ഉർവ്വീസുരചാപലം പെരുതേ
ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്യപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ
പല്ലവി:
ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.
അനു.
നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്
അതിഹാസപദമാസമിതിഹാസകഥയിലും.
ച.1
അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം.
2.
മഥനംചെയ്‌വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും.
3.
വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ?
ശ്ലോകസാരം: അനന്തരം കുണ്ഡിനപുരിയിലെത്തിയ ഋതുപർണ്ണരാജാവ്, മറ്റ് രാജാക്കന്മാരൊന്നും എത്തിച്ചേരാതെ ശൂന്യമായ രാജധാനികണ്ട് ഏറ്റവും കുണ്ഠിതത്തോടെ നിറം മങ്ങിയവനായി ഇങ്ങനെ ചിന്തിച്ചു.
ഒരു കിടതകിധിംതാം. പീഠത്തിലിരിക്കുന്ന ഋതുപർണ്ണൻ `ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്` എന്നുകാട്ടി, പദം അഭിനയിക്കുന്നു.