ഏണാങ്കമൌലിയുടെ ചേണാര്‍ന്ന രൂപമുടനേണാക്ഷി

ആട്ടക്കഥ: 

1.ഏണാങ്കമൌലിയുടെ ചേണാര്‍ന്ന രൂപമുടനേണാക്ഷി കണ്ടവള്‍ തെളിഞ്ഞു-
രക്ഷികള്‍ പറഞ്ഞു-ദക്ഷനതറിഞ്ഞു
പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിനുസുഗുണനിധി വിരവൊടു തുനിഞ്ഞു.

2. കല്യാണവാര്‍ത്തയതു ചൊല്ലാര്‍ന്ന ദൂതരുടെ ചൊല്ലാലറിഞ്ഞു മുദമാര്‍ന്നു-
സുരതതികള്‍ വന്നു-പുരമതില്‍ നിരന്നു-
മുനികളോടു സമമഴകിലവനുപചരിച്ചു പുനരധികസുഖമഖിലരുമിരുന്നു.

3. ഉദ്യോഗമോടു ബഹുവിദ്യാധരാദിയുടെ വാദ്യാരവം ദിവി മുഴങ്ങി-
പ്രീതിയൊടു സംഗീതാദികള്‍ തുടങ്ങീ
തത്ര സുരയുവതിജനചിത്രതരരസലളിത നൃത്തമതു സഭയില്‍ വിളങ്ങീ.

4. ഫണിഭൂഷണപ്രിയയെ മണിഭൂഷണങ്ങളുടനണിയിച്ചു വാണി വഴിപോലെ
തദനു ശുഭകാലേ ത്രിജഗദനുകൂലേ
ഭുവനപതി ഗിരിശനഥ സതിയുടയ കരകമലമിതമൊടു പിടിച്ചു വിധിപോലെ.
 

അർത്ഥം: 

1. ചന്ദ്രശേഖരന്റെ രൂപ സൌന്ദര്യം കണ്ടിട്ട് അവള്‍ സന്തോഷിച്ചു. ആ കഥ കാവല്‍ക്കാര്‍ പറഞ്ഞ് ദക്ഷന്‍ അറിഞ്ഞു. പ്രിയപുത്രിയുടെ പരിണയം കഴിക്കാന്‍ അദ്ദേഹം ഒരുങ്ങി.

2. ദൂതരില്‍നിന്നും കല്യാണവാര്‍ത്തയറിഞ്ഞ് ദേവന്മാരെല്ലാം മഹര്‍ഷിമാരോടുകൂടി സന്തോഷത്തോടെ രാജധാനിയില്‍ എത്തി. ദക്ഷന്റെ സല്കാരമേറ്റ് അവരെല്ലാം സന്തോഷിച്ചു.

3. വിദ്യാധരന്മാര്‍ വാദ്യമേളം തുടങ്ങി. സന്തോഷത്തോടെ സംഗീതം മുതലായവ മുഴങ്ങി. ദേവസ്ത്രീകളുടെ അതിശയകരമായ നൃത്തവും തുടങ്ങി.

4. പരമേശ്വരന്റെ പ്രിയയായ സതിയെ വാണീദേവി രത്നാഭാരണങ്ങള്‍ അണിയിച്ചു. പിന്നീട് മൂന്നുലോകങ്ങള്‍ക്കും സന്തോഷം തരുന്ന ശുഭമായ മുഹൂര്‍ത്തത്തില്‍ ലോകനാഥനായ മഹേശന്‍ സതീദേവിയെ പാണിഗ്രഹണം ചെയ്തു.

അരങ്ങുസവിശേഷതകൾ: 

വലന്തല മേളം
"ത്രിജഗദനുകൂലേ" എന്നതിനൊപ്പം തിരശ്ശീല താഴുന്നു. ഇടതുവശത്ത് ഇന്ദ്രനും വലതുവശത്ത് ദക്ഷനും നില്‍ക്കുന്നു. ശിവന്‍ നടുവില്‍ കാല്‍പരത്തികൈകള്‍ കെട്ടിയും സതി വരണമാല്യവുമായി ശിവന്‍റെ ഇടതുഭാഗത്ത് തലതാഴ്ത്തിയും നില്‍ക്കുന്നു. "സതിയുടയ കരകമലം" എന്നതിനൊപ്പം ശിവനെ മാലയിടുന്നു. "ഇതമൊടു പിടിച്ചു" എന്നതിനൊപ്പം ശിവന്‍ വലംകൈകൊണ്ട് സതിയുടെ ഇടംകൈപിടിച്ചു ദേഹത്തോടണച്ച് സുഖ ദൃഷ്ടിയില്‍ നില്‍ക്കുന്നു. സതി ലജ്ജയോടെ തല താഴ്ത്തി നില്‍ക്കുന്നു.