പൂമാതിനൊത്ത ചാരുതനോ
വെളിച്ചമേ ചെന്നു തിരഞ്ഞൊരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നൊട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ
പല്ലവി
പൂമാതിനൊത്ത ചാരുതനോ, വൈദർഭീ കേൾ നീ,
പൂരൂഷരത്നമീ ബാഹുകനോ.
അനുപല്ലവി
ധീമാനവനെന്നോടു
നാമവും വാർത്തയും ചൊന്നാൻ
ച.1
നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുതു കോപം പോൽ!
ഖലനല്ല വാക്കുകേട്ടാൽ ഛലമുണ്ടെന്നതും തോന്നാ,
പലതും പറഞ്ഞു പിന്നെ ഫലിതമത്രെ പാർത്തോളം.