മടവൂർ വാസുദേവൻ നായർ

കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും, അനുഗൃഹീതനടനുമാണ് മടവൂർ വാസുദേവൻ നായർ. തെക്കൻ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകൾ കാത്തുസൂക്ഷിയ്ക്കുകയും, അനന്തരതലമുറയിലേക്കു കൈമാറുകയും ചെയ്ത ആധുനികലത്തിലെ പ്രതിഭാശാലിയാണ് മടവൂർ. താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും മടവുർ നാട്യപ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം,  അരങ്ങിലെ സൈന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ  മികച്ചതാക്കുന്നു.

ജീവചരിത്രം

കരോട്ട് വീട്ടിൽ രാമചന്ദ്രക്കുറുപ്പിനും ശ്രീമതി കല്യാണിയമ്മയ്ക്കും ആറുപുത്രന്മാരും ഒരു പുത്രിയും ജനിച്ചതിൽ മൂന്നാമത്തെ പുത്രനായാണ് മടവൂർ വാസുദേവൻ നായരുടെ ജനനം. മൂത്ത ജ്യേഷ്ഠൻ സംസ്കൃതഭാഷയിലും കർണ്ണാടകസംഗീതത്തിലും നിപുണനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് മടവൂരിന് ശാസ്ത്രീയകലകളിലുള്ള താല്പര്യം ജനിയ്ക്കുന്നത്. ആ താല്പര്യത്തിന്റെ സാക്ഷാത്കാരമായിരുന്നു കൊല്ലവർഷം 1117 മിഥുനത്തിൽ മടവൂർ പരമേശ്വരൻ പിള്ളയുടെ ശിഷ്യനായി കച്ച കെട്ടി ആരംഭിച്ച വാസുദേവൻ നായരുടെ കഥകളി അഭ്യസന പ്രാരംഭം. പഠനമാരംഭിച്ച് ആറാം മാസത്തിൽ തന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി മടവൂർ വാസുദേവൻ നായരുടെ അരങ്ങേറ്റം കഴിഞ്ഞു. പരമേശ്വരൻ പിള്ളയുടെ ശിക്ഷണത്തിൽ, അദ്ദേഹത്തിന്റെ കളിയോഗത്തിൽ തുടർന്നുള്ള മൂന്നുവർഷം കൂടി വാസുദേവൻ നായർ തുടർന്നു. മണ്ണന്തറ ക്ഷേത്രത്തിൽ വെച്ച് കഥകളിയിലെ മഹാനടനും അചാര്യനുമായിരുന്ന ചെങ്ങന്നൂർ രാമൻ പിള്ളയുടെ കൂട ഭാനുമതീവേഷം അണിയാൻ ഭാഗ്യമുണ്ടായി. കുറിച്ചി കുഞ്ഞൻ പണിയ്ക്കർ എന്ന  ആചാര്യനുകീഴിൽ ഈ സമയത്ത് അൽപ്പകാലം അഭ്യസനം ഉണ്ടായിട്ടുണ്ട്. ഇത്തിക്കര വെച്ചുണ്ടായ ആ അഭ്യസനത്തിൽ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, അർക്കനൂർ കൃഷ്ണപ്പിള്ള, ആറ്റിങ്ങൽ കൃഷ്ണപ്പിള്ള എന്നീ മഹാരഥന്മാരെ പരിചയപ്പെടാൻ വാസുദേവൻ നായർക്ക് അവസരം ലഭിച്ചു. പണിമൂല ക്ഷേത്രത്തിൽ ചെങ്ങന്നൂർ രാമൻ പിള്ളയുടെ താല്പര്യപ്രകാരം ഒരിയ്ക്കൽ വാസുദേവൻ നായർ രംഭാപ്രവേശത്തിലെ രംഭയുടെ വേഷം അണിയുകയുണ്ടായി. ചെങ്ങന്നൂരിന്റെ പ്രത്യേകപ്രീതിയ്ക്കു പ്രാത്രമായത് ആ  അരങ്ങിലൂടെയാണ്. പിന്നീട് തുവയൂരിൽ ചെങ്ങന്നൂർ രാമൻപിള്ള കഥകളിക്കറി തുടങ്ങിയപ്പോൾ വാസുദേവൻ നായരെ വിളിച്ചുകൊണ്ടു വരികയും പുത്രനിർവേശമായ വാൽസല്യത്തോടെ സ്വഗൃഹത്തിൽ കൊണ്ടുപോയി താമസിപ്പിച്ച് പഠിപ്പിയ്ക്കുകയും ചെയ്തു. ചെങ്ങന്നൂർ രാമൻപിള്ള എന്ന മഹാശയന്റെ ഗേഹത്തിൽ ഗുരുകുലസമ്പ്രദായമനുസരിച്ചുനടന്ന, പന്ത്രണ്ടുവർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയുടെ പ്രകാശനത്തിന് ധാതുവീര്യം പകർന്നത്. തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ ചെങ്ങന്നൂർ ആശാന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ കൃഷ്ണപിള്ളയുടെയും തുറവൂർ മാധവൻ പിള്ളയുടെയും കൂടെ വേഷം കെട്ടി തുടക്കം. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാനെ ചെങ്ങന്നൂർ ആശാനോടൊപ്പം പോയിക്കണ്ട്, മരണശയ്യയിലായിരുന്ന അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിയത് മടവൂർ വാസുദേവൻ നായരുടെ മറക്കാനാവാത്ത അനുഭവമാണ്.

1967 മുതൽ 1977 വരെ പത്തുവർഷക്കാലം കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978 കൊല്ലം ജില്ലയിൽ പാരിപ്പള്ളിയ്ക്കടുത്ത് തെക്കൻ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം എം കെ കെ നായരുടെ പ്രത്യേക താല്പര്യത്തിൽ ആരംഭിച്ചു. 'കലാഭാരതി കഥകളി വിദ്യാലയം' എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ പ്രഥമപ്രിൻസിപ്പാൾ മടവൂർ വാസുദേവൻ നായരായിരുന്നു. കർണാടകസംഗീതത്തിൽ വ്യുൽപ്പന്നനായ മടവൂർ വാസുദേവൻ നായർ ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട്.

പ്രസിദ്ധവേഷങ്ങൾ

ബാണയുദ്ധത്തിലെ ബാണൻ, തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി), ഉത്തരാസ്വയംവരം ദുര്യോധനൻ, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ, രംഭാപ്രവേശം രാവണൻ, ദുര്യോധനവധത്തിലെ ദുര്യോധനൻ. ആദ്യ കാലത്ത് സ്ത്രീവേഷങ്ങളിൽ പ്രസിദ്ധനായിരുന്നു. ബാണയുദ്ധത്തിലെ അനിരുദ്ധൻ, സന്താനഗോപാലത്തിലെ അർജ്ജന്നൻ, പട്ടാഭിഷേകത്തിലെ ഭരതൻ, ശങ്കരവിജയത്തിലെ ബാലശങ്കരൻ എന്നിവ മികച്ച വേഷങ്ങളായി കെ പി എസ് മേനോൻ എടുത്തുപറയുന്നുണ്ട്.

സവിശേഷതകൾ

ചെങ്ങന്നൂർ രാമൻപിള്ള, മാങ്കുളം വിഷ്ണുനമ്പൂതിരി തുടങ്ങിയ മഹാനടന്മാർക്കു ശേഷം കഥകളിയുടെ തെക്കൻ സമ്പ്രദായത്തിന്റെ സവിശേഷവ്യക്തിത്വവും സൗന്ദര്യവും ഉയർത്തിപ്പിടിച്ച നടനാണ് മടവൂർ വാസുദേവൻ നായർ. ചെങ്ങന്നൂർ രാമൻപിള്ളയുടെ നായകവേഷങ്ങളുടെ ആവിഷ്കാരഭംഗികളുടെ പിൻഗാമിയായി കഥകളിയാസ്വാദകർ വാസുദേവൻ നായരെ വിലയിരുത്തുന്നു. വ്യതിരിക്തവും വിസ്തൃതവുമായ മനോധർമ്മവിലാസമാണ് മടവൂരിന്റെ മുഖ്യസവിശേഷതകളിലൊന്ന്. തെക്കൻ സമ്പ്രദായത്തിലെ വ്യതിരിക്തവും സവിശേഷവുമായ രംഗപ്രയോഗങ്ങൾ ഇത്രമേൽ സൂക്ഷ്മവും സമസ്തതലസ്പർശിയുമായി കാത്തുസൂക്ഷിയ്ക്കുന്ന നടന്മാർ കുറയും. തെക്കൻ രാജസൂയത്തിലെ ജരാസന്ധനേപ്പോലുള്ള സുദുർല്ലഭങ്ങളായ വേഷങ്ങളിൽ മടവൂരിന്റെ സിദ്ധിവൈഭവം തിളങ്ങുന്നു. ബാണയുദ്ധത്തിൽ ബാണന്റെ രംഗപ്രയോഗങ്ങൾ, ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ ഏകലോചനാഭിനയം എന്നിവ ഏറെ സഹൃദയാംഗീകാരം പിടിച്ചുപറ്റിയിട്ടുണ്ട്. രാവണവിജയത്തിലെ രാവണൻ മടവൂരിന്റെ മികച്ച വേഷങ്ങളിലൊന്നാണ്. രാവണന്റെ ശങ്കരാഭരണരാഗാലാപനം പോലുള്ള തെക്കൻ കളരിയുടെ സവിശേഷമുദ്രണങ്ങളിൽ മടവൂരിനോളം തിളങ്ങിയ നടന്മാർ അനേകമില്ല. "ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങു നിയന്ത്രിക്കാൻ കഴിവുള്ള ആൾ" എന്ന് കെ പി എസ് മേനോൻ വിലയിരുത്തിയ മടവൂർ കർണ്ണാടകസംഗീതത്തിലും അവഗാഹമുള്ള പ്രതിഭയാണ്.

ശിഷ്യന്മാർ

കലാമണ്ഡലത്തിലും കലാഭാരതിയിലുമായി ഒട്ടനവധി ശിഷ്യന്മറ് മടവൂർ വാസുദേവൻ നായർക്കു കീഴിൽ കഥകളി അഭ്യസിച്ചു. പ്രമുഖ സ്ത്രീവേഷക്കാരനായ കലാമണ്ഡലം രാജശേഖരൻ ഇവരിൽ പ്രമുഖനാണ്. കലാഭാരതിയിൽ നിന്ന് കലാഭാരതി രാജൻ,കലാഭാരതി വാസുദേവൻ, കലാഭാരതി ഹരികുമാർ എന്നിങ്ങനെ അനേകം ശിഷ്യർ.

പുരസ്കാരങ്ങൾ

കേന്ദ്രസർ‌ക്കാറിന്റെ പത്മഭൂഷൺ. കേരളകലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ്, സംഗീതനാടക അക്കാഡമി അവാർഡ്, കേന്ദ്രഗവർ‌മെന്റ് ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” അവാർഡ്, കലാദർപ്പണ അവാർഡ്, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി അവാർഡ്, 1997ൽ കേരള ഗവർണർ സുഖ്‌ദേവ് സിംഗ് കാം‌ങ്ങിൽ നിന്നും വീരശൃം‌ഗല. കേരളത്തിനു അകത്തും പുറത്തും ഉള്ള കഥകളി ക്ലബ്ബുകളിൽ നിന്നും അവാർഡുകൾ.

കുടുംബം

ഭാര്യ: സാവിത്രി അമ്മ ഗുരു ചെങ്ങന്നൂർ ആശാന്റെ ബന്ധുവും കൂടിയാണ്.  ഒരു പുത്രൻ: മധു.  രണ്ട് പുത്രിമാർ: മിനി, ഗംഗ തമ്പി (ഗംഗാ തമ്പി ഭരതാനാട്യം നർത്തകി)

കഥകളിയുടെ കാലിക സന്ധിയിൽ, തെക്കൻ സമ്പ്രദായത്തിന്റെ കാവൽ ഭടനാണ് മടവൂർ വാസുദേവൻ നായർ.

പൂർണ്ണ നാമം: 
മടവൂർ വാസുദേവൻ നായർ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, April 7, 1929
ഗുരു: 
മടവൂർ പരമേശ്വരൻ പിള്ള
കുറിച്ചി കുഞ്ഞൻ പണിക്കർ
ആറ്റിങ്ങൽ കൃഷ്ണപിള്ള
ചെങ്ങന്നൂർ രാമൻ പിള്ള
മുഖ്യവേഷങ്ങൾ: 
സ്ത്രീവേഷങ്ങളിൽ തുടങ്ങി ചുവന്ന താടിവേഷങ്ങൾ ഒഴികെ മറ്റ് എല്ലാ വേഷങ്ങളും.
പുരസ്കാരങ്ങൾ: 
കേന്ദ്രസർ‌ക്കാറിന്റെ പത്മഭൂഷൺ
കേരളകലാമണ്ഡലം അവാർഡ്
തുളസീവനം അവാർഡ്
സംഗീതനാടക അക്കാഡമി അവാർഡ്
കേന്ദ്രഗവർ‌മെന്റ് ഫെലോഷിപ്പ്
കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” അവാർഡ്
കലാദർപ്പണ അവാർഡ്
ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി അവാർഡ
വിലാസം: 
“കേളീമന്ദിരം”
വള്ളീക്കീഴ്
കാവനാട്
കൊല്ലം
691003
ഫോൺ: 
0474-2793049