കിം കരവൈ ഭഗവൻ മുനീശ്വര
ശ്ലോകം
തത്ക്കാലേ തേന രോഷാദ്വികടതരജടാതാഡിതാൽ ഭൂമിപൃഷ്ഠാൽ
ഉത്തിഷ്ഠന്തീ കരാളാ പദയുഗളഭരാൽ കമ്പയന്തീ ജഗന്തീ
ഉന്നമ്രാതാമ്ര കേശൈർന്നഭസി ഘനഘടാം ഘട്ടയന്തീ നദന്തീ
ഖഡ്ഗം തീവ്രം വഹന്തീ സവിധമഥ മുനേരേത്യ കൃത്യാ ബഭാഷേ
പദം
പ
കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ
അ
എങ്കലൊരു കൃപ നിനക്കുണ്ടെങ്കിൽ അലം കമലാസനമാഹരാമ്യഹം
ച1
അമരാ രണചതുരാ ബലനികരാരവ മുഖരാ
സമിതി ഝടിതി നിശിതഹേതിപാതവി-
(വി)പിന്നരായി മന്നിൽ മുന്നിൽ വാണീടും
ച2
ഗിരികൾ സുരകരികൾ തരുനിരകൾ വരുമരികൾ
വിരവൊടു കരതലവിരചിതവിനിഹതി
പിഷ്ടരായി നഷ്ടരായിടും ദൃഢം
ച3
അതലേ വദ വിതലേ ഫണിബഹുലേ ബത സുതലേ
അതുലബലപടല ചലിതവിലേശയ-
ജാലമപി ച തൂലയാമി നിഖിലം
തത്ക്കാലേ തേന രോഷാദ്വികടതരജടാതാഡിതാൽ:- അപ്പോൾ മുനിയാൽ കോപത്തോടെ, വളഞ്ഞുകെട്ടുപിണഞ്ഞ ജടകൊണ്ട് അടിച്ച ഭൂമിയിൽ നിന്ന് പുറപ്പെട്ടവളും ഭയങ്കരിയും ഭാരിച്ച കാൽവെപ്പുകളെക്കൊണ്ട് ലോകത്തെ വിറപ്പിക്കുന്നവളും മേൽപ്പോട്ടുനിൽക്കുന്ന ചെമ്പിച്ച തലമുടിയാൽ മേഘങ്ങളെ അടിക്കുന്നവളും അട്ടഹസിക്കുന്നവളും മൂർച്ചയേറിയ വാൾ ഏന്തിയവളുമായ കൃത്യ മുനിയുടെ മുന്നിൽവന്ന് വണങ്ങിയിട്ട് പറഞ്ഞു.
കിം കരവൈ ഭഗവൻ മുനീശ്വര:-ഭഗവാനേ, മുനീശ്വരാ, കിങ്കരിയായ ഞാനിപ്പോൾ എന്തുചെയ്യണം? എന്നിൽ അവിടുത്തെയുടെ കൃപ അല്പമെങ്കിലും ഉണ്ടെങ്കിൽ, ബ്രഹ്മാവിനെ പിടിച്ചുകൊണ്ടുവരുവാനും ഞാൻ മതി. യുദ്ധനിപുണരും സൈന്യസമൂഹത്തിന്റെ ശബ്ദം കൊണ്ട് വലിയ ഘോഷത്തോടുകൂടിയവരുമായ ദേവന്മാർ യുദ്ധത്തിൽ പെട്ടന്ന് മൂർച്ചയേറിയ ആയുധമേറ്റ് മുന്നിൽ നിലത്തുവീഴും. മലകളും അഷ്ടദിഗജങ്ങളും വൃക്ഷങ്ങളും വരുന്ന ശത്രുക്കളും കരത്താലുള്ള കനത്തപ്രഹരമേറ്റ് ഉറപ്പായും തകരും. ഹോ! പറഞ്ഞാലും, അതലത്തിലോ വിതലത്തിലോ സുതലത്തിലോ നാഗലോകത്തിലോ അതിബലവാന്മാരായി സഞ്ചരിക്കുന്ന ശത്രുക്കൂട്ടത്തെ എല്ലാംകൂടി നശിപ്പിക്കുന്നുണ്ട്.
വട്ടംവെയ്ക്കുന്ന ദുർവ്വാസാവ് ശ്ലോകത്തിൽ 'ജടാതാഡിത' എന്നാലപിക്കുന്നതിനൊപ്പം വലംകൈകൊണ്ട് തന്റെ മുടിപിടിച്ച് മുന്നിലേയ്ക്ക് ആഞ്ഞടിക്കുകയും ഭൂമിപിളർന്നതായി കാട്ടുകയും ഭൂമിയിൽ നിന്നും കൃത്യയോട് ഉയർന്നുവരുവാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ദുർവ്വാസാവ് വീണ്ടും വട്ടം വച്ചശേഷം വലതുവശം പീഠത്തിൽ കയറിനിൽക്കുന്നു. ഈ സമയത്ത് പിന്നിലായി പിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് കൃത്യ അലറുന്നു. കൃത്യയുടെ അലർച്ചകേട്ട് ദുർവ്വാസാവ് തൃപ്തിനടിക്കുന്നു.
കൃത്യയുടെ രൗദ്രഭാവത്തിലുള്ള തിരനോട്ടം.
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ മുന്നേപ്പോലെ ദുർവ്വാസാവ് വലതുവശം പീഠത്തിനുമേൽ നിൽക്കുന്നു. വലംകൈയ്യിൽ വാൾ ധരിപ്പിച്ചുകൊണ്ട് രംഗമദ്ധ്യത്തിലൂടെ എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കൃത്യ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ദുർവ്വാസാവിനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് വണങ്ങി നിൽക്കുന്നു. ദുർവ്വാസാവ് അനുഗ്രഹിച്ച് താഴെയിറങ്ങി പീഠത്തിൽ വലംകാൽ ഉയർത്തിവെച്ച് നിൽക്കുന്നു.
കൃത്യ:'അല്ലയോ സ്വാമിൻ, എന്റെ വാക്കു് കേട്ടാലും' നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ പദം ആടുന്നു.