അത്തിപ്പറ്റ രവീന്ദ്രന്‍
അത്തിപ്പറ്റ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1971 സെപ്റ്റംബര്‍ 26 നു വെള്ളിനേഴിയില്‍ ജനിച്ചു. വെള്ളിനേഴി ഗവണ്മെന്റ് ഹൈ സ്കൂളില്‍ കലാമണ്ഡലം കെ.ജി.വാസുദേവന്‍ നായരുടെ കീഴില്‍ വേഷം പഠിച്ചു. ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന മാധവന്‍ കോടര്‍മണ്ണയാണ് ആദ്യം പാട്ടു പഠിപ്പിച്ചത്. പിന്നീട് പതിനൊന്നു വയസ്സു മുതല്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ കീഴില്‍ കഥകളി സംഗീതവും വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചു. അതിനു ശേഷം പാലനാട് ദിവാകരന്റെയും കലാമണ്ഡലം ശ്രീകുമാരന്റെയും ശിഷ്യത്വം സ്വീകരിച്ചു. 1990 ജൂണ്‍ 12 നു വെള്ളിനേഴി കാന്തള്ളൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സന്താനഗോപാലം കഥ പാടി അരങ്ങേറ്റം നടത്തി. ആകാശവാണിയില്‍ "ബി" ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്നു മലയാളസാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മ്യാല്‍പ്പാഴൂര്‍ വിഷ്ണു നമ്പൂതിരിപ്പാടിന്റെയും സുമതി അന്തര്‍ജ്ജനത്തിന്റെയും മകള്‍ ഷീനയാണു ഭാര്യ. ഉമ രവീന്ദ്രന്‍, ജിഷ്ണു രവീന്ദ്രന്‍ എന്നിവര്‍ മക്കളാണ്.