മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി
മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി
മ്മുഹുര്‍മ്മുഹുരു ദഞ്ചിതസ്തദനു ശുശ്രുവേ പാണ്ഡവൈ:
പ്രവൃദ്ധപുളകാംഗകാ: പ്രചുരഭക്തിമന്തസ്ത്വമീ
പ്രയാതുമഭിമാധവം പ്രസഭമുത്സുകാശ്ചഭവന്‍
മുകുന്ദന്റെ മുഖപങ്കജത്തില്‍നിന്നും വീണ്ടും വീണ്ടും പുറപ്പെടുന്ന ശംഖദ്ധ്വനി കേട്ട് പരമഭക്തരായ പാണ്ഡവര്‍ പുളകമണിഞ്ഞുകൊണ്ട് മാധവനെ എതിരേല്‍ക്കാന്‍ ഉത്സുകരായി.
ശ്ലോകത്തില്‍ ‘ശംഖദ്ധ്വനി’ എന്നതിനൊപ്പം ശംഖ്- വലന്തല നാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുകെട്ട് ധര്‍മ്മപുത്രന്‍ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി ശ്രദ്ധിക്കുന്നു. അത് ഭഗവാന്റെ പാഞ്ചജന്യമാണെന്ന് മനസ്സിലാക്കി സന്തോഷസംഭ്രമങ്ങളോടെ‘എവിടെ?,എവിടെ?’ എന്നു നോക്കുന്നു. ‘പുളകാംഗക’ എന്നിടത്ത് പുളകംനടിച്ചിട്ട് കൂടുതല്‍ ഭക്തിയോടെ കണ്ണുകളടച്ച് നില്‍ക്കുന്നു.
ശ്ലോകത്തിന്റെ അന്ത്യത്തോടെ രംഗമദ്ധ്യത്തില്‍ അല്പംപിന്നിലായി പീഠത്തില്‍ പാഞ്ചജന്യധാരിയായി നിന്നുകൊണ്ട്, കോപഭാവത്തില്‍(തിരശ്ശീലതാഴത്തി) ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ധര്‍മ്മപുത്രന്‍ അത്ഭുതത്തോടെ‘തേജസ്സ്’ കണ്ട് തിരിഞ്ഞ് ശ്രീകൃഷ്ണനെ ദര്‍ശ്ശിക്കുന്നു. ഉടനെ ഓടിച്ചെന്ന് കുമ്പിട്ട്, ‘വരാം,ഇതാ ഇവിടെ ഇരിക്കാം’ എന്നു കാട്ടി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ എതിരേല്‍ക്കുന്നു. ധര്‍മ്മപുത്രനെ കണ്ട് കോപമടങ്ങിയ ശ്രീകൃഷ്ണന്‍ ചിരിച്ച് അനുഗ്രഹിച്ച് വന്ന് പീഠത്തില്‍ ഇരിക്കുന്നു.