പോക ബാലക കിഷ്‌കിന്ധയില്‍ കപി

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സെമൗിത്രിയോടു രഘുവീരനമോഘവീര്യന്‍
സീതാവിയോഗപരിഖിന്നമനാ നികാമം
വര്‍ഷാഭ്രിയത്തിനളവില്‍ ഗിരിയില്‍ വസിച്ചു
നാഭ്യാഗതേ രവിസുതേ സഹജന്തമൂചേ

പോക ബാലക കിഷ്‌കിന്ധയില്‍ കപി
രാജധാനിയില്‍ നീ
 
ഇന്നവനില്‍ മദമുണ്ടെന്നുള്ളതും
നന്നുന്നെന്നു തന്നെ കരുതുന്നേന്‍
 
എത്രയെങ്കിലും ഐഹികമായല്ലൊ
മിത്രമെന്നതവനോടുരയ്‌ക്ക നീ
 
ബാലതകൊണ്ടു ഈവണ്ണം ചരിക്കിലോ
ബാലിമാര്‍ഗ്ഗമനുസരിക്കുമിവന്‍
 

 

അർത്ഥം: 

ശ്ലോകാർത്ഥം:-സീതയുടെവിയോഗത്തിൽ ഏറ്റവും ദുഃഖിതനായ രാമൻ ലക്ഷ്മണനോടുകൂടി പർവതത്തിൽ താമസിച്ചു. മഴക്കാലം കഴിഞ്ഞിട്ടും സുഗ്രീവൻ വരാത്തതുകണ്ട് അനുജനോട് ഇപ്രകാരം പറഞ്ഞു.

പദം:-ഉണ്ണീ നീ മർക്കടരാജധാനിയിലേക്ക് പോയാലും. സുഗ്രീവനു ഇപ്പോൾ അഹങ്കാ‍ാരമുണ്ടെന്ന് വന്നത് അത്ഭുതമായി തോന്നുന്നു. ഇഹലോകത്ത് ജീവിക്കുന്നസമയത്ത് സഹായിക്കുന്നവനാണു ബന്ധു എന്ന് നീ അവനെ ധരിപ്പിക്കുക. മാത്രമല്ല വിവരക്കേടുകൊണ്ട് ഇങ്ങനെ ചെയ്താൽ (അമാന്തം വരുത്തിയാൽ) ബാലിയുടെ വഴിയ്ക്ക് അവനും പോകും.
 
അരങ്ങുസവിശേഷതകൾ: 
ശ്രീരാമൻ ഗൗരവത്തോടേ വലതുവശത്തായി ഇരിക്കുന്നു. ലക്ഷ്മണൻ ഇടതുവശത്തുകൂടി വലം കാൽ പരത്തിച്ചവിട്ട് താണുനിന്ന് അമ്പിളക്കിത്താഴ്ത്തിക്കൊണ്ട് ഇടംകാൽ ഇടത്തോട്ടും വലം ഇടം കാലുകൾ മുന്നിലെക്കും തൂക്കിവെച്ച് ശ്രീരാമനെ കണ്ട് വണങ്ങി കെട്ടിച്ചാടി കുമ്പിട്ട് തൊഴുതുമാറി വില്ല് മുന്നിൽ കുത്തിപ്പിടിച്ച് ഇടതുവശത്ത് നിലയുറപ്പിക്കുന്നു.