പാര്‍ഷതി മമ സഖി മാകുരു ദേവിതം
രാഗം:
താളം:
കഥാപാത്രങ്ങൾ:
പാര്‍ഷതി മമ സഖി മാകുരു ദേവിതം
മാനിനിമാര്‍കുലമൌലിമണേ ശൃണു
ദുര്‍ന്നയന്‍ ദുശ്ശാസനന്‍ ചെയ്തൊരു സാഹസം
ദൈവകൃതമെന്നു കരുതുക സാമ്പ്രതം
ധൂര്‍ത്തരതാകിയ ധാര്‍ത്തരാഷ്ട്രന്മാരെ
ചീര്‍ത്തരണമതില്‍ ചേര്‍ക്കുവനുപയമം
സര്‍വ്വചരാചരസാക്ഷിയതായീടും
ഈശ്വരനേകന്‍ നിത്യനെന്നറിക നീ
[നിങ്ങടെ മോഹവും ഈദൃശമെങ്കിലോ
അങ്ങവന്‍ ഭാവവും അറിഞ്ഞു ഞാന്‍ വന്നീടുവന്‍]
കൈവരും കാമിതവും കാമിനീരത്നമേ
കാലവിളംബനം പാര്‍ത്തു വസിക്കുക
അർത്ഥം:
ദ്രൗപദീ, എന്റെ സഖീ, കരയരുത്. സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ഠയായുള്ളവളേ, കേട്ടാലും. ദുര്‍ന്നയനായ ദുശ്ശാസനന്‍ ചെയ്തൊരു സാഹസം ദൈവവിധിയാണന്നു കരുതി സമാധാനിക്കുക. ധൂര്‍ത്തരായ ധാര്‍ത്തരാഷ്ട്രന്മാരെ ഉപായത്തില്‍ ഘോരമായ രണത്തില്‍ ചേര്‍ക്കുന്നുണ്ട്. സര്‍വ്വചരാചരസാക്ഷിയായീടുന്ന ഈശ്വരന്‍ നിത്യനെന്ന് നീ അറിഞ്ഞാലും. നിങ്ങളുടെ മോഹം ഈ വിധമെങ്കില്‍ ഞാന്‍ അവന്റെ ഭാവവും അറിഞ്ഞ് വന്നീടാം. ആഗ്രഹം സാധിക്കും. സ്ത്രീരത്നമേ, അതിനുള്ള കാലതമസം പാര്‍ത്ത് വസിക്കുക.
അരങ്ങുസവിശേഷതകൾ:
നിങ്ങടെ മോഹവും ഈദൃശമെങ്കിലോ
അങ്ങവന്‍ ഭാവവും അറിഞ്ഞു ഞാന്‍ വന്നീടുവന്‍
--ഈ വരികൾ അരങ്ങത്ത് പതിവില്ലാ.
കൈവരും കാമിതവും കാമിനീരത്നമേ
കാലവിളംബനം പാര്‍ത്തു വസിക്കുക
--ഈ വരികൾ തോടിയിലും പതിവുണ്ട്.
ശേഷം ആട്ടം:-
പദാഭിനയം കഴിഞ്ഞ് വീണ്ടും പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ പാഞ്ചാലി വണങ്ങുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ച ശേഷം)‘മനുഷ്യനായി പിറന്നാല്‍ ഓരോരോ സമയത്ത് സുഖദു:ഖങ്ങള്‍ മാറിമാറി അനുഭവിക്കേണ്ടതായി വരും. അതിനാല്‍ നീ ഇനി കരയരുത്. നിന്റെ സത്യങ്ങളെല്ലാം ഭര്‍ത്താക്കന്മാര്‍ സാധിച്ചുതരും. അതുകൊണ്ട് നീ സമാധാനമായി ഇരുന്നാലും.’
പാഞ്ചാലി:‘എല്ലാം അവിടുത്തെ അനുഗ്രഹം പോലെ’
പാഞ്ചാലി വീണ്ടും ശ്രീകൃഷ്ണനെ വണങ്ങി അനുഗ്രഹം വാങ്ങി നിഷ്ക്രമിക്കുന്നു. ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ അയയ്ച്ച് തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
ശ്രീകൃഷ്ണന്‍:‘ഇനി വേഗം പാണ്ഡവദൂതനായി കൌരവസഭയിലേയ്ക്ക് പുറപ്പെടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ഇടതുഭാഗത്തായി കണ്ട്,അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സാത്യകി, വേഗം എന്റെ രഥം തയ്യാറാക്കി കൊണ്ടുവന്നാലും’ (സാത്യകിയെ അനുഗ്രഹിച്ചയച്ച് വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് വലതുവശത്തായി കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ യാദവശ്രേഷ്ഠരേ, ഞാന്‍ പാണ്ഡവദൂതനായി കൌരവസഭയിലേയ്ക്ക് പോവുകയാണ്. നിങ്ങള്‍ അനുഗമിക്കുകയല്ലേ?’ (സമ്മതം കേട്ടിട്ട്) ‘എന്നാല്‍ പുറപ്പെട്ടാലും’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ചു നിന്ന് ഇടതുഭാഗത്തായി കണ്ട്, അനുഗ്രഹിച്ചശേഷം) ‘കൊണ്ടുവന്നുവോ?’ (രഥം കണ്ട്, പിടിച്ചിളക്കി ബോദ്ധ്യപ്പെട്ടിട്ട്) ‘ഇനി വേഗം തേര് കൌരവരാജധാനിയിലേയ്ക്ക് വഴിപോലെ തെളിച്ചാലും’
അനന്തരം ശ്രീകൃഷ്ണന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശംഖ് ധരിച്ചുകൊണ്ട് തേരിലേയ്ക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു.
അനുബന്ധ വിവരം:
ഈ പദവും പ്രക്ഷിപ്തമാണ്. ഈ വരികൾ കടത്തനാട്ട് ഗോപാലകൃഷ്ണ ഭാഗവതർ രചിച്ചതാണെന്ന് ശ്രീ വെള്ളിനേഴി അച്ചുതൻ കുട്ടി തന്റെ ‘കഥകളിപ്പദം‘ എന്ന പുസ്തകത്തിൽ പറയുന്നു. കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതരാണ് ഇത് പ്രചാരത്തിലാക്കിയത്. പണ്ട് ദക്ഷിണകേരളത്തില്‍ ‘ഉത്തമരാജേന്ദ്രപുത്രീ’ എന്ന ഭൈരവിരാഗത്തിലുള്ള പദമാണ് ഇതിനുപകരമായി പാടിവന്നിരുന്നത്. പ്രക്ഷിപ്തം തന്നെയായ ഈ പദത്തിന്റേയും കര്‍ത്താവ് അജ്ഞാതമാണ്.
ഈ സ്ഥാനത്ത് ആട്ടകഥാകാരനാല്‍ വിരചിതമായിട്ടുള്ളത്:
രാഗം: ഇന്ദളം
ഏവം നിങ്ങടെ മോഹമെങ്കിലതു ഞാൻ ചെയ്തീടുവൻ സാദരം
ഭാവം നേരെയുരച്ചീടാമുടനറിഞ്ഞീടാമവൻ ഭാവവും
ദൈവം നിത്യമശേഷ സാക്ഷിയതു നീ പാഞ്ചാലീ ബോധിക്കണം
കൈവന്നീടുമഭീഷ്ടവും തവ ദൃഢം കിഞ്ചിൻ ക്ഷമിച്ചീടുക
എന്ന പദമാണ്.