കുലവധൂനാം കോപമാകാ

താളം: 
കഥാപാത്രങ്ങൾ: 

ച.4
കുലവധൂനാം കോപമാകാ പലരില്ലേ ലോകസാക്ഷികള്‍?
ഉഭയഭുവനസുഖമല്ലയോ വന്നുകൂടുവതിവര്‍ക്കുമേല്‍

അർത്ഥം: 

സാരം: കുലസ്ത്രീകൾ കോപിക്കരുത്‌. ഭർത്താക്കൻമാരുടെ പ്രവൃത്തികൾക്ക്‌ സാക്ഷികളായി പലരും ഉണ്ടല്ലോ.  ഇഹത്തിലും പരത്തിലും ക്ഷമാശീലമുള്ളവർക്ക്‌ സുഖം ഭവിക്കും.

അരങ്ങുസവിശേഷതകൾ: 

ഇത്രയും പറഞ്ഞപ്പോൾ തനിക്ക്‌ കൃത്യാന്തരങ്ങളുണ്ടെന്നു ബാഹുകന്‌ ഓർമ്മവന്ന്‌ കേശിനിയെ യാത്രയാക്കുന്നു. അവൾ സ്ഥലം വിടാതെ ബാഹുകൻ ചെയ്യുന്നതെല്ലാം ഒളിഞ്ഞുനിന്ന്‌ കാണുന്നു. ബാഹുകൻ, ഋതുപർണ്ണന്റെ ഭക്ഷണം പാകം ചെയ്യുന്നു. സ്മരണമാത്രയിൽ വെള്ളം പാത്രത്തിൽ വന്നു നിറയുന്നു; അഗ്നി ജ്വലിക്കുന്നു. പാകം ചെയ്ത വിഭവങ്ങൾ ഋതുപർണ്ണന്റെ അടുത്തു കൊണ്ടു പോയി വിളമ്പിക്കൊടുക്കുന്നു. ഒടുവിൽ വിശ്രമിക്കുവാനായി രഥത്തിൽ ചെന്നിരിക്കുമ്പോൾ വാടിയ പുഷ്പങ്ങളെകാണുകയും അവയെ കയ്യിലെടുത്തു തിരുമ്മുകയും ചെയ്തപ്പോൾ പൂക്കൾ വീണ്ടും ശോഭിക്കുന്നു. കേശിനി ഇതെല്ലാംനോക്കിക്കണ്ട്‌ പിൻമാറുന്നു. ദമയന്തീചിന്തകളോടെ ബാഹുകൻ തേർത്തട്ടിൽ വിശ്രമിക്കുന്നു.

-തിരശ്ശീല-

അനുബന്ധ വിവരം: 

ശേഷം ഉള്ള ആട്ടം ഗോപ്യാശാന്റെ പുസ്തകത്തിൽ നിന്നു,:-

‘ഞാൻ ദമയന്തിയെ ഒന്ന് കാണാൻ ആഗ്രഹിച്ച് മറ്റൊരു രാജാവിന്റെ തേരാളിയായി ഭൈമിയുടെ കൊട്ടാരത്തിൽ വന്നു. എന്നാൽ ഇതുവരെയും അവളെ ഒന്ന് കാണാൻ സാധിച്ചില്ല. ഇനി കാണാൻ സാധിക്കുമോ ആവോ?’ (വിഷാദത്തോടെ ചിന്തിച്ചിരിക്കുമ്പോൾ നേരെ ചില ദൂതന്മാരെ കണ്ട്) ‘ഇതാ ചില ദൂതന്മാർ പാത്രങ്ങളെടുത്ത് എന്റെ സമീപത്തേക്ക് വരുന്നു. കാര്യം എന്താണാവോ?’ (ദൂതന്മാരെ അടുത്ത് കണ്ട് അവരോട്) ‘നിങ്ങൾ ഈ പാത്രങ്ങൾ എടുത്ത് എന്റെ സമീപത്ത് വന്നു നിൽക്കുന്നതെന്താ?’ (ദൂതന്മാർ പറയുന്നത് കേൾക്കുന്നതായി) ‘ഋതുപർണരാജാവിന് ഭക്ഷണം ഞാൻ തന്നെ തയ്യാറാക്കി കൊണ്ടുചെന്ന് കൊടുക്കണം എന്ന് കല്പിച്ചു.’(തിരിഞ്ഞ് ദൂതന്മാരോട്) ‘ഉവ്വോ? ശരി, നിങ്ങൾ ഈ പാത്രങ്ങൾ ഭക്ഷണം തയ്യാറാക്കുന്ന പാചകശാലയിൽ കൊണ്ട് ചെന്ന് വെക്കുവിൻ. പൊയ്കൊള്ളുക’ (അവരെ യാത്രയാക്കി തിരിഞ്ഞ്) ‘ഇനി വേഗം ഭക്ഷണം തയ്യാറാക്കാൻ പാചകശാലയിലേക്ക് പോകുക തന്നെ.’ (ഇരട്ടിവട്ടം ചവിട്ടി പാചകശാലയിൽ എത്തി പാത്രങ്ങൾ വെവ്വേറെ കണ്ട്) ‘അരി, കറിക്കുള്ളവ, മാംസം, മധു ഒക്കെ ഉണ്ട്. എന്നാൽ തീ കത്തിക്കാനുള്ള വിറകും വെള്ളവും ഇല്ല. (അല്പം ആലോചിച്ച്) എനിക്കെന്താണ് വിഷമം? പണ്ട് ദമയന്തീസ്വയംവര സമയം ദേവകൾ അനുഗ്രഹിച്ചിട്ടുണ്ടല്ലോ! അതുകൊണ്ട് ഇനി വേഗം പാത്രങ്ങളിൽ വെള്ളം നിറക്കുക തന്നെ. അല്ലയോ വരുണ ഭഗവൻ! അങ്ങ് ദയവു വിചാരിച്ച് ഈ പാത്രങ്ങളിൽ വെള്ളം നിറച്ചു തരണേ’ (തൊഴുത്, പെട്ടെന്ന് പാത്രങ്ങളിൽ വെള്ളം നിറയുന്നത് കണ്ട്) ‘അല്ലയോ അഗ്നിഭഗവൻ, ഈ അടുപ്പുകളിൽ അങ്ങ് പ്രത്യക്ഷപ്പെട്ട് കത്തുവാൻ ദയവുണ്ടാകണമേ!’ (തൊഴുത്, പെട്ടെന്ന് തീ കത്തുന്നത് കണ്ടതിനു ശേഷം, ഓരോ പാത്രങ്ങളും അടുപ്പിൽ കയറ്റി വെച്ച്, തവി കൊണ്ടിളക്കി) ‘വേഗം ശരിയായാലും’ (പീഠത്തിൽ വന്നിരുന്നു ആലോച്ക്കുന്നു) ‘കഷ്ടം! ഈ കൈ കൊണ്ട്  യാഗാദി സത്കർമ്മങ്ങൾ അനവധി ചെയ്തു. പണ്ട് നിറഞ്ഞ സദസ്സിൽ ദേവന്മാരുടെ അനുഗ്രഹത്തോടു കൂടി സുന്ദരിയായ ദമയന്തിയെ വിവാഹം ചെയ്തു അവളുടെ തളിരു പോലെ മൃദുവായ കൈ ഈ കൈ കൊണ്ട് പിടിച്ചു. ഇങ്ങനെയുള്ള ഈ കൈ കൊണ്ട് എന്റെ പ്രിയതമയുടെ ഈ കൊട്ടാരത്തിൽ വന്ന് അവളുടെ ഭർത്താവായ ഈ നളൻ അവളെ വിവാഹം കഴിക്കാനാഗ്രഹിച്ച് വന്ന ഒരു രാജാവിന് ഭക്ഷണം ഉണ്ടാക്കേണ്ടതായ തലേലെഴുത്ത് വന്നുവല്ലോ!..അല്ലേ ഭഗവാനേ, എന്റെ ഈ ദോഷം എന്ന് തിരും ആവോ!?’ (ദുഃഖിച്ചിരിക്കുമ്പോൾ കറികളുടെ മണം നടിച്ച്, എഴുന്നേറ്റ് പാത്രങ്ങളിൽ തവി കൊണ്ടിളക്കി എല്ലാം ഏടുത്ത് താഴെ ഇറക്കിവെച്ച് , അഗ്നിഭഗവാനോട്) ‘ഇനി അങ്ങ് മറഞ്ഞാലും’ (പാത്രങ്ങൾ എല്ലാം അടുക്കി വെച്ച്) ‘എല്ലാം ശരിയായി, ഇനി വേഗം ഋതുപർണനെ കണ്ട് ഭക്ഷണം കൊടുക്കുക തന്നെ.’ (ഇരട്ടിവട്ടം ചവിട്ടി, വലതു വശത്ത് രാജാവിനെ കണ്ട് വന്ദിച്ച്, പാത്രങ്ങൾ ഇറക്കി വെച്ച്) ‘ഭക്ഷണം തയ്യാറായി. ഇരുന്നാലും’ (എല്ലാം വഴിപോലെ വിളമ്പി കൊടുത്ത്  അല്പം കഴിഞ്ഞ്) ‘ഭക്ഷണം ഗംഭീരമായിട്ടുണ്ടെന്നോ!? എല്ലാം ഇവിടുത്തെ കൃപ. എന്നാൽ ഇനി ഞാൻ പൊയ്ക്കോട്ടെ?’ (വീണ്ടും ഇരട്ടിവട്ടം ചവിട്ടി ചുറ്റും നോക്കി) ‘ഇവിടെ ദമയന്തിയുടെ വിവാഹാഘോഷത്തിനായി ഒരു കൊടിക്കൂറയെങ്കിലും കെട്ടിക്കാണുന്നില്ല. രാജാക്കന്മാരുടെ തേരും, കുതിരകളും, സൈന്യങ്ങളും ഒന്നും കാണുന്നില്ല. എന്താണതിനു കാരണം? വിവാഹകാര്യം ബ്രാഹ്മണൻ കള്ളം പറഞ്ഞതാകുമോ? ഏയ് ബ്രാഹ്മണന്മാർ ഒരിക്കലും കളവ് പറയില്ല. പിന്നെ എന്തായിരിക്കും? ആ എന്തായാലും സാവധാനം അറിയാം.’ (വീണ്ടും സഞ്ചരിച്ച് തേരു കണ്ട് കുതിരകളെ തലോടി, തേരിൽ ചാർത്തിയ പൂക്കൾ കണ്ട്) ‘ഈ തേരിൽ ചാർത്തിയ പുഷ്പങ്ങളെല്ലാം വാടിപ്പോയല്ലോ! ഇവ വള്ളികളിൽ ശോഭിച്ച് നിൽക്കുന്നത് കാണാൻ എന്ത് രസമാണ്. ഇത് വാടിക്കാണുമ്പോൾ കാണുന്നവരുടെ മനസ്സിന്റെ ഉന്മേഷവും നശിക്കുന്നു.’ (പൂക്കൾ മെല്ലെ തലോടവേ അവ വിരിയുന്നതായി കണ്ട്) ‘ അഹോ അത്ഭുതം തന്നെ. ഈ പുഷ്പങ്ങളെല്ലാം വിടർന്ന് പുതിയ വാസനയോടുകൂടിയ പുഷ്പങ്ങളായി ഭവിച്ചു. പണ്ട് ദമയന്തീസ്വയംവര സമയം ദേവന്മാരുടെ അനുഗ്രഹഫലമാണ്. ആകട്ടെ ഇനി കുറച്ച് നേരം ഈ തേരിൽ കയറി ഇരിക്കുക തന്നെ.’ (പീഠത്തിലിരിക്കുന്നതോടെ തിരശ്ശീല).