വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ
ശ്ലോകം.
ഉത്സാഹിതോഥകലിനാമലിനാശയോസൗ
സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
നിസ്സാരതാമനനുചിന്ത്യ ച പുഷ്കരഃ സ്വാം
തത്സാഹ്യമത്താമതിരേത്യ നളം ബഭാഷേ.
പല്ലവി.
വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,
അനുപല്ലവി .
നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം.
ചരണം.1
പോരിലണഞ്ഞാലാരിലുമുണ്ടോ
ഭീരുത ചേതസി തേ?
പോരാളികളാധിതമന്മഥ-
മംഗനമാർചരണങ്ങൾ വണങ്ങുമോ?
ചരണം. 2
പാർത്തിരിയാതെ പാർത്ഥിവ; ചൂതിനു
നേർത്തിരിയെന്നൊടു നീ;
ഓർത്താലതു കീർത്ത്യാവഹമറിക
വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ.
ചരണം. 3
കേളയി! മേ മൊഴി ലാളിതമനിശം
കാളയിതെൻപണയം;
കോളേ, രഥമാളാന കുതിരയോ
വയ്ക്കൊരു പണയ,മിരിക്ക നിരത്തുക.
ശ്ലോകസാരം: മലിനാശയനും നിഷധരാജ്യത്തിനു ധൂമകേതുവിനു സമം വിനാശം ചെയ്യുന്നവനുമായ പുഷ്കരൻ, കലിയാൽ വലിയ സാഹസത്തിനു പ്രേരിപ്പിക്കപ്പെടുകയാൽ തന്റെ നിസ്സാരതയെയും കലിയുടെ സഹായത്തിന്റെ ക്ഷണികസ്വഭാവവും ചിന്തിക്കാതെ വിവേകം നഷ്ടപ്പെട്ടവനായി നളന്റെ സമീപത്തു ചെന്നു പറഞ്ഞു.
സാരം: വീരസേനപുത്രാ, ശത്രുക്കളാകുന്ന വനത്തിനു കാട്ടുതീയായവനേ, ഇപ്പോൾ പെണ്ണിന്റെകൂടെ വിജനത്തിൽ പോയിരിക്കുന്നത് വീരന്മാർക്കു മോശമാണെന്നു ധരിക്കുക. രാജാവേ, താമസിക്കാതെ ചൂതുകളിക്കാൻ എന്റെ നേർക്കിരിക്കുക. അതാണു കീർത്തിയുണ്ടാക്കുന്നതെന്ന് ഓർക്കുക. ബ്രഹ്മനിർമ്മിതവും വഞ്ചനയില്ലാത്തതുമാണത്. ഞാൻ പറയുന്നതു കേൾക്കുക, എപ്പോഴും ഞാൻ ലാളിക്കുന്ന ഈ കാളയാണെന്റെ പണയവസ്തു. രഥമോ അടിമകളോ കുതിരയോ ഏതാണെങ്കിലും പണയവസ്തു വയ്ക്കുക. കളിക്കാനിരിക്കുക. കരുക്കൾ നിരത്തുക.
`നാലാരട്ടി`യെടുത്ത് പുഷ്കരൻ നളനെ ചൂതിനു വിളിക്കുന്നു. വലതുവശത്തുകൂടെ നളനും ദമയന്തിയും ചേർന്ന് പ്രവേശിക്കുന്നു. നളൻ പുഷ്കരനെ കണ്ട് ചൂതിനു വിളിച്ചത് അവനാണെന്നറിഞ്ഞ് ഗുണദോഷിക്കാനൊരുങ്ങുന്നു.
പുഷ്കരൻ പീഠത്തിൽ നിന്നു തിരതാഴ്ത്തി പ്രവേശിച്ച് നളൻ ദമയന്തിയോടൊപ്പം വസിക്കുന്ന സ്ഥലം കണ്ടെത്തി ചൂതിനു വിളിക്കുന്നു. അൽപ്പം പേടി പുഷ്കരനുള്ളിലുണ്ട്.