ജാനേ പുഷ്കര

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പല്ലവി.

ജാനേ പുഷ്കര, തേ തത്ത്വം മുന്നേ, പ്രാഗൽഭ്യം നന്നേ,
ജാനേ പുഷ്കര തേ തത്ത്വം മുന്നേ.

അനുപല്ലവി.

താനേതൊരുത്തനെന്നു ചിന്തയ;
ഞാനോ തരം നിനക്കു സാമ്പ്രതം?
ഊനാതിരിക്തഭേദം നഷ്ടം,
ഞാൻ ജ്യേഷ്ഠൻ, നീയെന്നനുജൻ.

ചരണം. 1

അസഭ്യവാക്കുകളോതുക, ചൂതിനു
വിളിപ്പതും തവ ചേരുവതോ? ഞാ-
നിളപ്പമല്പവും തേടുവനോ? കളി
കളിപ്പൊളം വിടുമോ?
ജളപ്രഭോ, നീ ചൂതിനുവാ, വരു-
മിളപ്പമാകിലുമനുഭവനീയം;
വലിപ്പമാകിലുമനല്പമാ, മിതി-
നുറപ്പു യദി തവ, വികല്പമിഹ നഹി.

ചരണം. 2

എതിർത്തു ചൂതിനു വാതു പറഞ്ഞു നീ
നിരത്തുകമ്പൊടു ചൂതുപടം, ഒരു
വൃഷത്തിനെത്തരുമാറല്ലയോ അപ-
ജയത്തിൽ നീയിഹ മേ?
വ്യയത്തിലുണ്ടോ ലോഭിത മേ? നീ
കൊതിച്ചതോതുക, സൈനികമോ? ധന-
നിധിസ്ഥലങ്ങളു, മതിൽപ്പരം മണി-
തതിത്തരം ക്ഷിതിപതിത്വമോ തവ?

ഭൈമിതടയുമ്പോൾ:(വിളംബകാലത്തിൽ)

ചരണം. 3

വിദർഭനന്ദിനി, സുന്ദരി, സന്തത-
മതിപ്രിയാസി വിലാസിനി, മേ;
പതിപ്രിയാചരണാവഹിതായെന്നതതിപ്രയാസമൃതേ

(മുൻപത്തെകാലത്തിൽ)

ചതിപ്പതിന്നിവനാഗതനായ്‌, മുന്ന-
മതിപ്രഗൽഭത ഇല്ലിവനേതും
രതിപ്രഭേ! വന്നെതിർപ്പതിതുകാൺ,
ക്ഷമിപ്പതിഹ നമുക്കിളപ്പമായ്‌വരും.

അർത്ഥം: 

സാരം: പുഷ്കര, നിന്റെ ശരിയായ സ്വഭാവം പണ്ടുതന്നെ എനിക്കറിയാം. താൻ ആരെന്ന്‌ ആലോചിക്കുക. ഇപ്പോൾ നിനക്കു കളിക്കാൻ തരപ്പെട്ടവൻ ഞാനാണോ? വലിപ്പച്ചെറുപ്പങ്ങൾ നഷ്ടമായിരിക്കുന്നു! ഞാൻ ജ്യേഷ്ഠനും നീ അനുജനുമാണെന്ന്‌ ഓർക്കുക. അസഭ്യവാക്കുകൾ പറയുന്നതും ചൂതിനു വിളിക്കുന്നതും നിനക്കു ചേരുന്നതാണോ? ഞാൻ ഒഴിഞ്ഞുമാറി നില്ക്കുമെന്നു കരുതുന്നുണ്ടോ? കളി കളിച്ചാൽ വാശിയോടെ കളിക്കാതിരിക്കുമോ? ജളപ്രഭുവായ നീ ചൂതിനു വാ. വരുന്നത്‌ പരാജയമാണെങ്കിലും ഞാൻ അനുഭവിച്ചുകൊള്ളാം. ജയിക്കുന്നെങ്കിൽ നല്ലത്‌. ഇങ്ങനെ ഒരുറപ്പ്‌ നിനക്കുണ്ടെങ്കിൽ എനിക്കു സംശയമേതുമില്ല. വിലാസിനിയും സുന്ദരിയുമായ ദമയന്തീ, നീ എപ്പോഴും എനിക്കു പ്രിയപ്പെട്ടവളാണ്‌. ഭർത്താവിന്റെ താല്പര്യത്തിനനുസരണമായി പെരുമാറുകയെന്നത്‌ വലിയ പ്രയാസമുള്ള കാര്യമല്ല. ഈ പുഷ്കരൻ ചതിക്കാനായി വന്നവനാണ്‌. ഇത്രയുമൊന്നും പ്രഗത്ഭത പണ്ടിവനില്ല. സ്നേഹമുള്ളവളേ, ഇപ്പോൾ വന്നെതിർത്തതു കാണുക. ക്ഷമിച്ചിരിക്കുന്നത്‌ നമുക്ക്‌ ഇളപ്പമായി വരും.