താത, പാദയുഗമാദരേണ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

സൈരന്ധ്രീം താം ഭീമപുത്രീം വിദിത്വാ
മാതൃഷ്വസ്രാ ലാളയന്ത്യാ സപുത്ര്യാ
സാനുജ്ഞാതാ സാനുഗാ വാഹനേന
പ്രാപ്ത ഭൈമി കുണ്ഡിനം പ്രാഹതാതം

പല്ലവി.
താത, പാദയുഗമാദരേണ തവ
തനയ ഞാൻ തൊഴുതേൻ.
അനുപല്ലവി
വീതഖേദമിഹ ചേതസാ കിമപി
വിപദി ച സപദി സമാശ്വസിതം.
ചരണം. 1
അന്തരംഗമതിലാരിതോർത്തിരു-
ന്നതീവ വിഷമമീദശാവന്തരം;
അന്തിയാം പൊഴുതിലംബുജവനിക്കുള്ളോ-
രഴലെ അതിശയിച്ചോരനുഭവമെനിക്കിപ്പോൾ.
ചരണം. 2
നാടു പോയതുകൊണ്ടാടലേതുമില്ല;
നളൻ പിരിഞ്ഞതിലലം വൃഥാ,
കാടുതോറും നടന്നൂഢവിവശഭാവം
കദനമവനു വന്നതെന്തെന്നാരറിഞ്ഞു?
 
ചരണം. 3

ഏതു ചെയ്തും പ്രാണനാഥൻതന്നെ കാൺകി-
ലൊഴിഞ്ഞു നഹി സുഖമെനിക്കഹോ!
ആധിവാരിധിയിലാണുകിടക്കയെക്കാൾ
അറുതിയസുക്കൾക്കിനി വരികിലേറെ നല്ലൂ.

അർത്ഥം: 

ശ്ലോകസാരം: സൈരന്ധ്രിയായ അവളെ ഭീമപുത്രിയായ ദമയന്തിയാണെന്നറിഞ്ഞിട്ട്‌ പുത്രിയോടുകൂടി ലാളിക്കുന്ന ചെറിയമ്മയായ ചേദരാജ്ഞിയുടെ അനുവാദം വാങ്ങി വാഹനത്തിൽ കയറി അകമ്പടിക്കാരോടുകൂടി ദമയന്തി കുണ്ഡിനത്തിലെത്തി. അവൾ സ്വന്തം പിതാവിനോട്‌ ഇങ്ങനെ പറഞ്ഞു.

സാരം: അച്ഛന്റെ പാദങ്ങൾ ആദരവോടെ പുത്രിയായ ഞാൻ വന്ദിക്കുന്നു. നാടു നഷ്ടപ്പെട്ടതുകൊണ്ട്‌ ദുഃഖമൊട്ടുമില്ല. നളൻ പിരിഞ്ഞതിലും വിഷമമില്ല. കാടുതോറും നടന്ന്‌ വിവശനാകുന്ന അവനു വരുന്ന കഷ്ടപ്പാടുകൾ അറിയാത്തതുകൊണ്ടാണു വേദന. ഇനി അവനെ കാണാൻ കഴിഞ്ഞില്ലെങ്കിൽ എനിക്കു സുഖമില്ല. ഇങ്ങനെ ദുഃഖം സഹിക്കുന്നതിനെക്കാൾ മരണമാണു നല്ലതെന്നു തോന്നുന്നു.
 

അരങ്ങുസവിശേഷതകൾ: 

വലതുവശത്തിരിക്കുന്ന ഭീമരാജാവിന്റെ സമീപത്തേയ്ക്ക്‌ ദമയന്തി പ്രവേശിച്ച്‌ വന്ദിക്കുന്നു. രാജാവ്‌ പുത്രിയെ ആലിംഗനം ചെയ്യുന്നു. ഒരു കിടതകിധിംതാം.