ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള
തെക്കന്‍ ചിട്ടയുടെ സാങ്കേതികസൗന്ദര്യം ആട്ടത്തില്‍ സ്വാംശീകരിക്കുകയും അത് അരങ്ങില്‍ വിശിഷ്ടമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളക്ക് ഇന്ന് കഥകളിയിലുള്ള സ്ഥാനം. തെക്കന്‍ രസാഭിനയത്തിന്റെ പൂര്‍ണ്ണത, അത് കത്തിയായാലും പച്ചയായാലും, ഇഞ്ചക്കാടനില്‍ കാണാവുന്നതാണ്. കഥകളിയുടെ മുഖവും മെയ്യും ചേരേണ്ട രീതിയില്‍ ചേര്‍ന്നതാണ് ആശാന്റെ സമ്പ്രദായം എന്ന് ആസ്വാദകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആട്ടങ്ങളിലൂടെ വ്യത്യസ്തതയും പ്രയോഗത്തിലെ വൈദഗ്ധ്യവും ഇഞ്ചക്കാടനെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഇഞ്ചക്കാട്ട് കൊത്തമ്പള്ളില്‍ വീട്ടില്‍ ശങ്കരന്‍ നായര്‍, ചെല്ലമ്മയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാം ക്ലാസ്സു വരെ ജെ.എം.എച്ഛ്.എസ് ഭരണിക്കാവ് സ്കൂളിലും,
പത്താം ക്ലാസ്സു വരെ എന്‍ .ആര്‍ .പി.എം. പുല്ലുകുളയിലും ആയിരുന്നു വിദ്യാഭ്യാസം.
ഇഞ്ചക്കാട്ട് കിഴക്കേഭാഗം വീട്ടില്‍ വച്ച് ശ്രീ കീരിക്കാട്ടു കറുത്ത ശങ്കരപ്പിള്ള (മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഗുരുനാഥന്‍)യില്‍ നിന്ന് കച്ചയും മെഴുക്കും വാങ്ങി കഥകളി അഭ്യാസം തുടങ്ങി. അതേ വര്‍ഷം തന്നെ സുന്ദരീസ്വയംവരത്തില്‍ രുഗ്മിണിയായി അരങ്ങേറ്റം നടത്തി.
അതിനുശേഷം ബ്രഹ്മശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ സമസ്തകേരള കഥകളി വിദ്യാലയത്തില്‍ ചേര്‍ന്ന് പഠനം തുടങ്ങി. പ്രധാനപ്പെട്ട എല്ലാ ആദ്യാവസാനവേഷങ്ങളും ചൊല്ലിയാടിച്ചത് മാങ്കുളം വിഷ്ണു നമ്പൂതിരിയാണ്. 1971ല്‍ പഠനം പൂര്‍ത്തിയാക്കി. കേരള കലാമണ്ഡലത്തില്‍ ആറുമാസം താല്‍ക്കാലിക നിയമനത്തില്‍ തെക്കന്‍ കളരിയില്‍ അദ്ധ്യാപകനായിരുന്നു. അതിനുശേഷം 1974ല്‍ മാര്‍ഗ്ഗിയില്‍ ചേരുകയും പ്രിന്‍സിപ്പളായി 2010ല്‍ വിരമിക്കുകയും ചെയ്തു.
അരങ്ങിലും കളരിയിലും ഒരുപോലെ ശോഭിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ഇദ്ദേഹം. മഹിതവും സുഭദ്രവുമായ ഒരു പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. വേഷത്തെ മേളത്തോടും സംഗീതത്തോടും അടുപ്പിക്കുന്നതില്‍ ഇത്രത്തോളം കുശലത കാണിക്കുന്നവര്‍ ഇന്ന് അരങ്ങില്‍ കുറവാണ്.
മാര്‍ഗ്ഗിയുടെ പ്രധാന അദ്ധ്യാപകനായി വിരമിക്കുമ്പോള്‍ സുശിക്ഷിതമായ ഒരു സമ്പ്രദായം (തെക്കന്‍ ചിട്ട) അതിന്റെ എല്ലാ പ്രതാപത്തോടും അരങ്ങിലും കളരിയിലും പകര്‍ത്തിയാണ് അദ്ദേഹം ആ സ്ഥാപനത്തിന്റെ പടിയിറങ്ങിയത്.
ചിട്ടപ്രധാനമായ കോട്ടയം കഥകളിലെ നായകവേഷം കെട്ടുമ്പോഴും അത്രതന്നെ ചിട്ട പ്രകാരമലാത്ത വേഷങ്ങള്‍ കെട്ടുമ്പോഴും കഥാപാത്രത്തിന്റെ സൂക്ഷ്മമായ തലങ്ങളിലേക്കുള്ള സംക്രമണം അനായാസമായി കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിയുന്നു. നടപ്പില്ലാത്ത ആട്ടക്കഥകള്‍ ചൊല്ലിയാടിച്ച് അരങ്ങിലെത്തിക്കുന്നതിലും അവയ്ക്ക് പ്രചാരം കൊടുക്കുന്നതിലും മാര്‍ഗ്ഗിയിലൂടെ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
സ്ത്രീവേഷവും ചുവന്നതാടിയും ഒഴികെ മറ്റെല്ലാ വേഷങ്ങളും കെട്ടാറുണ്ട് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള. പച്ചയും കത്തിയും ഒരുപോലെ മനോഹരമായി കെട്ടുന്നതിലാണ് ആശാന്റെ കഴിവ് വ്യത്യസ്തമാവുന്നത്.
കോട്ടയം കഥകളിലെ നായകവേഷങ്ങള്‍, നളചരിതത്തിലെ നളന്‍, ഹംസം, തെക്കന്‍ രാജസൂയത്തിലെ ജരാസന്ധന്‍, ഉത്തരാസ്വയംവരം ദുര്യോധനന്‍, ബൃഹന്നള, രുഗ്മാംഗദന്‍, രാവണവിജയത്തിലേയും, ഉല്‍ഭവത്തിലേയും ബാലിവിജയത്തിലേയും രാവണന്‍, കല്യാണസൗഗന്ധികം ലവണാസുരവധം എന്നിവയിലെ ഹനൂമാന്‍, ചെറിയ നരകാസുരന്‍, കര്‍ണ്ണന്‍, കൃഷ്ണന്‍, ഹരിശ്ചന്ദ്രന്‍, മലയന്‍, കാട്ടാളന്‍ തുടങ്ങി എല്ലാ വേഷങ്ങളും മനോഹരമായി പ്രയോഗിക്കാന്‍ ആശാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.
കഥാപാത്രത്തിന്റെ ഔചിത്യ നിഷ്കര്‍ഷതയില്‍ പേരെടുത്ത മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പാരമ്പര്യം സ്വകീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കഥകളി നടനാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള.