ഏതാകിലും വരുമോ ബാധ

Sunday, June 9, 2013 - 07:00
Kalamandalam Gopi and Kalamandalam Krishnakumar as Nala and Pushkara

ഓർമ്മകൾക്കൊരു കാറ്റോട്ടം - ഭാഗം 10

സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്.

ആ രാഗത്തിൽ പാടുന്ന "ശ്രീമൻ സഖേ"ക്ക് മുഴുവനും ആവിധം തിമർപ്പുള്ളതുപോലെ സ്വതേ അനുഭവപ്പെടും. അതിനന്നും വിഘ്നമുണ്ടായതായി ഓർമയില്ല.

ശ്രീകൃഷ്ണന്റെ പദത്തിന് ശേഷമാണല്ലോ മറുപടിയായി അർജുനന്റെ "നാഥാ ഭവച്ചരണ". പുകഴ്പെറ്റ ദേവഗാന്ധാരി പദം തുടങ്ങി. അർജുനന്റെ ആട്ടത്തിൽ മൂന്നാമത്തെ വരിയായ "ഏതാകിലും വരുമോ...." എന്നിടത്ത് "ആകിലും" എന്ന് കുറഞ്ഞത്‌ മൂന്നു വിധത്തിൽ ആടിക്കാണാം ഇന്നിപ്പോൾ ആശാൻ. അതെ, അർജുനൻ: കലാമണ്ഡലം ഗോപി എന്ന് നോട്ടീസിൽ കണ്ടതു മുതൽ ഈയൊരു ശകലത്തിനായാണ് ഏറെ മോഹിച്ചത്.

The grandeur of a Kathakali Vesham

പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. വിചാരിച്ചതിലും അനുഭവസാന്ദ്രമായി. വലത്തോട്ടു ചെറുതായി തിരിഞ്ഞ് പീതംബരനെ നോക്കി അദ്ഭുതം നടിച്ചു. പിന്നെ സദസ്സിനഭിമുഖമായി നിന്ന് മുദ്രക്കുള്ള പുറപ്പാടായി. ലേശമൊന്നു താണുനിന്ന് രണ്ടുകൈയും നെഞ്ചിനു കുറച്ചു മേലെ പിടിച്ച് കീഴ്പോട്ടു കൊണ്ടുവന്ന് താളാത്മകമായി മേലോട്ട് കുറേക്കൂടി വേഗത്തിൽ ഉയർത്തി; അതിനിടെ വിരിച്ച പത്തി രണ്ടും വീണ്ടും ചുരുക്കി. പിന്നെ, വലതു കൈകൊണ്ടു മാത്രമായി അതെ മുറ -- ലേശമൊന്നു കുനിഞ്ഞും വലത്തോട്ടു ചാഞ്ഞും. പോരാഞ്ഞെന്നവണ്ണം, ഒട്ടൊരു കുസൃതി മുഖത്തുവരുത്തി ഇടതുകൈ കൊണ്ടും ഒറ്റക്ക്. പിന്നെ, പരിസമാപ്തിയെന്ന കണക്ക് രണ്ടു കൈകൊണ്ടു വീണ്ടും.

ഈ ഭാഗമത്രയും ചെണ്ടയിൽ കലാമണ്ഡലം കേശവൻ തഞ്ചത്തിൽ മുദ്രക്കും കൂടി.

ആദ്യരംഗം കഴിഞ്ഞു. കളി തുടർന്നു. മുറുകി. അയഞ്ഞു. കഴിഞ്ഞു. തൃപ്പൂണിത്തുറ ക്ലബ്ബിന്റെ 1993ലെ വർഷാദ്യ പരിപാടി നന്നായി.

തിയ്യതി: ജനുവരി 22. കളിക്കോട്ടാ പാലസിന്റെ കിഴക്കേ ഭാഗത്ത് പാതി തുറസ്സായ ഹാളിനു തെക്കുപടിഞ്ഞാറ് ചേർന്ന മുറിയാണ് അണിയറ. ചെണ്ട കേശവേട്ടൻ ഒരു മൂലയ്ക്കൽ കാറ്റുകൊള്ളുന്നു. കൂട്ടത്തിൽ വേറെയാരുമായോ സൊള്ളുന്നു; ഉറക്കെ ചിരിക്കുന്നു. എന്റെയൊപ്പം അച്ഛനെ കണ്ടതും കാര്യഗൌരവം കാട്ടി പറഞ്ഞു: "എപ്പ്ലാ പോണ്ട് ച്ചാ പറഞ്ഞോളോ ട്ടോ, നിയ്ക്ക് കുപ്പായട്വേ വേണ്ടൂ."

കളി കഴിഞ്ഞ് ഇടപ്പള്ളി വീട്ടിൽ അന്നേ രാത്രി പോവുന്നില്ലെന്ന് സമ്മതിപ്പിച്ചിരുന്നു കേശവേട്ടനെ. പകരം ഇപ്പട്ടണത്തിലെ തിയ്യാടിയിലാവാം തമ്പെന്നും.

"വർത്താനം കഴിയട്ടെ; സൗകര്യം മാതിരി," അച്ഛൻ പറഞ്ഞു.

അപ്പോഴാണ്‌ എനിക്കത് വീണ്ടും തോന്നിയത്. ആ വൈകുന്നേരം, കളിക്ക് മുമ്പ് കണ്ടപ്പോൾ ഗോപിയാശാനോടും ഇതേ ക്ഷണം മുന്നോട്ട് വച്ചതാണ്. മുക്കാലും തേച്ച മുഖത്ത് പരന്ന നീരസം മറച്ചുവെക്കാൻ വിഫലശ്രമം നടത്തി ആശാൻ പൊടുന്നനെ പറഞ്ഞു: "ഹേയ്, അയ്‌ങ്ങന്യാ.... പറ്റും തോന്നീല്യാ... കല്യാണണ്ട് നാളെ തൃശ്ശൂരേ.... അതോ, ശിഷ്യന്റീം..."

Kalamandalam Krishnakumar

കലാമണ്ഡലം കൃഷ്ണകുമാർ വിവാഹിതനാവുന്നു. മുപ്പത്തിയൊന്നാം വയസ്സിൽ. ചൊല്ലിയാടിപ്പഠിച്ച സ്ഥാപനത്തിൽ ജോലിയായി മൂന്നാമാണ്ടിൽ.

എന്റെ ക്ഷണം നിസ്സന്ദേഹം നിരസിച്ചത് ന്യായം. വേറെ രണ്ടു ലോഹ്യം പറഞ്ഞുപിരിഞ്ഞു.

ഇപ്പോൾ വേഷമഴിച്ച് പെട്ടിപ്പുറത്തിരുന്ന് മനയോല തുടയ്ക്കുകയാണ് ഗോപിയാശാൻ. തലേ വർഷം മെയ് മാസം കലാമണ്ഡലത്തിൽനിന്ന് പിരിയും ദിവസം വേഷം കെട്ടി കുറേശ്ശെയായി അരങ്ങത്ത് വീണ്ടും വന്നു തുടങ്ങുന്നതേയുള്ളൂ. നട്ടെല്ലിന് പരിക്കും അനാരോഗ്യവും മൂലം 1991-92 സീസണ്‍ മുഴുവനായി രംഗത്തുനിന്ന് വിട്ടുനിന്ന ശേഷം.

Kalamandalam Gopi after the show

എന്തായിരിക്കാം ഇപ്പോഴത്തെ കൃത്യം ശരീരസ്ഥിതി? വയ്യായ്ക വല്ലതും? ഉണ്ടെങ്കിൽ അറിയാമല്ലോ. വെറുതെ മുന്നിൽച്ചെന്നു പരുങ്ങി. കണ്ണാടിയിൽനിന്ന് ആശാന്റെ ദൃഷ്ടി മാറി. മുഖത്തിന്റെ താടിയെല്ലിളക്കാതെ പതിവുപോലെ കഴുത്തിനു ബലം കൊടുത്ത് ചുമലു ചെരിച്ചു. നോക്കി ചിരിച്ചു.

തിരിച്ച് കണ്ണാടിയിൽ നോക്കി മുഖത്ത് പഴന്തുണി പായിക്കുമ്പോൾ ചെറിയൊരു ചിരിയോടെ പറഞ്ഞു: "പ്പൊടുക്കും വൽസൻ പറഞ്ഞേൽക്കെന്നെ പൂവും ന്നാ തോന്നണ് കാര്യങ്ങള്...."

എന്താണത്, ഞാൻ ചോദിച്ചു.

"അല്ലാ, ന്നങ്ങ്ട് വീട്ട്ളിയ്ക്ക്ള്ള വരവേ..."

അതായത്?

"അയായത് ന്നവട്യാവാം ഊണ് ന്നന്നെ... വൽസന്റോട്ന്നേ..."

ഉള്ളിൽ ഊറിവന്ന സന്തോഷം അടക്കി പറഞ്ഞു: "അത് നന്നായി.... നാളത്തെ കല്യാണം?"

മെഴുക്കുപുരണ്ട തുണിക്കഷ്ണം അശ്രദ്ധമായി നിലത്തു വീഴ്ത്തി വീണ്ടും മേലോട്ട് നോക്കി പറഞ്ഞു: "വൈയ്ക്കും തോന്നീല്യ.... ഇന്ന്പ്പൊങ്ങ്ട് ന്റോടയ്ക്കെത്തീട്ട് നാള കല്യാണത്തിന് പോക്കും.... ഒക്കപ്പാടെകൂടിട്ട്.... വേറൊന്ന്വല്ല; ക്ഷീണണ്ട്, അതോണ്ടേ...."

മാത്രമല്ല, അതിലൊക്കെ പ്രധാനമായി പിറ്റേന്ന് തെക്കൊരിടത്ത് വേഷമുണ്ട് ആശാന് എന്നും വ്യക്തമാക്കി; ആ കളിക്കും കേശവേട്ടൻതന്നെയാണ് കൊട്ടാൻ എന്നും. "ഈ ബസ്സിലും ട്രെയിൻല്വായിട്ട് അങ്ങട്ടൂങ്ങട്ടും യാത്ര.... വയ്യ..."  ഇത്രയും പറഞ്ഞ് അരക്കെട്ടിന് ഇരുവശം കൈകൾകൊണ്ട് താങ്ങുകൊടുത്ത് നടു നല്ലവണ്ണം പിന്നാക്കം ചായ്ച്ചു.

കാക്കാം എന്ന് പറഞ്ഞ് തല്ക്കാലം ഒഴിഞ്ഞുകൊടുത്തു. ഗോപിയാശാനും കൂടെവരുന്ന വിവരം അച്ഛനെയും കേശവട്ടനെയും ആഘോഷമായി അറിയിച്ചു.

വൈകാതെ നാൽവരും വീടണഞ്ഞു.

അത്താഴത്തിനു ശേഷമായിരുന്നു വിസ്തരിച്ചു വർത്തമാനം. "ശ്രീമൻ സഖേ"യിൽ ഉള്ളതിനേക്കാൾ വലിയ സൊറ.

"എന്താപ്പൊ മുഴോൻ പേര് പറയ്യാ?" രണ്ടു പതിറ്റാണ്ടെങ്കിലുമായി പരിചയമുള്ള അച്ഛനോട് ഗോപിയാശാന്റെ ചോദ്യം.

"കേശവൻകുട്ടി."

"അത്രേള്ളൂ?"

"ച്ചാല്?"

"അല്ലാ, നമ്പ്യാര് ന്നോ ന്തേയ്‌ങ്കിലും..."

"ഏയ്‌, അത് ശീലാക്കീല്യ."

"നിയ്ക്കൂല്ല്യ വാലേയ്," ആശാൻ തിരിച്ചും. "വെർതെ ഗോബി.... അത്രന്നെ..."

കേശവേട്ടൻ കൂടുതൽ അമാന്തിച്ചില്ല. "വാല്പ്പോ നിയ്ക്കൂല്ല്യാ.... ആഹ്ഹ ഹ ഹ.... അല്ലാ ന്ന്ണ്ടെങ്ങെ നായര് ന്നോ നമ്പൂരീ ന്നോ എന്താച്ചാ ആവാർന്നൂ....ഊഹ്ഹ ഹാ ഹാ!"

ഒന്നോർത്താൽ ജന്മഗ്രാമത്തിൽനിന്ന് വിട്ടു താമസിക്കുന്ന മൂവരുടെ അപ്രതീക്ഷിത സംഗമം. അടുത്തടുത്ത നാട്ടുകാർ.... ഗോപിയാശാൻ കോതച്ചിറ, കേശവേട്ടൻ പെരിങ്ങോട്, അച്ഛൻ പെരുമ്പിലാവ്.... അടുപ്പിൻകല്ല്‌ പോലെ മൂന്നിടം. പാലക്കാട്, തൃശ്ശൂര് ജില്ലകളുടെ അതിർവരമ്പിന് അപ്പുറമിപ്പുറം സ്ഥലങ്ങൾ.

ഇടയിൽ കൃഷ്ണകുമാറിനെ ഓർമ വന്നു. കല്യാണത്തിന് ആശാനെ പ്രതീക്ഷിച്ചിരിക്കില്ലേ അദ്ദേഹം? വരുന്നുണ്ടാവില്ല എന്നറിയിക്കാൻ പെട്ടെന്ന് വഴി വല്ലതും? പുറത്തുപോയി ഏതെങ്കിലും ടെലിഫോണ്‍ ബൂത്തിൽനിന്ന് വിളിക്കാം എന്നുവച്ചാൽ നമ്പർ? കൃഷ്ണകുമാറിന്റെ വീട്ടിലുണ്ടോ ഫോണ്‍? അല്ലെങ്കിൽത്തന്നെ ഈ നേരത്ത് വിളിക്കുന്നത് ശരിയോ? ഒരു മുഖ്യാതിഥിയുടെ വരവ് ഞാനായിട്ട് മുടക്കിയെന്ന് എനിക്കെന്തിനാണ്‌ ഇങ്ങനെ വെറുതെ തോന്നിക്കൊണ്ടിരിക്കുന്നത്!

തൃശ്ശൂര് മുളംകുന്നത്തുകാവിനും വടക്കാഞ്ചേരിക്കും മദ്ധ്യേ മിണാലൂർ സ്വദേശിയായ കൃഷ്ണകുമാർ പഠിച്ച അമ്പലപുരം സ്കൂളിൽ ആയിടെ അദ്ദേഹത്തിൻറെ ഉത്സാഹത്തിൽ ഒരു കഥകളി നടന്നിരുന്നു. നളചരിതം രണ്ടാം ദിവസം. പ്രധാനവേഷം ഗോപിയാശാന്റെ. ദമയന്തിയുമൊത്തുള്ള ശ്രുംഗാരപദത്തിന് തിരശീല നീക്കി നളനെ കണ്ടപ്പോൾ വയറൊന്നാന്തി. കടന്നല് കുത്തിയത് പോലെ മുഖവുമായി കുവയലവിലോചനൻ. കണ്ണിനു കീഴെ തടമത്രയും ചീർത്ത്. അതിന്റെ പന്തിയല്ലായ്കയിൽ സ്ഥായിഭാവം വൈരാഗ്യം പോലെന്തോ.... ഇതെന്തു പക!

Kalamandalam Gopi as  Nalan

"ങ്ഹാ, വൽസൻണ്ടായിര്ന്ന്വോ ആ കളിക്ക്!" എന്ന് ആശാൻ ഇന്നിപ്പോൾ വീടിന്നുമറത്തിരുന്ന് എന്നോട്. പെട്ടെന്ന് ഇളയ അനിയത്തിയുടെ നേരെ തിരിഞ്ഞ്: "മോളേ, ലേശം ചുക്ക്വൊള്ളം കൊണ്ട് ര്വോ?"

ഗ്ലാസ് മേശമേൽ വച്ച ശേഷം സംസാരം തുടർന്നു. "ഒന്നും പറേണ്ടാ... അതിന്റെ തലേ ദിവസം നടന്ന കളീന്ന് പറ്റീതാ. മനോലരച്ചേല് പെഴച്ചതാ. മൊഖം പൊള്ളി. കല്ലച്ചു ചീർത്തു. എന്നോട് ചോയ്ക്കാണ്ട്യെ അരച്ചതേയ്.... സദനത്തില്യൊര് ചെക്കനേർന്ന്.... അല്ലാ, അവനെ പറഞ്ഞ്ട്ടും കാര്യല്ല്യ.... മനപ്പൂർവല്ലലോ പ്പത്..."

അമ്പലപുരം സ്കൂളങ്കണത്തിലെ ആ കളിക്ക് വന്നിരുന്ന വടക്കാഞ്ചേരിക്കാരാൻ ആർ വി ഉണ്ണിക്കൃഷ്ണൻ ആദ്യരംഗത്തിനിടെ പറഞ്ഞത് ഓർമ വന്നു: "ഇത് ഗോപ്യല്ല; ങ്ങനെ കാണുമ്പോ മണാളത്ത് ഗോവിന്ദൻ നായര് ന്നന്നെ ഇടണ്ടീര്ന്നു പേര് തോന്ന്വ..."

ഈ 'വാല്' ഒഴിവാക്കിയാൽ ആൾക്ക് ചെറുപ്പം വെക്കുമോ!

ഉറക്കത്തിനു കാലമായി. ഗോപിയാശാനും കേശവേട്ടനും മേലത്തെ മുറിയിലേക്ക് കിടക്കാൻ പോയി.

പിറ്റേന്ന് കുളിയും കാപ്പികുടിയും കഴിഞ്ഞ് ഇരുവരും സസന്തോഷം പടിയിറങ്ങി.

കാലം പോയി. കൊല്ലം പതിനാല് പിന്നിട്ടു. 2007ലെ തൃപ്പൂണിത്തുറ പൂർണത്രയീശ ഉത്സവം. അവധിയെടുത്ത് കേരളത്തിലെത്തി. ഏഴു ദിവസം കഥകളി; പാതിരതുടങ്ങി നേരം വെളുക്കുവോളം. കൂട്ടിനായി മദിരാശിക്കാലത്തെ സുഹൃത്ത് വൈദ്യനാഥൻ സ്വാമി എന്ന തിരുവനന്തപുരത്തുകാരൻ. ഒരു രാത്രിയിലെ കളിക്ക് മുഖ്യവേഷക്കാരൻ കൃഷ്ണകുമാർ. 'കല്യാണസൗഗന്ധികം' ഭീമസേനൻ. ഊട്ടുപുരയുടെ പടിഞ്ഞാറേ മൂലക്കുള്ള അണിയറയിൽ പായമെലിരുന്ന് തേക്കുന്ന കൃഷ്ണകുമാറിന്റെ അടുത്തേക്ക് എന്റെ മൂത്തപുത്രൻ ഓടിച്ചെന്നു.

Kalamandalam Krishnakumar with son of the author

അഞ്ചു വയസ്സുള്ള ദൽഹിക്കാരൻ പയ്യൻ. "കൃഷ്ണോമാറാശാനു"മായി തകൃതിയായി എന്തെല്ലാമോ ബഡായിയും തുടങ്ങി. വല്ലാതെ ഉപദ്രവം ആവേണ്ട എന്നു കരുതി ഞാൻ അങ്ങോട്ടു ചെന്നു.

"അത് ശെരി! ശ്രീവൽസന്റെ കുട്ട്യാ?" എന്ന് കൃഷ്ണകുമാർ. പിന്നൊരു ചോദ്യം; അത് ഉള്ളിലെവിടെയോ ഉടക്കി: "കല്യാണൊക്കെ കഴിഞ്ഞൂ ലേ!"

ഉവ്വ്.

"എപ്പോ? എവടെ വെച്ച്ട്ടാർന്ന്?"

കല്യാണമോ? തൃശൂര് തന്നെ.

"തന്നെ" എന്ന് പറഞ്ഞു പോയതാണ്. അതെന്തേ എന്നങ്ങോരും അന്വേഷിച്ചില്ല.

കൃഷ്ണകുമാറിന്റെ വിവാഹം വടക്കേ സമൂഹമഠത്തിൽ വച്ചായിരുന്നു എന്ന് കേട്ടിട്ടുണ്ട് എന്നൊന്നും പറയാൻ മിനക്കെട്ടില്ല.

The Preparation

അങ്ങനെ ആ സീനും വെടിപ്പായി പര്യവസാനിച്ചു.

കൊല്ലം കഷ്ടി ഒന്നര പിന്നെയും ചെന്നു. 2009 ഫെബ്രുവരി. ഗോപിയാശാന് പത്മശ്രീ പുരസ്കാരം കിട്ടിയത് പ്രമാണിച്ച് അദ്ദേഹം താമസിക്കുന്ന തൃശൂര് പേരാമംഗലത്ത് സായാഹ്നസ്വീകരണം, സന്ധ്യക്ക് കളി.

പരിപാടി നടന്ന മൈതാനിക്ക് നേരെയെതിരെ ഗോപിയാശാന്റെ വീട്ടിൽ കളിക്ക് ശേഷം അത്താഴം. മുറ്റത്തേക്ക് എത്തിച്ച് നോക്കിയപ്പോൾ ഉളളിലെ താമസക്കാരുടെ ക്ഷണം. മോശമില്ലാത്ത വിരുന്ന്.

"ഇരിക്കൂ" എന്നു പറഞ്ഞ് കൈകാട്ടാൻ ഗോപിയാശാൻ. "കഴിക്കൂ, കഴിക്കൂ," എന്ന് പറഞ്ഞ് വീണ്ടും വീണ്ടും വിഭവങ്ങൾ വിളമ്പിത്തരാൻ കൃഷ്ണകുമാർ.

Kalamandalam Gopi and Kalamandalam Krishnakumar as Nala and Pushkara

ബലേ! സദ്യ ആരുടേയും കല്യാണത്തിന്റെയല്ലെങ്കിലെന്ത്? ബഹുസ്വാദ്!

അല്ലെങ്കിൽത്തന്നെ പതിനാറ് കൊല്ലം മുമ്പ് നടന്ന ആ കളിയിൽ ആശാൻ വിസ്തരിച്ചാടിയതല്ലേ -- "ഏതാകിലും വരുമോ ബാധ!"

അകലെ തൃപ്പൂണിത്തുറ അമ്പലത്തിൽ നിത്യശ്ശീവേലിശേഷം സന്താനഗോപാലമൂർത്തിക്ക് മുമ്പിൽ മണിമുഴങ്ങിയത് ഏറെ നേരം മുമ്പായിരിരുന്നിരിക്കില്ല.

Article Category: 
Malayalam

Comments

ഈ Nonlinear narrative-നു(എന്നു സൗകര്യപൂർവം പറയട്ടെ, സാങ്കേതികാർത്ഥത്തിൽ കൃത്യമായ വിശേഷണമാണോ എന്നു സംശയം..) - പ്രത്യേകഭംഗിയുണ്ട്.
തലക്കെട്ടിനോടു ചേർത്ത്, "വന്ദേ ഭവൽഭാഷാരവിന്ദം...." എന്നു കൂടി പാടാൻ ഒട്ടും സശയമില്ല !