മുദ്ര 0037
താണുനിന്നുകാട്ടുന്ന മുദ്രയാണിത്. വലതുകൈ കൊണ്ടും ഇടതു കൈകൊണ്ടും വേറെ വേറെ കാട്ടാൻ കഴിയുന്ന മുദ്രയാണിത്. സംയുത മുദ്ര.
ഇടംകയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ മലർത്തി പിടിച്ച് വലത്തേയ്ക്ക് കാൽ കെട്ടി വയ്ക്കുന്നതോടെ വലം കൈ വലത്തേയ്ക്ക് നീട്ടി ‘വസ്തുവിനെ പിടിച്ച്’ എന്ന അർത്ഥത്തിൽ മുഷ്ടി പിടിയ്ക്കുക. വലം കാൽ പിന്നിലൂടെ പിണച്ച് തിരികെ മുൻ സ്ഥാനത്ത് വരുന്നതോടെ വലം കയ്യിലെ മുഷ്ടി മലർത്തി ‘വസ്തു സ്വീകരിച്ചു’ എന്ന അർത്ഥത്തിൽ മലർത്തിയ ഇടം കയ്യിനുള്ളിൽ വയ്ക്കുന്നു. ഇതെല്ലാം കൈകൾ മാറ്റി പിടിച്ച് ഇടതുവശത്തേയ്ക്കും ചെയ്യാവുന്നതാണ്. ഒരവസരത്തിൽ ഉചിതമായ ഒന്നുമാത്രമേ ചെയ്യാറുള്ളൂ. കൂടാതെ വലം കൈ കൊണ്ട് മുന്നിൽ ഗ്രസിച്ച് കയ്യ് അൽപ്പം ഉയർത്തി എടുത്ത് നിവർത്തിയ ഇടം കയ്യിനുള്ളിൽ വയ്ക്കുന്ന ചലങ്ങളോടേയും ലഭിയ്ക്കുക എന്ന് കാട്ടാം.
കൈ ചുരുട്ടി കൊണ്ട് ലഭിച്ചുവെന്ന പറയുന്ന ലൌകിക മുദ്രയെ നാട്യധർമ്മിയാക്കുമ്പോൾ കിട്ടുന്ന മുദ്രയാണിത്. ലഭിച്ച വസ്തു സ്വീകരിക്കുന്നതിനിടയിലുള്ള മുഷ്ടിഹസ്തത്തിന്റെ ചലനത്തിലൂടെയാണ് ഈ മുദ്രയിൽ നാട്യധർമ്മിത്വം സൃഷ്ടിച്ചിരിക്കുന്നത്. കല്ലുവഴി സമ്പ്രദായത്തിൽ വലം കൈ കൊണ്ട് മാത്രം കാട്ടുന്ന മുദ്രയാണിത്.