പങ്‌ക്തികണ്‌ഠ മമ കാന്ത

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പങ്‌ക്തികണ്‌ഠ മമ കാന്ത എന്തിവിടെയിപ്പോള്‍
സന്താപം തേടുന്നു ഭവാന്‍ ഹന്ത! ചേരുമോ
കാന്തമാരാം ഞങ്ങളോടും സന്തതം രമിക്കാം
എന്തിവളധികം സുന്ദരിയോതാന്‍

തിരശ്ശീല

അർത്ഥം: 

ദശകണ്ഠാ താങ്കൾ ഇവിടെ ഇപ്പോൾ എന്താണ് ചെയ്യുന്നത്? ദുഃഖം അന്വേഷിക്കരുത്. അത് നന്നല്ല. ഞങ്ങളെ പോലുള്ള ഭാര്യമാരോടു ചേർന്ന് രമിയ്ക്കുക. ഞങ്ങളേക്കാൾ സുന്ദരി എന്ന് പറയുവാൻ ഇവളിൽ എന്താണ് ഉള്ളത്?

അരങ്ങുസവിശേഷതകൾ: 
മണ്ഡോദരിയുടെ ഈ അവസാനപ്പദം ഇപ്പോൾ നടപ്പുണ്ടെന്ന് തോന്നുന്നില്ല. രാവണന്റെ മുൻ പദത്തോടെ നാടകീയമായ രംഗങ്ങൾക്ക് അരങ്ങ് സാക്ഷിയാവുകയാണ്. ഇതോടുകൂടെ രംഗം അവസാനിക്കുന്നു എന്നാണ് ആട്ടക്കഥയിൽ എങ്കിലും അരങ്ങത്ത് രവണൻ പോകുന്നതോടേ ഹനൂമാൻ ശിംശപാവൃക്ഷശിഖരത്തിൽ നിന്ന് ഇറങ്ങി സീതയെ കാണുന്നതായി നടിക്കുന്നതിനുള്ള ശ്ലോകം, “ത്രിജടയാം രാക്ഷസസ്ത്രീ..“ എന്ന് തുടങ്ങുന്നത് ചൊല്ലുന്നതായാണ് “ചൊല്ലിയാട്ടം“ എന്ന പുസ്തകത്തിൽ കലാ.പദ്മനാഭൻ നായർ പറയുന്നത്. രാമകഥയൊന്നും പാടാതെ, ഹനൂമാൻ നേരെ “സീതേ നിൻ പാദാംബുജം…“ എന്ന് തുടങ്ങുന്ന പദമാണ് തുടങ്ങുന്നത്. അതായത് രംഗം 12ലേക്ക് അരങ്ങ് സംക്രമിക്കുന്നു.
 
 
 
അനുബന്ധ വിവരം: 

ഈ വെബ്സൈറ്റിൽ ആട്ടക്കഥ സാഹിത്യം മുഴുവനായി വേണം എന്ന നിർബന്ധത്താൽ കലാ.പദ്മനാഭൻ നായർ പറഞ്ഞപോലെ രംഗം സംക്രമിക്കുന്നില്ല. ബാക്കി സാഹിത്യം കൂടെ ഈ സൈറ്റിൽ ലഭ്യമാണ്.