കപിരാജസുത വീര
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഭല്ലൂകാധീശനേവം പറവതു തരസാ കേട്ടു സമ്പാതിയപ്പോള്‍
ചൊല്ലേറും സോദരനായ് തിലമൊടു ജലവും നല്‍കിനാനാത്തശോകം
കല്യാണം കോലുമേറ്റം വളര്‍നിജ ചിറകും മുന്‍പിലെപ്പോലെയുണ്ടാ
യുള്ളില്‍ സന്തോഷമോടും ചിറകൊലിയെഴവേ പൊങ്ങിനാന്‍ ഗൃദ്‌ധ്രരാജന്‍
ഉപരിചുഴലവുന്താന്‍ നോക്കി ദൃഷ്‌ട്വാഥ സീതാം
സപദി ധരണതന്നില്‍ വന്നിരുന്നമ്പിനോടെ
കപികളുടയചിത്തേ തോഷമേറീടുവാനായ്
കപിവരയുവഭൂപം ചൊല്ലിനാന്‍ ഗൃദ്‌ധ്രരാജന്‍
കപിരാജസുത വീര യുവരാജ കേള്‍ക്ക
അഹമിഹ രാമനുപകാരം പരമൊന്നു ചെയ്‌വന്‍
താരേശമുഖിയാകും ശ്രീരാമജായ ബത
ദൂരത്തഹോ ചാരു ലങ്കാപുരിയില്‍
വാഴുന്നതു കണ്ടു ഞാനിവിടെനിന്നവിടം
ചെറ്റും കോഴയെന്നിയേ യോജന നൂറുണ്ടല്ലോ
ഊഴിയില്‍ ശിംശപാമൂലേ വാഴുന്നു ബത
ചുഴലവും നിശിചരനാരികളുണ്ടു
അഴല്‍പൂണ്ടു മേവുന്നു ചെന്നു കാണ്‍ക നിങ്ങള്‍
ചെറ്റും വിഷമമില്ലങ്ങു വേഗമുള്ളവനു ചെല്‍വാന്‍
അരങ്ങുസവിശേഷതകൾ:
ശ്ലോകം ചൊല്ലുന്ന സമയം സമ്പാതി അനുജനു ഉദകക്രിയകൾ ചെയ്യുന്നു. അപ്പോൾ പുതിയ ചിറകുകൾ മുളയ്ക്കുന്നു. അത് കണ്ട് അത്ഭുതവും സന്തോഷവും നടിയ്ക്കുന്നു. രണ്ടാം ശ്ലോകത്തിനു കുറച്ച് വട്ടം വെച്ച് പീഠത്തിൽ കയറി നിന്ന് പദം ചുറ്റും നോക്കി ആടുന്നു. മുദ്ര വേണ്ടതില്ല. കാൽ വെപ്പ് മാത്രം (ചിറകുവന്നപ്പോൾ ഉയർന്ന് പറന്നു നോക്കുകയാണെന്ന് സങ്കൽപ്പം. അപ്പോൾ സീത ലങ്കാപുരിയിൽ അശോകവനികയിൽ ശിശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്നത് കാണുകയും ചെയ്യുന്നു)
ഇപ്പോൾ അരങ്ങത്ത് ഇതൊന്നും പതിവില്ല.