ജീവിതനായക
ഏവം ഭാവി തനുജലാഭകഥനേനാശ്വാസയൻ ഭാമിനീം
ദൈവപ്രാർത്ഥനതൽപരേണ മനസാ വാണൂ ദ്വിജൻ മന്ദിരേ!
സാ വിപ്രാംഗനയും ധരിച്ചു തരസാ ഗർഭഞ്ച തസ്മിൻ മുദാ
പൂർണ്ണേ പൂർണ്ണശശാങ്കസുന്ദരമുഖീ കാന്തം ബഭാഷേ ഗിരം
പദം:
ജീവിതനായക! വന്ദേ താവക പാദേ
സാവധാനമെന്മൊഴി കേവലം ശ്രവിച്ചാലും
പൂർണ്ണമായിതു ഗർഭം പ്രസവമാസന്നകാലം
മൂന്നുനാളിനിപ്പുറമെന്നേവമന്യേ;
കർണ്ണവൈരിയായൊരു ഗാണ്ഡീവധന്വാവിനെ
പുണ്യവാരിധേ! ചെന്നു വരുത്തുക വൈകാതെ;
വളരുന്നു പരിതാപം തളരുന്നു മമ ദേഹം
ഇളകുന്നു ജഠരവും വിലസുന്നു ശിശുവും
പദമൊന്നു നടപ്പാനും പണിയായെന്നുവന്നു മേ
വിധമൊന്നു പകർന്നിപ്പോൾ കാണുന്നു കാന്ത!
ഏവം ഭാവിതനൂജ:
ഇനിമേലിൽ ജനിക്കുന്ന പുത്രനെ ജീവനോടെ തന്നെ കിട്ടും എന്ന് പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ച് ഈശ്വരപ്രാർത്ഥനയോടെ ബ്രാഹ്മണൻ തന്റെ ഗൃഹത്തിൽ വാണു. ആ ബ്രാഹ്മണ പത്നിയാകട്ടെ വീണ്ടും ഗർഭം ധരിക്കുകയും അത് പൂർണ്ണമായപ്പോൾ സന്തോഷത്തോടെ ഭർത്താവിനോട് പറയുകയും ചെയ്തു.
പദം:-ജീവിതനായകാ, അങ്ങയുടെ പാദങ്ങളിൽ വന്ദിക്കുന്നേൻ. സാവധാനത്തിൽ എന്റെ വാക്കുകളെല്ലാം കേട്ടാലും. ഈ ഗർഭം പൂർണ്ണമായിരിക്കുന്നു. പ്രസവകാലം അടുത്തിരിക്കുന്നു. മൂന്നുനാളിനുള്ളിൽത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു. പുണ്യസമുദ്രമേ, കർണ്ണശത്രുവും ഗാണ്ഡീവധാരിയുമായ അർജ്ജുനനെ വൈകാതെ ചെന്ന് കൂട്ടിക്കൊണ്ടുവന്നാലും.