കലാമണ്ഡലം ശങ്കരവാര്യർ
കണ്ണൂർ ജില്ലയിൽ തില്ലങ്കേരി എന്ന ഗ്രാമത്തിൽ തില്ലങ്കേരി ശിവക്ഷേത്ര സമീപത്തുള്ള മരുതിനകത്ത് വാര്യത്ത് കായണ്ണ കൃഷ്ണവാര്യരുടേയും മരുതിനകത്ത് മാധവി വാരസ്യാരുടേയും മകനായി 1952 ജൂൺ മാസം 1ആം തീയ്യതി (1127 ഇടവമാസം പൂരം നക്ഷത്രം) ജനിച്ചു. എട്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം. 1969-70 കലാമണ്ഡലത്തിൽ മദ്ദളം പഠിക്കുവാൻ ചേർന്നു. 1973ൽ കലാമണ്ഡലത്തിലെ മദ്ദളാഭ്യസനം പൂർത്തിയാക്കി. ഗുരുനാഥന്മാർ: കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) പലപ്രാവിശ്യമായി കലാമണ്ഡലത്തിൽ തന്നെ താൽക്കാലികാദ്ധ്യാപകനായും പിന്നെ സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. 1981 ആഗസ്റ്റ് 31ന് കലാമണ്ഡലത്തിൽ നിന്ന് രാജി വെച്ചു. 1981 സെപ്റ്റംബർ ഒന്നാം തീയ്യതി മുതൽ ഫാക്റ്റ് ഫൈൻ ആർട്ട്സ് വിംഗിലെ കഥകളി സ്കൂളിൽ മദ്ദളാദ്ധ്യാപകനായി ജോലിക്ക് ചേർന്നു. കൊല്ലം കഥകളി ക്ലബ്ബിൽ നിന്നു ആലപ്പുഴ കഥകളി ക്ലബ്ബിൽ നിന്നും ചേർത്തലയിൽ നിന്നും അവാർഡുകൾ കിട്ടിയിട്ടുണ്ട്. ഭാര്യ:വത്സല. മക്കൾ:അരുൺ ദേവ് വാര്യർ, കിരൺ ദേവ് വാര്യർ. രണ്ടുപേരും അച്ഛന്റെ കീഴിൽ മദ്ദളം അഭ്യസിച്ചിട്ടുണ്ട്. അരുൺ ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച് “മദ്ദളമെന്ന മംഗളവാദ്യം“ എന്ന കൃതിയുടെ കർത്താവാണ്.