കോതച്ചിറി

Tuesday, May 23, 2017 - 20:35
Padmasree Gopi Asan with Sivaraman Asan and his wife Bhavani

ഓർമകൾക്കൊരു കാറ്റോട്ടം - 20 

കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ.
 
സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി തെക്കോട്ടറ്റം പിടിച്ചാൽ മദ്ധ്യകേരളത്തിലെ അവസാനനിര കരിമ്പനകൾ ആലവട്ടംവെച്ച നാട്ടിൻപുറങ്ങളിൽ പെടും കോതച്ചിറ. തലപ്പിള്ളിയുടെയും തൃശൂരിൻറെയുമടക്കം കാറ്റോട്ടമുള്ള നാട്ടിൻപുറം. പൗരുഷവും സ്ത്രൈണവും ആകർഷകമാംവിധം സമ്മേളിച്ച പ്രകൃതി. അശീതിയാശാനെ പോലെത്തന്നെ.
 
ഇതിപ്പോൾ കലാമണ്ഡലം ഗോപിയുടെ എൺപതുകാലം. ഇരുപത്തിരണ്ട് കൊല്ലം മുമ്പായിരുന്നു കുമാരൻനായർ ആ ജീവിതരംഗം ചൊല്ലിയാടിയത്. കീഴ്പടമശീതി ഒറ്റപ്പാലത്തിനു കിഴക്ക് സദനം അക്കാദമിയിൽ നടത്തിയ 1995 വേനലിലെ ചുമതലച്ചുമലുകളിൽ ഒന്ന് എൻറെതായിരുന്ന ഓർമയിൽ പറയട്ടെ: അന്നത്തെ മുഴുരാത്രിക്കഥകളിക്ക് ഗോപിയാശാന് വേഷമുണ്ടായിരുന്നില്ല. അതല്ലെങ്കിൽ, ശരിയാണ്, അവരൊന്നിച്ച് ധാരാളമരങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
 
ഗോപിയാശാൻറെ കലയെ വലിയ മതിപ്പായിരുന്നു ഈയാശാന് (1916-2007). "പ്രവൃത്തിടെ മ്ട്ക്കോണ്ട് ക്യൂവില് ഒന്നാമനായോനാ അവനേ... ഗോപ്യേ..." കീഴ്പടത്തെ ഉമ്മറത്തിണ്ണയിൽ ഉച്ചച്ചടവിൽ ആശാൻ പറയും. "കാലെത്രയായി അവടെന്നെ അവൻ നിക്കാൻ തൊടങ്ങീട്ട്!"

Padmasree Kalamandalam Gopi Asan  
 
വാൽസല്യം കുറുമ്പായി ഗോപിയോട് പ്രകടിപ്പിക്കാറുണ്ട് കീഴ്പടം. "കുട്ടി മര്ന്നൊക്ക കഴിയ്ക്ക്ൺണ്ടലോ ല്ലേ?" ശിഷ്യത്വമുള്ള താരത്തോട് അണിയറയിലെ കൊരലാരനിരച്ചുവട്ടിൽ ഗുരു ചോദിച്ചതായി കേട്ടിട്ടുണ്ട്. "ങാ... പിന്നെന്താ, മൊടക്കല് ല്യ പ്പോ..." എന്ന് വെളുക്കെച്ചിരിമറുപടി വരും മണാളത്തെ മിടുക്കൻറെ പാതിതേച്ച മുഖത്ത്. 
 
"അതാണേയ്, ഒന്നും ന്ർത്തിക്കൂടാ..." അണപ്പല്ല് അത്രയൊന്നും അകറ്റാതെ മൂത്തായാശാൻ ഉപദേശമട്ടിൽ മന്ദഹസിച്ചു പറയും.
 
സ്വജീവിതത്തിൽ മധുരവും ചവർപ്പും അസാമാന്യമായ ഉന്മത്തതയിൽ പാനംചെയ്തിരുന്നു അക്കാലത്ത് നളബാഹുകൻ. "മരുന്ന്" എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആ സംഭാഷണം കേട്ടിരിക്കുന്നവർ ചിറികോട്ടി ആലോചിച്ചിരുന്നു. ഗോപിയാശാനു പക്ഷെ അത്തരം ഉൽകണ്ഠകളൊന്നും ഉണ്ടായിരുന്നില്ല. ദ്വയാർത്ഥം മിക്കവാറും ഏശില്ല. ബഹുമാനം സ്ഥായിയായും ഉറക്കെഹാസം സഞ്ചാരിയാക്കാൻ ഒരുകാലത്തും ഞെരുക്കമുണ്ടായിരുന്നില്ല. രണ്ടുവികാരങ്ങളും അതിലധികവും ഒരേനിമിഷം ഉള്ളിലുരുകി മറിയുന്നതിൻറെ ചീളുകൾ ഇരുകണ്ണിൽ നൈസർഗികമായി സ്ഫുരിക്കും. 
 
വിപരീതാർത്ഥത്തിൻറെ ലാഞ്ചനയിൽ ഒരിക്കലെങ്കിലും ആള് സംസാരിച്ചു കേട്ടിട്ടുണ്ട്. അത് എന്നോടുതന്നെയായിരുന്നു.
 
സദനത്തിൽ കഥകളിട്രൂപ്പ് മാനേജരായി കൂടിയിരുന്ന ഞാൻ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ കഥകളിക്ക് പോയതാണ്. കാലം 1994 തുടക്കമാവണം. ഉത്സവമല്ല അവിടെ; പ്രത്യേകമായി വിളിച്ചുകൂട്ടിയ അരങ്ങായിരുന്നു. ബകവധം ഭീമൻ ഗോപിയാശാൻറെ. അഗ്രശാലയിൽ വേഷമഴിച്ചു തുടയ്ക്കുന്ന നേരത്ത് എന്നെ കണ്ണിൽപ്പെട്ടു. ഞാൻ പുഞ്ചിരിച്ചു. "വൽസൻ ന്നോട് മ്ണ്ടണ്ട..." എന്ന് ആശാൻ.
 
ഒന്നന്തം വിട്ടു ഞാൻ. ചോദിച്ചുവന്നപ്പോഴാണ് മനസ്സിലായത്, തലേവർഷം ആശാന് ഒരു ഡയറി കൊടുത്തിരുന്നു. വീട്ടില് അച്ഛൻ ഇടക്കൊക്കെ കഥകളിക്കാരോട് ചെയ്യാറുള്ള സംഗതിയാണ്: ഇന്ത്യനോയിൽ ആപ്പീസിൽനിന്ന് കിട്ടുന്ന നവവത്സരപ്പുസ്തകം പരിചയക്കാർക്ക് കൊടുക്കുക. അതിലൊന്ന് എക്സ്ട്രാ വന്നത് ആശാന് കൊടുത്തിരുന്നു ഞാൻ എറണാകുളം ശിവക്ഷേത്രത്തിൽ ഉത്സവക്കളിക്ക് കണ്ടപ്പോൾ. "ങ! ദ് നന്നായി...." എന്ന് സന്തോഷം പറഞ്ഞു വാങ്ങി 'രണ്ടാം ദിവസ'ത്തിലെ വേർപാടിനുശേഷം. "കളിടെ തീയതി കുറിച്ചിടാൻ ബഹുസൗകര്യാ..."
 
എന്നാൽ "അടുത്തകൊല്ലവും ഞാൻ തരും" എന്ന് ഒരൂക്കിൽ പറഞ്ഞുപോയതാണ്. ഏതായാലും ആശാനിപ്പോഴും അടിസ്ഥാനപരമായി ലാഘവത്തിൽത്തന്നെയാണ്. പിറ്റത്തെയാഴ്ച്ച ഡയറി കൊടുക്കാൻ ഇടവന്നപ്പോൾ ഒന്നുകൂടി ശക്തമായി കുടുകുടെച്ചിരി. ശുദ്ധസന്തോഷ സൂചകം.
 

Ajith & Padmasree Kalamandalam Gopi Asan --a short video (1 mt)

Posted by Ajith Kumar on Friday, 19 July 2013
 
ക്രോധത്തിൽനിന്ന് പൊടുന്നനെ ചിരിയിലേക്ക് മാറാനും ലവലേശമില്ല ബുദ്ധിമുട്ട് ആശാന്.
 
രണ്ടു പതിറ്റാണ്ടുമുമ്പാണ്. എറണാകുളത്തെ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കളി. ആശാന് ഒടുവിലെ കഥയിലെ വേഷമാണ്: ബാലിവധത്തിലെ മൂത്തതാടി. അമ്പലത്തിനടുത്തുള്ള വിശ്രമമുറിയിൽ ആശാൻ സന്ധ്യക്ക് തലചായ്ച്ചപ്പോൾ ഉറക്കം സുഖമാവട്ടെ എന്നുകരുതി സംഘാടകരിൽ ആരോ പുറത്തുനിന്ന് വാതില് കുറ്റിയിട്ടു. (അകത്ത് ആളില്ലെന്നു തോന്നുകയാൽ ആരും മുട്ടില്ലല്ലോ.)
 
പുറപ്പാട്-മേളപ്പദത്തിനൊടുവിൽ 'വിഹിത പദ്മാവതി' മദ്ധ്യമാവതിയിൽ ക്ഷേത്രമതിലിനുപുറത്തേക്ക് അലയടിച്ചുകേട്ട നേരത്താണ് ഞാൻ കളിക്കെത്തുന്നത്. പത്തിയൂർ ശങ്കരൻകുട്ടിയും നെടുമ്പിള്ളി രാംമോഹനും ഒന്നിനൊന്നു മേലേക്ക്. തുടർന്ന് ചെണ്ടമദ്ദളങ്ങൾ തീർത്ത മേളഗോപുരം.
 
ഒക്കെയൊന്ന് അടങ്ങിയശേഷം അണിയറയിൽ ചെന്നതാണ് വെറുതെ. ഉടുത്തുകെട്ടുവാല് കൂട്ടിയതിനടുത്തിരുന്നിരുന്ന ഭാഗവതര് കലാനിലയം ഉണ്ണികൃഷ്ണൻ ലോഗ്യം ചോദിച്ചു. കൂടിയിരുന്ന കലാമണ്ഡലം ഹൈദരാലി ആളുടെ സുഹൃത്തിന് യുവഭാഗവതരെ പരിചയപ്പെടുത്തി: ഇയളേ അറീല്ല്യേ? പത്തിയൂര് ശങ്കരൻകുട്ടി. എൻറെ മാതിര്യാ പാട്ട്. പക്ഷെ ന്നെക്കാ നന്നായിപ്പാടും." ചൂളി കീഴ്പോട്ടു നോക്കി ശങ്കിടി.
 
ഇങ്ങനെ രസംപിടിച്ച നേരത്താണ് അണിയറക്ക് തൊട്ടുപുറത്തുനിന്ന് ഉറക്കെസ്സംസാരം. ആശാനാണ്. സൗഗന്ധികം ഭീമൻ കദളീവനത്തിലേക്കെന്നപോലെ ഭൂമികുലിക്കിയാണ് വരവ്.... അകത്തുള്ള ഞങ്ങൾ പലരും പകച്ചു.
 
എന്തിനായിരുന്നു മുറിയിൽ എന്നെയിട്ടു പൂട്ടിയത് എന്നതിനായിരുന്നു പോരിനുവിളി. വളരെ പരുങ്ങിയാണ് ചുമതലക്കാര് ഒരാള് മറുപടി പറയുന്നത്. അത് ആശാൻറെ വീറു കൂട്ടി: "ഞാൻ ഒറങ്ങ്വായിര്‌ന്ന് ല്ല്യ.... കെടക്ക്വായ്ര്ന്നു..."
 
അപ്പോഴാണ് ആശാൻ പത്തിയൂരിനെ അകത്തു കാണുന്നത്. അതൊടെയൊഴിഞ്ഞു കലി. "ഞാൻ ദാ ഇയൾടെ പാട്ട് കേക്ക്വായിരുന്നു... മേളപ്പദം!" ശങ്കരൻകുട്ടിയെ ചൂണ്ടി ആശാൻ. അപ്പോഴേക്കും മുഖം തെളിഞ്ഞിരുന്നു. എന്നുമാത്രമല്ല പുഞ്ചിരിയും പുറപ്പെട്ടിരുന്നു. "ചലമലയാ മൃദുപാവനാ... ചലമലയാ മൃദുപാവനാ...ചലമലയാ മൃദുപവനാ... എന്തേര്ന്നു കസർത്ത്! ങ്ങനെ പാടാൻ ഈ ഹൈദ്രാലിക്കുംകൂടി പറ്റും തോന്നീല്ല്യ..."

Padmasree Kalamandalam Gopi Asan  
 
ഒന്നിരുന്ന ശേഷം വിശ്രാന്തിയിൽ ഉറക്കെച്ചിരിച്ച് ഇത്രകൂടി: "ഹൈദ്രാലിക്ക് ന്നല്ല, മറ്റേ പഴേ ബാഗോര്ണ്ടലോ... അയ്, മരിച്ചൂലോ....," വലതുകൈ പതിയുയർത്തി വിരലുവിറപ്പിച്ച് ഓർത്തെടുക്കുന്നു മുദ്രകാട്ടി. "മറ്റേ സാമിക്കുട്ടി, സാമിക്കുട്ട്യല്ല... സാമി... എന്താ പേര്.... അയ്...."
 
പേടിമാറാഞ്ഞിട്ടു കൂടിയാവാം ആരുമാരും ഒന്നും പറഞ്ഞില്ല. രണ്ടുനിമിഷത്തെ സസ്പെന്സിനു ശേഷം ആശാനെത്തന്നെ ചിറ്റൂരപ്പൻ കനിഞ്ഞു: "ങാ, വെങ്കിടകൃഷ്ണൻ... വെങ്കിടഷ്ഷ ഭഗവതര്, മുണ്ടായ..."
 
ഹാവൂ!
 
രാമചന്ദ്രൻ ഉണ്ണിത്താനായിരുന്നു ആശാൻറെ ബാലിക്ക് അന്ന് സുഗ്രീവൻ. തകർത്താടി ഇരുവരും. ശബ്ദപ്രതാപം അറിയിക്കാൻ പീഠംചാഞ്ഞ് മുഖാമുഖം ഇരുന്നപ്പോൾ ഗോപിയാശാൻ ഉറക്കെ അലറി. എന്നിട്ട് ചോദിച്ചു അനുജനോട്: "എങ്ങനെണ്ട്?"
 
തെക്കൻമട്ടിലുള്ള ഫലിതത്തിൽ സുഗ്രീവൻ മുദ്രമൊഴിഞ്ഞു: "കൊള്ളാം, അസ്സല് കള്ളുനാറ്റം."
 
വീരം സ്ഥായിയായിരുന്ന ആശാൻറെ മുഖത്ത് പെട്ടെന്ന് നർമരസം തിരയടിച്ചു. ദ്വയാർത്ഥം മനസ്സിലായ അപൂർവനിമിഷത്തിൽ കടലാസുചുട്ടിക്കുള്ളിലൂടെ ഊറിച്ചിരി കണ്ടു. കൊച്ചുവെളുപ്പിനു ജനകൂട്ടം ഉറക്കെയാർത്തു.
 
അപരിചിതത്വത്തിൽനിന്ന് ഉറക്കെച്ചിരി ഗോപിയാശാനിൽ കണ്ടതും തെക്കൻ ചിറ്റൂരുതന്നെ.
 
ഈ സംഭവത്തിനു ഒരാറു കൊല്ലം മുമ്പാവണം. കുചേലദിനമാണ്. വിശേഷത്തോടനുബന്ധിച്ച സന്ധ്യക്കളി. അന്നാടിന് അകലെയല്ലാത്ത ചേരാനെല്ലൂര് സ്വദേശി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സുദാമാവ്. ആശാൻറെ കൃഷ്‍ണൻ. ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നും അതിനാൽ ഒന്നര മണിക്കൂറേ അരങ്ങത്തുണ്ടാവൂ എന്ന് മുമ്പേ പറഞ്ഞ നാളികാക്ഷൻ രംഗത്തെത്തിയതും സ്വയംപ്രഖ്യാപിതക്കരാറ് അമ്പേ മറന്നു. പണ്ട് സാന്ദീപനിയാശ്രമത്തിൽ പിരിഞ്ഞ വിപ്രനെ കണ്ടതും രുഗ്മിണിയെ വിട്ട് സദസ്സിനിടയിൽക്കൂടി ചാടിയോടി കാൽക്കൽ വീണു. ഉപനയിച്ചു കൊണ്ടുവന്നു വേദിയിലേക്ക്. പൂവിട്ടു മണികിലുക്കി പൂജിച്ചു. 'കലയാമി സുമതേ' മുതൽക്ക് തിമർത്താടി.
 
കളികഴിഞ്ഞ് മുഖം തുടയ്ക്കുന്ന നേരത്ത് സ്വർണജുബ്ബാക്കാരൻ ഒരാൾ കയറിവന്നു. നെല്ലിയോടിനോട് പഴയപരിചയത്തിൽ സംസാരം തുടങ്ങി. ലോഗ്യശേഷം തിരുമേനി ആശാനോട് തിരിഞ്ഞ് അതിഥിയെചൂണ്ടി ചോദിച്ചു: ഇയാളെ മനസ്സിലായോ?
 
"ല്ല്യാ..." ആശാന് കൗതുകം.
 
"പണ്ട് നമ്മളേയ്," കുചേലവൃത്തം രണ്ടാംഭാഗം എന്നപോലെ നെല്ലിയോട് തുടർന്നു, "എൺപത്തിയാറില് കാനഡേല് പോയപ്പോ..."

 
 
"ങ്ങാ ങ്ങാ..." ആള് ചില്ലറയല്ല എന്ന് മനസ്സിലാക്കിയ ആശാന് എല്ലാമോർമ വന്നതുപോലെ.
 
ആ നടനമൊന്നും നെല്ലിയോട് കാര്യമാക്കിയില്ല: "നമ്മളെന്ന് അവിടൊരു വീട്ടില് പൂവാം ന്ന് പറഞ്ഞിരുന്നൂലോ..."
 
"വ്വോവ്വ്, പറഞ്ഞേര്ന്നു, പോയ്യേർന്നു, പ്പോ മനസ്സിലായി...."  
 
"അല്ലല്ല, ന്ന്ട്ട് നമക്ക് പോവാൻ സാധിച്ചില്ല...."
 
"അതെന്നെ, പറ്റാതെപോയി.... അങ്ങനണ്ടായി...." ഉറക്കെച്ചിരി.
 
മൂവരും തലകുലുക്കി നാലുനിമിഷം.
 
ആശാൻ എഴുന്നേറ്റ് വിളക്ക് തൊഴാൻ വന്നു. അതിനടുത്തു നിന്നിരുന്ന എന്നോട് ലേശം മാറാൻ പുരികമൊന്നിളക്കി.
 
ആ ഓർമയിലാവണം, രണ്ടരക്കൊല്ലം മുമ്പ് തൃപ്പൂണിത്തുറ കണ്ടപ്പോൾ ആശാന് ഞാൻ വഴിമാറിയത്. പൂണത്രയീശ വൃശ്ചികോത്സവക്കളിയിൽ ഉത്തരാസ്വയംവരം ദുര്യോധനൻറെ വേഷമഴിച്ച് തുടച്ചിരിക്കുന്നു. നല്ല ക്ഷീണംപോലെ. എന്നാലും എഴുന്നേറ്റ് വിളക്കുതൊഴാൻ വന്നതും വീണ്ടും ഞാനറിഞ്ഞു: വഴിമുടക്കിയാണ് നിൽക്കുന്നത്. വേഗം മാറി. ഇക്കുറി പക്ഷെ ആശാൻ ഉറക്കെചിരിച്ചു. ചെണ്ട കലാമണ്ഡലം ഉണ്ണകൃഷ്ണനെ നോക്കി പറഞ്ഞു: "ദോക്ക്വൊ... വല്സനൊക്കെ പ്പെന്നേ കാണുമ്പളയ്ക്കും ഓട്വ ചീയണ്.... എന്താണാവോ ത്ര പിടിക്കായ...."
 
നേർത്ത പരിഹാസത്തോടെയുള്ളതു കൂടാതെ ചിരിച്ചുകൊണ്ട് വാൽസല്യംകാട്ടലും ഉണ്ടാശാന്. വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻറെ അഞ്ചുനാളത്തെ കഥകളി ശിൽപശാലയിൽ 1994ൽ ആശാന് വെച്ച വേഷം സുഭദ്രാഹരണം അർജുനൻ. ബാലഭദ്ര-കൃഷ്ണ രംഗമല്ലാതെ "മാലയിടൽ" അന്നൊന്നും പൊതുവെ പതിവില്ല. പലരും ആദ്യമായാണ് ഈ സംഗതി കാണാൻ വരുന്നതുതന്നെ. ജ്ഞാനിത്തമ്പുരാന്മാരുടെ നാടായ കാറൽമണ്ണയിൽ. കെ.ബി. രാജാനന്ദൻറെ സംഘാടനപാടവത്തിൽ.
 
കരുതിത്തന്നെയായിരുന്നു ആശാൻ എന്ന് തിരശീല മാറ്റിയതും മനസ്സിലായി. ഇരുപതിലധികം മിനിട്ടുനീണ്ട പാണിഗ്രഹണ രംഗം കഴിഞ്ഞതും അന്തംവിട്ടിരുന്ന എന്നോട് അടുത്തിരുന്ന കൂട്ടുകാരൻ പാതക്കര സുരേഷ് അർത്ഥംവച്ചു ചോദിച്ചു: "പനിച്ചില്ലേ?"
 
"ചരിത്രപ്രധാനം" എന്ന് പിന്നീട് സൂപ്രണ്ട് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് അടക്കം ആസ്വാകർ പറയാറുള്ള ആ കളി കഴിഞ്ഞ അണിയറയിൽ ഒന്നെത്തിനോക്കാനേ ഞാൻ ധൈര്യപ്പെട്ടുള്ളൂ. അപ്പോഴുമൊഴിയാഞ്ഞ ആശ്ചര്യം ചില കൂട്ടുകാരോട് പങ്കിടേ പെട്ടെന്ന് എൻറെ തലയ്ക്കുപിന്നിൽ ആഞ്ഞൊരു തോണ്ടു കിട്ടി. തിരിഞ്ഞപ്പോൾ... ആശാനായിരുന്നു.
 
ഉറക്കെ പൊട്ടിച്ചിരിച്ചു കരിമഷി മുഖം. "തകർത്തില്ലേ!" എന്നതിൻറെ സർവ്വ ധ്വനിയും ആ ചേഷ്ടയിലുണ്ടായിരുന്നു. സ്വയംകൃതാർത്ഥതയുടെ സാഫല്യം.
 
ഈവർഷമാദ്യം ഉദ്യോഗസംബന്ധമായി ആശാനെ ഇവിടെ ദൽഹിയിൽനിന്ന് ഫോൺ വിളിച്ചു സംസാരിക്കേ ഈ കഥ ഞാൻ ഓർത്തെടുക്കാൻ ഇടയായി. പറഞ്ഞുകഴിഞ്ഞതും അപ്പുറത്തുനിന്ന് ഉറക്കെ പൊട്ടിച്ചിരി. ധാരണയിൽപ്പെടാത്ത സ്വന്തംകഥ കേൾക്കുമ്പോഴത്തെ സാരസ്യം.
 
കളി കഴിഞ്ഞഭിപ്രായം പറഞ്ഞതിൽ ഒരുവരി  ആശാന് അപ്രതീക്ഷിതമാണെങ്കിൽ ലജ്ജയിൽനിന്നുമുണ്ടാവും ഉറക്കെച്ചിരി. കൊച്ചിമുസിരിസ് ബിനാലെ 2014 തുടങ്ങുന്നതിന് തലേന്നാളത്തെ വൃശ്ചികരാവിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആശാന് വേഷം കാലകേയവധം അർജുനൻ. മടക്കം പോവാൻ ജുബ്ബ കഴുത്തിലൂടെ താഴ്ത്തിയതും ആശാനോട് ഒരു കാര്യം അഭിപ്രായപ്പെട്ടു ഞാൻ. നാണത്തിൽ കുതിർന്നായിരുന്നു ആ ചിരി. നവോഢ സുഭദ്രയുടെ കൈപിടിച്ച മദ്ധ്യപാണ്ഡവൻ മേലേക്ക് ദൃഷ്ടിയെറിഞ്ഞുള്ളതു പിന്നാലെ അട്ടഹസിച്ചാൽ എങ്ങനെയിരിക്കും, അതുമാതിരി.
 
കാറിൽ കയറി മടങ്ങിയത് ആശാൻ തൃശൂരിന് വടക്ക് പേരാമംഗലത്തിനപ്പുറം മുണ്ടൂരെ ഗൃഹത്തിലേക്കായിരുന്നു. അതിനകലെയല്ലാത്ത പാടം മുറിച്ചിക്കരെ പറ്റിയാൽ എൻറെ ഭാര്യവീടായി. കലാമണ്ഡലത്തിൽനിന്ന് 1992ൽ വിരമിച്ചശേഷം അനിശ്ചിതത്വത്തിൻറെ ചെറിയ ഇടവേള പിന്നിട്ടശേഷം തൃശൂര്-കുന്നംകുളം റൂട്ടിനു നടുവിലെ കുറച്ചുമാത്രം അകത്തേക്കു ചെന്ന പ്രദേശം. അവിടെയുള്ള പാടം കടന്നിക്കരെ പറ്റിയാൽ ഇന്നെൻറെ ഭാര്യവീടാണ്.
 
ആ ബന്ധം ഉണ്ടാവുന്നതിനു മുമ്പൊരിക്കൽ അതിലൂടെ ബസ്സിൽ പോവുകയായിരുന്നു ഞാൻ. ഉച്ചതിരിഞ്ഞ നേരത്തും യാത്രക്കാരുടെ നല്ല തിരക്ക്. മുണ്ടൂരിനു മുമ്പ് പേരാമംഗലത്ത് നിർത്തിയപ്പോൾ സ്റ്റോപ്പിൽ ആശാൻ. വലതുകൈയിൽ നിവർത്തിയ കുട; ഇടതുതോളിൽ തുകൽസഞ്ചി.

Padmasree Kalamandalam Gopi Asan and Sreevalsan
 
എൻറെ ബസ്സിൽത്തന്നെ ആശാൻ കയറും എന്നു കരുതി. (മോഹിച്ചുന്നന്നെ പറയാം.) ഉണ്ടായില്ല. വണ്ടി ഇളകാൻ തുടങ്ങി. എങ്ങനെയോ തല ലേശം പുറത്തേക്കിട്ട് ചോദിച്ചു: "ആശാൻ എവടയ്ക്കാ?" വിട്ടുപോവുന്ന വാഹനത്തിൽനിന്ന് പെട്ടെന്നൊരു 'അശരീരി' കേട്ടത് ആളെ പരിഭ്രമിപ്പിച്ചു. ചോദ്യകർത്താവ് ആരാ ന്ന് മനസ്സിലാക്കാൻതന്നെ നാല് നിമിഷമെടുത്തു. അതിനിടെ, പറയേണ്ട ഉത്തരം മറന്നു. ചുരുക്കം, എവടെക്കാ പോവുന്നതെന്ന് സ്വയം നിശ്ചയമില്ലാത്തതുപോലെയായി.
 
വാഹനം ഒരു പത്തടി ചെന്നതും ആശാൻ പെട്ടെന്ന് വെളുക്കെ ചിരിച്ചു. ടക്ക് ന്ന് ചുണ്ടിനുമേലെ വിരല് വച്ചു ഉറക്കെ വിളിച്ചുപറഞ്ഞു: "മൂക്കോല, മൂക്കോല..." മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് മുക്കുറ്റി പോലെ മനോഹരിയായ നാടാണ് മൂക്കുതല. പഴയ 'നിർമാല്യം' സിനിമയുടെ മുഖ്യ ലൊക്കേഷൻ. ഇപ്പറഞ്ഞ ദിവസം രാത്രി, ഏതായാലും, അവിടെ കഥകളിയായിരുന്നു. പരിഭ്രമത്തിൽനിന്നും ആശാന് പൊട്ടും ചിരി.
 
അവണാവ് റോട്ടിലെ 'ഗുരുകൃപ'യിൽ താമസമുറപ്പിക്കുംമുമ്പ് ആശാൻ പ്രദേശത്തെ കാപ്ര മനയുടെ ഔട്ട് ഹൌസിൽ വാടകക്കിരുന്ന വീട്ടിൽ പോയിട്ടുണ്ട് ഞാൻ. അത് 1994ൽ. സദനത്തിലെ വാർഷികാഘോഷത്തിൽ പ്രിൻസിപ്പൽ കെ. ഹരികുമാരൻ മോടികൂട്ടി വന്നിരുന്ന 'ശാപമോചനം' കഥകളിയിൽ മുഖ്യവേഷമായ അർജുനൻ താരദമ്പതിമാരെക്കൊണ്ടു കെട്ടിക്കാൻ മോഹം. കോട്ടക്കൽ ശിവരാമൻ അല്ലെങ്കിലും സദനത്തിൻറെ കളികൾക്ക് സഹകരിച്ചിരുന്നു കാലം; കിട്ടാൻ ബുദ്ധിമുട്ടിയില്ല. ഗോപിയാശാനെ അത്ര എളുപ്പം ഒത്തില്ല.
 
ഇരിഞ്ഞാലക്കുട കലാനിലയത്തിൽ ആളുടെ കർണൻ കണ്ടശേഷം കഥകളിവിദ്യാലയത്തിൽ കിടന്നുറങ്ങി പിറ്റേന്നു വെളുപ്പിന് കാപ്ര മനയ്ക്കലെ പുറത്തെവീട്ടിൽ കയറിച്ചെന്നു. വിവരങ്ങൾ കേട്ടപ്പോൾ "അയ്‌നെന്താ, വരാലോ" എന്നാശാൻ.
 
പത്നി ചന്ദ്രിക പ്രാതലിനു പുട്ടും കടലയും തീന്മേശയിൽ കൊണ്ടുവച്ചുതന്നു. പെട്ടെന്നൊരു ചോദ്യം ആശാൻ: പ്ട്ട്ഷ്ടല്ലേ?
 
"വിരോധമില്ല" എന്ന് പറഞ്ഞതിൽ എൻറെ താല്പര്യം മനസ്സിലാക്കിയിരിക്കണം. ഉറക്കെപ്പൊട്ടി ആശാന്. ആതിഥേയൻറെ സന്തോഷച്ചിരി.
 
വൈകാതെയൊരു ദിവസം സദനത്തിലെ 'ശാപമോചന'ത്തിന് ആശാന് വരേണ്ടത് തലേന്നാൾ കളിയേറ്റ കോട്ടയത്തുനിന്ന്. വേണാട് എക്സ്പ്രസ്സ് ഷൊറണൂര് തീവണ്ടിസ്റ്റേഷനിൽ അരച്ചുരച്ചു നിന്നപ്പോൾ ഇറങ്ങുന്ന ജനത്തിൽ നമ്മുടെയാളെ മാത്രം കണ്ടില്ല. അയ്യോ, ഇനിയെന്തുചെയ്യും!!
 
അപ്പോഴാണ് ശ്രദ്ധിച്ചത്. പ്ലാറ്റ്‌ഫോമിൽ ഇറങ്ങാതെ അപ്പുറം ട്രാക്ക് മുറിച്ച് മുന്നേറുന്നൊരു രൂപം. പരിചിതമായ ഉലഞ്ഞാട്ടനട. സന്തോഷംകൊണ്ട് എൻറെ ഉള്ളൊന്നു നുരപൊന്തി. കൂളിങ്ഗ്ളാസ്സാളറിയാതെതന്നെ അപ്പുറത്തെ മേടയിലെത്തി ഞാൻ. ബാഗ് തറയിൽവച്ച് പത്തികുത്തി ഏറാൻനിന്ന ആശാനുമുമ്പിൽ നാടകീയമായി പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ആ കൈയിങ്ങോട്ടു തരൂ.
 
തലയെറിഞ്ഞു മേലോട്ടു നോക്കിയപ്പോൾ എന്നെ കണ്ട ആശാൻ കണ്ണടയൂരാതെത്തന്നെ ഉറക്കെഹാസം പുറപ്പെടുവിച്ചു. അവശ്യനേരത്ത് അതിഥിയെ കണ്ട ആഹ്ലാദച്ചിരി. ഉച്ചതിരിഞ്ഞ സമയത്ത് ഇരുവർക്കും വിശപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോൾ ഹോട്ടലിൽ കയറി. മടക്കം സദനംവാഹനത്തിലിരുന്ന് ആശാൻ വിസ്തരിച്ചു വെറ്റില നൂറുകൂട്ടി മുറുക്കി.
 
ഏതോ വിവാഹത്തിനു കൂടിയശേഷമുള്ള വരവാണെന്നു തോന്നി കഥകളിയക്കാദമിയിലെത്തിയപ്പോൾ സംഘാടകർക്ക്.
 
കൊല്ലം ഏഴുചെന്ന് 2001ൽ കല്യാണം തീരുമാനമായപ്പോൾ ഞാൻ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു: "ആശാൻറെ നാട്ട്ന്നാ കുട്ടി...."
 
"അവ് ശരി! എവടെ... കോതരയ്ക്ക്ന്നോ?"
 
അല്ലല്ല. ആശാൻ പ്പോ താമസിക്കണ സ്ഥലത്തുനിന്ന്.
 
അപ്രതീക്ഷിത സംഗതി. ഉറക്കെച്ചിരി.

Padmasree Kalamandalam Gopi Asan 
 
സൂക്ഷ്മം അറിഞ്ഞുവന്നപ്പോ ആശാൻ പറഞ്ഞു: "കുട്ട്യേ ഞാ അറീല്യ... അച്ഛനെ മനസ്സിലായി. അങ്ങോരടെ ബാങ്കിലാ നിയ്ക്ക് അക്കൗണ്ടേയ്..."
 
ബാല്യമൊടുവിൽ പിരിഞ്ഞ കോതച്ചിറ ഇന്നും ആശാൻറെ മനസ്സിൽ "നാട്" ആയിത്തന്നെ നിൽക്കുന്നതിൽ കൗതുകംതോന്നി.
 
ഇന്നോർത്താൽ ഏറെ രസകരമാണ്. ഓണക്കാലം, 1991ൽ. അച്ഛൻറെ നാട്ടിലായിരുന്നു ആ വർഷം. തൃക്കാരപ്പനെ വച്ച പകലത്തെ പ്രാതലിനു കാച്ചിയ പപ്പടം നേന്ത്രപ്പഴം പുഴുങ്ങിയതിൽ കുഴച്ചുകഴിച്ചപ്പോൾ തെല്ലൊരാലസ്യം. അപ്പോൾ തോന്നി: ഒന്ന് പുറത്തുലാത്താം. ചിങ്ങവെയിലിൽ അങ്ങനെ നടന്ന 21കാരൻ ഡബിൾമുണ്ടുകാരൻ രണ്ടുനാഴികക്കുള്ളിൽ തൃശൂര് ജില്ല പിന്നിട്ടു. കയറിറക്കങ്ങൾ അവിടന്നങ്ങോട്ട് പാലക്കാടൻ. ഗ്രാമം കോതച്ചിറ.
 
പണ്ട്, 1950കളിൽ അച്ഛൻ ഇവിടെ മനയ്ക്കൽ അയ്യപ്പൻതീയാട്ട് കഴിക്കാൻ വരാറുണ്ടായിരുന്നു. മുത്തശ്ശനൊപ്പം കുടുംബകുലത്തൊഴിൽ ചെയ്തുപോരാനായി കളപ്പൊടിയും അണിയിലേക്കോപ്പും പറയുമായി കശുമാവിൻതോപ്പുകൾ മുറിച്ചുകടന്നെത്തുമായിരുന്ന കഥകൾ ആളുതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. മനയ്ക്കൽ ഞാൻ കയറാൻ ധൈര്യപ്പെട്ടില്ല. സാമാന്യം വലിയൊരു നാലുകെട്ട്, അവിടേക്ക് വിശേഷദിവസം അഗതിയെപ്പോലെ പരുങ്ങി.... വേണ്ട.
 
ഗ്രാമത്തിലെ ക്ഷേത്രം കണ്ടപ്പോൾ ആ സങ്കോചം തോന്നിയില്ല. കാലത്തിൻറെ പരിക്കുകളേറ്റിട്ടുള്ളത് കാവിമണ്ണടരുകളായി നേർചിത്രങ്ങൾ കോറിയിട്ട ഗോപുരം, മതിലകം, ശ്രീലകം. കുളക്കടവിനുമുണ്ട് പഴക്കക്ഷീണം. അനക്കമറ്റ വെള്ളത്തിനു മേൽ പച്ചപ്പിൻറെ നിഴലാട്ടം. അമ്പലത്തിനു ചുറ്റുപുരത്തെ കമുകിൻതലപ്പിനപ്പുറം ഇരുനില ഓടുപുരവീടുകൾ ശാന്തം. ശാലീനത ധാരാളമായി തിരനോക്കുന്ന നാട്ടിൻപുറം. കാമുകിയെ കാത്തിരിക്കുന്ന 'ഒന്നാം ദിവസം' നളനെപ്പോലെ.
 
ആശാൻ പണികഴിച്ചിരുന്ന വാർക്ക വീടന്വേഷിച്ചു. കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. കഥാനായകനും കുടുംബവും അവിടെയില്ലെന്നതറിയാം. എന്നാലും അതുകൂടി വെട്ടിപ്പിടിച്ചാലേ മുഴുവനാവൂ എന്നൊരു തോന്നല്. കുമ്മായവെളുപ്പിൽ നഗ്നമായ പുര. വിശേഷിച്ചൊന്നും നോക്കാനില്ലിവിടെ. തിരികെ നടന്നു.
 
"ആരാ," എന്നൊരു വിളി. ചെറുപ്പത്തിൽനിന്ന് മദ്ധ്യവയസ്സിലേക്ക് ആയുംവിധം പ്രായം തോന്നുന്നയാൾ. താടിക്കാരൻ.
 
ഞാൻ കാര്യം പറഞ്ഞപ്പോൾ ആള് പറഞ്ഞു: ഞാൻ ആശാൻറെ അളിയനാ.
 
കഥകളി കാണുന്ന മനുഷ്യനാണ് എന്ന് വേഗം തിരിഞ്ഞുകിട്ടി. എന്നുമാത്രമല്ല, ചുട്ടി പഠിച്ചിട്ടുമുണ്ട് വിജയരാഘവൻ. ഇടക്കാലത്ത് അണിയറയിൽ സജീവനായിരുന്നുതാനും. അതിനാൽമാത്രം ഒരുമണിക്കൂറോളം നേരമുണ്ടായി സംസാരം. ഇടയിലൊരിക്കൽ കലാമണ്ഡലം രാമൻകുട്ടിനായരിലും ശിഷ്യൻ ഗോപിയിലും വർത്തമാനം ചെന്നണഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാചകം ഇന്നും മനസ്സിൽ ദീപ്തം: "കത്തീ ച്ചാ അതൊരെണ്ണേ ള്ളൂ. പച്ചാ ച്ചാ ദും." കൈകൊടുത്തു പിരിഞ്ഞു.
 
വയലേലകൾ അകലെയല്ലാത്ത വഴിയിലൂടെ തിരികെ തീയ്യാടിയിൽ എത്തിയപ്പോൾ അച്ഛൻറെ അനിയൻ മണിയേട്ടൻ ചോയ്ച്ചു: എവഡ്യാർന്ന്? ഓണായാലെങ്കിലും നേരത്ത്നുണ്ടൂട്രാ?
 
കുന്നംകുളത്ത് ആധാരമെഴുത്തുകാരനായ കേശവൻകുട്ടി നമ്പ്യാർ എന്ന മണിയേട്ടൻറെ വീട്ടിൽ ഇക്കഴിഞ്ഞ വൃശ്ചികത്തിൽ അച്ഛനമ്മമാരോടൊത്ത് വീണ്ടും പോയിരുന്നു. അഞ്ചാറു നാഴിക വടക്കുകിഴക്ക് പെരിങ്ങോട് വരെയൊന്നു പോയി. ഒറ്റക്ക്. ഇക്കുറി നടന്നല്ല, കാറിൽ. സദനത്തിൽ ഞാനുണ്ടായിരുന്നു കാലത്ത് മദ്ദളം പഠിച്ചിരുന്ന കൂട്ടുകാരൻ ഭാരതരാജനെ കാണാൻ. പൂമുള്ളി മനവക സ്‌കൂളിനു സമീപത്തെ മഠത്തിൽ ദോശയിഡ്ഡലി ഭക്ഷണവും വെടിവട്ടവും കഴിഞ്ഞ് മടങ്ങേ തേരാളിയായി ഭരതൻ ഉണ്ടായിരുന്നു. എന്നേക്കാൾ പത്തുവയസ്സു കുറഞ്ഞ അനിയൻ.
 
പാതിവഴി പിന്നിട്ട് കോതച്ചിറ. കന്നിദർശനശേഷം വീണ്ടും പലപ്പോഴായി കണ്ടിരിക്കുന്ന ഗ്രാമം. എന്നാലും ഇവിടെയെത്തിയാൽ ഒരാവേശമാണ്. ഭരതനോട് പറഞ്ഞു, നമുക്കൊരു ഇടവേളയാവാം.
 
ഇറങ്ങിനടന്നു. ഗോപിയാശാനെപ്പോത്തന്നെ നിത്യകൗതുകമുള്ള മുഖമാണ് കഥകളിത്തിടമ്പിൻറെ ജന്മഗ്രാമത്തിനും എന്നൊരു തോന്നൽ ഇക്കുറി. ഉദാസീനനായും അടുത്തനിമിഷം ഉജ്വലനായും അരങ്ങിൽ വാഴുന്ന ആശാനെക്കണക്കാണ് കോതച്ചിറയുടെ അലസനടവഴികളും പൊടുന്നനെയുള്ള വളവുകളും. മദ്ധ്യാഹ്നവെയിലിൽ വീടുകളും അമ്പലവും ആലും കുളവും ചലനമില്ലാതെ കിടക്കുന്നതുകണ്ടാൽ 'വിജനേ ബത'യാടാൻ കേശഭാരം ചെരിച്ച നളചരിതം ബാഹുകനെ ഓർമ്മവരും. ആ നേരം അപ്രതീക്ഷിതമായി വരുന്ന നെൽക്കതിർക്കാറ്റിൻറെ കലപില മതി സൗഗന്ധികത്തിലെ ഭീമസേനൻറെ ഉത്സാഹമട്ടിൽ സശൃംഗാരം ചാഞ്ചാടി മോദം കലരാൻ. പെട്ടെന്ന് ക്രോധിക്കുകയും അടുത്ത നിമിഷം പ്രസാദിക്കുകയും ചെയ്യുന്ന ആശാൻറെ പ്രകൃതം ഈ ഭൂമിയുടെതന്നെ വൈശിഷ്ട്യംപോലെ. ക്ഷേത്രത്തിന് ചില്ലറ മാറ്റങ്ങളൊക്കെയുണ്ട്. അതില്ലാത്ത ചിലതിനു ഭംഗി കൂട്ടിയിട്ടേയുള്ളൂ എന്നൊരു തോന്നൽ. കറുത്ത കൊടിമരത്തിൻറെ ഒതുക്കമുയരത്തിനുതന്നെയുണ്ട് ആശാൻറെ യൗവനത്തിലെ മെയ്യഴക്. കരിമ്പനവന്യതല്ലാതെ കടഞ്ഞെടുത്ത് മേലോട്ടുയർന്ന മെയ്മനസ്സ്. ഒരു കോതയെപ്പോലെഗ്രാമത്തിനുമേലെ ആകാശത്തെ മേഘക്കീറുകളുടെ വെണ്മയുള്ള ചിരി.
 
അല്ലെങ്കിൽത്തന്നെ എന്നാണ് ആശാന് വയസ്സായത്?

 

Article Category: 
Malayalam

Comments

Rajesh Nandakumar സുനിലേട്ടാ......ഹൈദരാലിയാശാൻ തെക്കൻചിറ്റൂര് അമ്പലമതിൽക്കെട്ടിനുള്ളിൽ ഒരുപക്ഷേ അഗ്രശാലയിൽപ്പോലും കയറിയിട്ടില്ല.അദ്ദേഹം ആദ്യമായി ചിറ്റൂരിൽ പാടുന്നത് എന്റെ വിവാഹത്തിനാണ്.കൂടെ വെൺമണിയും ബാബുവും രാജീവും.മുൻപ് 84 മാർച്ച് 24 ആറുപേർക്ക് സുവർണ്ണമുദ്ര കൊടുത്ത ക...See more
LikeShow More Reactions · Reply · 2 · 8 hrs · Edited
Sreekumar KN
Sreekumar KN ശരിയാണ് ഞാനും ഇതെന്ത് പറ്റിയെന്നു വിചാരിച്ചു.
LikeShow More Reactions · Reply · 1 · 18 hrs
Sreevalsan Thiyyadi
Sreevalsan Thiyyadi വയസ്സാവ്വല്ലേ.... Rajesh, Sreekumar... :-p ഓർമ്മകൾ തമ്മിൽ പിണഞ്ഞതാവാം.
 
ഉണ്ണികൃഷ്ണനും പത്തിയൂരും ഇരിക്കെ ഹൈദരാലി ഇങ്ങനെയൊരു കമൻറ് ഞാൻ കേൾക്കെ പറഞ്ഞതോർമയുണ്ട്. വേറെയിടത്താവണം അപ്പോൾ. (ഗോപിയാശാൻ "ഹൈദരാലി ന്നല്ല, വെങ്കിടകൃഷ്ണനു പോലും" ന്ന് പറഞ്ഞത് തെക്കൻ ചിറ്റൂര് ഇപ്പറഞ്ഞ വേളയിൽത്തന്നെ.)...See more
LikeShow More Reactions · Reply · 2 · 10 hrs
Rajesh Nandakumar
Rajesh Nandakumar ഹഹഹഹ
LikeShow More Reactions · Reply · 1 · 10 hrs
Sunil Kumar
Sunil Kumar സൗകര്യം പോലെ. തിരുത്തുകയാവും നല്ലത്. അല്ലെങ്കിൽ ഈ കമന്റുകൾ സൈറ്റിൽ ആർട്ടിക്കിളിനടിയിൽ വേണം.
LikeShow More Reactions · Reply · 2 · 8 hrs
Sreevalsan Thiyyadi
Sreevalsan Thiyyadi ബാലിവധം രാത്രി പത്തിയൂരും രാമനും മേളപ്പദം പാടിയത് ശരിചിത്രം എന്നറിയുന്നു. 1998 വേനലിൽ തെക്കൻ ചിറ്റൂര്.
 
ഹൈദരാലി അന്നവിടെ ഇല്ലായിരുന്നു ന്നും. (ആ സംഭവം വേറെയെവിടെയോ നടന്നതാണ് എന്ന് പത്തിയൂര് ഇപ്പൊ ഫോണിൽ വിളിച്ചപ്പോൾ പറയുന്നു.)
 
കഥയുടെ മൊത്തമൊഴുക്കിന് ഇത് രണ്ടും വിഷയമല്ല.
 
എന്നാലും സുൽത്താൻ പരാമർശിക്കപ്പെടുന്ന ഭാഗം Sunil തട്ടിക്കളഞ്ഞോളൂ.
LikeShow More Reactions · Reply · 1 · 8 hrs
https://www.facebook.com/groups/kamaladalam/?multi_permalinks=1508505265891185&notif_t=like&notif_id=1495561116697205