വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് - ചരിത്രവും കർമ്മപഥവും

കഥകളി ചരിത്രത്തിൽ തിളങ്ങുന്ന നാമധേയമാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ. ഔചിത്യപൂർണ്ണവും ധൈഷണികവുമായ നിരന്തരാന്വേഷണങ്ങളിലൂടെ, പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ കൈമാറിയ കല്ലുവഴിക്കളരിയുടെ ദീപശിഖയെ കൂടുതൽ പ്രോജ്വലമാക്കിയ വാഴേങ്കട കുഞ്ചുനായർ കളിയരങ്ങിലെ അനന്വയമാണ് കുഞ്ചുനായരുടെ സ്മരണകൾ ശാശ്വതീകരിക്കാനും, ആ കലായശസ്വിയുടെ വിശിഷ്ടദൗത്യം പിൽക്കാലതലമുറകളിലേക്ക് പകരുവാനും കാലികമായ ചരിത്രസന്ധികളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് കഥകളിയുടെ ജനകീയവൽക്കരണവും സംസ്കരണ – നവീകരണ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിനുമായി അദ്ദേഹത്തിന്റെ മാതൃഗ്രാമമായ കാറൽമണ്ണയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് 1987 മെയ് മാസത്തിലാൽ പ്രവർത്തനമാരംഭിച്ചു.ഇന്നും സജീവമായി രംഗത്തുള്ള സ്മാരകകേന്ദ്രവും പ്രവർത്തകസംഘവും കുഞ്ചുനായർ ട്രസ്റ്റിന്റെ സമ്പത്താണ്.

സ്വന്തമായുള്ള മുപ്പതുസെന്റ് സ്ഥലത്ത് കുഞ്ചുനായരുടെ നാമധേയത്തിൽ ഒരു ഓഡിറ്റോറിയം, അതിനകത്ത് കുഞ്ചുനായരുടെ ഒരർദ്ധകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിലെ കഥകളി അസ്വാദനത്തിന്റേയും, അവതരണത്തിന്റേയും ദിശ നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കാനായതാണ് ട്രസ്റ്റിന്റെ ആത്യന്തികമായ പ്രവർത്തനസാഫല്യം. ‘കളിവട്ടം’ എന്ന ഉപസംഘടനയുടെ രൂപീകരണത്തോടെയാണ് ഇത് തുടങ്ങി വച്ചത്. കഥകളിയില്ലാത്ത കേന്ദ്രങ്ങളിൽ കളിയുണ്ടാക്കുക,ഉത്സവക്കളികളുൾപ്പെടെ കഥകളികൾ പലതും സംഘാടകരുടെ പ്രയാസം ലഘൂകരിച്ച് നിർവഹണച്ചുമതല ഏറ്റെടുക്കുക, അവിടെയൊക്കെ കഥകളിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക ഇതെല്ലാമായിരുന്നു ട്രസ്റ്റ് ഏറ്റെടുത്ത കർമ്മപദ്ധതി.

കോട്ടയം കഥകളുൾപ്പെടെ കഥകളിയുടെ സാങ്കേതിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കഥകൾ അരങ്ങിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലം, കാരണം മറ്റൊന്നുമല്ല, അത്തരം കഥകളാസ്വദിക്കണമെങ്കിൽ ചെറിയ രീതിയിലെങ്കിലുമുള്ള ഒരു ശിക്ഷണം ആസ്വാദകർ നേടണം. ഓരോ പദാവിഷ്കാരത്തിന്റേയും സവിശേഷതകൾ ആമുഖമായി വിശദീകരിച്ച് ആവശ്യപ്പെടുന്നിടത്തെല്ലാം തത്സമയ വിശകലനങ്ങളും ചേർത്തു ശീല ശുദ്ധമായ പഴമയോടെ കോട്ടയം കഥകൾ കുഞ്ചുനായർ ട്രസ്റ്റിന്റെ കളിയിലൂടെ അരങ്ങുകളിലേക്ക് പുനരാനയിക്കപ്പെട്ടപ്പൊൾ പ്രേക്ഷകർ ഹൃദയാഹ്ലാദത്തോടെ അതു സ്വീകരിച്ചു.

കഥകളിയുടെ ചരിത്രം പരിശോധിക്കുമ്പോൾ തൊണ്ണൂറുകൾ ഒരു പുതിയ ജാഗരണത്തിന്റേയും പുതിയ ഭാവുകത്വത്തിന്റേയും സങ്കേത ബദ്ധതകളിലേക്കുമുള്ള തിരിച്ചുപോക്കിന്റേയും, ദശകമായി അടയാളപ്പെട്ടു കിടക്കുന്നുണ്ടെങ്കിൽ ആ നവോത്ഥാനം സാക്ഷാത്ക്കരിച്ചതിനു പിന്നിൽ കുഞ്ചുനായർ ട്രസ്റ്റ് എന്ന സംഘടനയുടെ പങ്ക് ചെറുതല്ല എന്നു കാണാം.

പുതിയ ദിശാസങ്കൽപ്പത്തോടെയുള്ള കളിയരങ്ങുകൾക്ക് അതുൾക്കൊള്ളാൻ കഴിയുന്ന സംശിക്ഷിതരായ പ്രേക്ഷകർ അനിവാര്യമാണ്. ആ നിലയ്ക്ക് അങ്ങനെയുള്ള ഒരു ധാരണയിലേക്ക് പ്രേക്ഷകരെ കൊണ്ടുവരാനുള്ള അർത്ഥപൂർണ്ണമായ ശ്രമങ്ങളായിരുന്നു കുഞ്ചുനായർ ട്രസ്റ്റ് സംഘടിപ്പിച്ച കഥകളി ശിൽപ്പശാലകൾ. ബഹുമുഖപ്രതിഭകൾ പലരും ഇതിൽ പങ്കെടുത്തു.

1993-ൽ 15 ദിവസം നീണ്ടു നിന്ന ശിൽപ്പശാല 94-ൽ 12 ദിവസം, 95ലും, 96ലും ദിവസങ്ങളിൽ ഏറ്റക്കുറച്ചിലുകളോടുകൂടി ഉള്ളടക്കത്തിന്റെ കനം ക്രമമായി വർദ്ധിപ്പിച്ചുകൊണ്ട് ആസ്വാദകർക്കുള്ള പരിശീലനകളരികൾ. 1997ലും ഇതാവർത്തിക്കപ്പെട്ടു.

കേരളത്തിലെ പല ഭാഗത്തുനിന്നുമുള്ള കഥകളി ആസ്വാദകർ പുതിയ പൊരുളുകളും, ഉൾതെളിച്ചങ്ങളും, തേടി കാറൽമണ്ണയിലേക്കൊഴുകി. കഥകളി സംഘാടനത്തിൽ കാറൽമണ്ണയുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്തു. കുഞ്ചുനായർ സ്മാരക ട്രസ്റ്റ് എന്ന സംഘടന മാത്രമാണ് ഈ പ്രശസ്തിക്കടിത്തറയുയർത്തിയത്. സാർത്ഥകമായ ഈ ചുവടുകൾ കേരളത്തിൽ പലഭാഗത്തും സമാനസ്വഭാവമുള്ള ശിൽപ്പശാലകൾ സംഘടിപ്പിക്കാൻ പ്രേരണയും പ്രചോദനവുമായി മാറി. കൊല്ലം, ഇരിങ്ങാലക്കുട, തൃശ്ശൂർ, കണ്ണൂർ, പാലക്കാട്, ശ്രീകൃഷ്ണപുരം തുടങ്ങി പലകേന്ദ്രങ്ങളിലും ട്രസ്റ്റിനെ മാതൃകയാക്കി ശിൽപ്പശാലകൾ നടന്നു. ഈ പുതിയ ജാഗരണം കഥകളിയുടെ അവതരണവേദികളേയും ഗുണപരമായി പുനർനിർമ്മിച്ചു.

കുഞ്ചു നായർ രചിച്ച ലേഖനങ്ങളിൽ നിന്ന് ചിലതെടുത്ത് സമാഹരിച്ച് ‘കഥകളിവെട്ടം’ എന്നൊരു ഗ്രന്ഥം ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ഏകസമാഹരവും അതു തന്നെ. കലാമണ്ഡലം രാമൻകുട്ടിനായരുടെ സപ്തതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കലാസപര്യയെ മുന്നിർത്തി ‘മുദ്ര’ എന്നപേരിൽ ഒരു സ്മരണികയും, കോട്ടക്കൽ ശിവരാമനെക്കുറിച്ച് ‘മുഖരാഗം’ എന്നപേരിൽ ഒരു സ്മരണികയും ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിനെല്ലാം പുറമെ കളിയരങ്ങിലെ ഭാവഗായകനായിരുന്ന ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനെക്കുറിച്ചും ഒരു സ്മാരകഗ്രന്ഥം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ട്രസ്റ്റിന്റെ പ്രവർത്തനപന്ഥാവിലെ മറ്റൊരു നാഴികകല്ലാണ് ‘കഥകളി സമാരോഹം’ എന്ന കഥകളി സംപ്രേക്ഷണപരിപാടി. 1997, 98, 99 എന്നീ മൂന്നു വർഷങ്ങളിലായി പതിനഞ്ചു ദിവസം, പത്തു മണിക്കൂർ വീതം പ്രഗൽഭരായ മുഴുവൻ കലാകാരന്മാരേയും അണിനിരത്തിക്കൊണ്ട് കഥകളി നടത്തി. ഏഷ്യാനെറ്റിന്റെ സാമ്പത്തികസഹായത്തോടെയാണ് ‘കഥകളി സമാരോഹം’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ ബൃഹത്തായ ഡോക്യുമെന്റേഷൻ കാറൽമണ്ണയിൽ നടന്നത്. ആമുഖവിശദീകരണങ്ങളോടെ ഈ കഥകൾ ഏഷ്യാനെറ്റിലൂടെ തന്നെ സംപ്രേക്ഷണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പൊഴും അത് തുടരുന്നു. കഥകളിയുടെ ചരിത്രത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും ബൃഹത്തായതും ഉൾക്കനമുള്ളതുമായ ഡോക്യുമെന്റേഷൻ കഥകളി സമാരോഹം തന്നെയയിരിക്കുമെന്നതിനു സംശയമില്ല. സമകാലിക കഥകളിവേദിയുടെ ഒരു പരിഛേദം അവതരിപ്പിക്കാനായി എന്നതു മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിലും സമാരോഹം കിടയറ്റതായി മാറി. ‘സമാരോഹ’ത്തിൽ പങ്കെടുക്കാൻ സാധിച്ചത് മഹാപുണ്യമായി പ്രേക്ഷകരും ഒരുപൊലെ നെഞ്ചിലേറ്റി താലോലിച്ച ഈ ഡോക്യുമെന്റേഷൻ നിർവ്വഹിക്കപ്പെട്ടത് കുഞ്ചു നായരാശാന്റെ നാമധേയത്തിലാണ്.

ട്രസ്റ്റിന്റെ ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ് ‘കഥകളി സംസ്തുതി’(master's master pieces) എന്നുപേരിട്ട സി.ഡികളുടെ നിർമ്മാണം. സമകാലിക കഥകളിയചാര്യന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങൾ വരും തലമുറക്ക് വേണ്ടി സൂക്ഷിക്കുക എന്ന താൽപ്പര്യത്തോടെ മൂന്നു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി ഉൽപ്പാദനചിലവു മാത്രം ഈടാക്കിക്കൊണ്ട് സി.ഡികൾ വിപണിയിലിറക്കി യശഃശ്ശരീരരായ ശ്രീ കലാമണ്ഡലം പത്മനാഭൻ നായർ, ഹൈദരാലി എന്നിവരുടെ അവസാനചിത്രീകരണം കൂടിയായിരുന്നു ഇത്.

പുതു തലമുറക്കാരെ വളർത്തിക്കൊണ്ടുവരാനുള്ള പരിപാടികളും ട്രസ്റ്റ് ഏറ്റെടുത്തു നടത്തി. 2006 ൽ പത്തുനാൾ നീണ്ടുനിന്ന ഒരു നാട്യശാല സംഘടിപ്പിച്ചത് കഥകളിരംഗത്തെ പുതുതലമുറക്കാർക്കു വേണ്ടി മാത്രമാണ്. പ്രയോക്താവും, പ്രേക്ഷകനും തമ്മിലുള്ള അകൽച്ചയില്ലാതാക്കുക, പരസ്പര സംവാദത്തിലൂന്നി ആരോഗ്യകരമായി കഥകളിയന്തരീക്ഷം വികസിപ്പിച്ചെടുക്കുക, അനുഭവങ്ങൾ കൈമാറുന്നതിലൂടേയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിലൂടേയും അവതരണത്തിനു മികവുണ്ടാക്കുക, ഈ രീതിയിൽ ഇപ്പോൾ കേരളത്തിൽ സാർവത്രികമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് വിത്തു വിതച്ചതും ട്രസ്റ്റ് തന്നെ.

പുതിയ തലമുറക്കാരുടെ കഥകളി ക്യാമ്പുകൾ, അരങ്ങുകൾ എന്നിവ സംഘടിപ്പിച്ച്, യശസ്വിയായ ഒരു മഹാപുരുഷന്റെ സ്മരണയെ മുൻ നിർത്തി പ്രതിബദ്ധതയോടെ ഇപ്പോഴും ഈ സംഘടന പ്രവർത്തന നിരതമാണ്. ഒരു കാലഘട്ടത്തിന്റെ നിറഞ്ഞ ചൈതന്യത്തിന്റെ പ്രഭ പുതുതലമുറയിലേക്ക് പ്രസരിപ്പിക്കാൻ കുഞ്ചു നായർ ട്രസ്റ്റിന് എത്രമാത്രം കഴിയും എന്നത് കാലം തെളിയിക്കേണ്ടതാണ്.