ല്‍ 75ാം പിറന്നാളുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിലും ഞങ്ങളോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്ന രാമന്‍കുട്ടി നായരാണ് പ്ളാറ്റിനം ജൂബിലിയുടെ വിളംബരദീപം 2005 നവംബര്‍ ഒന്നിന് തെളിച്ചത്. അദ്ദേഹത്തെക്കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞതില്‍ ഇപ്പോഴും ഞാന്‍ അഭിമാനിക്കുന്നു.
ഒരു കഥകളി കലാകാരന് ലഭിക്കാവുന്ന എല്ലാ അംഗീകാരങ്ങളും ഇതിനകം കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു. പത്മഭൂഷനും കാളിദാസ സമ്മാനവും അടക്കം നിരവധി പുരസ്കാരങ്ങള്‍, അദ്ദേഹത്തിന്‍െറ കലാസപര്യയെ അടയാളപ്പെടുത്തുന്നവ തന്നെയാണ്. കഥകളി രംഗത്തെ ആ അതുല്യപ്രതിഭയെ സ്മരിക്കുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനെടുത്ത ഡോക്യുമെന്ററിയെ കുറിച്ചു സൂചിപ്പിക്കാതിരിക്കാനാവില്ല. കേന്ദ്രസംഗീത നാടക അക്കാദമിയുടെ നിര്‍ദേശപ്രകാരം അടൂര്‍ സംവിധാനം ചെയ്ത രാമന്‍കുട്ടി നായരെ സംബന്ധിച്ച ഡോക്യുമെന്ററി എടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും കലാമണ്ഡലത്തില്‍ ഒരുക്കി കൊടുക്കാന്‍ ഞങ്ങള്‍ക്കായി. കൂത്തമ്പലവും മറ്റും സൗജന്യമായിത്തന്നെ അനുവദിച്ചുകൊടുത്തു. കലാമണ്ഡലത്തിലെ കലാകാരന്മാരുടെയും വിദ്യാര്‍ഥികളുടെയും സേവനവും വിട്ടുകൊടുത്തു. കലാമണ്ഡലത്തെ സ്നേഹിച്ച അവധൂത കലാകാരന് അത് ഒരാശ്വാസവും സ്നേഹാദരവുമായിരുന്നൂവെന്ന് ഞാന്‍ തിരിച്ചറിയുന്നു.