കേട്ടാലും വചനം സഖേ മാനവമൗലേ
ശ്ലോകസാരം:-നാകാധിപന്‍ അമര്‍ത്ത്യസംഘത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ഗമിച്ച ശേഷം ജഗദേകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ പ്രേമഭാരത്താല്‍ തരംഗിതഹൃദയനായവനും വിവാഹിതനുമായ ആ ധീരനെ സന്തോഷിപ്പിച്ചുകൊണ്ട് ഇങ്ങിനെ മധുരമായി പറഞ്ഞു.
പദസാരം:-വാക്കുകള്‍ കേട്ടാലും സഖേ. മനുഷ്യശ്രേഷ്ഠാ, കേട്ടാലും. താങ്കളുടെ ഭാഗ്യം തെളിഞ്ഞു. സുഖമായി വിവാഹം കഴിഞ്ഞു. ഭാഗ്യവൈഭവമുണ്ടോ പാരിലൊരു വിദ്വാന്‍ അറിയുന്നു! താതനായ ദേവരാജാവും ദേവസ്ത്രീകളും ദേവമാമുനിവൃന്ദവും വന്നല്ലോ. ഈവണ്ണം ദേവവൃന്ദം മുന്‍പെങ്ങാനും മോദത്തോടെ മന്നിലേയ്ക്ക് താനെ വരികയുണ്ടായിട്ടുണ്ടോ? ആശ്ചര്യം! താങ്കളുടെ സുകൃതം അപാരം തന്നെ.
കൃഷ്ണന്‍ വലതുവശത്ത് പീഠത്തിലിരിക്കുന്നു. പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍; കപടസന്യാസിയായി ചമഞ്ഞതും ബലഭദ്രാദികള്‍ തന്നെ നമസ്ക്കരിച്ചതുമൊക്കെ ഓര്‍ത്ത് അപരാധബോധത്താല്‍ നടുങ്ങുന്നു. തുടര്‍ന്ന് കൃഷ്ണനെ കണ്ട് ഭക്തിയോടെ കുമ്പിട്ടിട്ട് വിനയത്തോടെ നില്‍ക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ചെയ്യുന്നു.