കഞ്ജദളലോചനേ മഞ്ജുതരഭാഷിണി
ശ്ലോകസാരം:-ഇപ്രകാരം പറഞ്ഞ് ബന്ധുജനങ്ങളോടുകൂടി നാരായണന്‍ ഗമിച്ചശേഷം വര്‍ദ്ധിച്ച മാരപരിതാപത്തോടെ പാര്‍ത്ഥന്‍ മാന്മിഴിയാളോട് പറഞ്ഞു.
പദസാരം:-താമരദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, മധുരതരമായി സംസാരിക്കുന്നവളേ, ആനനടക്കു സമാനമായ ഗമനത്തോടുകൂടിയവളേ, പ്രിയേ, എന്റെ ഉടലിനെ കാമന്‍ പിളര്‍ക്കുന്നു. മൃദുശീലേ, കണ്ടാലും. കേശഭാരം കൊണ്ട് നിന്റെ കാന്തിയെഴുന്ന മുഖാംബുജത്തെ മറയ്ക്കുന്നതെന്തേ? ഹോ! കാന്തേ, പദാബുജം നോക്കി നില്ക്കുകയാണോ? പൂന്തേന്മൊഴീ, സുന്ദരീ, എന്നെ ഒന്ന് നോക്കിയാലും.
പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ലജ്ജാവതിയായ സുഭദ്രയെ ആലിംഗനംചെയ്തുകൊണ്ട് ശൃംഗാരഭാവത്തില്‍ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. സാവധാനം സുഭദ്രയെ ഇടതുവശത്തുനിര്‍ത്തിയിട്ട് നോക്കിക്കാണലോടെ അര്‍ജ്ജുനന്‍ പദാഭിനയം ആരംഭിക്കുന്നു.