മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇന്ന് അരങ്ങില്‍ സജീവമായ ഏറ്റവും മുതിര്‍ന്ന കഥകളി ഗായകരില്‍ ഒരാളാണ്. അദ്ദേഹം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. അഛന്‍ - ശങ്കരന്‍ നമ്പൂതിരി, അമ്മ - ശ്രീദേവി അന്തര്‍ജ്ജനം. അച്ഛന്‍ നല്ല ഒരു സംഗീതാസ്വാദകനും അക്ഷരശ്ലോകവിദഗ്ധനും ആയിരുന്നു.
കുട്ടിക്കാലത്തു തന്നെ സംഗീതം പഠിക്കണം എന്ന ആഗ്രഹം മൂലം പൂമുള്ളി മനയ്ക്കല്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. അക്കാലത്ത് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ പൂമുള്ളിയില്‍ സംഗീതം അഭ്യസിപ്പിച്ചിരുന്ന കാലമായിരുന്നു. വൈദ്യനാഥ ഭാഗവതര്‍, കൊങ്ങോര്‍പ്പിള്ളി, രാമന്‍കുട്ടി വാര്യര്‍ എന്നിവരായിരുന്നു അവിടത്തെ പ്രധാന ഗുരുക്കന്മാര്‍.
രണ്ടു മാസം പൂമുള്ളിയില്‍ അഭ്യസിച്ചപ്പോള്‍ കലാമണ്ഡലത്തില്‍ കുട്ടികളെ എടുക്കുന്നുണ്ട് എന്നറിഞ്ഞ് 1957ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ എട്ടു കൊല്ലം അഭ്യസിച്ചു. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവപ്പണിക്കര്‍ എന്നിവരായിരുന്നു കലാമണ്ഡലത്തിലെ ഗുരുക്കന്മാര്‍. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, തിരൂര്‍ നമ്പീശന്‍, കലാമണ്ഡലം ഹൈദരാലി എന്നിവരായിരുന്നു സഹപാഠികള്‍.
വിദ്യാഭ്യാസത്തിനു ശേഷം അല്‍പ്പകാലം പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ അദ്ധ്യാപകവൃത്തി ചെയ്തു. തുടര്‍ന്ന് കലാമണ്ഡലത്തില്‍ തന്നെ 1969ല്‍ സംഗീതാധ്യാപകനായി ചേര്‍ന്നു. 1998ല്‍ കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചു.
ഉറച്ച താളബോധവും, കണിശമായ ഓര്‍മ്മശക്തിയും മാടമ്പിയ്ക്ക് സ്വായത്തമാണ്. ചേങ്ങില ആവശ്യമനുസരിച്ച് അടച്ചും തുറന്നും പിടിയ്ക്കുന്നതിലെ വൈദഗ്ദ്ധ്യം ഇത്ര മികച്ച നിലയില്‍ അപൂര്‍വ്വം. തുറന്ന, അനുനാസികാപ്രധാനമായ ശബ്ദമാണ്, ഉച്ചാരണവും നന്ന്. ചിട്ടപ്രധാനമായ കഥകള്‍, കേരളീയരാഗങ്ങളിലുള്ള പദങ്ങള്‍, യുദ്ധപദങ്ങള്‍ എന്നിവ പാടാന്‍ മാടമ്പിയ്ക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. അരങ്ങു ഭരിക്കുന്നതിലുള്ള സാമര്‍ഥ്യവും ഏറും. കഥകളിയിലെ അചാര്യനടന്മാരുടെ അടക്കം ചിട്ടപ്പെട്ട കഥകളുടെ അരങ്ങുകളില്‍ മാടമ്പിയുടെ സാനിദ്ധ്യം അംഗീകരിക്കപ്പെട്ടതാണ്. രാഗമാറ്റം അപൂര്‍വ്വമായി മാത്രമേ ചെയ്തു കണ്ടിട്ടുള്ളു. സുഭദ്രാഹരണത്തിലെ സുഭദ്രയുടെ പദമായ 'മുല്ലസായകതുല്യ' എന്ന നവരസരാഗത്തിലുള്ള പദം അഠാണയിലേയ്ക്കും, സുരുട്ടിയിലേയ്ക്കും മാറ്റിപ്പാടിയിരുന്നു. കഥകളിയുടെ യുവതലമുറയിലെ മികച്ച അനേകം ഗായകരുടെ ഗുരുനാഥനായി എന്നതാണ് മാടമ്പിയുടെ എടുത്തുപറയേണ്ട മറ്റൊരു സേവനം.
കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം ചെറുതുരുത്തിയിലാണ് താമസം. ആദ്യ ഭാര്യയായിരുന്ന പാര്‍വ്വതി അന്തര്‍ജ്ജനത്തില്‍ അദ്ദേഹത്തിന് ശശി, നാരായണന്‍ എന്ന മക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണത്തിനു ശേഷം അദ്ദേഹം ആര്യാദേവി അന്തര്‍ജ്ജനത്തെ വിവാഹം കഴിച്ചു. അവരില്‍ സംഗീത എന്ന മകള്‍ ഉണ്ട്.