വിക്രമജിത മഹേന്ദ്ര

താളം: 
കഥാപാത്രങ്ങൾ: 
വിക്രമജിത മഹേന്ദ്ര! വിശ്രുത സൽഗുണ സാന്ദ്ര!
നിഷ്കളങ്ക മുഖചന്ദ്ര! കേൾക്ക വാചം രാമചന്ദ്ര!
 
ഹന്ത! സർവ്വസാക്ഷി ഭവാൻ എന്തറിയാതുള്ളൂ ലോകേ?
എന്തിനീ ചോദ്യമെന്നാലും ചന്തമോടുള്ളതും ചൊല്ലാം
 
മേദുര ഗുണരാം തവ സോദരർക്കുമമ്മമാർക്കും
മോദമത്രേ തദ്വിയോഗഖേദമല്ലാതില്ലൊന്നുമേ
 
പ്രാജ്യകീർത്തേ! ഭരതന്റെ പൂജ്യമാം ഭരണം മൂലം
രാജ്യനിവാസികൾ എല്ലാം യോജ്യതയോടു വാഴുന്നു
 
താപമറ്റു വസിഷ്ഠാദി താപസരും വസിക്കുന്നു
ആപദാർത്തികളിന്നോർത്താലാർക്കുമില്ലിവിടെ നൂനം
 
ശിഷ്ടനാം ഭവാനുദിച്ച കഷ്ടസംഭവങ്ങളേയും
ദുഷ്ടവധാദിയും ദിവ്യദൃഷ്ടികൊണ്ടറിഞ്ഞേനെല്ലാം
 
ആശരേന്ദ്രദുഷ്ടവംശനാശനം ഭവാൻ ചെയ്കയാൽ
ആശയം തെളിഞ്ഞേവരുമാശിഷമരുളുന്നു തേ