Musically Yours - ഭാഗം 2 - സുരുട്ടി

Tuesday, April 16, 2013 - 04:15
Neelakantan Nambeesan and Unnikrishna Kurup (Courtesy - Malayala Manorama)

രാഗം - സുരുട്ടി

ഇരുപത്തെട്ടാമത്തെ മേളരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് സുരുട്ടി.

സുരുട്ടി, സുരട്ടി എന്നെല്ലാം ഈ രാഗം അറിയപ്പെടുന്നു. സംഗീതത്തിലെ  ത്രിമൂർത്തികൾക്കും ( ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ) മുമ്പു തന്നെ നിലവിലുണ്ടായിരുന്ന രാഗമെന്നു പറയുന്നു.

സ്വരസ്ഥാനങ്ങൾ

ആരോഹണം - സ രി മ പ നി സ'
അവരോഹണം - സ നി ധ പ മ ഗ പ മ രി സ

ആരോഹണത്തിൽ ഷഡ്ജ പഞ്ചമങ്ങൾക്കു പുറമേ ചതുശ്രുതി രിഷഭം, ശുദ്ധമദ്ധ്യമം, കൈശീകിനിഷാദം. അവരോഹണത്തിൽ കൈശീകിനിഷാദം, ചതുശ്രുതിധൈവതം, ശുദ്ധമദ്ധ്യമം, അന്തരഗാന്ധാരം, ചതുശ്രുതിരിഷഭം - ഇങ്ങനെയാണ് സുരുട്ടിയുടെ സ്വരഘടന. ആരോഹണത്തിൽ ഗാന്ധാരവും ധൈവതവും വർജ്യം.

സാങ്കേതികസവിശേഷതകൾ

രി, മ, നി  എന്നീ സ്വരങ്ങൾ പ്രധാനമായും സുരുട്ടിയുടെ രാഗച്ഛായയെ ദ്യോതിപ്പിയ്ക്കുന്നു. രി, നി എന്നിവ ആരോഹണത്തിലും അവരോഹണത്തിലും അൽ‌പ്പം ദീർഘമായി വരുന്ന സ്വരങ്ങളാണ്. "മഗപമരിസ" എന്ന വക്ര പ്രയോഗം രാഗഭാവത്തെ എടുത്തുകാട്ടാൻ സഹായിയ്ക്കുന്നു. മഗപമരിസ, രിമസ, പമരി, നിധനിസ  എന്നിവ സവിശേഷസ്വരപ്രയോഗങ്ങളായി സുരുട്ടിയിൽ കേൾക്കാം.

ഈ രാഗത്തിനെ ഔഡവ-വക്രസമ്പൂർണ്ണരാഗമെന്നു പറയാം. ഔഡവമെന്നാൽ ആരോഹണത്തിൽ അഞ്ചു സ്വരങ്ങളെന്നു സൂചന. വക്രസമ്പൂർണ്ണമെന്നാൽ  അവരോഹണത്തിൽ വക്രമായും (മ ഗ പ മ രി - എന്ന ഭാഗം വക്രം) എന്നാൽ സ്വരങ്ങൾ (വക്രമാണെങ്കിലും) സമ്പൂർണ്ണമായും വരുന്നെന്നു സൂചിപ്പിയ്ക്കുന്നു.സുരുട്ടി ഒരു ഉപാംഗരാഗവുമാണ്. ഉപാംഗരാഗമെന്നാൽ അതിന്റെ ജനകരാഗത്തിൽ നിന്നും അന്യസ്വരങ്ങൾ വരാത്ത രാഗം.

ശാസ്ത്രീയമായി നിരീക്ഷിയ്ക്കുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള ലളിതങ്ങളായ രാഗങ്ങൾക്ക് അതിൽ വരുന്ന സൂക്ഷ്മസഞ്ചാരങ്ങൾക്കും സ്വരപ്രയോഗങ്ങൾക്കും പ്രാധാന്യം കൊടുക്കുമ്പോഴേ അത് കൃത്യം അതേ രാഗമായി നിലനിർത്തികൊണ്ടൂപോകാനാവുകയുള്ളു. സ്വരങ്ങളുടെ പ്രയോഗങ്ങളിലോ, സഞ്ചാരങ്ങളിലോ വന്നുപോകുന്ന ചെറിയ ചില മാറ്റങ്ങൾ പോലും അതിൽ മറ്റു രാഗങ്ങളുടെ ഛായ കടന്നുകൂടാനുള്ള സാദ്ധ്യത ഏറുന്നു.

ഓരോ സ്വരങ്ങളിലായി നിർത്തി, കുറേ അധികം നേരം പാടി വിശദീകരിച്ചു വെയ്ക്കുന്നതിന്നോ, വൈവിദ്ധ്യങ്ങൾ നിറഞ്ഞ സ്വരസഞ്ചാരപ്രയോഗങ്ങളെ എടുത്തുകാണിയ്ക്കുന്ന തരം രാഗാലാപനങ്ങൾക്കോ, രാഗം താനം പല്ലവി പോലുള്ള സാങ്കേതികതകൾ നിറഞ്ഞ അവതരണശൈലികൾക്കോ വിപുലമായ സാദ്ധ്യതകളെ കൊടുക്കുന്നതിനു പകരം, ജീവ സ്വരങ്ങളെ ആധാരമാക്കി പിടിയ്ക്കുന്ന പ്രയോഗങ്ങളിലും ചെറിയ ചില അഴകാർന്ന സവിശേഷസഞ്ചാരങ്ങളിലൂടേയും ഒക്കെ  സത്ത കുറുക്കിയൊതുക്കി,  മദ്ധ്യസ്ഥായിയിൽ വളരെകൂടുതൽ ശോഭിയ്ക്കുന്ന ഒരു രാഗമാണ് സുരുട്ടി. അതുകൊണ്ടു തന്നെ, ഒരു രാഗത്തിന്റെ ജീവൻ സംവഹിയ്ക്കുന്ന സഞ്ചാരപ്രയോഗങ്ങളെ ഏറ്റവും ഒതുക്കത്തിൽ വായിച്ചുഫലിപ്പിയ്ക്കാൻ സാദ്ധ്യമാക്കുന്ന, അതിനിണങ്ങുന്ന തരത്തിലുള്ള ഘനനാദം പുറപ്പെടുവിയ്ക്കുന്ന വീണ പോലുള്ള വാദ്യത്തിൽ വിശേഷപ്രയോഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് രാഗത്തിന്റെ സൂക്ഷ്മസൗന്ദര്യത്തെ പ്രത്യക്ഷമാക്കുമ്പോൾ ഇത്തരം രാഗങ്ങൾക്ക്  പ്രത്യേക രസാനുഭവം കൈവരുന്നതായി തോന്നും.

ഉദാഹരണമായി ഈ വീണവായന കേട്ടു നോക്കാം.

പല കൃതികളും എടുത്തു നോക്കിയാൽ, അതിലൊക്കെത്തന്നെ ഈ രാഗത്തിന്റെ നിഷാദത്തിൽ നിന്നും താഴേയ്ക്കുള്ള കീഴ്‌സഞ്ചാരപ്രയോഗങ്ങൾ വളരെ കുറവാണ്. ഷഡ്ജത്തിനു താഴെ(കീഴ്)നിഷാദം പോലും ഒന്നു തൊട്ടുകാണിയ്ക്കുന്നതല്ലാതെ അവിടെ കൂടുതൽ പ്രയോഗങ്ങളൊന്നും വന്നുകാണുന്നില്ല. അതുപോലെ തന്നെ മേൽമദ്ധ്യമം തൊട്ടു വരുന്ന തരത്തിലുള്ള കുറഞ്ഞ അളവിലുള്ള മേൽസഞ്ചാരങ്ങളായേ സുരുട്ടി കൃതികളിലൊക്കെ കൂടുതലായും കാണപ്പെടുന്നുള്ളു. എന്നാൽ വർണ്ണത്തിലൊക്കെ സുരുട്ടിയുടെ കുറച്ചുകൂടി വ്യാപ്തിയുള്ള, പ്രയോഗവൈവിദ്ധ്യങ്ങൾ കാണിയ്ക്കുന്ന വലിയൊരു രൂപം തന്നെ കിട്ടുന്നുണ്ട്. സുരുട്ടിയിൽ രണ്ടൂ മൂന്ന് വർണ്ണങ്ങളുണ്ട്.

ഉദാഹരണത്തിനായി "എന്തോ പ്രേമതോ" എന്ന ഈ വർണ്ണം കേട്ടു നോക്കാം-

ഈ വർണ്ണത്തിൽ നിഷാദം വളരെക്കൂടുതലായി ആവർത്തിച്ചുവരുന്ന ഒരു സ്വരമായി കാണാം. അതുപോലെ രിഷഭവും വളരെ പ്രധാനമാണ്. പലയിടങ്ങളിലും രിഷഭം ഒരു ദീർഘസ്വരമായും,  തന്നെ വരുന്നു. സഞ്ചാരങ്ങൾ അധികവും നിഷാദത്തെ മുൻനിർത്തിയും, നിഷാദത്തിൽ കൊണ്ടുവന്നു നിർത്തിയും, അല്ലെങ്കിൽ നിഷാദത്തെ ചുറ്റിപ്പറ്റിയുമൊക്കെ കൂടുതലും വന്നും പോയും കൊണ്ടേയിരിയ്ക്കുന്നു. നിഷാദം ജണ്ഡപ്രയോഗമായും (ഇരട്ടസ്വരങ്ങൾ) ധാരാളം വരുന്നു.

"മഗപമരി" എന്നത് സുരുട്ടിയുടെ സ്വഭാവം എടുത്തുകാണിയ്ക്കുന്ന ഒരു പ്രധാന സവിശേഷതയാണ്. എന്നാലും രിമഗരിസ, സരിമഗരിസ, മപമഗരിസ എന്നൊക്കെ വക്രമല്ലാതെ ചെറിയ ചില പ്രയോഗങ്ങൾ പലപ്പോഴായി ദ്രുതഗതിയിൽ വരാമെങ്കിലും, ധപമഗരിസ എന്നോ നിധപമഗരിസ, സനിധപമഗരിസ എന്നൊക്കെ ആവർത്തിച്ചാവർത്തിച്ച് വക്രം ഒഴിവാക്കുന്ന സഞ്ചാരങ്ങൾ സുരുട്ടിയിൽ വരുന്നില്ല. എന്നാൽ ഈ വർണ്ണത്തിൽ, ചരണസ്വരങ്ങളിൽ രണ്ടിടത്ത്, ധ പ മ ഗ രിസ, സ നി ധ പ മ ഗ രി സ, ധ പ മാ ഗ രി സ, എന്നിങ്ങനെയൊക്കെ വക്രപ്രയോഗമല്ലാതെ അവരോഹണത്തിൽ വന്നു പോകുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.

അനുപല്ലവിയിൽ രണ്ടാം പകുതിയിൽ മാത്രം മേൽ പഞ്ചമം തൊട്ടു വരുന്നുണ്ട്.  മേൽ സൂചിപ്പിച്ച പോലെ ഈ വർണ്ണമെടുത്തു നോക്കിയാലും, സുരുട്ടിയിൽ കീഴ് സഞ്ചാരം നിഷാദത്തിന്നും താഴേയ്ക്കു പോകുന്നില്ല.

ഈ രാഗത്തിന്റെ സഞ്ചാരപരിധി അധികം മദ്ധ്യസ്ഥായിയിലും, പിന്നെ മേൽസ്ഥായിലേയ്ക്ക് പോയിവരുന്ന വിധത്തിലുമായതുകൊണ്ടു മിക്കവാറും കൂടുതൽ വിശദീകരിയ്ക്കപ്പെടാതെ വളരെ ചുരുക്കത്തിൽ പാടിയവസാനിയ്ക്കുന്നു. ഈ ചുരുങ്ങിയ പരിധിയ്ക്കുള്ളിലൊതുക്കി അതിന്റെ സ്വഭാവവിശേഷങ്ങളെ എങ്ങനെയൊക്കെ സമർത്ഥമായി പാടി ഫലിപ്പിയ്ക്കാമെന്നത് പ്രകടിപ്പിയ്ക്കുവാൻ വലിയൊരവസരം നൽകുന്ന ഒരു രാഗം കൂടിയാണ് സുരുട്ടി.

ഇവ്വിധം സുരുട്ടിയിലെ സഞ്ചാരപ്രയോഗങ്ങളെ എടുത്തുകാണിയ്ക്കുന്ന ഒരു വീഡിയോ കൂടി :

കർണ്ണാടകസംഗീതത്തിൽ, ഈ രാഗത്തിൽ രണ്ടോ മൂന്നോ വർണ്ണങ്ങളുണ്ട്. (അതിലെ ഒരു "സാമി എന്തനി" എന്ന വർണ്ണം സുബ്ബരാമദീക്ഷിതരുടേതാണ്, കച്ചേരികളിലൊന്നും അധികം പാടികേട്ടിട്ടില്ലാത്തത്.) കച്ചേരികളിൽ സുരുട്ടി ഒരു മേജർ രാഗമായി എടുത്തു വിസ്തരിയ്ക്കുന്നത് പൊതുവിൽ കുറവാവുമെങ്കിലും, സുരുട്ടിയിലെ കൃതികൾ കച്ചേരികളിൽ ധാരാളമായി കേൾക്കാം. മുത്തുസ്വാമിദീക്ഷിതരുടെ "അംഗാരകമാശ്രയാമ്യഹം" എന്ന (ചൊവ്വാ ഗ്രഹത്തെ സ്തുതിച്ചു കൊണ്ടുള്ള) സുരുട്ടിയിലുള്ള കൃതി അദ്ദേഹം രചിച്ച ഒൻപതു നവഗ്രഹസ്തുതികളിൽ പെടുന്നു. പുരന്ദരദാസർ, ത്യാഗരാജർ, ദീക്ഷിതർ അനേകം കൃതികൾ ഈ രാഗത്തിൽ രചിച്ചിട്ടുണ്ട്. ശ്യാമാശാസ്ത്രികളുടെ സുരുട്ടിയിലുള്ള കൃതികൾ അങ്ങനെ കാണുന്നില്ല. ധാരാ‍ളം ജാവളികളും പദങ്ങളും സുരുട്ടിയിൽ ചിട്ടപ്പെടുത്തിയതായുണ്ട്. വിരുത്തങ്ങളിലും രാഗമാലികാ കൃതിയിലും ഒക്കെ ധാരാളം ഉപയോഗിച്ചു വരുന്നുണ്ട്. ദീക്ഷിതരുടെ "സിംഹാസനസ്ഥിതേ.." എന്നു തുടങ്ങുന്ന രാഗമാലികാ കൃതിയിൽ സുരുട്ടിയേയും മനോഹരമായ ഒരു ചിട്ടസ്വരത്തോടു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പല്ലവി പാടുന്ന അവസരത്തിൽ, സ്വരം പാടുമ്പോഴും മറ്റും രാഗമാലികയിൽ ഉൾച്ചേർക്കാവുന്ന അഴകുള്ള ഒരു രാഗം കൂടിയാണ് സുരുട്ടി. ചെറിയ കൃതികളിൽ, ഭാവത്തിലെ ലാവണ്യം കാച്ചിക്കുറുക്കി ആവിഷ്കരിയ്ക്കുമ്പോൾ സുരുട്ടി കച്ചേരികളീൽ മികച്ച അനുഭവം തീർക്കും. കെ വി നാരായണസ്വാമി ഹൃദയാവർജ്ജകമാം വിധം സ്ഥിരം കച്ചേരികളിൽ പാടിവന്നിരുന്ന സുരുട്ടിയിലുള്ള ഒരു പദമാണ് ‘അലർശരപരിതാപം’. കെ വി നാരായണസ്വാമിയുടെ ശബ്ദത്തിൽ ഈ പദമൊന്നു കേട്ടുനോക്കുക:

ഏതാനും ചില കൃതികൾ, വർണ്ണങ്ങൾ, പദങ്ങൾ

വർണ്ണം - എന്തോ പ്രേമതോ ... തിരുവൊറ്റ്രിയൂർ ത്യാഗയ്യർ.
വർണ്ണം - സാമി നീ തോടി ... പല്ലവി ശേഷയ്യർ.
വർണ്ണം - സാമി എന്തനി... സുബ്ബരാമദീക്ഷിതർ.
ഗീതാർത്ഥമു ... ത്യാഗരാജർ
ഭജന പരുല ... ത്യാഗരാജർ
പരാമുഖമേലറാ ... ത്യാഗരാജർ
ഭജനപരലുകേല ... ത്യാഗരാജർ
രാമദൈവമാ ... ത്യാഗരാജർ
രാമചന്ദ്രനീദയരാമ ... ത്യാഗരാജർ
അംഗാരകമാശ്രയാമ്യഹം... മുത്തുസ്വാമിദീക്ഷിതർ
ശ്രീവെങ്കടഗിരീശം ആലോകയേ... മുത്തുസ്വാമിദീക്ഷിതർ
ബാലസുബ്രഹ്മണ്യം ... മുത്തുസ്വാമിദീക്ഷിതർ
ഗോവിന്ദരാജായ... മുത്തുസ്വാമിദീക്ഷിതർ
ബാലകുചാംബികേ... മുത്തുസ്വാമിദീക്ഷിതർ
ആഡഹോദല്ല ... പുരന്ദരദാസർ
കോഡുവകരുബാരേ ...പുരന്ദരദാസർ
കണ്ടേ കരുണാനിധി ...പുരന്ദരദാസർ
നചിയോഗളബേഡ ...പുരന്തരദാസർ
പാലിസന്നശ്രീ ... പുരന്തരദാസർ
വാസക്കേയോഗു ... പുരന്തരദാസർ
അലർശരപരിതാപം... സ്വാതിതിരുനാൾ
മനസി മദനതാപം... സ്വാതിതിരുനാൾ
ഇണ്ടലിഹ വളരുന്നു... സ്വാതിതിരുനാൾ
ഭയി ലോ പിയാ... സ്വാതിതിരുനാൾ
രജനി ജാത ... സ്വാതിതിരുനാൾ
സാദരമവ... സ്വാതിതിരുനാൾ
താവക പദാംബുജ... സ്വാതിതിരുനാൾ
വിദിതം തേ നിശാവൃത്തം ... സ്വാതിതിരുനാൾ
ശിവപെരുമാൻകൃപൈ... പാപനാശംശിവൻ.

ഇവരെക്കൂടാതെ ക്ഷേത്രഞ്ജർ, മുത്തയ്യാഭാഗവതർ, ഗോപാലകൃഷ്ണഭാരതി, കോടീശ്വര അയ്യർ, അരുണാചലകവിരായർ, അംബുജംകൃഷ്ണ തുടങ്ങിയവരൊക്കെ സുരുട്ടിയിൽ കൃതികൾ രചിച്ചിട്ടുണ്ട്.

കഥകളിസംഗീതത്തിലുള്ള സവിശേഷതകൾ

കഥകളിസംഗീതത്തിലും സുരുട്ടി ഒട്ടും കുറവല്ലാതെ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിലെ സഞ്ചാരങ്ങളും, പ്രയോഗങ്ങളുമൊക്കെ വളരെ കുറഞ്ഞ പരിധിയിൽ വന്നു പോകുന്നതുകൊണ്ടായിരിയ്ക്കാം, കഥകളിയിലും ഈ രാഗം ഉപയോഗിച്ചിരിയ്ക്കുന്ന വിധം കർണ്ണാടകസംഗീതത്തിലെ പ്രയോഗരീതികളിൽ നിന്നും അധികമൊന്നും വ്യതിചലിയ്ക്കുന്നതായി കാണുന്നില്ല. മാത്രവുമല്ല ഈ രാഗം അതിന്റെ പ്രയോഗങ്ങളുടെ ലാളിത്യത്തിലും, വിശേഷ സഞ്ചാരവഴികളിലും  കൂടുതൽ ശോഭിയ്ക്കുന്നതിനാലാവാം കഥകളിസംഗീതത്തിന്റെ ലളിതസഞ്ചാരങ്ങൾക്കും ഭാവപൂർണ്ണതയ്ക്കും ഏറ്റവും കൂടുതൽ യോജിച്ചു പോകുന്ന ഒരു രാഗമായി തന്നെ സുരുട്ടിയെ പറയാവുന്നതാണ്.

എന്നാൽപ്പോലും, സൂക്ഷ്മമായി നിരീക്ഷിയ്ക്കുമ്പോൾ കഥകളി സംഗീതത്തിൽ സുരുട്ടിയെ അതാത് രംഗഭാവങ്ങൾക്കനുസരിച്ച്, വിവിധ തരത്തിൽ പ്രയോഗിച്ചു വരുന്നു. കഥകളി പോലൊരു രംഗകലയിൽ, താളത്തിന്റെ പ്രയോഗവഴികൾക്കു കൂടുതൽ പ്രാധാന്യം കൈവരുന്നതുകൊണ്ട്, ചില പ്രത്യേക പദങ്ങളിൽ, താളം രാഗങ്ങളുടെ ഘടനയ്ക്ക് തന്നെ ഒരു രംഗത്തിനനുയോജ്യമാം വിധം മാറ്റം വരുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. താളത്തിന്റെ നിശ്ചിതമാത്രകളിൽ കൃത്യമായി അക്ഷരം നിരത്താനാവശ്യമായ വിധത്തിൽ രാഗത്തിന്റെ സ്വഭാവത്തെ കുറുക്കിയോ വിപുലീകരിച്ചോ എടുക്കുന്നത് കഥകളിയിൽ സ‌മൃദ്ധമാണ്. സുരുട്ടിയുടെയും ചില സവിശേഷപദങ്ങളിൽ രംഗപ്രയോഗത്തിനനുസൃതമായി കഥകളിസംഗീതം സൂക്ഷ്മപരിണാമങ്ങൾ വരുത്തിയിരിയ്ക്കുന്നതായി കാണാം.

സുരുട്ടിയിലുള്ള ചില പദങ്ങൾ

1) പുഷ്ക്കരവിലോചനാ... കുചേലവൃത്തം. മദ്ധ്യമം.
2) കേൾക്കാ ഹേ ജനകാ മേ .... പ്രഹ്ലാദചരിതം.
3) മന്മഥനാശന... കിരാതം.
4) പരഭൃതമൊഴി പാർത്താൽ... രാവണവിജയം.
5) ഭാനുവംശ ... അംബരീഷചരിതം.
6) ചെയ്വേൻ താവക ... രുഗ്മാംഗതചരിതം.
7) അത്തലിതു കൊണ്ടു നിൻ ... കല്ല്യാണസൗഗന്ധികം
8) അരുതരുതേ ഖേദം ബാലേ ... ദക്ഷയാഗം
9 ) മാതലേ നിശമയ - കാലകേയവധം

ഇതിൽ, ഭക്തി , ശൃംഗാരം, വീരം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭാവങ്ങളെ കൊണ്ടുവരും വിധം സുരുട്ടി ഉപയോഗപ്പെടുത്തിയിരിയ്ക്കുന്ന മൂന്നു പദങ്ങളാണ് യഥാക്രമം കുചേലവത്തത്തിലെ "പുഷ്ക്കരവിലോചനാ" , രാവണവിജയത്തിലെ "പരഭൃതമൊഴി പാർത്താൽ", പിന്നെ കാലകേയവധത്തിലെ "മാതലേ നിശമയ" എന്നീ പദങ്ങൾ.   അതാത് രംഗത്തിനു കൈവരുന്ന കഥയിലെ പ്രാധാന്യവും ഭാവവൈജാത്യവും പ്രസക്തിയുമനുസരിച്ച്, രാഗത്തെ ഉപയോഗിയ്ക്കുന്നതിൽ ഈ മൂന്നുപദങ്ങളിലും ചില  വ്യത്യാസങ്ങൾ കാണാം.

1. പുഷ്ക്കര വിലോചനാ

കുചേലവൃത്തം കഥയുടെ രംഗപ്രചാരമുള്ള ഭാഗത്തിലെ ഏറ്റവും പ്രാധാന്യമർഹിയ്ക്കുന്ന കൃഷ്ണ - കുചേലസംഗമരംഗത്തിലെ അവസാനപദമാണിത്. കുചേലന്റെ കൃഷ്ണഭക്തി, കൃഷ്ണദർശനത്തിലുള്ള നിർവൃതിയും ആനന്ദവും എന്നിവയെല്ലാമാണ് പദത്തിലെ ഭാവാന്തരീക്ഷം.

ഈ പദത്തിൽ രാഗത്തെ സംബന്ധിച്ചു നോക്കുമ്പോൾ, ഇതിന്റെ ആദ്യപകുതിയിൽ തന്നെ രാഗത്തിന്റെ വലിയൊരു ഭാഗം വന്നുപോകുന്നുണ്ട്. "പുഷ്ക്കരവിലോചനാ" എന്ന ആദ്യവരി മദ്ധ്യമത്തിൽ നിന്നും തുടങ്ങി, "ചൊൽക്കൊണ്ട കൃതാർത്ഥേഷു" എന്ന വരി വരേയ്ക്കും സുരുട്ടിയുടെ ഒരേകദേശ രൂപം കാണിച്ചുവെയ്ക്കുന്നു. പിന്നെ "നിഷ്ക്കിഞ്ചനാം ഭൂസുരനെ" എന്നതു മുതൽ നിഷാദത്തിൽ നീട്ടി, മുകളിലേയ്ക്കു നീങ്ങുന്നു, "സൽക്കരിച്ചതും ഓർത്താൽ" എന്നതു മുതൽക്ക്, ഏകദേശം മേൽ മദ്ധ്യമം വരെ തൊട്ടു വരുന്നു. അങ്ങനെ രാഗത്തെ, അതിന്റെ രൂപം അതേപോലെ പാടിവെയ്ക്കുന്നതായ ഒരു ഘടനയാണി പദത്തിൽ. വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ, ഈയൊരു ഘടനയിൽ തന്നെയാണ് പദം മുഴുവനായും പാടിയവസാനിയ്ക്കുന്നത്. ഇതിലും സഞ്ചാരങ്ങൾ മുഴുവനും മദ്ധ്യസ്ഥായിയിൽ തന്നെയാണ് വന്നുപോകുന്നതും, കീഴ്സ്ഞ്ചാരപ്രയോഗങ്ങൾ തീരെവരുന്നതേയില്ല.

കഥകളിസംഗീതത്തെ സംബന്ധിച്ചിടത്തോളം  ഇത്തരത്തിലുള്ള ലളിതങ്ങളായ പദത്തിലും, രാഗത്തിലുമൊക്കെ ഗായകരുടെ വൈയക്തികസംഭാവനകൾ  ഭാവപ്രകാശനത്തിൽ വലിയൊരളവു വരെ പങ്കുവഹിക്കുന്നുണ്ട്. പദത്തിന്റെ  നിയതമായ ഘടന, പാടുമ്പോൾ രാഗത്തിനു കൊടുത്തിരിയ്ക്കേണ്ട നിഷ്ക്കർഷ എന്നിവയിൽ ഗൗരവപരമായ ഊന്നൽ കൊടുക്കുന്നതിനു പകരം, ഗായകർ ഭാവപ്രകാശനത്തിനനുയോജ്യമായ മനോധർമ്മം കൂടി ഉപയോഗപ്പെടുത്തുന്നത്, ഇത്തരത്തിലുള്ള പദങ്ങളിൽ സുവ്യക്തമാവുന്നു. അഥവാ, ഭാവസംഗീതം എന്ന നിലയ്ക്ക് കഥകളിസംഗീതത്തിൽ നിന്നും അതിനുള്ള സ്ഥലം, സ്വാതന്ത്ര്യം ഒക്കെ സ്വമേധയാ അവർക്കു ലഭ്യമാകുന്നുണ്ട്. അതായത് ഭാവപ്രകാശനം എന്നത് രാഗത്തിന്റെയോ പദത്തിന്റെയോ നിയതമായ ഒരു ഘടനയ്ക്കുള്ളിൽ ഒതുങ്ങാതെ, ഗായകർ അവർക്ക് നൈസർഗ്ഗീകമായി ലഭ്യമാകുന്ന അവതരണരീതികളെ ഉപയോഗപ്പെടുത്തുന്ന വഴിയിലേയ്ക്കു കൂടി കഥകളിസംഗീതം ഒരു പരിധിവരെ ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന്, മൂന്നു ഗായകർ പാടിയിരിയ്ക്കുന്ന ഈ പദത്തിന്റെ ക്ലിപ്പുകൾ കേട്ടുനോക്കാം. (കുറുപ്പാശാൻ, കോട്ടയ്ക്കൽ നാരായണൻ, കോട്ടയ്ക്കൽ മധു‌)   മൂന്നുപേരുടേയും വഴികളിൽ, പദത്തിന്റെ ഘടനയിൽ, രാഗത്തിന്നു കൊടുക്കുന്ന വിശദാംശങ്ങളിൽ ഒക്കെ സൂക്ഷ്മമായ വ്യത്യാസങ്ങൾ കടന്നുവരുന്നുണ്ട്.

കഥകളിസംഗീതത്തിൽ (ചിട്ടപ്രധാനമല്ലാത്ത കഥകളിൽ പ്രത്യേകിച്ചും) വളരെ വ്യാപകമായി തന്നെ ഉരുത്തിരിഞ്ഞു വരുന്ന ഇത്തരത്തിലുള്ള അതിന്റെ പ്രകടനസ്വഭാവം, ഗായകർക്ക് പലപ്പോഴും പാടുന്നതിനുള്ള സ്വാതന്ത്ര്യം,സ്ഥലം ലഭ്യമാകുന്നു എന്നതിനു പുറമേ, അവർ സൃഷ്ടിച്ചെടുക്കുന്ന സംഗീതം ഒരു കഥകളിയരങ്ങിനോടു പരമാവധി നീതീകരിച്ചുകൊണ്ട് എങ്ങനെ ഇണക്കിച്ചേർത്തു കൊണ്ടുപോകാം എന്ന വെല്ലുവിളി കൂടി ഗായകർ നേരിടുന്ന സാഹചര്യവും വരുന്നു.

2. പരഭൃതമൊഴി പാർത്താൽ:

രാവണവിജയത്തിലെ രംഗപ്രചാരമുള്ള ഭാഗമായ ‘രംഭാപ്രവേശ’ത്തിൽ പ്രധാനരംഗമായ രാവണനും രംഭയുമായുള്ള രംഗത്തിൽ അവസാനം വരുന്ന പദമാണിത്. രംഭയുടെ അപേക്ഷകൾ ചെവിക്കൊള്ളാതെ, രാവണനിൽ നിറയുന്ന സംഭോഗശൃഗാരമാണ് ഈ പദത്തിന്റെ ഭാവാന്തരീക്ഷം.

പദം തുടങ്ങുന്നത് മദ്ധ്യമത്തിൽ നിന്നുമാണ്. ഈ പദത്തിലും കീഴ്സഞ്ചാരങ്ങൾ തീരെ വരുന്നുന്നില്ല.. അധികവും മദ്ധ്യസ്ഥായിലായി തന്നെ പദം മുഴുവനായും പാടിവരുന്നു. ഇതിലെ രണ്ടാം പകുതി മുതൽ, "പരിണതവിധുമുഖിമാർ" എന്ന വരി മുതൽക്ക്, അതിന്റെ വേഗത (ഒരടിയിൽ വരുന്ന അക്ഷരത്തിനു മാറ്റം വരാതെ, അതിന്റെ വേഗത മാത്രംകൂടുന്നു) കൂട്ടി പദം കുറച്ചുകൂടി വേഗതയിൽ പാടുന്നുണ്ട്. പദത്തിന്റെ രാഗസ്വരൂപം ഏതാണ്ടിതേ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. കഥകളിയിൽ ചില പദങ്ങളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതയാണിത്. ക്രമികമായി വേഗതയാർജ്ജിയ്ക്കുന്ന പദത്തിന്റെ ഘടന അരങ്ങിലെ ഭാവാന്തരീക്ഷത്തിനു കൂടുതൽ നിറം നൽകുന്നു. രാവണന്റെ സംഭോഗശൃഗാരത്തിന്റെ, അവസാനം ബലാൽക്കാരത്തിലേക്കെത്തുന്ന വൈകാരികാന്തരീക്ഷത്തിന്റെ അനുക്രമമായ വികാസത്തെ ദ്യോതിപ്പിയ്ക്കും വിധത്തിൽ പദത്തിന്റെ വേഗവ്യതിയാനം ഈ പദത്തിൽ മനോഹരമായി ഉപയോഗിച്ചിരിയ്ക്കുന്നു.

ഇവിടെ ഈ ക്ലിപ്പിൽ സുരുട്ടിയുടെ വളരെ വിശദമായ, ലളിതമായ ഒരു രൂപം കുറുപ്പാശാൻ പാടിവെയ്ക്കുന്നുണ്ട്.

3. മാതലേ നിശമയ

മുൻപുദാഹരിച്ച രണ്ടു പദങ്ങളും രംഗാവസാനത്തിലാണ് വരുന്നതെങ്കിൽ, കഥകളിസംഗീതത്തിന്റെ സവിശേഷതകൾ വ്യക്തമാവുന്ന ഈ പദം കാലകേയവധത്തിന്റെ ആദ്യപദമാണ്. രാഗം പാടിക്കലാശിച്ച് ശ്ലോകം പാടി കഥകളിയസൌന്ദര്യത്തോടെ ആവിഷ്കൃതമാവുന്ന ഈ പദം കഥകളിയോടു ചേർന്നുനിൽക്കുന്ന കോട്ടയത്തുതമ്പുരാന്റെ രചനാവൈദഗ്ദ്ധ്യം കൊണ്ട് വ്യത്യസ്തത പുലർത്തുന്നു. പാശുപാതാസ്ത്രം പരമശിവനിൽ നിന്നു സിദ്ധിച്ച അർജ്ജുനൻ ഹിമവൽ‌പാർശ്വത്തിൽ വീര്യവാനായി വസിയ്ക്കുമ്പോൾ തന്റെ പുത്രനായ അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാൻ സാരഥിയായ മാതലിയോട് ഇന്ദ്രൻ ആവശ്യപ്പെടുന്നതാണ് സന്ദർഭം. മകന്റെ വീര്യത്തിലുള്ള അഭിമാനം, വീരം എന്നിവയാണ് ഭാവം.

മുൻപ് ഉദ്ധരിയ്ക്കപ്പെട്ട പദങ്ങളിൽ കാണുന്നതിനേക്കാളും തികച്ചും വേറിട്ടൊരു രീതിയിൽ സുരുട്ടിയെ കഥകളിയിൽ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് ഒരുപക്ഷേ കാലകേയവധത്തിലെ "മാതലേ നിശമയ" എന്ന പദത്തിൽ തന്നെയായിരിയ്ക്കും.

ഈ പദത്തിൽ സുരുട്ടിയുടെ കർണ്ണാടകസംഗീത വഴികളെ അങ്ങനെ അതേപടി പിന്തുടരുന്നതായി തോന്നുകയില്ല. അതിനുള്ള ഒരു പ്രധാന കാരണം  അടന്തയെന്ന താരത‌മ്യേന സങ്കീർണ്ണമായ, ഇരുപത്തെട്ട് മാത്രകൾ നീളമുള്ള ഒരു താളത്തിൽ, സുരുട്ടി പോലൊരു ചെറിയ രാഗത്തെ എടുത്ത് വലുതാക്കി വിശദീകരിച്ചു വെയ്ക്കുക, എന്ന കഥകളിയുടെ സവിശേഷ ആവശ്യം കൊണ്ടാണ്.

മാതലേ നിശമയയിൽ സുരുട്ടിരാഗസ്വഭാവത്തെ പാടിയവതരിപ്പിയ്ക്കുക എന്നതിൽ കൂടുതൽ, അതിനെ താളത്തിന്റെ നിശ്ചിതമാത്രകളിലേയ്ക്ക് നിരത്തി, രാഗത്തിന്റെ പ്രധാനമായ ചില സഞ്ചാരങ്ങളെ പാടിവെയ്ക്കുക എന്നതാണ് ഈ പദത്തിൽ സംഗീതത്തിനു കൈവരുന്ന പ്രസക്തി. അടന്തയുടെ ദൂർഘടമായ  താളവ്യവസ്ഥയുടെ സ്ഥലത്തിനുള്ളിൽ പാടിയെടുക്കുന്ന സുരുട്ടിയുടെ സവിശേഷസൌന്ദര്യമാണ് ഈ പദത്തിൽ കൂടുതലും കേൾക്കാനാവുക. ഇതിലെ സഞ്ചാരങ്ങൾക്കൊക്കെ തന്നെയും സാധാരണയായി കർണ്ണാടകസംഗീതത്തിൽ കേട്ടുശീലിച്ചു വരുന്ന ഭാവത്തിൽനിന്നും വ്യത്യസ്ഥമായ രസഭാവമാണ് ലഭിയ്ക്കുന്നതും. ഉദാഹരണത്തിന് ഈ ക്ലിപ്പിൽ മാടമ്പിയാശാൻ പാടുന്നതിൽ പലപ്പോഴും സുരുട്ടിയുടെ പ്രധാനസവിശേഷതയായ വക്രപ്രയോഗം (മ ഗ പ മ രി ) ഒഴിവാക്കിയുള്ള ചില പ്രയോഗങ്ങൾ ആവർത്തിച്ചു കേൾക്കാവുന്നതാണ്. ഈ പദത്തിനും കഥകളിഗായകപ്രതിഭകളുടെ കൈയ്യൊപ്പുകൊണ്ട് കൂടുതൽ സൌന്ദര്യമാനങ്ങൾ ലഭിയ്ക്കുന്നത് കാണാം. കഥകളിയരങ്ങിനു തികച്ചും അനുയോജ്യമായ ഘടനയുള്ള മാതലേ നിശമയയ്ക്ക് ഒരേസമയം രംഗപ്രയോഗദക്ഷതയും സംഗീതസൌന്ദര്യവും സമന്വയിക്കുന്ന ആലാപനത്തിന് പ്രതിഭാസമ്പന്നരായ ഗായകർക്കു കഴിയാറുണ്ട്. ഉദാഹരണമായി വെണ്മണി ഹരിദാസ് പാടിയ ഈ മാതലേ നിശമയ കൂടി കേട്ടുനോക്കുക:

ഹൃദയഹാരിയായ സുരുട്ടിയുടെ ലാവണ്യം ഉപയോഗിച്ച നിരവധി ഗാനങ്ങൾ കേൾക്കാം. പ്രസിദ്ധസ്വാതികൃതിയായ അലർശരപരിതാപം തന്നെ രാഘവൻ‌മാസ്റ്ററുടെ സംഗീതത്തിൽ പുറത്തുവന്ന കൂടപ്പിറപ്പ് എന്നചിത്രത്തിലും ബാബുരാജ് സംഗീതം പകർന്ന കുട്ട്യേടത്തി എന്ന ചിത്രത്തിലും എം ബി ശ്രീനിവാസത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വാതിതിരുനാൾ എന്ന ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ ‘സുകുമാരകലകൾ’ , രംഗം എന്ന ചിത്രത്തിൽ കെ വി മഹാദേവൻ ഈണം നൽകിയ ‘വനശ്രീ മുഖം’ എന്ന ഗാനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിനായി ജോൺസൺ ഈണം നൽകിയ ‘മധുമൊഴി’ എന്ന ഗാനം എന്നിവ സുരുട്ടിയുടെ ഭംഗി മലയാളചലച്ചിത്രസംഗീതത്തിലും പകർന്ന പാട്ടുകളാണ്.

ദക്ഷിണാമൂർത്തി സ്വാമികളുടെ ‘സന്നിധി’ എന്ന കാസറ്റിലെ ‘ശബരിമാമല” എന്നൊരു ഭക്തിഗാനം സുരുട്ടിയിലാണ്. എം ജി രാധാകൃഷ്ണന്റെ ‘ആലസ്യം’ എന്ന ആൽബത്തിൽ ‘വാഹിനി മരച്ചോട്ടിൽ വാഴും’ എന്നൊരു ഗാനവും സുരുട്ടിയിലുണ്ട്.

ചില അയൽരാഗങ്ങൾ

കേദാരഗൗള, നാരായണഗൗള എന്നീ രാഗങ്ങളെ സുരുട്ടിയുടെ അയൽരാഗങ്ങളായി എടുക്കാവുന്നതാണ്. സുരുട്ടിയടക്കമുള്ള ഈ മൂന്നു രാഗങ്ങളും ഹരികാംബോജി ജന്യങ്ങൾ തന്നെയാണ്. അതിൽ കേദാരഗൗള അതിന്റെ സ്വരഘടനയിൽ സുരുട്ടിയോടു വളരെ അടുത്ത് നിൽക്കുന്നു. (ആരോഹണം സ രി മ പ നി സ എന്നും അവരോഹണം ക്രമസമ്പൂർണ്ണമായും വരുന്നു.)എങ്കിലും ഇവയുടെയൊക്കെ വേറിട്ട സഞ്ചാരസവിശേഷതകളും, തനത് വിശേഷപ്രയോഗങ്ങളും അവയ്ക്കോരോന്നിനും വ്യക്തമായ സ്വഭാവഗുണം നൽകുന്നുണ്ട്.

ഉദാഹരണത്തിന് കേദാരഗൗളയിൽ മഗരീ, പാമഗരീ, എന്നൊക്കെ ഗാന്ധാരത്തിൽ നിന്നും രി യിലേയ്ക്കു വരുമ്പോൾ, സുരുട്ടിയിൽ മദ്ധ്യമത്തിൽ നിന്നും നേരിട്ടാണ് രിഷഭത്തിലേയ്ക്കു വരുന്നത്, കൂടാതെ അതിന്റെ വക്രസ്വഭാവം അതിനെ വേറിട്ടു നിർത്തുകയും ചെയ്യുന്നു. കേദാരഗൗളയിൽ രിഷഭം കുറച്ചുകൂടി ദീർഘമായും ഊന്നൽ കൊടുത്തുകൊണ്ടും തന്നെ വരുന്നുണ്ട്, വിശേഷിച്ചും മേൽസ്ഥായിയിലൊക്കെ രിഷഭത്തിനു വളരെ പ്രാധാന്യം ഉണ്ട്. സുരുട്ടിയിൽ നിഷാദം ജീവൻ നൽകുന്ന സ്വരമായി വരുന്നു. ഇത്തരത്തിലുള്ള ചില സൂക്ഷ്മമായ പ്രയോഗവ്യത്യാസങ്ങൾ രണ്ടു രാഗങ്ങളേയും പരസ്പരബന്ധമില്ലാത്ത, തീർത്തും വ്യത്യസ്ഥങ്ങളായ രണ്ടു രാഗങ്ങളാക്കി മാറ്റുന്നു.

Article Category: 
Malayalam

Comments

Very informative and lovely writing Parvathy

valare upakararadamaaya ezhuth. thudaru.

Mohandas's picture

very informative and neatly presented article