കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

ഇരുപതാം നൂറ്റാണ്ടിലെ കഥകളിസംഗീതം ദർശിച്ച അസാമാന്യപ്രതിഭയാണ് ഉണ്ണികൃഷ്ണക്കുറുപ്പ്. സ്വതഃസിദ്ധവും മാസ്മരികവുമായ ആലാപന ശൈലി സ്വായത്തമാക്കിയ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗേയമാർഗവും ശബ്ദവും വ്യത്യസ്തവും ചേതോഹരവും ആയിരുന്നു. അന്യനാടുകളിലെ ജീവിതം സമ്മാനിച്ച വിസ്തൃതമായ സംഗീതബോധവും വിസ്മയകരമായ ശാരീരവും ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിൽ സമന്വയിച്ചിരുന്നു. വ്യവസ്ഥാപിതനിയമങ്ങളിൽ നിന്ന് നിത്യനവോന്മേഷശാലിയായ സംഗീതമായി കഥകളിപ്പാട്ടിനെ മാറ്റിയെടുത്തവരിൽ ഉണ്ണികൃഷ്ണക്കുറുപ്പ് ചിരസ്മരണീയനാണ്. ഇന്നും കഥകളിസംഗീതാസ്വാദകരുടെ മനസ്സിലും  അനവധി റിക്കോഡുകളിലുമായി കുറുപ്പിന്റെ സംഗീതം അലതല്ലുന്നു.

ജനനം, വളർച്ച

പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിൽ പരപ്പാട്ടിൽ രാമക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി ഉണ്ണികൃഷ്ണക്കുറുപ്പ് 1931ല്‍ ജനിച്ചു. രാമക്കുറുപ്പ് ബാലുശ്ശേരി സ്വദേശിയായിരുന്നു. പടിഞ്ഞാറേതിൽ രാമൻ കുളങ്ങര രാമക്കുറുപ്പ് എന്നും അദ്ദേഹം അറിയപ്പെട്ടു. കളമെഴുതുന്നതിലും കളമെഴുത്തുപാട്ട് പാടുന്നതിലും അഗ്രഗ‌ണ്യനായിരുന്ന രാമക്കുറുപ്പ്, ഒരു വൈണികനായിരുന്നു. രാമക്കുറുപ്പിനും ലക്ഷ്മിക്കുട്ടിയമ്മയ്ക്കും ഉണ്ടായ ഏഴുമക്കളിൽ മൂത്ത മകനായാണ് ഉണ്ണികൃഷ്ണക്കുറുപ്പ് ജനിയ്ക്കുന്നത്. അച്യുതൻ, ശിവരാമൻ ഗോപി എന്നിങ്ങനെ മൂന്നു സഹോദരന്മാർ കുറുപ്പുനുണ്ടായിരുന്നു. ഇവരെക്കൂടാതെ ഉണ്ടായിരുന്ന മൂന്നു സഹോദരിമാരും നിര്യാതരായി. വെള്ളിനേഴി സ്കൂളിൽ ആണ് കുറുപ്പ് നാലാംതരം വരെ പഠിച്ചത്.  പതിമൂന്നു വയസ്സു വരെയേ ഉണ്ണികൃഷ്ണക്കുറുപ്പ് വെള്ളിനേഴിയിൽ ഉണ്ടായുള്ളൂ. ഇതിനിടയിൽ അച്ഛനിൽ നിന്ന് കളമെഴുത്തുപാട്ടിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. അച്ഛന്റെ കൂടെ പാട്ടിന് പോയി. കരിക്കട്ട കൊണ്ടും ഉമി കൊണ്ടുമുള്ള കളമെഴുത്ത് പഠിച്ചു. രാമക്കുറുപ്പിന്റെ കളംപാട്ട് അടിയന്തിരത്തിനനുസരിച്ച് പുലാമന്തോളിനടുത്ത് ചൊവ്വൂർ മനയ്ക്കലും അങ്ങാടിപ്പുറത്തും അക്കാലത്ത് ഉണ്ണികൃഷ്ണക്കുറുപ്പ് താമസിച്ചിട്ടുണ്ട്.

കലാമണ്ഡലക്കാലം

കലാസ്വാദകനും സഹൃദയനുമായ ചൊവ്വൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. അദ്ദേഹത്തെ കലാമണ്ഡലത്തിൽ കൊണ്ടു ചെന്ന് ചേർത്തു. കുട്ടിക്കാലം മുതൽക്കേ ഏകാന്തവാസത്തിൽ തൽപ്പരനും കുസൃതിയുമായ കുറുപ്പിന് കലാമണ്ഡലത്തിലെ കടുത്ത അച്ചടക്കവും നിയമാവലിയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെട്ടില്ല. അതിനോട് പൊരുത്തപ്പെടാനാവാതെ ചില നാടകീയരംഗങ്ങൾ സൃഷ്ടിച്ച് കുറുപ്പ് കലാമണ്ഡലത്തിൽ നിന്ന് പോന്നു. അച്ഛൻ രാമക്കുറുപ്പിന് ചില മാനസികവിഭ്രാന്തികളുണ്ടായിരുന്നു. തനിയ്ക്കും അത്തരത്തിൽ ചില മാനസികാസ്വാസ്ഥ്യങ്ങളുണ്ട് എന്ന് അഭിനയിച്ചാണ് ഉണ്ണികൃഷ്ണക്കുറുപ്പ് കലാമണ്ഡലത്തിൽ നിന്ന് പോന്നത്.

കലാമണ്ഡലത്തിൽ നീലകണ്ട്ഠൻ നമ്പീശനും ശിവരാമൻ ഭാഗവതരും ആയിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരുനാഥന്മാർ. ശിവരാമൻ ഭാവതരായിരുന്നു കളരിയിലെ സ്ഥിരം ഗുരുനാഥൻ. കോഴ്സ് മുഴുവനാക്കാതെയാണ് ഉണ്ണികൃഷ്ണക്കുറുപ്പ് കലാമണ്ഡലം വിട്ടത്. പിന്നീട് നമ്പീശന്റെ  വീട്ടിൽ പോയി കുറേക്കാലം ഉണ്ണികൃഷ്ണക്കുറുപ്പ് സംഗീതം അഭ്യസിയ്ക്കുകയുണ്ടായി.

കലാസ്ഥാപനങ്ങളിൽ

കലാമണ്ഡലം വിട്ട് ഏറെത്താമസിയാതെ കുറുപ്പ്മരങ്ങിൽ ശ്രദ്ധിക്കപ്പെടുന്ന യുവഗായകൻ ആയി. ആദ്യമായി ഉണ്ണികൃഷ്ണക്കുറുപ്പ് അദ്ധ്യാപകനായി ജോലി ചെയ്യുന്നത് പി എസ് വി നാട്യസംഘത്തിലാണ്. അവിടെ ഏറെക്കാലം തുടരാൻ കഴിഞ്ഞില്ല. തുടർന്ന് പേരൂർ ഗാന്ധിസേവാസദനത്തിലും മൃണാളിനി സാരാഭായി അധിപയായ 'ദർപ്പണ'യിലും കുറുപ്പ് അദ്ധ്യാപകനായി. ദർപ്പണയിൽ അദ്ധ്യാപകനായത് കാവുങ്കൽ ശങ്കരപ്പണിയ്ക്കരുടെ നിർദ്ദേശപ്രകാരമായിരുന്നു. അവിടെ ആറുവർഷം ജോലി ചെയ്തു. നീലകണ്‌ഠൻ നമ്പീശന്റെ കത്തുകിട്ടിയതനുസരിച്ച് കേരളത്തിലേക്ക് മടങ്ങിവന്നു. കലാ. ഗംഗാധരൻ എന്ന കഥകളിസംഗീതജ്ഞൻ ഒരു ശസ്ത്രക്രിയക്കു വിധേയനായി കിടക്കുന്ന സാഹചര്യത്തിൽ കലാമണ്ഡലത്തിൽ താൽക്കാലിന്മായി കുറുപ്പ് അദ്ധ്യാപകനായി. അവിടെ തുടരാമായിരുന്നെങ്കിലും ഗംഗാധരനെ എടുത്തുകൊള്ളാൻ പറഞ്ഞ് കുറുപ്പ് ജോലി നിരസിയ്ക്കുകയാണുണ്ടായത്. അന്നത്ത കലാമണ്ഡലത്തിലെ ശമ്പളം തനിയ്ക്ക് "വണ്ടിക്കൂലിയ്ക്കും മുറുക്കിത്തുപ്പാനും തികയില്ല" എന്നദ്ദേഹം അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു.

തുടർന്ന് അൽപ്പകാലം കൂടി കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായി. കൽക്കത്തയിൽ സംഗീതാദ്ധ്യാപകന്റെ ഒഴിവുണ്ട് എന്നറിഞ്ഞ് കുറുപ്പ് അങ്ങോട്ടു ചെല്ലുകയും ശാന്തിനികേതനം കുറുപ്പിനെ സ്വീകരിയ്ക്കുകയും ചെയ്തു. കലാമണ്ഡലത്തിൽ കുറുപ്പിന്റെ സതീർത്ഥ്യനായിരുന്ന ആലിപ്പറമ്പ് കേശവപ്പൊതുവാളാണ് കുറുപ്പിനെ ശാന്തിനികേതനത്തിലേക്ക് ക്ഷണിച്ചത്. ആറുവർഷം കുറുപ്പ് അവിടെ ജോലി ചെയ്തു.

പി എസ് വാരിയർ കുറുപ്പിനെ കോട്ടയ്ക്കലേക്ക് പ്രത്യേകമായി ക്ഷണിച്ചപ്പോൾ കുറുപ്പ് കോട്ടയ്ക്കലേക്ക് തിരിച്ചുവന്നു. പ്രബേഷൻ കഴിഞ്ഞാൽ സ്ഥിരപ്പെടുമായിരുന്നെങ്കിലും പ്രബേഷൻ കാലാവധി പൂർത്തിയാവും മുൻപ് കുറുപ്പ് അച്ചടക്കനടപടികൾക്ക് വിധേയനാകും. അങ്ങനെ കുറുപ്പ് നാട്യസംഘം വിട്ടു. തുടർന്ന് കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസർ ആയി നിയമിതനായി. കുറുപ്പിന് ഇഷ്ടമുള്ള, ആഴ്ച്ചയിൽ മൂന്നു ദിവസം പോകാം. ഇങ്ങനെ അഞ്ചുവർഷം ഉണ്ടായി.

ശാരീരികമായ അവശതകൾ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ആരോഗ്യം തളർത്തി. ആമാശയവ്രണം അധികമായതിനെ തുടർന്ന് 1988 മാർച്ച് 4ന് കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിൽ വെച്ച് ഉണ്ണികൃഷ്ണക്കുറുപ്പ് അന്തരിച്ചു.

കുറുപ്പിന്റെ സ്വഭാവത്തിലെ വ്യതിരിക്തമായ സവിശേഷതകൾ ഒരു സ്ഥാപനത്തിലും ദീർഘകാലം അദ്ദേഹത്തെ നിലനിർത്തിയില്ല. നിരന്തരം സഞ്ചാരവും ആകസ്മികതകളും നിറഞ്ഞതായിരുന്നു കുറുപ്പിന്റെ ജീവിതം.

കുടുംബം

ഇരുപത്തി ഒമ്പതാമത്തെ വയസ്സിൽ മഞ്ചേരിക്കടുത്തുള്ള കരിക്കാട് എന്ന സ്ഥലത്തുനിന്നും പടിഞ്ഞാറേതിൽ ലക്ഷ്മിക്കുട്ടി അമ്മയെ ഉണ്ണികൃഷ്ണക്കുറുപ്പ് വിവാഹം ചെയ്തു. ഉണ്ണികൃഷ്ണക്കുറുപ്പിന് മൂന്നു മക്കൾ ആണ്. ഹരിദാസൻ, ഗിരിജ, പ്രമീള.

സംഗീതജീവിതം

കലാമണ്ഡലത്തിൽ നിന്നുള്ള ശിക്ഷണകാലത്തെ പിരിഞ്ഞുപോരലിനു ശേഷം ഏറെത്താമസിയാതെത്തന്നെ കുറുപ്പ് അരങ്ങിൽ സ്ഥാനം പിടിച്ച യുവഗായകനായി മാറിയിരുന്നു. നീലകണ്ഠൻ നമ്പീശനോടൊപ്പം ശിങ്കിടിയായി അന്നത്തെ  അനേകം അരങ്ങുകളിൽ ഉണ്ണികൃഷ്ണക്കുറുപ്പ്  സംഗീതപ്രപഞ്ചം തീർത്തിട്ടുണ്ട്. ദൂരെനിന്നു കേട്ടാൽ പൊന്നാനി - ശിങ്കിടി ശബ്ദങ്ങൾ വ്യവച്ഛേദിയ്ക്കാനാവാത്ത വിധം ശബ്ദസാമ്യം അക്കാലത്ത് നമ്പീശനും കുറുപ്പിനുമുണ്ടായിരുന്നെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നീലകണ്ഠൻ നമ്പീശന്റെ പ്രിയ ശിഷ്യനായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്. നമ്പീശനില്ലാത്ത ഒരു ദിവസം നളചരിതം മൂന്നാം ദിവസത്തിൽ ഉണ്ണികൃഷ്ണക്കുറുപ്പ് പൊന്നാനിയായി പാടി മനസ്സുനിറഞ്ഞ അനുഭവം കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ പങ്കുവെച്ചിട്ടുണ്ട്. ശിക്ഷണകാലത്തിനുശേഷമുണ്ടായ നമ്പീശനാശനൊപ്പമുള്ള അരങ്ങുപരിചയം രംഗനിയന്ത്രണത്തിലും ഗേയമാർഗത്തിന്റെ തിരിച്ചറിവിലും കുറുപ്പിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ദർപ്പണയിലെ ആറുവർഷക്കാലം അവധിയ്ക്കു വരുമ്പോഴാണ് കുറുപ്പ് കേരലത്തിലെ അരങ്ങുകളിൽ പാടിയിരുന്നത്. തുടർന്ന് ശാന്തിനികേതനത്തിൽ ജോലിചെയ്തിരുന്ന കാലത്തും ഇപ്രകാരം അവധിക്കാലം മാത്രം കുറുപ്പിന്റെ സംഗീതമാധുരി കേരളത്തിൽ എത്തി. ആ കാലത്തിനായി കഥകളിപ്രേമികൾ അന്ന് കാത്തിരിക്കാറുണ്ടായിരുന്നു. ശാന്തിനികേതനത്തിൽ നിന്ന് തിരച്ചുവന്നതിനു ശേഷമുള്ള കാലമാണ് ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഏറ്റവും ജനകീയമായ ഘട്ടം. വ്യത്യസ്തവും ശ്രവണസുഭഗവുമായ കുറുപ്പുസംഗീതം കേരളക്കരയാകെ അംഗീകരിയ്ക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത കാലം. എന്നാൽ അത് ഏറെക്കാലം നീണ്ടില്ല. കഥകളി ചെണ്ട വാദകൻ കലാ. കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ വാക്കുകളിൽ; " കുറുപ്പ് ഉയർന്നുയർന്നു പാടി, പാടിപ്പാടി ഉയർന്നു. ആ ഉയർന്ന നിലയിൽ തന്നെ ഉയിർ വെടിഞ്ഞു."

സവിശേഷതകൾ

കേരളീയമെന്ന് വ്യവഹരിക്കപ്പെടുന്ന സംഗീതപദ്ധതിയുടെ മേന്മകൾ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിലുണ്ടായിരുന്നതായി നിരൂപകർ  അഭിപ്രായപ്പെടുന്നു. തുറന്ന ശാരീരം, ഏതു ശ്രുതിയ്ക്കും പാകമായ ശബ്ദം, അനന്യസാധാരണമായ സംഗതികൾക്കു പ്രാപ്തമായ കണ്ഠം, അക്ഷരസ്ഫുടത, ഔചിത്യബോധം എന്നിവയുടെ സമഞ്ജസസമ്മേളനമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം.

കുറഞ്ഞ സഞ്ചാരം കൊണ്ട് നിറഞ്ഞ രാഗരൂപം സൃഷ്ടിക്കാനുള്ള നൈപുണി കുറുപ്പിനു കരഗതമായിരുന്നു. കീചകവധത്തിലെ "സഭാജനവിലോചനൈ" എന്ന ശ്ലോകത്തിനു മുൻപുള്ള കാംബോജി രാഗാലാപനം ഇന്നും സംഗീതപ്രേമികൾ നെഞ്ചേറ്റി ലാളിയ്ക്കുന്ന ഒന്നാണ്.

ഭാവസംഗീതമായ കഥകളിസംഗീതത്തെ രംഗാനുയോജ്യമായ നിലയിൽ പാടുകയാണ് കുറുപ്പ് ചെയ്തത്. കഥകളി സംഗീതം ഒരു പ്രയുക്തശാഖയാണ് എന്ന ബോദ്ധ്യവും നിലയും നിലനിർത്തിക്കൊണ്ടുതന്നെ, ചേതോഹരമായ സംഗീതമാർഗങ്ങളിലൂടെ കുറുപ്പ് സഞ്ചരിച്ചു.

ഭാരതത്തിലെ മറ്റുസംഗീതശാഖകളുമായി ഉണ്ടായ വിപുലമായ പരിചയം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിൽ പ്രതിഫലിച്ചിരുന്നതായി സംഗീതപണ്ഡിതർ നിരീക്ഷിക്കാറുണ്ട്. തന്റെ പിതാവിൽ നിന്നും ലഭ്യമായ കളമെഴുത്തുപാട്ടിന്റെ സവിശേഷപ്രയോഗങ്ങളും കുറുപ്പിന്റെ ഗേയമാർഗത്തിൽ നിലീനമായിരുന്നു.

കൂടെപ്പാടുന്ന ഗായകന് സ്വാതന്ത്ര്യം നൽകിക്കൊണ്ടും, പ്രോൽസാഹജനകമായ നിലയിലും ആണ് ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയിരുന്നത്.

രാഗമാറ്റങ്ങൾ

സ്വകീയമായ ധാരണകളുടെ വെളിച്ചത്തിൽ, ഉണ്ണികൃഷ്ണക്കുറുപ്പ് പല പദങ്ങളുടേയും പൂർവ്വനിശ്ചിതങ്ങളായ രാഗങ്ങൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.

1) നളചരിതം രണ്ടാം ദിവസത്തിലെ " അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ" ആഭേരിയിൽ
2) കിരാതത്തിലെ , "അന്തകാന്തകപോരും"  വാഗേശ്വരിയിൽ
3) കിരാതത്തിലെ "മാനവസവ്യസാചി ഞാൻ" കാനഡയിൽ
4) നളചരിതം ഒന്നാം ദിവസത്തിലെ " നാളിൽ നാളിൽ വരുമാധി മൂലം" നാട്ടക്കുറിഞ്ഞിയിലും യമുനാകല്യാണിയിലും
5) നളചരിതം നാലാം ദിവസത്തിലെ "ഒളിവിൽ ഉണ്ടോ ഇല്ലയോ വാൻ" കാനഡയിൽ

എന്നിവ അവയിൽ ചിലതാണ്.

ശിഷ്യസമ്പത്ത്

നിരവധി സ്ഥാപനങ്ങളിലായി അനേകം ശിഷ്യർ ഉണ്ണികൃഷ്ണക്കുറുപ്പിൽ നിന്ന് സംഗീതം അഭ്യസിച്ചവരായി ഉണ്ട്. പി ഡി നമ്പൂതിരി, കലാനിലയം ഉണ്ണികൃഷ്ണൻ, പാലനാട് ദിവാകൻ, കോട്ടയ്ക്കൻ നാരായണൻ, കോട്ടക്കൽ മധു, അത്തിപ്പറ്റ രവി തുടങ്ങിയവരിൽ ശിഷ്യരിൽ പ്രമുഖരാണ്.

പുരസ്കാരങ്ങൾ

കലാമണ്ഡലം അവാർഡ് ( 1984)
കെ എൻ പിഷാരടി അവാർഡ് ( 1987)
വെള്ളിനേഴി പൗരാവലിയുടെ മണിഹാരം

കഥകളിസംഗീതത്തിന്റെ സ്ഥാനത്തെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ്, സ്വത്വബോധത്തോടെയും ശീലശുദ്ധിയോടെയും സംഗീതമാവിഷ്കരിക്കുകയും, അതോടൊപ്പം മാസ്മരികമായ അനുഭൂതിതലം കഥകളിസംഗീതത്തിനു സമ്മാനിക്കുകയും ചെയ്ത പ്രതിഭയാണ് ഉണ്ണികൃഷ്ണക്കുറുപ്പ്.

പൂർണ്ണ നാമം: 
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
വിഭാഗം: 
സമ്പ്രദായം: 
മരണ തീയ്യതി: 
Sunday, March 4, 2012
ഗുരു: 
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍
കലാമണ്ഡലം ശിവരാമന്‍ നായര്‍
കളിയോഗം: 
കലാമണ്ഡലം
കോട്ടയ്ക്കല്‍
ദര്‍പ്പണ
ശാന്തി നികേതന്‍
പേരൂര്‍ ഗാന്ധി സേവാ സദനം