പത്തിയൂര്‍ ശങ്കരന്‍കുട്ടി
പ്രശസ്ത കഥകളി ഗായകനായ ശ്രീ പത്തിയൂര്‍ കൃഷ്ണപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1964 ല്‍ ആലപ്പുഴ ജില്ലയില്‍ കായംകുളം, കീരിക്കാട് ജനനം. അച്ഛന്റെ ശിക്ഷണത്തില്‍ 1982 ല്‍ സംഗീതപഠനം ആരംഭിച്ചു. 1986 മുതല്‍ 1987 വരെ കലാമണ്ഡലത്തിലെ ഹ്രസ്വകാല സംഗീതപഠനക്ലാസ്സില്‍ പങ്കെടുത്ത് മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. അതിനു ശേഷം 20 കൊല്ലത്തോളം കലാമണ്ഡലം ഹൈദരാലിയോടൊപ്പം ശിഷ്യനായും സഹഗായകനായും (ശിങ്കിടി) സംഗീതം പഠിക്കുകയും അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് കേരളത്തില്‍ ഏറ്റവും പ്രശസ്തനായ, തിരക്കുള്ള കഥകളി ഗായകരില്‍ ഒരാളാണ് പത്തിയൂര്‍ ശങ്കരന്‍ കുട്ടി. ഭാര്യ മഞ്ജു, മക്കള്‍ ശ്യാംകൃഷ്ണ, യദു കൃഷ്ണ എന്നിവരോടൊപ്പം കീരിക്കാട് സ്ഥിരതാമസം.