ആരെടോ നീ നിന്റെ
പ്രിയദർശനപ്രസിതയാ ബത ഭീമജയാ
നള ഇതി ബാഹുകേ ജനിതസംശയമാനസയാ
ഇതി കില കേശിനി നിഗദിതാ നളമേത്യ ജവാ-
ദ്രഥഗതമന്വയുങ്ക്ത കുശലാ കുശലം കുശലാ
പല്ലവി
ആരെടോ നീ നിന്റെ പേരെന്തു? ചൊല്ലേണം
അരുടെ തേരിതെടോ?
അനുപല്ലവി
ദൂരദേശത്തിൽനിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാൽ
ച.1
നിഷ്ഫലമല്ലറിക നിർബ്ബന്ധമിതെന്നുടെ,
ചെല്പെറും ഭൈമിയുടെ കല്പനയാൽ
ഇപ്പോളീയന്തിനേരം ഇപ്പുരംതന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങളാരെന്നെപ്പേരും പറയേണം
ശ്ലോകസാരം: പ്രിയതമന്റെ ദർശനത്തിങ്കൽ തൽപരയായി, ബാഹുകനിൽ നളൻ എന്ന് സംശയം ജനിച്ച ഭീമപുത്രി പറഞ്ഞിട്ട് സമർത്ഥയായ കേശിനി രഥത്തിലിരിക്കുന്ന ബാഹുകനെ സമീപിച്ച് കുശലാന്വേഷണം ചെയ്തു.
സാരം: നീ ആരാണ്? പേരെന്താണ്? ഈ തേര് ആരുടേതാണ്? ദൂരദിക്കിൽനിന്ന് വന്നവരെന്ന് തോന്നി എന്നോട് സത്യം പറയണം അങ്ങിനെ പറയാൻ കാര്യമുണ്ട്. എന്റെ ഈ നിർബന്ധം വെറുതെയല്ല. ഭീമപുത്രിയുടെ കല്പനപ്രകാരമാണ് എന്റെ വരവ്. ഈ സന്ധ്യനേരത്ത് ഇവിടെവന്ന് കയറിയ നിങ്ങൾ ആരാണെന്നും എല്ലാം പറയണം.
ബാഹുകൻ വലതുവശം ഇരിക്കുന്നു.കേശിനി ഇടത്തുനിന്നു പ്രവേശിച്ച് അന്യോന്യം കണ്ട്:
കേശിനി `ഒന്നു ചോദിക്കട്ടയോ` എന്നു കാട്ടി, പദം അഭിനയിക്കുന്നു.