കലാമണ്ഡലം മനോജ് (ഒളരി മനോജ്)
1967 മെയ് മാസം പതിനൊന്നാം തിയ്യതി കരുണാകരന്‍ നായര്‍ ജാനകി അമ്മ ദമ്പതികളുടെ മകനായി തൃശൂര്‍ ഒളരിക്കര ഗ്രാമത്തില്‍ ജനിച്ചു, 1979 ജൂണ്‍ മാസം കലാമണ്ഡലം തെക്കന്‍ ചിട്ട കളരിയില്‍ ഗുരു മങ്കൊമ്പ് ശിവശങ്കര പിള്ള,കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയ ആശാന്മാരുടെ ശിക്ഷണത്തില്‍ കഥകളി പഠനം ആരംഭിച്ചു.വടക്കന്‍ ജില്ലയില്‍ നിന്നും കലാമണ്ഡലം തെക്കന്‍ കളരിയില്‍ തുടര്‍ച്ചയായി പത്തു വർഷം കഥകളി പഠനം പൂര്‍ത്തിയാക്കിയ ആദ്യ വിദ്യാര്‍ഥി ആണ് ഇദ്ദേഹം.1981 ഇല്‍ വിജയദശമി നാളില്‍ രുഗ്മിണി സ്വയംവരം രുഗ്മി ആയി അരങ്ങേറ്റം. ശ്രീ കലാമണ്ഡലം പ്രസന്നകുമാര്‍ ആശാന്റെ കീഴിലും അഭ്യസിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ യുവജനോത്സവങ്ങളില്‍ നാടകം, ഓട്ടംതുള്ളൽ, മോണോ ആക്ട് തുടങ്ങി ഒട്ടേറെ കലാ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യം ആയിരുന്നു.
1986 ഇല്‍ പഠന കാലത്ത് തന്നെ കലാമണ്ഡലം ട്രൂപിന്റെ കൂടെ ആദ്യ ജര്‍മനി വിദേശയാത്ര. 1989 ഇല്‍ ഷേക്ക് സ്പിയരിന്റെ കിംഗ് ലിയര്‍ നാടകത്തിനു വേണ്ടി ശ്രീ കീഴ്പടം കുമാരന്‍ നായര്‍, ശ്രീ കലാമണ്ഡലം പത്മനാഭന്‍ നായര്‍ , ശ്രീ കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ,ശ്രീ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, ശ്രീ കലാമണ്ഡലം ഗോപി തുടങ്ങിയ ആശാന്മാരുടെ കൂടെ ഫ്രാന്‍സ്,ഇറ്റലി, സപൈന്‍,പോളന്റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി .കൂടാതെ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ 45 ഓളം തവണ കഥകളി അവതരണത്തിന്റെ ഭാഗമായി യാത്ര നടത്തിയിട്ടുണ്ട് .
2004 ഇല്‍ തൃശൂര്‍ കഥകളി ക്ലബ്ബിന്റെ സി എം ഡി നമ്പൂതിരിപടു സ്മാരക എന്ഡോവ്മെന്റ്റ് , 2006 ല്‍ തൃപ്പൂണിത്തറ കലാകേന്ദ്രം കെ. വി. കൊച്ചനിയന്‍ പുരസ്‌കാരം , 2008 ഇല്‍ കൂത്തുപറമ്പ് മലയാള കലാലയം ശ്രീ കലാമണ്ഡലം സുനില്‍കുമാര്‍ പുരസ്‌കാരം, 2009 ഇല്‍ ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളി ക്ലബ്ബിന്റെ വി. എന്‍ മേനോന്‍ സ്മാരക സ്വര്‍ണ മുദ്ര എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമേ ഒട്ടേറെ പ്രാദേശിക സംഘടനകളും ആദരിച്ചിട്ടുണ്ട്. 2010 ലെ തിരനോട്ടം സ്പോണ്‍സര്‍ ചെയ്ത വേഷക്കാരനും 2012 - 2013 വര്‍ഷത്തില്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രൂപിലെ ഒരു കലാകാരനും ആണ് ഇദ്ദേഹം .
1995 ,1996 ,2009 എന്നീ വര്‍ഷങ്ങളില്‍ കലാമണ്ഡലത്തില്‍ താത്കാലിക അധ്യാപകനായി സേവനം അനുഷ്ഠിച്ചു . മലപ്പുറം മഞ്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാധിക നൃത്തകലാക്ഷേത്രത്തില്‍ കഥകളി വേഷ അധ്യാപകന്‍ ആണ് പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒട്ടേറെ ശിഷ്യഗണങ്ങള്‍ സ്വന്തമായുണ്ട്.
കഥകളി വേഷത്തിനു പുറമേ കേരളത്തിലുടനീളം കഥകളി സോദാഹരണ ക്ലാസ്സുകളും നടത്താറുണ്ട്. നര്‍മ രസം തുളുമ്പുന്ന ഇദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ ആസ്വാദ്യകരവും പ്രയോജനപ്രദവും ആണ് .
പ്രഫഷണല്‍ നാടകങ്ങളിലും ഒട്ടേറെ കഥാപാത്രങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്, തൃശൂര്‍ മുഖം ഗ്രാമീണ നാടകവേദി, റൂട്ട് നാടകവേദി,കരിക്കാട് കലാസമിതി തുടങ്ങിയ നാടക ട്രൂപുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജോസ് ചെരമ്മലിന്റെ മുദ്രാരാക്ഷസം, മോഹന്‍ലാല്‍ മുകേഷ് തുടങ്ങിയവര്‍ അഭിനയിച്ച ഛായാമുഖി തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.
മോഹിനിയാട്ടം , കേരളനടനം, നാടോടി നൃത്തം തുടങ്ങിയവയ്ക്ക് ഒട്ടേറെ പദങ്ങള്‍ എഴുതി
ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം എഴുതി ചിട്ടപെടുത്തിയ ഭക്തി ഗാനങ്ങളും ലളിത ഗാനങ്ങളും വളരെ പ്രസിദ്ധമാണ്.
പഠിച്ചത് കപ്ലിങ്ങാടന്‍ ചിട്ടയും കൂടുതല്‍ ചെയ്യുന്നത് കല്ലുവഴി ചിട്ടയും ആയതുകൊണ്ടുതന്നെ ഇദ്ദേഹത്തിനു ഏതു വേഷക്കാരുടെ കൂടെയും അനായാസമായി ചേര്‍ന്ന് പോവാന്‍ കഴിയും എന്നതും ഒരു പ്രത്യേകത ആണ്. പച്ച,കത്തി, കരി, വെള്ളതാടി വേഷങ്ങളോടാണ് കൂടുതല്‍ പ്രിയം.
ഭാര്യ : തുളസി മനോജ്,
മക്കള്‍ : ജിഷ്ണു കെ മനോജ്,ജിതിന്‍ കെ മനോജ്