കരുണാവാരിധേ കൃഷ്ണാ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഏണാങ്കപ്രതിമാഭിരാമവദനാ ബാലാ സുശീലാ തദാ
വീണാഭാഷിണി വിപ്രപത്നിയുമുടൻ പെറ്റാളസൗ കൗതുകാൽ!
പാണൗ തഞ്ചവഹിപ്പതിന്നു സഖിയും ഭാവിച്ചു തസ്മിൻ മുദാ
കാണാഞ്ഞാത്മജമാത്തശോകവിവശാ സാദ്ധ്വീ രുരോദാഞ്ജസാ!

പദം:
കരുണാവാരിധേ കൃഷ്ണാ നരനേയും ചതിച്ചായോ?
ശരണരഹിതരാമിജ്ജനങ്ങൾ മൂലം
പരമപൂരുഷ തവ ഭഗിനിബാലികയ്ക്കയ്യോ
പെരികെ വൈധവ്യദുഃഖം വരുവതുചിതമോ തേ?

ജ്വലിച്ചകാന്തിയോടാശു ജനിച്ച ബാലകൻ ഭൂമൗ
പതിച്ചീടുന്നതിന്മുമ്പെ മറച്ചു ദൈവം
ലഭിച്ചീലാ ശവം പോലും ഫലിച്ചീല അർജ്ജുനയത്നം
വരച്ച രേഖയെ മൂർദ്ധനി മറിച്ചുവെച്ചുകൂടുമോ?

പരമാധിവിവശനാം ഹരിപാദസ്മൃതിയോടും
പുരവാതുക്കൽ നിൽക്കുന്ന പ്രിയൻ തന്നോടും
പുരുഹൂതാത്മജനോടും ചരിതങ്ങളിവയെല്ലാം
ഉരചെയ്തീടുവിൻ ചെന്നു വിരവോടെൻ സഖിമാരേ!

അർത്ഥം: 

ശ്ലോകസാരം:-ചന്ദ്രസമാനം സുന്ദരമായ മുഖത്തോടുകൂടിയവളും സുശീലയായ ബാലികയും മധുരഭാഷിണിയുമായ ആ ബ്രാഹ്മണപത്നി ഉടനെ ആശയോടെ പ്രസവിച്ചു. സഖി സന്തോഷത്തോടെ കുട്ടിയെ കൈയ്യിലെടുക്കുവാൻ ഭാവിച്ചു. അപ്പോൾ പുത്രനെ കാണാഞ്ഞ് ദുഃഖവിവശയായിതീർന്ന ബ്രാഹ്മണപത്നി വിലപിക്കുവാൻ തുടങ്ങി.

പദം:-കരുണാസമുദ്രമേ, കൃഷ്ണാ, ശരണരഹിതരായ ഈ ജനങ്ങൾ കാരണം അർജ്ജുനനേയും ചതിച്ചുവോ? പരമപൂരുഷാ, അയ്യോ! അങ്ങയുടെ സഹോദരീബാലികയ്ക്ക് കടുത്ത വൈധവ്യദുഃഖം വരുന്നത് അങ്ങേയ്ക്ക് ഇഷ്ടമാണോ? അതിയായ തേജസ്സോടെ ജനിച്ച ബാലകനെ നിലംതൊടുന്നതിനുമുൻപേ പെട്ടന്ന് ദൈവം മറച്ചുകളഞ്ഞു. ശവം പോലും ലഭിച്ചില്ല. അർജ്ജുനന്റെ പ്രയത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ മാറ്റാൻ കഴിയുമോ? സഖിമാരേ, പരിഭ്രമിച്ചുകൊണ്ടും ശ്രീകൃഷ്ണപാദങ്ങളെ സ്മരിച്ചുകൊണ്ടും പുരവാതിൽക്കൽ നിൽക്കുന്ന പ്രിയനോടും അർജ്ജുനനോടും ഈ വർത്തമാനമെല്ലാം വേഗം ചെന്ന് പറയുവിൻ.

അരങ്ങുസവിശേഷതകൾ: 

ഈ പദം ഈറ്റില്ലത്തിനകത്തു നിന്നും ബ്രാഹ്മണപത്നിയുടെ വിലാപമായി കേള്‍ക്കാനുള്ളതാണ്‌. അഭിനയിക്കാനുള്ളതല്ല. അരങ്ങത്ത് ബ്രാഹ്മണനും അര്‍ജ്ജുനനും മാത്രം. തിരശീലക്കുള്ളില്‍ നിന്നുമുള്ള ബ്രാഹ്മണപത്നിയുടെ വിലാപം.