കർണ്ണ പാർത്ഥസദൃശനാരിഹ

താളം: 
കഥാപാത്രങ്ങൾ: 
കർണ്ണ! പാർത്ഥസദൃശനാരിഹ
കാർമ്മുകപാണികളിൽ
നിർണ്ണയമിതു വാക്കിൽ മാത്രമല്ലോ
നിന്റെ വീര്യമെല്ലാം മഹാജള!
 
അന്യരാലശക്യഭേദയന്ത്ര-
മാശു മുറിച്ചില്ലേ? നൃപ-
കന്യകാം നിങ്ങൾ കണ്ടിരിക്കവേ
കയ്ക്കലാക്കിയില്ലേ?
 
ജന്യശൂരനുത്തരകുരുരാജ്യം
ജവമൊടു വെന്നില്ലേ, ശത-
മന്യുതന്നെ സമരഭൂവി മടക്കിയ
വീരനല്ലേ കിരീടി?
 
അഷ്ടമൂർത്തി പാർത്ഥിവിക്രമങ്ങളെ
അഴകൊടു കണ്ടല്ലേ? പരി-
ഹൃഷ്ടനായ് കൊടുത്തു പാശുപതമതു
ഹൃദി തവ നിനവില്ലേ?
 
വിഷ്ടപേഷു ഘോഷയാത്രയുടെ കഥ
കഷ്ടമിന്നിതൊക്കെയും മറന്നു വി-
കഥനങ്ങളെല്ലാം വ്യഥൈവ
 
വിജയനുടെ കീർത്തി പാരിലാകവേ
വിലസിടുന്നു, സതതം യുധി
ഭുജബലേന നമ്മെ വെന്നു വിരവൊടു
പോകുമവൻ നിയതം
 
അജഗജങ്ങൾപോലെ നീയുമവനും
ഹന്ത! സർവ്വവിദിതം സ-
ന്ത്യജ നിജപ്രശംസകളറിവൻ
ത്യക്തലജ്ജഃ ചരിതം ത്വദീയം
അർത്ഥം: 
അല്ലയോ കർണ്ണാ, കയ്യിൽ വില്ലെടുത്തവരിൽ ഈ ലോകത്തിൽ അർജ്ജുനനു തുല്യൻ ആരുണ്ടോ? മാഹാ മൂഢ, നിന്റെ പരാക്രമമൊക്കെ വാക്കിൽ മാത്രമാണ്. ഇത് നിശ്ചയം. അർജ്ജുനൻ മറ്റാർക്കും മുറിയ്ക്കാൻ കഴിയാത്ത യന്ത്രം വേഗത്തിൽ മുറിച്ചില്ലേ? നിങ്ങൾ നോക്കിയിരിക്കുമ്പോൾ രാജകന്യകയെ (പാഞ്ചാലിയെ) വിവാഹം ചെയ്തില്ലേ? യുദ്ധവീരനായ ആ അർജ്ജുനൻ ഉത്തരകുരുരാജ്യത്തെ വേഗത്തിൽ ജയിച്ചില്ലേ? യുദ്ധഭൂമിയിൽ വെച്ചു ദേവേന്ദ്രനെ കൂടെ പിൻമടക്കിയ (ഖാണ്ഡവദഹനത്തിൽ) മഹാവീരനല്ലേ? (അർജ്ജുനൻ) ശ്രീപരമേശ്വരൻ അർജ്ജുനന്റെ പരാക്രമങ്ങളെ നല്ലപോലെ കണ്ടിട്ടല്ലേ സന്തോഷിച്ച് പാശുപതാസ്ത്രം കൊടുത്തത്? അത് മനസ്സിൽ നിനക്ക് ഓർമ്മയില്ലേ? ഘോഷയാത്രയിലുണ്ടായ കഥകൾ ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമല്ലേ? ഹാ കഷ്ടം ഇന്ന് ഇതൊക്കെയും മറന്നിട്ട് ആത്മപ്രശംസകൾ നീ പറഞ്ഞതെല്ലാം വെറുതെ തന്നെ. അർജ്ജുനന്റെ കീർത്തെ ലോകത്തിൽ മുഴുവൻ എപ്പോഴും ശോഭിയ്ക്കുന്നു. യുദ്ധത്തിൽ ആ അർജ്ജുനൻ ബാഹുപരാക്രമം കൊണ്ട് വേഗത്തിൽ നമ്മളെ ജയിച്ചു പോകും തീർച്ചയാണ്. നീയും അവനും തമ്മിൽ ആടും ആനയും തമ്മിലെന്നപോലെ വ്യത്യാസമുണ്ട്. കഷ്ടം, എല്ലാവർക്കും അറിവുള്ളതാണിത്. ആത്മപ്രശംസകൾ നീ ഉപേക്ഷിക്കുക. നാണമില്ലാത്തവനേ നിന്റെ കഥ മുഴുവൻ എനിക്ക് അറിയാം.