ആരോടെന്റെസ്വൈരക്കേടു
ശ്ലോകം:
ഇത്യർദ്ധോക്തേ നളദയിതയാ സോപി തച്ഛാപശക്ത്യാ
ഭസ്മീഭൂതോജനി ച പവനോദ്ധൂളിതാദൃശ്യമൂർത്തിഃ
സാപീന്ദ്രാദീനവിതഥഗിരോ ഭക്തിപൂർവ്വം നമന്തീ
കാന്താരാന്തേ വ്യചരദൃഷിഭിസ്സാന്ത്വിതാ രാജകാന്താ.
പല്ലവി.
ആരോടെന്റെസ്വൈരക്കേടുക-
ളാകവേ ഞാൻചൊല്ലൂ? ശിവ ശിവ! ശിവനേ!
അനുപല്ലവി.
ദാരു തന്റെ പരിണാമേ കില
നാരി തന്റെ മനമാമേ
എന്നു ചൊല്ലുന്നു ചിലർ; കല്ലെന്നും ചിലർ.
ചരണം. 1
“മുന്നെപ്പോലെ വാഴും മുടിയും ചൂടി നിന്റെ പ്രിയതമൻ
പിന്നെ നിന്നെ ലാളിച്ചവൻ തോളിലാക്കും“ എന്നു
മുനിഗരാ പ്രിയമാരായോ? ഗതി വാരായോ? രണ്ടും
എങ്ങനെയെന്നാലതി-
നങ്ങനെ വേണം ചെയ്‌വാൻ.
ചരണം. 2
പന്നി സിംഹമുള്ളരണ്യം തന്നിലിനിയുഴലുകിൽ മൃതി
വന്നുപോമെനിക്കു, ചെന്നുവാഴ്ക നല്ലതോരു പുരേ,
പിന്നെ ആളെയും വിട്ടു നീളെയും ഭുവി
പുണ്യകീർത്തനനെ ഞാനന്വേഷിക്കുന്നതുണ്ടു.
ചരണം. 3
കാടൊടുങ്ങി ഇഹ തോടു കാണ്മതൊരുതടിനിയോ? ഇരു-
പാടുമാളു പലർകൂടിനില്പതുണ്ടു നടുവിലും, ഇവ-
രാരോപോലെന്നു തീരേ പോയ്ച്ചെന്നുനിന്നു
ചോദിച്ചവരോടൊന്നിച്ചൊരേടം പൂവാം.
സാരം: നളന്റെ ദയിത ഇപ്രകാരം എതാനും പറഞ്ഞപ്പോഴേക്കും കാട്ടാളൻ അവളുടെ ശാപത്താൽ എരിഞ്ഞിട്ട് ഭസ്മമാകുകയും ആ ഭസ്മം കാറ്റിൽ പറന്ന് കാണാതാവുകയും ചെയ്തു. ദമയന്തി പാഴാകാത്ത വാക്കോടുകൂടിയ ഇന്ദ്രാദികളെ ഭക്തിയോടെ നമസ്കരിച്ചു. ഋഷികളാൽ ആശ്വസിപ്പിക്കപ്പെട്ടിട്ട് കാട്ടിൽ സഞ്ചരിച്ചു.
സാരം: ആരോടാണ് എന്റെ സ്വൈര്യക്കേടുകൾ എല്ലാം പറയുക? ശിവ ശിവ ശിവനേ! പെണ്ണിന്റെ മനസ്സ് മരംകൊണ്ടും കല്ലുകൊണ്ടുമെന്നെല്ലാം ചിലർ പറയുന്നു. സഹനശക്തി കൂടുമെന്നു വ്യംഗ്യം. നിന്റെ പ്രിയതമൻ പഴയതുപോലെ രാജകിരീടം ചൂടി വാഴുമെന്നും അവൻ നിന്നെ ലാളിച്ചു തോളിലെടുക്കുമെന്നും മുനിമാർ പറയുന്നു. പ്രിയനെ തിരയണം. ആശ്രയം കണ്ടെത്തണം. ഇവയ്ക്കുള്ള മാർഗ്ഗങ്ങൾ ആലോചിക്കാം. ഇതാ കാട് അവസാനിച്ചിരിക്കുന്നു. മുന്നിൽ കാണുന്നത് ഒരു നദിയാണോ? ഇരുവശവും അനവധി ആളുകൾ കൂടിനില്ക്കുന്നവർ ആരെന്നു തിരക്കാം. പിന്നെ ഇവരോടൊപ്പം സഞ്ചരിച്ച് ഒരു രക്ഷാസ്ഥാനത്തെത്താം.
ശ്ളോകം കഴിഞ്ഞാൽ കിടതകിധിംതാം ഇല്ല. പദം തുടങ്ങുന്നു. പദശേഷം `ഇവരാരെന്ന് അടുത്തുപോയി അറിയുക തന്നെ` എന്നു കാട്ടി രംഗം വിടുന്നു