കലാമണ്ഡലം സോമന്‍
25/4/1965 ല്‍ ശ്രീ കണ്ണന്‍കുട്ടിനായരുടേയും ശ്രീമതി നാണിക്കുട്ടിയമ്മയുടേയും മകനായി വെള്ളിനേഴി ഞാളാകുറിശ്ശിയില്‍ ജനനം. പതിമൂന്നാം വയസ്സു മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു കഥകളി പഠനം ആരംഭിച്ചു. എം.പി. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കളരിയില്‍ പഠനം തുടങ്ങി. പിന്നെ നാലുവര്‍ഷം വാഴേങ്കട വിജയനാശാന്റെ കളരിയില്‍ പഠിച്ചു. മൂന്നു മാസം കലാമണ്ഡലം ഗോപിയുടെ മേല്‍നോട്ടത്തില്‍ അഭ്യസിച്ചു. ബാക്കി പഠിച്ച മുഴുവന്‍ വര്‍ഷവും കലാമണ്ഡലം രാമന്‍കുട്ടി നായരുടെ കളരിയില്‍ ആയിരുന്നു അഭ്യസിച്ചത്. 1983 ല്‍ കലാമണ്ഡലത്തിലെ അഭ്യാസം പൂര്‍ത്തിയായതിനു ശേഷവും ശ്രീ രാമന്‍കുട്ടി നായരുടെ ഗൃഹത്തില്‍ നിന്ന് ഗുരുകുല സമ്പ്രദായത്തില്‍ രണ്ടുകൊല്ലം കൂടി അഭ്യസിക്കുകയുണ്ടായിട്ടുണ്ട്. പിന്നീട് കേന്ദ്രഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പോടുകൂടി അഭ്യസിച്ചതും ശ്രീ രാമന്‍കുട്ടി നായരുടെ ശിഷ്യത്വത്തിലായിരുന്നു. ഇപ്പോള്‍ കലാമണ്ഡലത്തിലെ താല്‍ക്കാലിക അദ്ധ്യപനായി ജോലി ചെയ്തു വരുന്നു. ഇന്‍ഡ്യയിലും വിദേശത്തും ധാരാളം വേഷങ്ങള്‍ കെട്ടി പ്രശസ്തനായ കലാകാരനാണ് ശ്രീ സോമന്‍. താടി വേഷങ്ങളും മറ്റും ധാരാളം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ കത്തി, പച്ച വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഇപ്പോള്‍ ഭാര്യ ദേവകിയോടും മക്കള്‍ നമിത, ഹരികൃഷ്ണന്‍ എന്നിവരോടൊപ്പം വെള്ളിനേഴിയില്‍ സ്ഥിരതാമസം.