ശത്രുസൂദന! എൻ കാന്ത! ചിത്തജാകാര!
ശത്രുസൂദന! എൻ കാന്ത! ചിത്തജാകാര! കോമള!
മത്തകേസരിസുവീര്യ! ചിത്രം! നീ ഹതനായിതോ?
വീരനാം ഖരനെ മുന്നം ശ്രീരാമൻ കൊന്ന നാൾ തന്നെ
കരുതിനേൻ രാമചന്ദ്രൻ നരനല്ലായെന്നു ചിത്തേ
ബലികളിൽ വരൻ രാമൻ ബാലിയേയും കൊന്ന നാളിൽ
ചിന്തയിൽ കരുതിനേൻ ഞാൻ ഹന്ത! രാമം നാരായണം.
ബന്ധിച്ചു സേതു ജലധൗ ഹന്തുമേവ വന്നു നിന്നെ
ചിന്തയിൽ കരുതുന്നേൻ ഞാൻ ഹന്ത! രാമം നാരായണം.
അന്നു ഞാൻ ചൊന്നതു ചിത്തേ നന്നിയെന്നു കൊണ്ടില്ലല്ലോ
എന്നതിനാലിന്നു നിന്നെ ധന്യശീലേ! പിരിഞ്ഞു ഞാൻ.
ഉൾപ്പൂവു തെളിഞ്ഞു നിന്നെ ശില്പമായി രമിച്ച ഞാൻ
അല്പഭാഗ്യയായിദാനീം മൽപ്രിയ! എൻ ജീവനാഥ!