ദശരഥനരേന്ദ്രനുടെ തനയരിവര്‍
ദശരഥനരേന്ദ്രനുടെ തനയരിവര്‍ ഭൂപതേ
വിശദഗുണ യാഗരക്ഷയ്‌ക്കു
കുശലമോടു ഞാനിങ്ങുകൊണ്ടുപോന്നിവരെയും
നിശിചരരെ കൊന്നിവരു രക്ഷിച്ചു യാഗവും
(നൃപതിമൗലേ ജനക നൃപതിമൗലേ)
സുമതിയാം ഭൂപതിയെക്കണ്ടു
വരഗൗതമാശ്രമേ ശിലയായി മേവിടു-
മഹല്യതന്‍ ശാപവും പോക്കിയല്ലോ
പുനരിവിടെ വന്നതും കാണ്മതിന്നു നിന്നെയും
മനസിജാരാതിയുടെ വില്ലും
മനുതിലകനാകിയൊരു രാമനു കാണ്മതിന്നു
മോഹമുണ്ടതിനെ നീ കാട്ടിടേണമല്ലോ.
ഭൂപതേ, ദശരഥനരേന്ദ്രന്റെ തനയരാണിവര്‍. സത്ഗുണശീലാ, ഇവരെ ഞാന്‍ യാഗരക്ഷയ്ക്കായി കൊണ്ടുവന്നതാണ്. ഇവര്‍ രാത്രീഞ്ചരരെ കൊന്ന് എന്റെ യാഗത്തെ രക്ഷിച്ചു. വരും വഴിയില്‍ വിശാലപുരത്തില്‍ സുമതിരാജാവിനെ കണ്ടു. ഗൌതമാശ്രമത്തില്‍ ശിലയായികിടന്നിരുന്ന അഹല്യയ്ക്ക് ശാപമോക്ഷവും നല്‍കി രാമന്‍. പിന്നെ നിന്നെയും ശൈവചാപത്തേയും കാണാനായി ഇവിടെ വന്നു. മനുതിലകനായ രാമന് ശിവന്റെ വില്ല് കാണുവാന്‍ മോഹമുണ്ട്. അതിനെ നീ കാട്ടിടേണം.