പുണ്ഡരീകനയന

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അഥ യുഥിഷ്ടിരമുഖ്യനൃപാത്മജൈ-
ശ്ചിരനിരീക്ഷണസാശ്രുമുഖേന്ദുഭീ:
ദ്രുതമുപേത്യ തദാ വസുദേവഭൂ-
ര്‍ന്നിജഗദേ ജഗദേകനിവാസഭൂ:

പല്ലവി:
പുണ്ഡരീകനയന ജയ ജയ
പൂര്‍ണ്ണചന്ദ്രവദന ഹരേ കൃഷ്ണ

ഗണ്ഡമണ്ഡല മണ്ഡിതകുണ്ഡല!
ചണ്ഡവൈരിഖണ്ഡന ഹരേ കൃഷ്ണ

പുണ്യപുരുഷ വിഭോ ജയ ജഗദണ്ഡകാരണവിധോ!

പാണ്ഡുപുത്രരാം ഞങ്ങളെ നീ മുകിൽ-
വർണ്ണ കൈവെടിഞ്ഞിതോ ഹരേ കൃഷ്ണ
 
ഖാണ്ഡവം ദഹിക്കുമ്പോൾ വിജയനാ-
ഖണ്ഡലനെ വെന്നതും ഗാണ്ഡീവത്തെ ലഭിച്ചതും
നിന്നുടെ ശൗണ്ഡതൈവ നിയതം ഹരേ കൃഷ്ണ
 
ശക്രവൈരിയായീടുന്നരക്കനെ അക്രമങ്ങൾ ചെയ്കയാൽ
ചക്രംകൊണ്ടു ഹനിച്ചതുമോർക്കിൽ നിൻ
വിക്രമങ്ങളെളുതോ ഹരേ കൃഷ്ണ
 
ഉഗ്രസേനസുതനെ ഭവാൻ യുധി നിഗ്രഹിച്ചു ഭുവനേ
വ്യഗ്രമാശുകളഞ്ഞു നികാമമനു-
ഗ്രഹിച്ചതില്ലയോ ഹരേ കൃഷ്ണ]

ചരണം 1:
നാഗകേതനന്‍ തന്റെ നികൃതിയാല്‍ നാടു
ഉപേക്ഷിച്ചിവിടെ നാഥാ വാഴുന്ന
ഞങ്ങളെകണ്ടോരു നാണമില്ലയോ
തവ  ഹരേ കൃഷ്ണ

 

അർത്ഥം: 

അഥ യുദ്ധിഷ്ഠിര:
വളരെനാള്‍ കൂടിയിട്ട് കണ്ടതിനാല്‍ സന്തോഷാശ്രു ഒഴുക്കിക്കൊണ്ടിരിക്കുന്ന യുധിഷ്ടിരാദികള്‍ അപ്പോള്‍ ഉടനെ അടുത്തുവന്ന, സകലലോകങ്ങള്‍ക്കും ഏകാവലബമായിരിക്കുന്ന ആ വാസുദേവനോട് ഇങ്ങിനെ പറഞ്ഞു.

പുണ്ഡരീകനയന:
തമരകണ്ണാ,പൂര്‍ണ്ണചന്ദ്രവദനാ,ജയിച്ചാലും,ജയിച്ചാലും,ഹരേ ക്യഷ്ണാ. സുയോധനന്റെ ചതിയാല്‍ നാട് ഉപേക്ഷിച്ച് ഇവിടെ കഴിഞ്ഞുകൂടുന്ന ഞങ്ങളെ കണ്ട്, അല്ലയോ നാഥാ, അങ്ങേക്ക് അല്പംപോലും നാണം തോന്നുന്നില്ലെ?

 

അരങ്ങുസവിശേഷതകൾ: 

ബ്രാക്കറ്റിലുള്ള വരികൾ ഇപ്പോൾ അരങ്ങത്ത് പതിവില്ല.

‘അഥ യുഥിഷ്ടിര’ എന്ന ശ്ലോകം ആരംഭിക്കുന്നതോടേ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ശ്രികൃഷ്ണനെ അടിമുടി നിരീക്ഷിക്കുന്നു. ‘സാശ്രുമുഖേന്ദുഭീ’ എന്നയിടത്ത് സന്തോഷാശ്രു പൊഴിച്ച് ധര്‍മ്മപുത്രന്‍ ഭക്തിപുരസരം തൊഴുന്നു.

ധര്‍മ്മപുത്രന്‍ ശ്രികൃഷ്ണനെ കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

‘നാണമില്ലയോ’ എന്ന ധര്‍മ്മപുത്രന്റെ പരിഭവം ശ്രവിക്കുന്നതോടെ ശ്രീകൃഷ്ണന്‍ വീണ്ടും ക്ഷുഭിതനായി ചാടി എഴുന്നേറ്റ് കോപാവേശം നടിക്കുന്നു.