കഷ്ടം ചിത്രമയ്യോ
ശ്ലോകം
വാതജാതമഥിതം നിരീക്ഷ്യ തം
സൂതജാതമഥ രംഗപാലകഃ
ജാതശോകഭയവിസ്മയാകുലോ
വ്യാജഹാര തരസോപകീചകാന്‍
പല്ലവി
കഷ്ടം! ചിത്രമയ്യോ! ഇതെത്രയും കഷ്ടം!
ചരണം 1
വിഷ്ടപവിശ്രുതനാകിയ വീരന്റെ
കഷ്ടദശകളെ ഏതുമറിയാതെ
പുഷ്ടഗര്‍വ്വം വസിച്ചീടുന്ന നിങ്ങളും
മട്ടോലുംവാണികളും ഭേദമില്ല ഹാ!
ചരണം 2
മത്തേഭഗാമിനിമാരൊടുമൊന്നിച്ചു
മത്തന്മാരായ് നിങ്ങളെന്തിനിരിക്കുന്നു?
നൃത്തരംഗത്തിലീരാത്രിയിലുണ്ടായ
വൃത്താന്തമേതുമറിഞ്ഞീലയോ ഹാ!
ചരണം 3
ചണ്ഡപരാക്രമനാകിയ കീചകന്‍
പിണ്ഡിതഗാത്രനായ്ത്തീര്‍ന്നു വീരന്മാരേ
അര്‍ണ്ണോജലോചന മാലിനി നര്‍ത്തന-
മണ്ഡപംതന്നിലിരുന്നു കേഴുന്നു ഹാ!
ചരണം 4
ഭീതിവെടിഞ്ഞിതു ചെയ്തതു സമ്പ്രതി
ഭൂതമോ ഗന്ധര്‍വ്വനോ മറ്റാരാനുമോ?
ഏതുമറിഞ്ഞീല ഞാനോ പരമാര്‍ത്ഥം
സാദരമിക്കഥ ചൊല്ലുവാന്‍ വന്നു ഹാ!
ഭീമനാൽ മർദ്ദിക്കപ്പെട്ട കീചകനെക്കണ്ട് ദുഃഖം, ഭയം, അദ്ഭുതം എന്നിവകളാൽ പരവശനായ രംഗപാലകൻ വേഗം ഉപകീചകന്മാരോട് പറഞ്ഞു.
അയ്യോ! കഷ്ടം! ലോകപ്രസിദ്ധനായ വീരന്റെ കഷ്ടപ്പാടുകൾ ഒന്നുമറിയാതെ ഗർവ്വോടുകൂടി വസിക്കുന്ന നിങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യാസമില്ല. സുന്ദരിമാരോടൊന്നിച്ചു മത്തന്മാരായി ഇരിക്കുന്നതെന്ത്? ഈ രാത്രിയിൽ നൃത്തശാലയിൽ ഉണ്ടായ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? പരാക്രമിയായ കീചകന്റെ ശരീരം ഉരുളപോലെ ആയിരിക്കുന്നു. സുന്ദരിയായ മാലിനി നൃത്തമണ്ഡപത്തിലിരുന്ന് കരയുന്നു. പേടി കൂടാതെ ഇതു ചെയ്തത് ഭൂതമോ ഗന്ധർവ്വനോ മറ്റാരെങ്കിലുമാണോ? ഞാൻ ഒന്നുമറിഞ്ഞില്ല. പരമാർത്ഥം പറായാനാണ് ഇവിടെ വന്നത്.