ബന്ധുകാ ബന്ധുകാധരീ സന്താപിക്കായ്ക

താളം: 
കഥാപാത്രങ്ങൾ: 
ദ്വിജോഥ സന്ദേശഹരോ യദൂനാം
പത്യൈ നിവേദ്യാഖിലമേത്യ ഭൂയഃ
വാക്യാമൃതൈഃ കൃഷ്ണ മുഖാദുദീർണൈ:
സംപ്രീണ യാമാസ സ രുഗ്മിണീം താം
 
 
ബന്ധുകാ ബന്ധുകാധരീ സന്താപിക്കായ്ക
ചിന്തിത ചിന്താമണേ നിൻ കാന്തനിങ്ങു വന്നു ബാലേ
സർവ്വ ഭൂപന്മാരുടെ സംസദി സപദി നിന്നെ
പാര്‍വ്വണേന്ദുമുഖീ ചാരുമുഖീ പങ്കജാക്ഷന്‍ കൊണ്ടുപോകും
അന്തണേന്ദ്രൻ ചൊന്നാൽ അതിനു അന്തരം വരുമോ ബാലേ
എന്തിനി നിൻ കാമമെന്നാൽ ഹന്ത ഞാനാശു ചെയ്തീടും

 

അർത്ഥം: 
ശ്ലോകം:-
പിന്നീട് സന്ദേശവുമായി പോയ ബ്രാഹ്മണൻ യാദവ പതിയോട് എല്ലാം ഉണർത്തിച്ച് തിരിച്ചുവന്ന് കൃഷ്ണന്റെ തിരുവായ്മൊഴികളെ കൊണ്ട് രുഗ്മിണിയെ സന്തോഷിപ്പിച്ചു.
 
പദം:-
ചെംബരത്തിപ്പൂപോലെ മനോഹരമായ അധരത്തോടുകൂടിയവളേ, പെൺകിടാവേ, ആഗ്രഹിച്ചതിനെ കൊടുക്കുന്ന ചിന്താമണിയെന്ന ദിവ്യരത്നമേ, ദു:ഖിക്കേണ്ടാ, നിന്റെ പ്രിയതമൻ, ഇവിടെ എത്തിക്കഴിഞ്ഞു. പൂർണ്ണചന്ദ്രമുഖീ, സകല രാജാക്കന്മാരും നിറഞ്ഞ സദസ്സിൽ വെച്ച് ഉടൻ തന്നെ താമരക്കണ്ണൻ  നിന്നെ കൊണ്ടുപോകും. കുട്ടീ, ഈ ബ്രാഹ്മണൻ പറഞ്ഞാൽ അതിനു മാറ്റം വരുമോ? ഇനിയും നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഞാനുടനെ ചെയ്യും.